വിളമ്പിയത് തണുത്ത പ്രഭാതഭക്ഷണം, റെസ്റ്റോറന്റിന് 7000 രൂപ പിഴ
അവർക്ക് നൽകിയ ഭക്ഷണം തണുത്തതായിരുന്നു എന്നും ഫ്രഷ് ആയിരുന്നില്ല എന്നും പരാതിയിൽ പറയുന്നു. പിന്നാലെ, ഇതേച്ചൊല്ലി പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റെസ്റ്റോറന്റ് ചൂടുള്ള ഭക്ഷണം നൽകാൻ തയ്യാറായില്ല.
സ്ത്രീക്ക് തണുത്ത പ്രഭാതഭക്ഷണം നൽകിയ റെസ്റ്റോറന്റിന് 7000 രൂപ പിഴ. ബംഗളൂരുവിലെ ഉഡുപ്പി ഗാർഡൻ റെസ്റ്റോറന്റിനാണ് ചൂടുള്ള പ്രഭാതഭക്ഷണം നല്കാൻ വിസമ്മതിച്ചതിന് പിഴയിട്ടിരിക്കുന്നത്.
റസ്റ്റോറൻ്റിന് ജൂൺ 19 -ന് ഫസ്റ്റ് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. കൊരമംഗലയിൽ നിന്നുള്ള താഹറ എന്ന 56 -കാരിയുടെ പരാതിയിലാണ് നടപടി. 2022 ജൂലായ് 30 -ന് കുടുംബത്തോടൊപ്പം ഹാസനിലേക്ക് പോകുമ്പോഴാണ് പ്രഭാതഭക്ഷണം കഴിക്കാനായി ഇവർ റെസ്റ്റോറന്റിൽ എത്തിയത്. അവർക്ക് നൽകിയ ഭക്ഷണം തണുത്തതായിരുന്നു എന്നും ഫ്രഷ് ആയിരുന്നില്ല എന്നും പരാതിയിൽ പറയുന്നു.
പിന്നാലെ, ഇതേച്ചൊല്ലി പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റെസ്റ്റോറന്റ് ചൂടുള്ള ഭക്ഷണം നൽകാൻ തയ്യാറായില്ല. തനിക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും അതിനാൽ ഭക്ഷണം കഴിക്കാനോ, അതിനുശേഷം കഴിക്കേണ്ടുന്ന ഗുളിക കഴിക്കാനോ സാധിച്ചില്ല എന്നും താഹറയുടെ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന്, കമ്മിഷൻ പ്രസിഡൻ്റ് ബി. നാരായണപ്പപ്പ റസ്‌റ്റോറൻ്റിന് 5000 രൂപ പിഴ ചുമത്തി. വ്യവഹാരച്ചെലവുകളുടെ പേരിൽ അദ്ദേഹം ഭക്ഷണശാലയ്ക്ക് 2,000 രൂപ വേറെയും പിഴ ചുമത്തിയതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം