വൈദ്യുതിയില്ല, മൊബൈൽ വെട്ടത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ, ചിത്രങ്ങള്‍ വൈറലായതോടെ വൻ വിമർശനം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെയുണ്ടായ ഇടതടവില്ലാത്ത മഴയും വൈദ്യുതി തടസ്സവുമാണ് ഇങ്ങനെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കിയത് എന്ന് പ്രിൻസിപ്പൽ രാകേഷ് പാസ്വാൻ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് വളരെ വളരെ കുറവാണ്. അതുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പല സംഭവങ്ങളും ഇന്ന് വളരെ എളുപ്പത്തിൽ നമ്മുടെ കൺമുന്നിൽ എത്തും. അതുപോലെ ബിഹാറിലെ ഒരു സ്കൂളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബിഹാറിലെ ജാമുയി ജില്ലയിലെ ദേവ് സുന്ദരി മെമ്മോറിയൽ കോളേജിൽ നിന്നുള്ള ഒരു വീഡിയോയാണ് അങ്ങനെ വൈറലാവുന്നത്. ഇവിടെ സ്കൂളിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ്ലൈറ്റിന്റെ വെട്ടത്തിൽ പരീക്ഷ എഴുതുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വീഡിയോ വൈറലായതോടെ ബിഹാറിലെ വിദ്യാഭ്യാസരംഗത്തെ കുറിച്ചുള്ള ചർച്ചകൾ വലിയ തോതിൽ നടക്കുകയാണ്. ഡിഎസ്എം കോളേജിലെ ബിരുദ വിദ്യാർത്ഥികളുടെ ഇന്റേണൽ പരീക്ഷയാണ് നടക്കുന്നത്. കറന്റ് പോയി എങ്കിലും ക്ലാസ് മുറിയിൽ ഇരുട്ടാണ് എങ്കിലും വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് കൊണ്ട് പരീക്ഷ എഴുതുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന കോളേജ് പരീക്ഷയ്ക്കിടെയും സമാനമായ ഒരു സംഭവം നടന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീണ്ടും ഇത് തന്നെ ആവർത്തിച്ചിരിക്കുകയാണ് എന്നും പ്രദേശത്തെ മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെയുണ്ടായ ഇടതടവില്ലാത്ത മഴയും വൈദ്യുതി തടസ്സവുമാണ് ഇങ്ങനെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കിയത് എന്ന് പ്രിൻസിപ്പൽ രാകേഷ് പാസ്വാൻ കുറ്റപ്പെടുത്തി.
അതേസമയം ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേർ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തെ വിമർശിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഇതുപോലെയുള്ള നിരവധി കാര്യങ്ങൾ ബിഹാറിൽ നടക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: