വിപ്ലവകാരികളുടെ വിപ്ലവകാരി, ചെ എന്ന ഇതിഹാസം

വധശിക്ഷ അറിയിച്ചു കഴിഞ്ഞപ്പോൾ ചെയോട് ചോദ്യം. അനശ്വരനാകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? ഉത്തരം ഉടനെ വന്നു. വിപ്ലവത്തിന്റെ അനശ്വരതയാണ് എന്റെ വിഷയം.

October 9 Che Guevara death anniversary

55 വർഷം പിന്നിടുന്ന വേളയിലും ചെ ഗുവേരയുടെ  രക്തസാക്ഷിത്വത്തിന് വിപ്ലവജ്വാലയുടെ കരുത്തും സൗന്ദര്യവും മാത്രമല്ല ഇതിഹാസ പരിവേഷവും ഉണ്ട്. നമ്മുടെ കാലത്തെ ഏറ്റവും പൂർണമായ മനുഷ്യനെന്ന് സാത്രെ വാഴ്ത്തിയ ചെ. പ്രചോദനമേകുന്ന മനോഹരമായ ഇതിഹാസമെന്ന് സൂസൻ സോൻതങ് വിശേഷിപ്പിച്ച ചെ. ഗറില്ലാ പോരാട്ടവും ആശയങ്ങളിലെ സന്ധിയില്ലാ നിലപാടുകളും ഏണസ്റ്റോ ചെഗുവേരയെ വിപ്ലവകാരികളുടെ വിപ്ലവകാരിയാക്കി. 

നക്ഷത്രചിഹ്നമുള്ള തൊപ്പി ധരിച്ച, സിഗാർ വലിക്കുന്ന താടിക്കാരൻ വിപ്ലവത്തിന്റെ വീര്യവും ആശയസമരത്തിന്റെ തത്വചിന്തയും സമന്വയിക്കുന്ന പ്രതീകമായി. 60 -കളിലും 70 -കളിലും മാത്രമല്ല നൂറ്റാണ്ട് മാറി പിറന്നപ്പോഴും ഏതൊരു സമരരംഗത്തും പ്രതീകവും ആവേശവുമായി. അടിച്ചമർത്തലിനോടുള്ള പ്രതിഷേധവുമായി ചെയെന്ന കൊടി പാറി. ആൽബെർട്ടോ കോർഡ എടുത്ത Guerrillero Heroico എന്ന് പേരിട്ട (ഹീറോ ആയ ഗറില്ലാ പോരാളി എന്നർത്ഥം) ഫോട്ടോ ആണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ഫോട്ടോകളിൽ ഒന്ന്. 60 -ൽ ആ ഫോട്ടോ എടുക്കുമ്പോൾ ചെയുടെ പ്രായം 31. ആ ഫോട്ടോയിലേക്ക് നയിച്ചത് എന്ത് എന്ന ചോദ്യത്തിന് കോർഡ പറഞ്ഞ മറുപടി ഇതായിരുന്നു. അനീതിയോടുള്ള അമർഷവും വേദനയും അധികാരത്തോടുള്ള സന്ധിയില്ലായ്മയും പിന്നെ ധൈര്യവും പ്രതിഫലിച്ച ചെയുടെ മുഖം.  ഏതൊരു വിപ്ലവകാരിക്കും എക്കാലത്തും പ്രചോദനവും ആവേശവുമായി ആ മുഖമുള്ള പോസ്റ്ററുകൾ യുവതയുടെ ആവേശമായി ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോയി.

October 9 Che Guevara death anniversary

Guerrillero Heroico
 
വ്യവസ്ഥയ്ക്ക് എതിരെയുള്ള, അടിച്ചമർത്തലിന് എതിരെയുള്ള, സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കെല്ലാം ചെയുടെ സമരം ആവേശം പകർന്നു. നിക്കരാഗ്വെ, ചിലി, അർജന്റീന, മെക്സിക്കോ തുടങ്ങി  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ എല്ലാം കഴിഞ്ഞ ദശാബ്ദങ്ങളിൽ നടന്ന പോരാട്ടങ്ങൾക്കെല്ലാം ചെയുടെ വീര്യം ചേർന്നിരുന്നു. എന്തിന് ഫ്രാൻസ്, ഇറ്റലി തുടങ്ങി അമേരിക്കയിൽ വരെ സർക്കാർ നയ വിരുദ്ധ സമരങ്ങൾക്ക് ചെ കാലങ്ങൾക്ക് അപ്പുറം നിന്ന് കൈ വീശി. കറുത്തവന്റെ അവകാശങ്ങൾക്കായി പോരാടിയ ബ്ലാക്ക് പാന്തേഴ്സിനെ ഏറ്റവും സ്വാധീനിച്ചതും ചെ തന്നെ. നക്ഷത്രത്തൊപ്പി ഉൾപ്പടെ തന്റെ വസ്ത്രധാരണം പകർത്തിയിട്ടാണ് വിദേശനയത്തെ എതിർത്ത് പ്രതിഷേധിക്കാൻ ഇറങ്ങിയ  വിദ്യാർത്ഥികൾ താൻ ഏറ്റവും കൂടുതൽ വിമർശിച്ച, തന്നെ ഏറ്റവും കൂടുതൽ എതിർത്ത അമേരിക്കയിൽ തെരുവുകളിൽ ഇറങ്ങിയത് എന്നതാണ് രാഷ്ട്രീയലോകം ചെ എന്ന നേതാവിനായി കാത്തുവെച്ച ഏറ്റവും വലിയ അഭിവാദ്യം.  

