സുശീല ചേച്ചിയുടെ കൊറോണ മാതാവ്!

എന്റെ കൊവിഡ് ദിനങ്ങള്‍. കൊവിഡ് വാര്‍ഡില്‍ കഴിയുന്നതിനിടെ, ജസീന റഹീം എഴുതിയ കുറിപ്പുകള്‍ തുടരുന്നു. 

 

notes from a covid 19 treatment centre by jaseena rahim

അധ്വാനിയാണ് ചേച്ചി. ശരീരത്തിന് കാരിരുമ്പിന്റെ ബലമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. ഒതുങ്ങിയ പ്രക്യതമെന്ന് ആദ്യം തോന്നിച്ചെങ്കിലും ഒപ്പം ഒരു കലാപകാരിയുമുണ്ടെന്ന് കരുതലോടെ ഞാന്‍ കണ്ടെത്തി. ആകര്‍ഷകമല്ലാത്ത ആ മുഖം നിര്‍വ്വികാരമെന്ന് മാസ്‌ക് മാറ്റി കണ്ട അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഞാന്‍ വായിച്ചെടുത്തു. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ,നടക്കുമ്പോഴും എന്തിന് കിടക്കുമ്പോള്‍ പോലും കടും വര്‍ണ്ണത്തിലുള്ള സാരി ഒതുക്കിക്കുത്തിയല്ലാതെ, ഉടുത്തനിലയില്‍  ചേച്ചിയെ ഞാന്‍ കണ്ടിട്ടേയില്ല.  

 

notes from a covid 19 treatment centre by jaseena rahim           

 


സുശീല ചേച്ചിയെ സംബന്ധിച്ച് കൊറോണ വൈറസ് മാതാവാണ്. നേരും നെറിയുമുള്ള മാതാവ്. സൃഷ്ടി സ്ഥിതി സംഹാരശേഷിയുള്ള സര്‍വ്വശക്ത. 

അതു പറയുംമുമ്പേ, സുശീല ചേച്ചിയെക്കുറിച്ച് പറയണം. ഞാനെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് കൊവിഡ് വാര്‍ഡിന്റെ തെക്കേ മൂലയിലുള്ള ഒഴിഞ്ഞ ബെഡില്‍  അന്തേവാസിയായി എത്തിയതാണ് ചേച്ചി. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. കുടുംബ കാര്യങ്ങള്‍ നോണ്‍ സ്‌റ്റോപ്പായി പറയുന്നത് കേട്ടാല്‍ ആര്‍ക്കും മനസ്സിലാവും.  

വന്നുവന്ന് കൊവിഡ് സെന്ററിലെ ഒന്നാം വാര്‍ഡിലെ അംഗങ്ങളായ ഞങ്ങള്‍ നാല് പേര്‍ കൂടി ചേച്ചീടെ കുടുംബമായി മാറി.  സമയാസമയങ്ങളില്‍ ലഭിക്കുന്ന ആഹാരപ്പൊതി കഴിക്കാന്‍ മടിച്ച് മാറ്റി വെച്ചാല്‍ ആ സ്‌പോട്ടില്‍ ചേച്ചി ബഹളം വെക്കും-'വല്ലോം കഴിക്ക് കൊച്ചേ, കൊറോണാ വൈറസ് പോണോങ്കില്‍ നല്ല പോലെ എന്തേലുമൊക്കെ കഴിക്കണം'

ഞങ്ങള്‍ അഞ്ച് പേരടങ്ങുന്ന ഈ തുരുത്തില്‍ അല്‍പം അധികാരം കലര്‍ത്തി സംസാരിക്കുന്ന ചേച്ചിയുടെ രീതി എനിക്കിഷ്ടമായി. എന്ത് കരുതലാണ് ഈ ചേച്ചിക്ക്!

