യുകെയില്‍ പത്തിൽ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നെന്ന് സര്‍വ്വേ ഫലം
ജനറേഷൻ Z എന്നറിയപ്പെടുന്ന 18 മുതൽ 26 വരെ പ്രായമുള്ള ആളുകളാണ് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാരില്‍ ഭൂരിപക്ഷവും എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
അടുത്തിടെ യുകെയില്‍ നടന്ന ഒരു സര്‍വ്വേ ഫലം ആളുകളെ ഞെട്ടിച്ചു. അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെ കുറിച്ചായിരുന്നു സര്‍വ്വേ. പക്ഷേ സര്‍വ്വേ ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. രാജ്യത്തെ പത്ത് പേരില്‍ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു. മാത്രമല്ല, യുകെ സർക്കാർ മറച്ചുവെച്ച ഒരു രഹസ്യ അന്യഗ്രഹ താവളം ഉണ്ടെന്നാണെന്നും ഇവര്‍ വിശ്വസിക്കുന്നു. അന്യഗ്രഹജീവികൾ ഉണ്ടെന്ന് മാത്രമല്ല, ഇവര്‍ വേഷംമാറി സാധനങ്ങൾ വാങ്ങാനും മദ്യശാലകൾ സന്ദർശിക്കാന്‍ പോലും പോകുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴാണ് ആ വിശ്വാസത്തിന്‍റെ ആഴം വ്യക്തമാകുക.
നേര്‍ത്തേണ്‍ അയര്‍ലന്‍റിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തക്കാര്‍ കൂടുതലായി ഉള്ളതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ജനറേഷൻ Z എന്നറിയപ്പെടുന്ന 18 മുതൽ 26 വരെ പ്രായമുള്ള ആളുകളാണ് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാരില്‍ ഭൂരിപക്ഷവും എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ജനറേഷൻ Z ലെ ഏതാണ്ട് 15 ശതമാനം പേരും വിശ്വസിക്കുന്നത് അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമാണെന്നാണ്. മില്ലേനിയലുകള്‍ എന്നറിയപ്പെടുന്ന 27-നും 42-നും ഇടയിൽ പ്രായമുള്ളവരില്‍ 10 ശതമാനം പേരും അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവരാണ്. ബേബി ബൂമറുകള്‍ എന്നറിയപ്പെടുന്ന 59 ന് വയസിന് മുകളിലുള്ള തലമുറയില്‍ 7 ശതമാനം പേര്‍ യുകെയില്‍ ഒരു അന്യഗ്രഹ താവളം ഉണ്ടെന്ന് വിശ്വാസങ്ങളുള്ളൂവെന്നും സര്‍വ്വേ ഫലം അവകാശപ്പെടുന്നു.
ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം
ബിംഗോ സൈറ്റായ എംആര്‍ക്യൂ ( MrQ) യുകെ സ്വദേശികളായ 2,000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. സ്ഥാനപത്തിന്‍റെ ഒരു സീനിയർ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായ റോസി മാസ്‌കെൽ സര്‍വ്വേ ഫലത്തേ കുറിച്ച് പറയുന്നത്, 'ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ലോകത്തേക്ക് കടക്കുന്നത് തീർച്ചയായും ഒരു കണ്ണ് തുറപ്പിക്കുന്നതാണ്, ധാരാളം ആളുകൾ ഒരു രഹസ്യ അന്യഗ്രഹ കോളനിയിൽ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നത് സത്യം അവിടെയാണ്.' എന്നാണ്. ബെൽഫാസ്റ്റ് കഴിഞ്ഞാല്‍ ലിവർപൂളിലാണ് ഇത്തരം വിശ്വാസികള്‍ കൂടുതലായും ഉള്ളതെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ലിവർപൂളിലെ 14 ശതമാനം പേരും അന്യഗ്രഹ ജീവികള്‍ യുകെയില്‍ ഉണ്ടെന്ന് കരുതുന്നു. കാർഡിഫിൽ 12 ശതമാനവും, ഷെഫീൽഡ്, ബിർമിംഗ്ഹാം എന്നിവിടങ്ങളിൽ 13 ശതമാനം പേരും , മാഞ്ചസ്റ്റർ, സതാംപ്ടൺ എന്നിവിടങ്ങളിൽ നിന്ന് 11 ശതമാനം പേരു ഇതേ വിശ്വാസം വച്ച് പുലര്‍ത്തുന്നു. ലണ്ടനില്‍ 9 ശതമാനം പേരും യുകെയിലെ അന്യഗ്രഹ കോളനി സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ്. അതേസമയം തങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചവരില്‍ 12 ശതമാനം പേർ യുഎസിന്‍റെ അപ്പോളോ മൂൺ ലാൻഡിംഗുകൾ വ്യാജമാണെന്ന് വിശ്വസിക്കുന്നു. അതേസമയം 13 ശതമാനം പേർ ഡയാന രാജകുമാരിയുടെ മരണത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് പങ്കുണ്ടെന്നും കരുതുന്നതായും സര്‍വ്വേ ഫലം അവകാശപ്പെട്ടു.