ഏകാധിപതിയായ ബാറ്റിസ്റ്റയിൽ നിന്ന് ക്യൂബയെ മോചിപ്പിക്കാൻ തോളോടു തോൾ ചേർന്ന് കാസ്ട്രോ സഹോദരൻമാർക്കൊപ്പം പോരാട്ടം, രണ്ട് കൊല്ലത്തിനിപ്പുറം ലക്ഷ്യപ്രാപ്തി, പിന്നെ ക്യൂബയെ പുതിയ വഴിയിൽ നടത്താനുള്ള നടപടികൾ. ഭൂപരിഷ്കരണവും സാക്ഷരതാപ്രവർത്തനവും വ്യവസായ പരിഷ്കരണവും ഉൾപ്പടെയുള്ള നടപടികൾ ഏറ്റെടുത്ത് നടത്തൽ. സൈനികരുടെ പരിശീലനവും നാഷണൽ ബാങ്കിന്റെ അധ്യക്ഷ പദവിയും. വെറുതെയല്ല ക്യൂബയിൽ അന്നും ഇന്നും വിപ്ലവനന്മകളുടെയും ത്യാഗത്തിന്റെയും പ്രതീകമായി ചെ കൊണ്ടാടപ്പെടുന്നത്. രാജ്യത്തെ ലോകത്തിന്റെ പഞ്ചാരക്കിണ്ണമാക്കുന്ന കരിമ്പിൻ പാടങ്ങളിലൊന്നിൽ കരിമ്പു വെട്ടുന്ന ചെയുടെ ചിത്രമുണ്ട് ക്യൂബയുടെ നോട്ടുകളിൽ. അടിച്ചമർത്തലിൽ നിന്ന് വിടുതൽ നേടി ക്യൂബയുടെ പാതയിലേക്ക് കൂടുതൽ നാടുകളെ എത്തിക്കാൻ ചുമതലകളുടെ അധികാരത്തിന്റെ ലോകത്ത് നിന്ന് ചെ വീണ്ടും ഇറങ്ങി നടന്നു. 

October 9 Che Guevara death anniversary

ബൊളീവീയൻ കാടുകളിലെ പോരാട്ടഭൂമിയിൽ നിന്ന് ബൊളീവിയൻ സേന, പോരാട്ടത്തിനിടെ ഉണ്ടായ മുറിവുകളാൽ അവശനായിരുന്ന ചെയെ പിടികൂടി. വിചാരണക്കൊന്നും നിൽക്കാൻ ബൊളീവിയൻ ഭരണകൂടത്തിന് ധൈര്യമുണ്ടായിരുന്നില്ല. കോടതിമുറികളിൽ ചെയുടെ വാക്കുകൾ പ്രകമ്പനം ഉണ്ടാക്കുമെന്നും അതിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങുമെന്നും ഭയന്നു. 1967 ഒക്ടോബർ ഒമ്പതിന് ചെയെ വെടിവെച്ചുകൊന്നു. വിപ്ലവം തകർന്നതിനും ക്യൂബൻ വിപ്ലവനായകൻ വീണതിനും തെളിവായി ചെയുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു. 

October 9 Che Guevara death anniversary

ബൊളീവിയൻ ഭരണകൂടത്തിനും അവരെ പിന്തുണച്ച സിഐഎക്കും അമേരിക്കക്കും തെറ്റിയത് അവിടെയാണ്. വീണുപോയ വീരനെയല്ല ലോകം കണ്ടത്. വിശ്വസിച്ച മൂല്യങ്ങൾക്ക് വേണ്ടി, പുതിയൊരു ലോകത്തിന് വേണ്ടി അടിച്ചമർത്തൽ അവസാനിപ്പിക്കാൻ വേണ്ടി പോരാടിയ ധീരനെ കൊന്നതിൽ പ്രതിഷേധം ഉയർന്നു. ചെ പ്രതീകമായി മാറി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമല്ല, കെയ്റോ, കൊൽക്കത്ത, ബുഡാപെസ്റ്റ്, പാരീസ്, ലണ്ടൻ, ഷിക്കാഗോ തുടങ്ങി ലോകത്തെ മഹാനനഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു. വിപ്ലവകാരികൾക്ക് മാത്രമല്ല. സാക്ഷാൽ യേശുവിന്റെ പുതുരൂപമായി ചെ വാഴ്ത്തപ്പെട്ടു എന്നത് അമേരിക്ക സ്വപ്നത്തിൽ പോലും കാണാത്ത തിരിച്ചടിയായി. മരിച്ച ചെ, ജീവിച്ചിരുന്ന ചെയേക്കാൾ വലിയ ആവേശവും വീര്യവും ആയി ലോകത്ത് ആഞ്ഞടിച്ചു. 

അത് അങ്ങനയെല്ലേ വരൂ. സൈനിക വലയത്തിന് നടുവിൽ ബന്ധനസ്ഥനായി കിടക്കുമ്പോഴും ശബ്ദം ഇടറുകയോ തല താഴ്ത്തുകയോ ചെയ്തില്ല ചെ. കണ്ണിൽ നോക്കി തന്നെ സംസാരിച്ചു. ചോദ്യം ചെയ്യലിന് വിധേയനാകാൻ വിസമ്മതിച്ചു.   പുക വലിക്കുന്നതിനിടെ പൈപ്പ് പിടിച്ചു വലിക്കാൻ ശ്രമിച്ച സൈനിക ഓഫീസറിന് ഒറ്റച്ചവിട്ട് കൊടുത്തു. തന്നെ പാർപ്പിച്ചിരിക്കുന്നത് ഒരു സ്കൂളിന്റെ ഭാഗമായ കുടിലിൽ ആണ് എന്ന് അറിഞ്ഞപ്പോൾ പ്രദേശത്തെ ടീച്ചറെ കാണണമെന്ന് ആവശ്യപ്പെട്ടു. ടീച്ചർ എത്തിയപ്പോൾ പറഞ്ഞത് പാവപ്പെട്ടവരുടെ കുട്ടികളെ ഇമ്മാതിരി സ്കൂളിലിരുത്തിയല്ല പഠിപ്പിക്കേണ്ടതെന്ന്, വലിയവരും ചെറിയവരും തമ്മിലുള്ള ഈ വ്യത്യാസത്തിന് എതിരെയാണ് പോരാടിയതെന്ന്. 

October 9 Che Guevara death anniversary

വധശിക്ഷ അറിയിച്ചു കഴിഞ്ഞപ്പോൾ ചെയോട് ചോദ്യം. അനശ്വരനാകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? ഉത്തരം ഉടനെ വന്നു. വിപ്ലവത്തിന്റെ അനശ്വരതയാണ് എന്റെ വിഷയം. സെർജന്റ്  മാരിയോ ടെറാൻ ഉതിർത്ത ഒമ്പത് വെടിയുണ്ടകൾ ഏറ്റുവാങ്ങി ചെ ജീവൻ വെടിഞ്ഞു. അപ്പോൾ അദ്ദേഹം ഓ‌ർത്തിട്ടുണ്ടാവുക മാസങ്ങൾക്ക് മുമ്പ് നടന്ന അവസാന പൊതു പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാകും. 

“മരണം എപ്പോൾ മുന്നിൽ വന്ന് നിന്നാലും നമുക്ക് സ്വാഗതം ചെയ്യാം. നമ്മുടെ ആശയങ്ങൾ മറ്റാരുടെയൊക്കെയോ കർണപുടങ്ങളിൽ പതിച്ചിട്ടുണ്ടാകും. നമ്മുടെ ആയുധങ്ങൾ ഏറ്റുവാങ്ങി പോരാട്ടം തുടരാൻ മറ്റാരുടെയൊക്കെയോ കൈകൾ നീണ്ടുവരുന്നുണ്ടാകും.’ എന്തായാലും ചെ അതുറപ്പിച്ചിരുന്നു. 
 
പ്രായോഗികതയുടെ ഊടും പാവും അറിഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞനായ, എഴുത്തുകാരനായ, മന്ത്രിയായ, ക‍ർഷകനായ, എഴുത്തുകാരനായ, ഗറില്ലാപ്പോരാളിയായ, ഡോക്ടറായ, വിപ്ലവകാരിയായ... വേറെ ഏതൊരു നേതാവിനുണ്ട് ഇത്രയും വിശേഷണം? എങ്ങനെയാണ് ചെ പോരാട്ടക്കഥകൾക്കും അപ്പുറം കാലാതിർത്തികളും രാജ്യാതിർത്തികളും ഭേദിച്ച ഇതിഹാസമായി പടരാതിരിക്കുക?  

ഇല്ല ഇല്ല ചെ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.

Latest Videos
Follow Us:
Download App:
  • android
  • ios