റൊമാൻസ് പാടില്ല, ഇതൊരു കാബാണ്, ടാക്സിയിൽ മുന്നറിയിപ്പ് ബോർഡ് വച്ച് ഡ്രൈവർ, ഏറ്റെടുത്ത് സോഷ്യൽമീഡിയ
'നോ റൊമാൻസ്' എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം ഇത് ഒരു കാബാണ്, സ്വകാര്യ ഇടമല്ല എന്നും, ഓയോ റൂമല്ല എന്നും എഴുതിയിരിക്കുന്നു.
കാബ് ഡ്രൈവർമാർ വളരെ രസികന്മാരാണ്. പലപ്പോഴും കാബിൽ എഴുതി വച്ചിരിക്കുന്ന ചെറിയ കുറിപ്പുകൾ, വാക്കുകൾ, പേരുകൾ ഇവയൊക്കെ ആളുകളെ ചിരിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരിക്കും. അതുപോലെയുള്ള ഒരുപാട് കാബുകളുടെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
അതുപോലെ, ഹൈദ്രാബാദിൽ നിന്നുള്ള ഒരു കാബിൽ എഴുതിവച്ചിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ട്രോളിയും ഒക്കെ അനേകംപേരാണ് കമന്റുകൾ ഇടുന്നത്. മുന്നറിയിപ്പ് എന്ന് പറഞ്ഞാണ് കാബിലെഴുതി വച്ചിരിക്കുന്ന വാക്കുകൾ തുടങ്ങുന്നത്. കാബിൽ ഒരുതരത്തിലുള്ള റൊമാൻസും പാടില്ല എന്നാണ് ഡ്രൈവറുടെ മുന്നറിയിപ്പ്.
'നോ റൊമാൻസ്' എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം ഇത് ഒരു കാബാണ്, സ്വകാര്യ ഇടമല്ല എന്നും, ഓയോ റൂമല്ല എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ട് തന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാൻ എന്നും എഴുതിയിട്ടുണ്ട്.
ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് @HiHyderabad എന്ന യൂസറാണ്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായി മാറിയത്. ഒരുപാട് പേർ ചിത്രത്തിന് കമന്റുകളുമായി എത്തി. 'ബ്രോ സിംഗിളാണ് എന്ന് തോന്നുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് ദില്ലിയിലും ബാംഗ്ലൂരിലും കണ്ടിട്ടുണ്ട്, എന്നാൽ ഹൈദ്രാബാദിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അടുത്തിടെ ഇതുപോലെ ചില നിയമങ്ങൾ എഴുതിവച്ചിരുന്ന ഒരു ഓട്ടോയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 'ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല, ഈ വാഹനം ഓടിക്കുന്ന വ്യക്തിയാണ് ഇതിന്‍റെ ഉടമ, മാന്യമായും ബഹുമാനത്തോടെയും സംസാരിക്കണം, വാഹനത്തിന്‍റെ വാതിൽ പതിയെ അടയ്ക്കുക, നിങ്ങളുടെ ആറ്റിറ്റ്യൂഡ് നിങ്ങളുടെ പോക്കറ്റിൽ ഇട്ടാൽ മതി. ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങൾ കൂടുതൽ പണം ഒന്നും ഞങ്ങൾക്ക് നൽകുന്നില്ല, 'ഭയ്യാ' എന്ന് ഞങ്ങളെ വിളിക്കരുത്, വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ വേഗത്തിൽ പോകാൻ ആവശ്യപ്പെടരുത്' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.