ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള 'മാമോത്തു'കളെന്ന് പഠനം
12,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജനത തങ്ങളുടെ കല്ലായുധങ്ങള്‍ ഉപയോഗിച്ച് ഏകദേശം 4 മീറ്റർ ഉയരവും 11 ടൺ ഭാരവുമുള്ള മാമോത്തുകളെ വേട്ടയാടുക മാത്രമല്ല. തങ്ങളുടെ പ്രധാന വിഭവമായും കണ്ടിരുന്നുവെന്നാണ് പഠനം പറയുന്നത്.
വടക്കേ അമേരിക്കയിലുടനീളം വ്യാപിച്ചിരുന്ന ഹിമയുഗത്തിൽ, ആദിമ മനുഷ്യരുടെ ഇഷ്ട വിഭവമായിരുന്നു മാമോത്തുകളുടെ മാംസമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുരാതന മനുഷ്യരുടെ ഭക്ഷണത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തൽ. ഏകദേശം 12,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുയുടെ ഭക്ഷണക്രമത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യം പങ്കുവെച്ചത്. ക്ലോവിസ് ജനത (Clovis people) എന്നാണ് ഇക്കാലത്തെ മനുഷ്യരുടെ പൂര്‍വ്വീകരെ വിശേഷിപ്പിക്കുന്നത്.
12,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു കുഞ്ഞിന്‍റെ അസ്ഥികളിൽ നടത്തിയ രാസപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ മൊണ്ടാനയിൽ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. മരണ സമയത്ത് 18 മാസം മാത്രം പ്രായമുള്ള മുല കുടിക്കുന്ന ഒരു കുട്ടിയായിരുന്നു ഇതെന്നാണ് ഗവേഷകർ അവകാശപ്പെട്ടത്.
കുട്ടിയുടെ അസ്ഥികളിൽ നിന്നാണ് അമ്മയുടെ ഭക്ഷണക്രമത്തിന്‍റെ സൂചനകൾ ലഭിച്ചത്. മുലപ്പാലിലൂടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് അമ്മയുടെ ഭക്ഷണക്രമത്തിന്‍റെ തെളിവുകള്‍ എത്തിയതെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 'ആൻസിക്ക് ബോയ്' (Anzick Boy) എന്ന് വിളിക്കപ്പെടുന്ന പഠനത്തിന് വിധേയമാക്കിയ കുട്ടിയുടെ തലയോട്ടിയുടെയും മറ്റ് എല്ലുകളുടെയും കഷണങ്ങൾ 1968 -ൽ മൊണ്ടാനയിലെ വിൽസാലിനടുത്തുള്ള ഒരു തകർന്ന പാറക്കൂട്ടത്തിൽ നിന്നാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
ഒരു ആവാസവ്യവസ്ഥയിലെ ഏറ്റവും വലിയ മൃഗമായ 'മെഗാഫൗണ'യിൽ (Megafauna) നിന്നുള്ള മാംസമായിരുന്നു കുഞ്ഞിന്‍റെ അമ്മയുടെ ഭക്ഷണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത് മാമോത്തുകൾ തന്നെയാകാമെന്നും ഗവേഷകർ പറയുന്നു. മാമോത്തുകളെ കൂടാതെ അക്കാലത്തുണ്ടായിരുന്ന എൽക്ക്, കാട്ടുപോത്ത്, ഒട്ടകങ്ങൾ, കുതിരകൾ എന്നിവയുടെ പൂർവ്വീകരെന്ന് കരുതപ്പെടുന്ന മൃഗങ്ങളുടെ മാംസവും ചെറിയ സസ്തനികളിൽ നിന്നുമുള്ള മാംസവും ഇവര്‍ ഭക്ഷിച്ചിരുന്നു.
അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന
ഒപ്പം അക്കാലത്തെ സസ്യങ്ങളും ഇവരുടെ ഭക്ഷണക്രമത്തിൽ ഉണ്ടായിരുന്നതായും ഗവേഷകർ വ്യക്തമാക്കുന്നു. മെഗാഫൗണ, പ്രത്യേകിച്ച് കൊളംബിയൻ മാമോത്തുകൾ, മാംസവും ഊർജ്ജ സമ്പന്നമായ കൊഴുപ്പും അടങ്ങിയവയാണ്. ഇത്തരത്തില്‍ ഒരെണ്ണത്തിനെ കൊലപ്പെടുത്തിയാല്‍ തന്നെ ദീർഘകാലത്തേക്കോ അതുമല്ലെങ്കില്‍ വലിയൊരു ജനവിഭാഗത്തിനോ സുഭിക്ഷമായി കഴിക്കാനുള്ളത് ലഭിക്കും. ഇന്നത്തെ ആനകളുടെ പൂര്‍വ്വ ബന്ധുക്കളായ കൊളംബിയൻ മാമോത്തുകൾ ഏകദേശം 13 അടി (4 മീറ്റർ) വരെ ഉയരവും 11 ടൺ ഭാരവുമുള്ളവയായിരുന്നു.
ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പുള്ള ക്ലോവിസ് സംസ്കാരത്തിന്‍റെ ഭാഗമായിരുന്ന അമ്മയെയും കുഞ്ഞിനെയുമാണ് പഠന വിധേയമായത്. നാടോടികളായ ഈ ആദിമ മനുഷ്യർ വലിയ ഇരയെ കൊല്ലാൻ അനുയോജ്യമായ തരത്തില്‍ വലിയ കല്ലുകളില്‍ നിര്‍മ്മിച്ച കുന്തമുനകളും കത്തികളും ഉപയോഗിച്ചു. മാംസം നീക്കം ചെയ്യുന്നതിന് സഹായകമായ തരത്തിലുള്ള സ്ക്രാപ്പിംഗ് ഉപകരണങ്ങൾക്ക് സമാനമായ ആയുധങ്ങള്‍ ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്നതായാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.
ക്ലോവിസ് ജനത അക്കാലത്തെ പരിഷ്കൃതരായ വേട്ടക്കാരായിരുന്നു. ഈ വേട്ടയാടലും മാമോത്തുകളുടെ വംശനാശത്തിന് കാരണമായിരിക്കാമെന്നും ഗവേഷകർ പഠനത്തിൽ സൂചിപ്പിക്കുന്നു. അമ്മയുടെ ഭക്ഷണത്തിലെ പ്രോട്ടീൻ ഭാഗം നിർണ്ണയിക്കാൻ സ്റ്റേബിൾ ഐസോടോപ്പ് വിശകലന രീതിയാണ് ഉപയോഗിച്ചതെന്നും പ്രബന്ധത്തില്‍ പറയുന്നു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആർക്കിയോളജിക്കൽ കൺസൾട്ടൻസി അപ്ലൈഡ് പാലിയോസയൻസിലെ ഗവേഷകനായ ജെയിംസ് ചാറ്റേഴ്സാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്. പഠനത്തിലെ കണ്ടെത്തല്‍ കഴിഞ്ഞ ബുധനാഴ്ച, സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും