'കാമുകി ചതിച്ചു, പ്രോട്ടീൻ ഷേക്ക് പോലും പങ്കുവച്ചിട്ടും അവനും'; വൈറലായി യുവാവിന്റെ വൺ സ്റ്റാർ റിവ്യൂ
'ഞാൻ എൻ്റെ കാമുകിയുമായി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്ലാസിൽ ചേർന്നത്. ഈ സ്ഥലം മനോഹരമാണ്, ആളുകളും നല്ലതാണ്, പക്ഷേ എൻ്റെ കാമുകി ശ്രുതി എന്നെ ഇവിടെ വച്ച് 'അഭിഷേക്' എന്ന യുവാവുമായി ചേർന്ന് ചതിച്ചു.'
വളരെ രസകരവും അമ്പരപ്പിക്കുന്നതും വിചിത്രമായതുമായ സംഭവങ്ങൾ ഈ ലോകത്ത് നടക്കുന്നുണ്ട്. അതറിയണമെങ്കിൽ സോഷ്യൽ മീഡിയ തുറന്നാൽ മതി. അതുപോലെ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. ഒരു ജിമ്മിന് ഒരാൾ നൽകിയ റിവ്യൂവിന്റെ സ്ക്രീൻഷോട്ടാണ് ഇത്. വൺ സ്റ്റാറാണ് ഇയാൾ ജിമ്മിന് നൽകിയിരിക്കുന്നത്. അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്.
സോഹം എന്ന യൂസറാണ് പോസ്റ്റ് എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. കാപ്ഷനിൽ യുവാവ് പറയുന്നത്, 'താൻ അടുത്തുള്ള നല്ല ജിമ്മുകൾക്ക് വേണ്ടി തിരയുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു റിവ്യൂ കണ്ടത്' എന്നാണ്. അതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. കൾട്ട് കല്യാണി നഗർ ജിമ്മിനാണ് യുവാവ് റിവ്യൂ നൽകിയിരിക്കുന്നത്.
വൺ സ്റ്റാർ നൽകാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെയാണ്: "ഞാൻ എൻ്റെ കാമുകിയുമായി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്ലാസിൽ ചേർന്നത്. ഈ സ്ഥലം മനോഹരമാണ്, ആളുകളും നല്ലതാണ്, പക്ഷേ എൻ്റെ കാമുകി ശ്രുതി എന്നെ ഇവിടെ വച്ച് 'അഭിഷേക്' എന്ന യുവാവുമായി ചേർന്ന് ചതിച്ചു. തുടക്കത്തിൽ, അവൻ അവളുമായി സൗഹൃദത്തിലാണെന്ന് ഞാൻ കരുതി, പക്ഷേ അവൻ അവളെ എന്നിൽ നിന്ന് മോഷ്ടിച്ചെടുക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എൻ്റെ പ്രോട്ടീൻ ഷേക്ക് പോലും ഞാൻ അവനുമായി ഷെയർ ചെയ്തിരുന്നു. പക്ഷേ അവൻ എന്നെ വഞ്ചിച്ചു. ഇപ്പോൾ, അവർ ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്നു, ഞാൻ തനിച്ചുമായി. അതിനാലാണ് വൺ സ്റ്റാർ നൽകുന്നത്" എന്നാണ് യുവാവിന്റെ റിവ്യൂ.
സോഹം പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ട് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ നൽകിയത്. 'പ്രോട്ടീൻ ഷേക്ക് പങ്കുവയ്ക്കുകയെന്നാൽ എന്നേക്കുമായി സൗഹൃദത്തിലാവുക എന്നാണ് അർത്ഥം, എന്നിട്ടും ബ്രോ ചതിക്കപ്പെട്ടു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'പ്രോട്ടീൻ ഷേക്ക് പങ്കുവച്ചിട്ടും ഇത് ചെയ്യരുതായിരുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, അസ്ഥികൂടമുപയോഗിച്ച് ഗിത്താർ നിർമ്മിച്ച് 'മിഡ്‌നൈറ്റ് പ്രിൻസ്'