വിദ്യാർത്ഥികളടക്കം 17 പേരെ വെടിവച്ചുകൊന്ന പ്രതിയുടെ തലച്ചോർ ശാസ്ത്രത്തിന്; അസാധാരണ ധാരണ യുഎസില്‍

വിദ്യാർത്ഥികളെയും ജീവനക്കാരെയും വെടിവച്ച് കൊല്ലുമ്പോൾ നിക്കോളാസിന് പ്രായം വെറും പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു.

Nikolas Cruz US mass shooter agrees to donate his brain to science

2018 -ല്‍ ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് അവിടുത്തെ പൂർവ വിദ്യാർത്ഥി കൂടിയായ നിക്കോളാസ് ക്രൂസ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇയാളിപ്പോൾ. ഇപ്പോഴിതാ, അന്ന് വെടിവയ്പ്പിൽ പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുമായുള്ള സെറ്റിൽമെന്റനുസരിച്ച് തന്റെ തലച്ചോർ ശാസ്ത്രത്തിന് ദാനം ചെയ്യാൻ സമ്മതിച്ചിരിക്കുകയാണ് നിക്കോളാസ് ക്രൂസ്. 

ആക്രമണത്തിനിടെ അന്ന് അഞ്ച് തവണയാണ് ആൻ്റണി ബോർഗെസിന് വെടിയേറ്റത്. ബോർ​ഗസിന്റെ അഭിഭാഷകനാണ് നിക്കോളാസ് ക്രൂസിന്റെ തലച്ചോർ പഠിക്കുന്നതിനായി ശാസ്ത്രത്തിന് ദാനം ചെയ്യണമെന്ന അപേക്ഷ മുന്നോട്ട് വച്ചത്. "ശാസ്ത്രജ്ഞർ അവൻ്റെ തലച്ചോർ പഠിച്ചാൽ ഈ രാക്ഷസനെ സൃഷ്ടിച്ചത് എന്താണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു" എന്നാണ് ബോർഗെസിൻ്റെ അഭിഭാഷകൻ അലക്സ് അരേസ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞത്. തലച്ചോർ‌ പഠിച്ചാൽ ഭാവിയിൽ നമുക്കത് തടയാനാവുമെന്നും ഇയാൾ പറഞ്ഞു. 

വിദ്യാർത്ഥികളെയും ജീവനക്കാരെയും വെടിവച്ച് കൊല്ലുമ്പോൾ നിക്കോളാസിന് പ്രായം വെറും പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു. ആറ് മിനിറ്റ് നീണ്ട വെടിവയ്പ്പിൽ 14 വിദ്യാര്‍ത്ഥികളും 3 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയെ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു പാര്‍ക് ലാന്‍ഡെ വെടിവയ്പ്. 2018 -ലെ വാലെന്‍റൈന്‍സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്കൂളിലേക്ക് എആര്‍ 15 മോഡലിലുള്ള റൈഫിളുമായി കടന്നുചെന്ന് വെടിവയ്പ്പ് നടത്തിയത്. നിക്കോളാസിനെതിരെ നേരത്തെ സ്കൂള്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതില്‍ പ്രതികാരം ചെയ്യാനായാണ് നിക്കോളാസ് സഹപാഠികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ജീവപര്യന്തമാണ് നിക്കോളാസിന് വിധിച്ചത്. ഇതിനെതിരെ അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചിരുന്നു. കോടതി ഇയാളോട് കരുണ കാണിച്ചു എന്നായിരുന്നു പരാതി. നിക്കോളാസിനാകട്ടെ വിധി കേട്ടിട്ടും കാര്യമായ ഭാവവ്യത്യാസം പോലുമുണ്ടായിരുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios