കൊറോണയെ കണ്ട നിമിഷം അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!
എന്റെ കൊവിഡ് ദിനങ്ങള്‍. കൊവിഡ് വാര്‍ഡില്‍ കഴിയുന്നതിനിടെ, ജസീന റഹീം എഴുതിയ കുറിപ്പുകള്‍ ആരംഭിക്കുന്നു.
മെയ് മൂന്നിലെ പത്രത്തില്‍ എല്‍ ഡി എഫിന്റെ വിജയവാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന സഖാവ് പിണറായി വിജയന്റെ സൂപ്പര്‍മാന്‍ ചിത്രം നോക്കിയിരിക്കെ ഒന്നും അറിയാത്ത അവസ്ഥയിലേക്ക് ശരീരം കുഴഞ്ഞ് പോകുന്നത് ഞാനറിഞ്ഞു. കുത്തിയൊലിച്ച് വരുന്ന വിയര്‍പ്പൊഴുക്കില്‍ ഞാന്‍ കൈകാലുകളിട്ടടിച്ചു. അതിവേഗം അഗാധമായൊരു കയമായി ഞാന്‍ രുപാന്തരം പ്രാപിക്കുന്നതറിഞ്ഞു.
കൊറോണ എന്ന പേര് പരിചയപ്പെട്ട ആദ്യകാലത്ത് പ്രിയ കൂട്ടുകാരി പ്രിയ പാടി വൈറലായ പാട്ട്, ഒരു വര്‍ഷത്തിന് ശേഷം, ഒരോര്‍മ്മപ്പെടുത്തലോടെ ബിജോയ് ബിഎ പൊളിറ്റിക്‌സ് ബാച്ചിലെ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ അയച്ചത്, നോക്കിക്കൊണ്ടിരുന്ന നേരത്താണെന്ന് തോന്നുന്നു, ആദ്യ കൊറോണാ തുമ്മല്‍ എന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുമ്മലുകളെയും ചുമയുടെ സൂചനകളെയും കുഞ്ഞു പനികളെയുമൊക്കെ അതിഭയങ്കരമായ ആധിയോടെ കണ്ടുപോന്ന ഒരു വര്‍ഷം അതിനിടയ്ക്ക് കഴിഞ്ഞുപോയിരുന്നു. കൊറോണയുടെ വരവും ലോക്ക്ഡൗണും ഒക്കെയായി പൊടിപൂരമായ 2020 കഴിഞ്ഞ് പുതിയൊരു കാലം പിറക്കുന്നുവെന്ന തോന്നല്‍ സൃഷ്്ടിച്ച ധൈര്യമുണ്ടായിരുന്നു ഉള്ളില്‍. എങ്കിലും, പൊടിപാറിയ ഇലക്ഷനു പിന്നാലെ, ഒളിഞ്ഞും തെളിഞ്ഞും കൊറോണ അടുത്തുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍ ഒപ്പം ഉണ്ടായിരുന്നു. തീര്‍ച്ചയായും അതുണ്ടാക്കിയ എക്‌സ്ട്രാ കരുതലും!
പറഞ്ഞുവന്നത് ആദ്യ കൊറോണ തുമ്മലിനെ കുറിച്ചാണ്. അതവിടെ നിന്നില്ല. അതുക്കും മേലെ വന്നു തുമ്മലുകള്‍. ഒപ്പം, പനി കൂടിക്കൂടി വന്നു. അപ്പോള്‍ തന്നെ ഉള്ളിലാരോ അപായ മണി മുഴക്കി, ഇതാ ഇതാണ് കൊറോണ സിഗ്‌നല്‍!
എങ്കില്‍, ആ കൊറോണയെ എന്നില്‍നിന്ന് ഒരിഞ്ച് പോലും പുറത്ത് വിടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ സര്‍ജിക്കല്‍, എന്‍ 95 മാസ്‌കുകളുപയോഗിച്ച് ആദ്യ പ്രതിരോധം തീര്‍ത്തു. ആവശ്യത്തിലധികം സാനിറ്റൈസര്‍ ഉപയോഗിച്ചു. കര്‍ശനമായി സാമൂഹ്യ അകലം പാലിച്ചു.
തീര്‍ന്നില്ല, വന്നത് ലവന്‍ തന്നെയോ എന്നുറപ്പിക്കണം. അതിനായി ഓച്ചിറ സ്റ്റാര്‍ ഹോസ്പിറ്റലില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ ചെന്നു. നീണ്ട ക്യൂവായിരുന്നു. എന്റെ ഊഴമെത്തുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞിരുന്നു.
അത്രയൊക്കെ മതിയായിരുന്നു. കൊറോണാബോയ് അപ്പോഴേക്കും തന്റെ വ്യത്യസ്തമായ കലാകായിക പ്രകടനങ്ങള്‍ക്ക് എന്റെ ശരീരത്തെ വേദിയാക്കിയിരുന്നു. നാസാരന്ധ്രങ്ങളിലൂടെ കടത്തിവിട്ട പഞ്ഞി പൊതിഞ്ഞ രണ്ട് തുണ്ടം കോല്‍ക്കഷണങ്ങള്‍ തലച്ചോറിലേക്കൊരു എരിച്ചിലായി കയറിയതും, അവന്‍ ഒരു കുഞ്ഞ് കൊറോണയെ മൂക്കിന്റെ അങ്ങേ അറ്റത്തൂന്ന് പിടിച്ച് കൊണ്ട് വന്ന് ടെസ്റ്റ് സ്ട്രിപ്പില്‍ ഒട്ടിച്ചിരുന്നു.
മിനുറ്റുകള്‍ക്കകം വിധി വന്നു-കോവിഡ് പോസിറ്റീവ!
അതോടെ, ആരോഗ്യ പ്രവര്‍ത്തക കുറേയേറെ നിര്‍ദ്ദേശങ്ങളും താക്കീതുകളും തന്നു. എന്ത് പ്രശ്‌നമുണ്ടങ്കിലും ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്ന നിബന്ധനയുമായി എന്നെ വീട്ടിലേക്ക് പറഞ്ഞയച്ച.
വാര്‍ത്ത അറിഞ്ഞതോടെ വീടാകെ ശോകമൂകം!
'ഡോണ്ട് വറി, ഞാന്‍ ഓകെയാണ് എന്ന്, പ്രിയപ്പെട്ടവരുടെ നിരന്തരമായ വിളികള്‍ക്ക് ഞാന്‍ മറുപടികള്‍ നല്‍കി കൊണ്ടിരുന്നു. ഒരു വിധം അത്യാവശ്യ സൗകര്യങ്ങള്‍ക്കിടയില്‍ അസുഖത്തിന്റെ അസ്വസ്ഥതകളൊഴിച്ച് മറ്റ് യാതൊരു പ്രശ്‌നവുമില്ലാതെ ഞാനിപ്പോള്‍ കഴിയുന്ന അവസ്ഥയും, അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ചേരി പോലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന അനേകായിരങ്ങളെയും ഈ അവസരത്തില്‍ ഞാന്‍ കൂടുതലായി ഓര്‍ത്തു.
സംഗതി എന്തായാലും കൊറോണ എന്നോട് അല്‍പ്പം ഔദാര്യം കാട്ടിയിരുന്നു. എന്റെ ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന് തോന്നിയതിനാലാവണം ആ ഭാഗത്ത് പുള്ളിക്കാരന്‍ യാതൊരു പരാക്രമങ്ങളും കാണിച്ചില്ല. അതിന് പകരം പുള്ളിക്കാരന്‍ ശരീരത്തെ അപ്പാടെ കുത്തിയൊടിച്ച് ഒരു മൂലയിലാക്കി.
..............................
Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................
അങ്ങനെ അടച്ചിട്ട മുറിയില്‍ മൂളിയും ഞരങ്ങിയും മൂന്ന് ദിനം. പക്ഷേ പിറ്റേ ദിവസം കഥാഗതി ആകെ മാറുന്നു.
