ലൈവ് സ്ട്രീമിംഗിനിടെ മരണം, എന്താണ് 24 -കാരിയുടെ മരണത്തിന് കാരണമായ മുക്ബാംഗ് ചലഞ്ച്?
പലപ്പോഴും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഓൺലൈനിലുള്ളവരും ഇങ്ങനെ ഭക്ഷണം കഴിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിയോട്ടിംഗ് അത് കാര്യമാക്കിയിരുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിൽ വളരെ പ്രശസ്തയായ ഒരു സ്ട്രീമർ ലൈവ് സ്ട്രീമിംഗിനിടെ ദാരുണമായി മരിച്ചത്. പാൻ സിയോട്ടിംഗ് എന്ന 24 -കാരിയാണ് തന്റെ ഫോളോവേഴ്സിന് മുന്നിൽ മരിച്ചത്. അവളുടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ ചലഞ്ച്?
സോഷ്യൽ മീഡിയ സജീവമായിരിക്കുന്ന ഈ കാലത്ത് ടിക്ടോക്കിലും മറ്റുമുള്ള വിവിധ ചലഞ്ചുകൾ അനേകങ്ങളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ടവരിൽ ഏറെയും കൗമാരക്കാരായിരിക്കും. എന്തായാലും, കുറച്ച് ദിവസം മുമ്പ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും അത്തരത്തിൽ ദാരുണമായ ഒരു സംഭവമാണ്. 24 -കാരിയായ യുവതി ക്യാമറയ്ക്ക് മുന്നിൽ മരിച്ചു വീണു.
മുക്ബാംഗ് എന്ന ചലഞ്ചാണ് അവളുടെ മരണത്തിന് കാരണമായിത്തീർന്നത്. എന്താണ് മുക്ബാംഗ് ചലഞ്ച്? കിലോക്കണക്കിന് ഭക്ഷണം ഒരുമിച്ച് കഴിക്കുക ഇതാണ് ഈ ചലഞ്ച് കൊണ്ട് അർത്ഥമാക്കുന്നത്. 2010 -ന്റെ തുടക്കത്തോടെ ദക്ഷിണ കൊറിയയിലാണ് മുക്ബാംഗിന്റെ തുടക്കം എന്നാണ് പറയുന്നത്. ഏറെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്ന അനേകം സ്ട്രീമർമാരുണ്ട്. അതിലൊരാളായിരുന്നു സിയോട്ടിംഗ്. സ്ഥിരമായി ഈ ചലഞ്ച് നടത്തിയിരുന്ന ആളാണ് സിയോട്ടിംഗ് എന്നും പറയുന്നു. അതിനായി കിലോക്കണക്കിന് ഭക്ഷണമാണ് ഫോളോവേഴ്സിന് മുന്നിൽ അവൾ കഴിച്ചിരുന്നതത്രെ.
ഓരോ ലൈവ് സ്ട്രീമിംഗിലും 10 കിലോയോളം ഭക്ഷണം ഇവർ കഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഓൺലൈനിലുള്ളവരും ഇങ്ങനെ ഭക്ഷണം കഴിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിയോട്ടിംഗ് അത് കാര്യമാക്കിയിരുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ഇവരുടെ ദഹന വ്യവസ്ഥയെ പോലും ബാധിച്ചുവെന്നും അതാണ് മരണകാരണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.