North Korea : എല്ലാം അടച്ചുപൂട്ടിയിട്ടും രാജ്യത്ത് കൊവിഡ് വന്നതെങ്ങനെ, വിചിത്രമായ ഉത്തരവുമായി ഉത്തരകൊറിയ
ദക്ഷിണ കൊറിയയെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവിടെ നിന്നെത്തിയ വസ്തുക്കളാണ് രോഗവ്യാപനത്തിന് കാരണമെന്ന് പറയുമ്പോള്‍ പരമ്പരാഗത വൈരികളെ വീണ്ടും എതിര്‍പക്ഷത്ത് നിര്‍ത്തുകയാണ് ഉത്തരകൊറിയ.
രാജ്യത്തെ വിറപ്പിച്ച കൊവിഡ് വ്യാപനത്തിന് പുതിയ കാരണം കണ്ടെത്തി ഉത്തരകൊറിയ. പാരമ്പര്യ ശത്രുക്കളായ ദക്ഷിണകൊറിയയാണ് തങ്ങളുടെ രാജ്യത്ത് കൊവിഡ് എത്തിച്ചതെന്നാണ് പരോക്ഷമായ പരാമര്‍ശം.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്, ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് നിന്ന് കിട്ടിയ വസ്തുക്കളില്‍ സ്പര്‍ശിച്ചവരിലാണെന്നാണ് ഇപ്പോള്‍ ഉത്തര കൊറിയ പറയുന്നത്. കൊവിഡ് വ്യാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്ന നിലയ്ക്കാണ് പുതിയ ആരോപണങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടത്. ദക്ഷിണ കൊറിയയില്‍ നിന്ന് കാറ്റിലും മറ്റും എത്തുന്ന വസ്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഇതോടൊപ്പം ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. Also Read: കൊവിഡ് പടരുന്നു: 'ചുക്ക് കാപ്പി കുടിക്കുന്ന പാരമ്പര്യ ചികിത്സ മതി'; നിര്‍ദേശവുമായി ഉത്തരകൊറിയ
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന 18 വയസ്സുകാരനായ സൈനികനും അതിര്‍ത്തിയ്ക്കടുത്ത് താമസിക്കുന്ന അഞ്ച് വയസ്സുകാരിക്കുമാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യവാരമായിരുന്നു ഇത്. പിന്നാലെ രാജ്യത്ത് കൊവിഡ് വ്യാപിക്കുകയായിരുന്നു എന്നാണ് വടക്കന്‍ കൊറിയ പറയുന്നത്.
ദക്ഷിണ കൊറിയയെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവിടെ നിന്നെത്തിയ വസ്തുക്കളാണ് രോഗവ്യാപനത്തിന് കാരണമെന്ന് പറയുമ്പോള്‍ പരമ്പരാഗത വൈരികളെ വീണ്ടും എതിര്‍പക്ഷത്ത് നിര്‍ത്തുകയാണ് ഉത്തരകൊറിയ. ഉത്തര കൊറിയയിലെ ഏകാധിപത്യത്തിനെതിരെ നിലപാടെടുക്കുന്ന ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകളടക്കമുള്ളവര്‍ അതിര്‍ത്തി വഴി ബലൂണുകളും മറ്റും വടക്കന്‍ കൊറിയയിലേക്ക് പറപ്പിച്ച് വിടുന്ന പതിവുണ്ട്. നോട്ടീസുകളും വടക്കന്‍ കൊറിയന്‍ പൗരന്മാര്‍ക്കുള്ള സഹായവുമെല്ലാം ഇങ്ങനെ അയയ്ക്കാറുണ്ട്. കിം ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ ഇത്തരം നോട്ടീസുകളിലുണ്ടാകാറുണ്ട്.
കൊവിഡ് കാലത്ത് സഹായങ്ങളയക്കുന്നതായി വ്യക്തമാക്കി ഇത്തരത്തില്‍ ബലൂണുകള്‍ അയച്ചിരുന്നു. ഇതിനെതിരെയാണ് ഉത്തര കൊറിയയുടെ പരോക്ഷവിമര്‍ശനം. Read Also: ആദ്യം ഒരു കൊവിഡ് രോഗി, പിന്നീട് 1.74 ലക്ഷം പേർക്ക് 'പനിലക്ഷണം': ഉത്തരകൊറിയയിലെ കൊവിഡ് സാഹചര്യം ദുരൂഹം
എന്നാല്‍ ഈ ആരോപണം ദക്ഷിണ കൊറിയ തള്ളി. ഇത്തരത്തില്‍ കൊവിഡ് വ്യാപിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവര്‍ പ്രതികരിച്ചു. കിലോമീറ്ററുകളോളം വായുവിലൂടെ സഞ്ചരിച്ച് ഉത്തര കൊറിയയിലെത്തുന്ന ബലൂണുകളില്‍ രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.
ലോകത്ത് കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അതിര്‍ത്തികളടച്ച ഉത്തര കൊറിയ ഇക്കഴിഞ്ഞ മെയിലാണ് രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി ആദ്യമായി വ്യക്തമാക്കിയത്.എന്നാല്‍ അമേരിക്കയിലെയും ജപ്പാനിലെയുമെല്ലാം വിദഗ്ധര്‍ പറയുന്നത്, 2020-ല്‍ തന്നെ ഉത്തര കൊറിയയില്‍ കൊവിഡ് എത്തിയിരിക്കാമെന്നാണ്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്ത് 47 ലക്ഷം പേര്‍ക്കെങ്കിലും പനി ബാധിച്ചെന്നാണ് കണക്ക്. ഇതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കൊവിഡ് പരിശോധനയടക്കം നടത്തിയിരുന്നത്.
വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കാനും ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോംഗ് ഉന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. ഇപ്പോഴും വാക്‌സീന്‍ വിതരണം തുടങ്ങിയോ എന്ന വിവരം ലഭ്യമല്ല. വടക്കന്‍ കൊറിയന്‍ രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായാണ് കൊവിഡ് വ്യാപനത്തെ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഏറെക്കാലം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാതെ ജനതയെ സംരക്ഷിക്കാനായെന്ന് പറഞ്ഞിരുന്ന കിം ഇത് വലിയ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. Also Read : കൊവിഡ് വാക്സിന്‍ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
അതുകൊണ്ട് തന്നെ രോഗവ്യാപനത്തിന്റെ പഴി ബദ്ധവൈരികള്‍ക്ക് മേല്‍ കെട്ടിവച്ച് ഒളിച്ചോടാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് വ്യക്തം.