അധ്വാനിയാണ് ചേച്ചി. ശരീരത്തിന് കാരിരുമ്പിന്റെ ബലമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. ഒതുങ്ങിയ പ്രക്യതമെന്ന് ആദ്യം തോന്നിച്ചെങ്കിലും ഒപ്പം ഒരു കലാപകാരിയുമുണ്ടെന്ന് കരുതലോടെ ഞാന്‍ കണ്ടെത്തി. ആകര്‍ഷകമല്ലാത്ത ആ മുഖം നിര്‍വ്വികാരമെന്ന് മാസ്‌ക് മാറ്റി കണ്ട അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഞാന്‍ വായിച്ചെടുത്തു. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ,നടക്കുമ്പോഴും എന്തിന് കിടക്കുമ്പോള്‍ പോലും കടും വര്‍ണ്ണത്തിലുള്ള സാരി ഒതുക്കിക്കുത്തിയല്ലാതെ, ഉടുത്തനിലയില്‍  ചേച്ചിയെ ഞാന്‍ കണ്ടിട്ടേയില്ല.             
                
അവിടെത്തി അര മണിക്കൂറിനകം, ചേച്ചി കൊറോണ തിയറി തുടങ്ങി. അതോടെ, ചേച്ചിയുടെ വര്‍ത്തമാനം അല്‍പ്പം അതിരുകവിഞ്ഞതല്ലേ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഇത്തിരി കേട്ടുകഴിഞ്ഞപ്പോഴാവട്ടെ, ചേച്ചിയുടെ കൊറോണാതിയറിയില്‍ ചില കാര്യങ്ങളൊക്കെ ഉണ്ടല്ലോ എന്നായി സംശയം. 

'ഈ കൊറോണാ മാതാവ് നെറിയൊള്ളോളാ കൊച്ചേ. വെറുതെ കേറി ആരേം മാന്താന്‍ വരൂല്ല. മാതാവിനെ വല്ലാതെയിട്ട് എടങ്ങേറാക്കുന്ന കാര്യങ്ങള് മനുഷേമ്മാര് ചെയ്യുമ്പോഴാണ് കാര്യങ്ങള് അവതാളത്തിലാകുന്നത്'

ഇതായിരുന്നു കൊറോണാ മാതാ തിയറിക്ക് ചേച്ചിയുടെ വിശദീകരണം. ഇതുകേട്ടതും ഞാനാലേചിക്കാന്‍ തുടങ്ങി. പ്രകൃതിയുമായി ഞാന്‍ ആ തിയറിയെ കണക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. നടക്കാതായതോടെ ആ തിയറിയില്‍ ചേച്ചിയോട് സംസാരിച്ച് കുറച്ച് കൂടി   ക്ലാരിറ്റി വരുത്താന്‍ തീരുമാനിച്ചു. 

'അല്ല ചേച്ചീ ഈ കൊറോണാ വൈറസ് മാതാവ് തന്നെയാണോ. പിതാവായിക്കൂടേ? അതല്ലെങ്കില്‍ ദേവിയോ കൊറോണാ ജാറം ബീവിയോ ആയിക്കൂടേ? 

അശ്വമേധത്തിലെ പ്രദീപിന്റെ സ്‌റ്റൈലില്‍ കുറച്ച് ക്‌ളൂ സുശീല ചേച്ചിക്ക് മുന്നില്‍ നിരത്തിയെങ്കിലും ആരു പറഞ്ഞാലും കൊറോണ വൈറസ് മാതാവ് തന്നെയെന്ന്  ചേച്ചി കട്ടായം പറഞ്ഞു. ശരി ആവട്ടെ എന്നു ഞാനും. 

കൊറോണാ മാതാവ് അകത്തുവന്ന് മൂന്നുനാള്‍ കഴിഞ്ഞിട്ടും മാതാവ് കയറിക്കൂടിയ വഴിയെക്കുറിച്ച് ചേച്ചിക്ക് നോ ഐഡിയാ. കൊറോണാ മാതാവിനെ മറ്റാരോ ആവാഹിച്ച് തന്റെ ശരീരത്ത് കുടിയിരുത്തിയതാണന്നാണ് അവരുടെ വിശ്വാസം. 

അങ്ങനങ്ങനെ കലശലായ സൈദ്ധന്തിക പ്രശ്‌നങ്ങളോടെ കൊറോണാവാര്‍ഡിലെ ഞങ്ങളുടെ ആദ്യദിനം കഴിഞ്ഞു.   

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

പിറ്റേ ദിവസം രാവിലെ മണിയടി സിംബലിന് പിന്നാലെ ബ്രേക്ഫാസ്റ്റ്് കലക്ട് ചെയ്യാന്‍ ഞാനും സുശീല ചേച്ചിയും ഒരുമിച്ചാണ് പോയത്.  അവിടെ വെച്ചതാ പുതിയ സംഭവവികാസങ്ങള്‍. 

'യുറേക്കാ'-ചേച്ചി ആവേശം പൂണ്ട് വാങ്ങിയ ചായ വരെ മാറി പോയി. മധുരത്തിന്റെ ആശാട്ടിയായ ചേച്ചി വാങ്ങിയ ചായ വിത്തൗട്ടായി പോയത് പുള്ളിക്കാരി അറിഞ്ഞില്ല.

'ചേച്ചീ വല്ലാതെ അപ്‌സെറ്റായിരിക്കുന്നല്ലോ, എന്റെ സഹായം വല്ലതും?' 

ഞാന്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുന്‍പ് ചേച്ചി ബ്രേക്ക് ഫാസ്റ്റ് വാങ്ങാനായി അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന പെണ്‍ സംഘത്തിന് നേരെ നോക്കി മുരണ്ടു: 'ഇതാ കണ്ടോ തുണ്ടിലെ പെണ്ണുങ്ങള്‍! കൊറാണാ മാതാവ് എന്റെ മേല്‍ കയറിയത് വെറുതയല്ല. അതിന് പിന്നില്‍ ഇതാ ഇവള്മാര് തന്നെ!'

ചേച്ചിയുടെ പൊടുന്നനെയുണ്ടായ ഭാവമാറ്റത്തിന്റെ കാര്യമറിയാതെ ഞാന്‍ അമ്പരന്നു. 

'റിലാക്‌സ് ചേച്ചീ, റിലാക്‌സ്'

പതിയെ ചേച്ചിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി കൂടുതല്‍ കൂടുതല്‍ വയലന്റായിക്കൊണ്ടിരുന്നു. കൊവിഡ് പേഷ്യന്റ്‌സ് നിര്‍ബന്ധമായും അച്ചടക്കം പാലിക്കണം എന്ന റൂള്‍ നിലനില്‍ക്കുന്നതിനാല്‍ സുശീല ചേച്ചി തല്‍ക്കാലമടങ്ങി. റൂമിലേക്ക് മടങ്ങുമ്പോള്‍ തന്റെ ഗൂഢാലോചനാ സിദ്ധാന്തം ചേച്ചി ഉരുക്കഴിച്ചു.    

കഥ നടക്കുന്നത് അണ്ടിയാപ്പീസ് എന്ന് പ്രാദേശികമായി വിളിക്കുന്ന കശുവണ്ടി കമ്പനിയിലാണ്. പള്ളിമുക്ക്, തുണ്ട് എന്നിവിടങ്ങളിലുള്ള അണ്ടിയാപ്പീസുകളുമായി ബന്ധപ്പെട്ട ശീതസമരത്തിന്റെ ബാക്കിയാണ് കൊറോണ മാതാവിന്റെ ഈ കൊടിയേറ്റം. 

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും നിലകൊള്ളുന്ന പള്ളിമുക്ക് അണ്ടിയാപ്പീസിലാണ് നമ്മുടെ സുശീല ചേച്ചി. കേരളഭൂമിയില്‍ സംജാതയായി ഒരു വര്‍ഷം നാല് മാസം കഴിഞ്ഞിട്ടും പള്ളിമുക്ക് അണ്ടിയാപ്പീസിലേക്ക് കൊറോണാ മാതാവ് ഒന്ന് എത്തി നോക്കിയത് കൂടിയില്ല. അവിടെ എല്ലാവരും സുരക്ഷിതര്‍, സന്തുഷ്ടര്‍, കൂടാതെ എല്ലാ ദിവസങ്ങളിലും ജോലിയുമുണ്ട്. 

അങ്ങെന ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന പള്ളിമുക്ക് അണ്ടിയാപ്പീസിലേക്കാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍ കടന്നുവരുന്നത്. അവര്‍ തുണ്ട് അണ്ടിയാപ്പീസിലെ പെണ്ണുങ്ങളാണ്. അവിടത്തെ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് അവര്‍ പള്ളിമുക്കില്‍ ജോലി തേടിയെത്തിയത്. 

പള്ളിമുക്കിലെ പെണ്ണുങ്ങള്‍ അവരെ തൊട്ടും തലോടിയും ആതിഥ്യമര്യാദയോടെ സ്വീകരിച്ചു. സന്തോഷനിര്‍ഭരമായ ആ നിമിഷത്തില്‍, ആനന്ദക്കണ്ണീര്‍ പൊഴിച്ചും, മൂക്കു ചീറ്റിയും തുണ്ടിലെ പെണ്ണുങ്ങള്‍ തങ്ങള്‍ക്കൊരിടം തന്ന പള്ളിമുക്കിലെ പെണ്ണുങ്ങളെ വന്ദിച്ചു. അവരുടെ
അതികഠിനമായ അച്ചടക്കവും സല്‍സ്വഭാവവും സദാചാരനിഷ്ഠയും കാരണം പേടിച്ച് മാറി നിന്നിരുന്ന കൊറോണാമാതാവ് ആ നിമിഷം പള്ളിമുക്കിലെ സര്‍വ്വ പെണ്ണുങ്ങളേയും അനുഗ്രഹിച്ചു.

'പൊന്ന് കുഞ്ഞേ, അതോടെയാണ്  എനിക്കീ ഗതി വന്നത്!'

സുശീല ചേച്ചി പകുതി ധ്യാനത്തിലെന്ന പോലെ മുകളിലേക്ക് മിഴികളയച്ച് പറഞ്ഞ് നിര്‍ത്തി.

പക്ഷേ സുഹ്യത്തുക്കളേ, അതൊരു തുടക്കം മാത്രമായിരുന്നു. ഇനിയാണ് കഥയുടെ യഥാര്‍ത്ഥ ട്വിസ്റ്റ്. സുശീല ചേച്ചിക്ക് നിരന്തരമായി പല ഭാഗങ്ങളില്‍ നിന്ന് ഫോണ്‍ കാളുകള്‍ വരുന്നു. കാള്‍ അറ്റന്‍ഡ് ചെയ്യുന്ന ഉടനെ സുശീല ചേച്ചി പറഞ്ഞ് തുടങ്ങുന്നതിങ്ങനെ: 'ആ തുണ്ടിലെ അവള്മാരൊണ്ടല്ലോ...'

പിന്നെ ദീര്‍ഘമായ ഫോണ്‍ സംഭാഷണമാണ്. അത് അവസാനിക്കുമ്പോഴേക്കും എന്റെ കര്‍ണ്ണപുടത്തില്‍ കുടി പൊന്നീച്ചകള്‍ പറക്കുന്നു. 

ഞാന്‍ അവസാനമായി കേട്ട സുശീല ചേച്ചിയുടെ ഫോണ്‍ സംഭാഷണമിങ്ങനെ: 'അക്കേ ആ തുണ്ടിലെ പെണ്ണുങ്ങളെല്ലാരും ഇവടെയൊണ്ടക്കെ. അവള്മാര് കൊണ്ട് തന്നതാ എനിക്ക് കൊറോണാമാതാവിനെ. ക്ഷീണോം തളര്‍ച്ചേം കാരണം ഒന്നും നേരാം വണ്ണം പറയാന്‍ പോലും പറ്റുന്നില്ലല്ലോ അക്കേ. എന്നാലും അക്കേ  ആ തുണ്ടിലെ പെണ്ണുങ്ങള്' 

പക്ഷേ എന്നെ കോവിഡ് വാര്‍ഡില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നു എന്നറിഞ്ഞ നിമിഷം സുശീല ചേച്ചിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ആവശ്യമില്ലാതെ പുറത്തേക്കിറങ്ങാറേയില്ലാത്ത ചേച്ചി എനിക്ക് പിന്നാലെ വന്ന് അവിടെ നിന്ന് ഞാന്‍ യാത്ര തിരിക്കുന്ന നിമിഷം വരെ നോക്കി നിന്നു. ആ നിമിഷങ്ങളില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

 

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

Latest Videos
Follow Us:
Download App:
  • android
  • ios