മെയ് മൂന്നിലെ പത്രത്തില്‍ എല്‍ ഡി എഫിന്റെ വിജയവാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന സഖാവ് പിണറായി വിജയന്റെ സൂപ്പര്‍മാന്‍ ചിത്രം നോക്കിയിരിക്കെ ഒന്നും അറിയാത്ത അവസ്ഥയിലേക്ക് ശരീരം കുഴഞ്ഞ് പോകുന്നത് ഞാനറിഞ്ഞു. കുത്തിയൊലിച്ച് വരുന്ന വിയര്‍പ്പൊഴുക്കില്‍ ഞാന്‍ കൈകാലുകളിട്ടടിച്ചു. അതിവേഗം അഗാധമായൊരു കയമായി ഞാന്‍ രുപാന്തരം പ്രാപിക്കുന്നതറിഞ്ഞു.
പരിഭ്രമത്തോടെ, അപ്പോള്‍ വീട്ടിലുണ്ടായിരുന്ന ഇളയ മകളെ കാറി വിളിച്ച് ഉടന്‍ തന്നെ വാപ്പിച്ചിയെ വിവരമറിയിക്കാന്‍ വിക്കി വിക്കി പറഞ്ഞു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു. വാര്‍ഡ് മെമ്പര്‍ മിനിമോളുടെ ഭര്‍ത്താവ് നിസാം പാഞ്ഞെത്തി കയ്യില്‍ കരുതിയിരുന്ന പള്‍സ് ഓക്‌സീ മീറ്റര്‍ ചുണ്ടാണി വിരലില്‍ ഘടിപ്പിച്ച് റീഡിങ്ങ് നില നോക്കി.
ദൈവമേ, ഓക്‌സിജന്‍ ലെവല്‍ 90!
ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നു. വാളകം മെഴ്‌സി ഹോസ്പിറ്റലിലേക്ക് എന്നെ പാക്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു.
ആംബുലന്‍സിന്റെ നിലവിളി ശബ്ദം മാത്രം അകമ്പടിയായുള്ള ആ യാത്രയുടെ പകുതിയില്‍ വെച്ച് ഞാന്‍ അല്‍പ്പ മയക്കത്തിലേക്ക് വഴുതി വീണു. കഴിഞ്ഞ ഒന്നര വര്‍ഷമായി എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളെ ഒന്നാകെ തച്ചുടച്ച വൈറസാണ് ഉടലില്‍ എന്ന ബോധമുണ്ടായിരുന്നു. ചന്ദ്രനില്‍ വരെ പ്ലോട്ടുകള്‍ വാങ്ങാന്‍ അഡ്വാന്‍സും കരുതിയിരിക്കുന്ന അതിബുദ്ധിയും, എന്തും വിരല്‍ തുമ്പില്‍ എന്ന അഹന്തയുമായി നടന്ന മനുഷ്യരെ നിന്ന നില്‍പ്പില്‍ തവിടുപൊടിയാക്കുന്ന കുഞ്ഞന്‍ വൈറസ് നിസ്സാരനല്ല എന്ന ബോധ്യം. എല്ലാം കൂടിയായപ്പോള്‍ ആ അവസ്ഥയിലും ചുമ്മാതെ പൊട്ടിച്ചിരിക്കണമെന്ന് തോന്നി. അടുത്ത നിമിഷം എനിക്കെന്താ വട്ടായോ എന്ന തോന്നല്‍ വന്നു.
ലോകത്തെ ഒന്നാകെ കിടുകിടെ വിറപ്പിക്കുന്ന കൊടും ഭീകരനൊണല്ലോ ഈശ്വരാ എന്നെയിങ്ങനെ പുണര്‍ന്നുനില്‍ക്കുന്നത് എന്നാലോചിച്ചപ്പോള്‍ ഇടയ്‌ക്കൊരു നിമിഷം അത് ക്രെഡിറ്റായി തോന്നുകയും രോമാഞ്ചകഞ്ചുകമണിയുകയും ചെയ്തു.
കൊറോണയോട് ചില ആവലാതികള്‍ ബോധിപ്പിക്കാനുള്ള സമയമായും ഈ അവസരത്തെ ഞാന്‍ മുതലെടുത്തു. 'കല്യാണ സദ്യ കഴിക്കാന്‍ ഏറെയിഷ്ടമുള്ള എനിക്ക് നീ വന്നേല്‍പ്പിന്നെ അതിന് കഴിഞ്ഞിട്ടില്ലെന്നും ഒരു വിദേശ ടൂര്‍ ഉള്‍പ്പടെ പലതും പ്ലാന്‍ ചെയ്തത് അവതാളത്തിലായെന്നും ഈ പോക്ക് പോയാല്‍ നിന്നെ വേരോടെ പിഴുത് മാറ്റുമെന്നും, കുറച്ചു കൂടി സംയമനം പാലിച്ചാല്‍ നിനക്ക് ആയുസ്സ് അല്‍പം കൂടി നീട്ടികിട്ടാന്‍ സാധ്യതയുണ്ടെന്നും പുള്ളിയെ മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയിലെത്തുന്നതിനും മുന്‍പ് കൊറോണ കൊച്ചിനെ ഒന്ന് സോപ്പിട്ട് നിര്‍ത്തുന്നത് നല്ലതാണല്ലോ.
ഐ സി യു എന്നത് എന്നത്തെയും വലിയ പേടിസ്വപ്‌നമാണ്. അതിനാല്‍ കൊറോണ നായകനെ അനുനയിപ്പിച്ച് ഇത്തിരി സോഫ്റ്റാക്കാന്‍ നിര്‍ബന്ധിക്കേണ്ടതുണ്ട് എന്നു തോന്നി.
സത്യത്തില്‍ കൊറോണാ നിര്‍മ്മാര്‍ജ്ജനത്തില്‍ ഇപ്പോഴും പങ്കാളിയായ ഒരാളാണ് ഞാന്‍. ഒരു ഫാര്‍മസിസ്റ്റ് കൂടിയായ ഞാന്‍, വവ്വാക്കാവിലെ മുണ്ടപ്പള്ളില്‍ മെഡിക്കല്‍സ് വഴി അനേകായിരങ്ങള്‍ക്ക് ഇതിനകം പല ഡിസൈനിലുള്ള മാസ്‌കുകള്‍ കാശുവാങ്ങി നല്‍കിയിട്ടുണ്ട്. കൂടാതെ പല ഗന്ധങ്ങളിലുള്ള, ജെല്‍ ടൈപ്പും സ്‌പ്രേ ടൈപ്പുമായ സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ എന്നു വേണ്ട കോറോണയെ കണ്ടംവഴി ഓടിക്കാന്‍ കഴിയുന്ന സകല സാധന സാമഗ്രികളും വിറ്റുപോന്നിട്ടുണ്ട്. കൊറോണേ നിന്നെ ഈ പടി കേറ്റില്ലെന്ന് കട്ടായം പറയുന്ന പ്രതിരോധ യോദ്ധാവ്! അതും, വൈറ്റമിന്‍ സി യുടെ മഹത്വം ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കുന്നതുമൊക്കെ കക്ഷിക്ക് എന്നോടുള്ള വിരോധം വര്‍ധിപ്പിക്കുന്ന കാരണങ്ങളായിരിക്കുമെന്ന് ഉപബോധ മനസ്സ് ഭയപ്പെടുത്തി
അല്‍പ്പം ഓവറാണല്ലോ ഈ തിങ്കിംഗ് എന്നു തോന്നുന്നുണ്ടോ? പേടിച്ചാല്‍ ആരും ദാര്‍ശനികരാവും എന്നു മാത്രമേ ഈയവസ്ഥയില്‍ പറയാനുള്ളൂ...
എന്തായാലും ഈ ഓവര്‍ ചിന്തകളുമായി മയക്കം വിട്ടുണരുമ്പോള്‍ എന്നെ വഹിച്ചിരുന്ന ആബുലന്‍സ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.
കോവിഡ് രോഗികളെയും കൊണ്ടെത്തുന്ന ഓരോ വാഹനവും ഹോസ്പിറ്റല്‍ കോമ്പൗണ്ടിലേക്ക് കടക്കുന്ന ഉടന്‍ സൈറണ്‍ മുഴക്കും. ഡ്യൂട്ടിയിലുള്ള മാലാഖമാരോട് സജ്ജരായിരിക്കാനുള്ള നിര്‍ദ്ദേശമാണത്.
അങ്ങനെ, കോരിച്ചൊരിയുന്ന മഴയുടെ ഇരമ്പലുകള്‍ക്കിടയിലൂടെ ഞാന്‍ ആശുപത്രി മണ്ണില്‍ കാല് കുത്തി. പിന്നീടങ്ങോട്ട് ഹ്യദയം നിറയ്ക്കുന്ന അനുഭവങ്ങളായിരുന്നു. പി പി ഇ കിറ്റണിഞ്ഞ രണ്ട് മാലാഖമാര്‍ ഇടംവലം നിന്ന് ആരോഗ്യനില പരിശോധിച്ചു. കൂട്ടത്തിലെ ഒരു മാലാഖ ഐവി ഇന്‍ജക്ഷന്‍ നല്‍കാന്‍ എന്റെ കൈകളിലെ ഞരമ്പു തേടി നടന്ന് വല്ലാതെ പാടുപെട്ടു. അതിനു കാരണവും അവര്‍ ക്ഷമാപണം പോലെ പറഞ്ഞ് കൊണ്ടേയിരുന്നു: ''ഒന്ന് ക്ഷമിക്കണേ ചേച്ചീ, ഫേസ് ഷീല്‍ഡും പി .പി ഇ കിറ്റുമൊക്കെ ഇട്ടേക്കുന്നത് കൊണ്ട് പെട്ടെന്നൊന്നും കാണാന്‍ പറ്റത്തില്ല''
ആ സ്‌നേഹവര്‍ത്തമാനങ്ങള്‍ എന്റെ അസ്വസ്ഥകള്‍ക്ക് ശരിക്കുമൊരു ആശ്വാസമായിരുന്നു. പ്രിയപ്പെട്ട മാലാഖമാരേ നിങ്ങള്‍ തന്നെയാണ് ഈ കോവിഡ് കാലത്തെ ഹീറോകള്‍.
അങ്ങനെ എന്റെ ആശുപത്രി വാസത്തിന്റെ ഒന്നാം ദിവസമായി.
ഈ സമയത്തും എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. മുന്നിലിതാ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നു. എന്റെ ഞരമ്പുകളൊന്നില്‍ കാലങ്ങളായി സ്വസ്ഥമായി പാര്‍ത്തിരുന്ന, ചിക്കന്‍ പോക്‌സിന് കാരണമായ ഒരു വൈറസ് കുഞ്ഞിനെ ഈ കൊറോണാവില്ലന്‍ ഞെക്കി കൊന്നിരിക്കുന്നു.
അതൊരു കൊലപാതകമാണെന്ന് തെളിയിക്കാനുള്ള സര്‍വ്വ തെളിവുകളും എന്റെ പക്കലുണ്ട്. ചെറിയ ഒരു പനിക്കോളോ കാലാവസ്ഥാ മാറ്റമോ വന്നാല്‍ പോലും ചുണ്ടിന് ചുറ്റുമോ മൂക്കിന് ചുറ്റുമോ ചിക്കന്‍ പോക്‌സ് കുമിളകള്‍ക്ക് സമാനമായ കുമിളകള്‍ കൊണ്ട് നിറയ്ക്കുന്ന ആ വൈറസ് കുഞ്ഞ് ഇക്കാലമത്രയും പേടിസ്വപ്‌നമായിരുന്നു. അതാണിപ്പോള്‍ നിലം പരിശായത്.
തെളിവിതാ: കോവിഡ് കാലത്ത്, വെള്ളം വെച്ചാല്‍ തിളപ്പിച്ചെടുക്കാവുന്ന മട്ടില്‍ വരെ പനി കൂടിയിട്ടും ഒന്നു തലപൊക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ആ ലോക്കല്‍ വൈറസിന്. ചുണ്ടിലോ മൂക്കിനു ചുറ്റുമോ ആ കുമിളകള്‍ പ്രത്യക്ഷപ്പെട്ടതേയില്ല.
കൊറോണയെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത്മനുഷ്യര്‍ മാത്രമല്ല, ചെറുകിട വൈറസുകള്‍ കൂടയൊണ് മക്കളേ...
(അടുത്ത ഭാഗം നാളെ)