'ബാധ തപസ്യ'യുടെ പേരില്‍ പതിനൊന്നുപേർ ആത്മാഹുതി ചെയ്ത വീട്ടിൽ ഒടുവിൽ പുതിയ താമസക്കാർ എത്തുന്നു
ആ വീട്ടിൽ അന്ന് ആത്മാഹുതി ചെയ്ത പതിനൊന്നു പേരുടെയും ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് എന്ന് ബുരാരിക്കാർ പറഞ്ഞു നടക്കുന്നുണ്ട്. ആ കഥകളിൽ വിശ്വസിച്ചാകും, ഇന്നോളം അവിടെ താമസിക്കാൻ മറ്റാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല.
2018 ജൂലൈ ഒന്നാം തീയതി, വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ തലസ്ഥാനത്തെ ഞെട്ടിച്ച ഒരു കൂട്ടആത്മാഹുതി നടന്നു. ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ഒരേദിവസം ആത്മഹത്യ ചെയ്തത്. അതിനുശേഷം കഴിഞ്ഞ ഒന്നരക്കൊല്ലമായി ഈ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജനം അതിനെ ഭൂതബംഗ്ലാവ് എന്നു രഹസ്യമായി വിളിച്ചുപോന്നു. ആ വീട് രണ്ടാമതും വാടകയ്ക്ക് നൽകാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. പലരും വീടിന് അഡ്വാൻസ് വരെ നൽകിയിട്ടുണ്ടെങ്കിലും, താമസം മാറുംമുമ്പ് വീടിന്റെ ചരിത്രമറിഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഒരുവിധം അവിടെ താമസിക്കാൻ എത്തിയ ചിലരാകട്ടെ ഒന്നോ രണ്ടോ ദിവസം നിന്നശേഷം ആത്മാക്കളുടെ ശബ്ദം കേട്ടു എന്നൊക്കെ പരാതിപ്പെട്ട് സ്ഥലം വിടുകയായിരുന്നു. ആ വീട്ടിൽ അന്ന് ആത്മാഹുതി ചെയ്ത പതിനൊന്നു പേരുടെയും ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് എന്ന് ബുരാരിക്കാർ പറഞ്ഞു നടക്കുന്നുണ്ട്. ആ കഥകളിൽ വിശ്വസിച്ചാകും, ഇന്നോളം അവിടെ താമസിക്കാൻ മറ്റാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല.
എന്നാൽ, പുതിയ വർഷത്തിൽ കാര്യങ്ങൾ മാറുകയാണ്. നാട്ടുകാരിൽ നിന്ന് ആ വീടിന്റെ ചരിത്രമൊക്കെ അറിഞ്ഞിട്ടും, അതേ വീട്ടിൽ താമസമാക്കാൻ ധൈര്യമുള്ള ഒരു വാടകക്കാരൻ മുന്നോട്ട് വന്നിരിക്കുകയാണ്. "എനിക്ക് ഭൂതത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല. ഞാനുദ്ദേശിച്ച ബഡ്ജറ്റിൽ, എന്റെ ആവശ്യങ്ങൾക്ക് ചേരുന്ന ഒരു വീട് കിട്ടി, ഞാനെടുത്തു" ഡോ. മോഹൻ കശ്യപ് എന്ന പാത്തോളജിസ്റ്റ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇപ്പോൾ ഭജൻപുരയിലെ മറ്റൊരു വാടകവീട്ടിൽ താമസിക്കുന്ന മോഹൻ ഡിസംബര്‍ 30 -ന് ബുരാരിയിലേക്ക് തന്റെ ഭാര്യയോടും രണ്ട് കുഞ്ഞുങ്ങളോടും കൂടി താമസം മാറ്റുമെന്നാണ് കരുതുന്നത്.
ആ ഇരുനില വീട്ടിൽ താമസമുണ്ടായിരുന്ന ചന്ദാവത്ത് കുടുംബത്തിലെ പതിനൊന്നു പേരാണ് കഴിഞ്ഞ കൊല്ലം ഒരേ ദിവസം ജീവനൊടുക്കിയത്. ഭാട്ടിയാ കുടുംബം എന്നും അറിയപ്പെട്ടിരുന്ന ആ കുടുംബം, രാജസ്ഥാനിൽ നിന്ന് ബുരാരിയിലെ സന്ത് നഗറിലേക്ക് ചേക്കേറിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. അവർക്ക് ഒരു പലചരക്കുകടയും ഒരു പ്ലൈവുഡ് വില്പനശാലയും സ്വന്തമായുണ്ടായിരുന്നു. നാരായണി ദേവി- 77, രണ്ട് മക്കൾ ഭാവനേഷ് - 50, ലളിത് - 45, മരുമക്കൾ സവിത - 48, ടീന - 42, നാരായണിയുടെ മകൾ പ്രതിഭ ഭാട്ടിയ - 57, കൊച്ചുമകൾ പ്രിയങ്ക - 33 (പ്രതിഭയുടെ മകൾ), നിധി- 25 (ഭാവനേഷിന്റെ മൂത്ത മകൾ), മേനക- 23 (ഭാവനേഷിന്റെ ഇളയ മകൾ ), ധ്രുവ് - 15 (ഭവാനിഷിന്റെ ഇളയ മകൻ), ശിവം - 15 (ലളിതിന്റെ ഒരേയൊരു മകൻ) എന്നിവരാണ് ആ കുടുംബത്തിലുണ്ടായിരുന്നത്. ഒരു മുറിയുടെ നിലത്ത് നാരായണി ദേവിയുടെ മൃതദേഹം കിടന്നിരുന്നു. തൊട്ടടുത്ത മുറിയിൽ പല റെയിലിങ്ങുകളിലായി തൂങ്ങിയാടുന്ന നിലയിൽ ഭാവനേഷ്, ലളിത്, സവിത, ടീന, നിധി, മേനക, ധ്രുവ്, ശിവം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പ്രതിഭയുടെ മൃതദേഹം കണ്ടെടുത്തത് വേറൊരു മുറിയുടെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ്. അതേ മുറിയിൽ ചലനമറ്റു കിടക്കുന്നുണ്ടായിരുന്നു പ്രതിഭയുടെ മകൾ പ്രിയങ്കയും. അന്ന് ആ വീട്ടിൽ മരിക്കാതെ അവശേഷിച്ചത് അവരുടെ വീട്ടിലെ പട്ടി മാത്രമാണ്. അതും ഇരുപതു ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം വന്ന് മരണമടഞ്ഞു.
ലളിതിന്റെ അച്ഛൻ ഭോപ്പാൽ സിങ് 2007 -ൽ വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ടിരുന്നു. അച്ഛന്‍റെ മരണം ലളിതിനെ മാനസികമായി വല്ലാതെ ഉലച്ചു. വല്ലാതെ ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങി അയാൾ. മരങ്ങൾക്കു മുന്നിൽ ചെന്ന് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുക. മൃഗങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പുക അങ്ങനെയങ്ങനെ തീർത്തും അസ്വാഭാവികമായ രീതിയിലുള്ള പല പെരുമാറ്റങ്ങളും അയാളിൽ നിന്നുണ്ടാകാൻ തുടങ്ങി. ഒരുദിവസം ലളിത്, വീട്ടിൽ എല്ലാവരെയും വിളിച്ചുകൂട്ടി ആ രഹസ്യം വെളിപ്പെടുത്തി. തന്നെ അച്ഛന്റെ ആത്മാവ് ആവേശിച്ചിരിക്കുകയാണ്. ജീവിതം എങ്ങനെ അഭിവൃദ്ധിപ്പെടുത്തണം എന്നത് അച്ഛൻ തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും അയാൾ വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ ആത്മാവ് ഇടയ്ക്കിടെ അയാളോട് സമ്പർക്കം പുലർത്തും. അയാൾ അതൊക്കെ അപ്പപ്പോൾ തന്റെ ഡയറിയിൽ കുറിച്ചുവെച്ച്, വീട്ടുകാരെ അറിയിക്കും. ഈ പ്രക്രിയ 2013 മുതൽ ദുർമരണങ്ങൾ നടന്ന അന്നുവരെ ലളിത് തുടർന്നുപോന്നിരുന്നു.
ഈ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇവരിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് അവർ കുടുംബത്തോടെ ആത്മഹത്യ ചെയ്തത് എന്ന ചോദ്യം ഡൽഹി പൊലീസിന് ഉത്തരം കിട്ടാത്ത കടങ്കഥയായി അവശേഷിച്ചിരുന്നു. ഒരു തുമ്പും കിട്ടാത്ത ആ കേസ് താമസിയാതെ സിബിഐക്ക് വിട്ടിരുന്നു. സിബിഐയുടെ സെൻട്രൽ ഫോറൻസിക് ലബോറട്ടറി കേസുമായി ബന്ധപ്പെട്ട് ഒരു 'സൈക്കോളജിക്കൽ ഓട്ടോപ്സി' നടത്തുകയുണ്ടായി. അതിന്റെ ഫലം വന്നപ്പോൾ സിബിഐ പറഞ്ഞത് ഈ കുടുംബം ആത്മഹത്യ ചെയ്യുകയല്ലായിരുന്നു എന്നാണ്. മരിച്ചവർക്ക് ആർക്കും തന്നെ തങ്ങളുടെ ജീവൻ നഷ്ടപ്പെടും എന്നറിയില്ലായിരുന്നു. മരിച്ചവർ പിന്നിൽ ഉപേക്ഷിച്ചുപോയ കുറിപ്പുകളും ഡയറി എൻട്രികളും ഒക്കെ പരിശോധിച്ചാണ് ഈ നിഗമനത്തിൽ CFL എത്തുന്നത്.
'ബാധ തപസ്യ' എന്ന ആചാരത്തിന്റെ പരിശീലനത്തിനിടെയാണ് മരണങ്ങൾ നടന്നിരിക്കുന്നത്. ആൽമരത്തിന്റെ ഊന്നുവേരുകളുടെ ആകൃതിയിൽ ഒരു മുറിയിൽ സ്ഥാപിച്ച പല പല റെയിലിങ്ങുകളിലായി തൂങ്ങിയാടുക എന്നതാണ് ബാധ തപസ്യ എന്ന ആചാരം. കൈകാലുകൾ ബന്ധിച്ച്, വായും, കണ്ണുമെല്ലാം തുണികൊണ്ട് ഇറുക്കിക്കെട്ടികൊണ്ടാണ് ഈ തൂങ്ങിയാട്ടം. ഇത് മോക്ഷത്തിലേക്കുള്ള മാർഗമാണ് എന്ന് ലളിത് തന്റെ ഉറ്റവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അച്ഛനാണ് തനിക്ക് ഈ രഹസ്യം പറഞ്ഞു തന്നതെന്നാണ് മറ്റുള്ളവരോട് അയാൾ പറഞ്ഞത്.
ജ്യേഷ്ഠനായ ഭാവനേഷ് ഉണ്ടായിരുന്നിട്ടും ആ കുടുംബത്തെ സദാ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നത് ഇളയവനായ ലളിത് ആയിരുന്നു. തന്റെ നഷ്ടപ്പട്ട ശബ്ദം തിരികെ കിട്ടിയത് അച്ഛന്റെ ഇടപെടൽ കൊണ്ടാണ് എന്ന് ലളിത് പറഞ്ഞു. എന്നാൽ, ലളിത് പറഞ്ഞതൊക്കെയും ഒരു എതിർപ്പും കൂടാതെ ആ വീട്ടിലെല്ലാവരും, പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികൾ വരെ അനുസരിച്ചത് എങ്ങനെയെന്ന് ബന്ധുക്കൾ ആശ്ചര്യപ്പെടുന്നുണ്ട്. അത്ര ശക്തമായിരുന്നു ലളിതിന്റെ സ്വാധീനം. പറയുന്നതൊക്കെയും അക്ഷരംപ്രതി അനുസരിക്കുന്ന തരത്തിൽ ആ കുടുംബത്തെ ലളിത് മാറ്റിയെടുത്തത് ഒറ്റ ദിവസം കൊണ്ടല്ല. 2007 -ല്‍ അച്ഛൻ മരിച്ചതിനു ശേഷമുള്ള പന്ത്രണ്ടു വർഷങ്ങൾ കൊണ്ടാണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ 'മാസ്സ് സൈക്കോസിസ്' മരണങ്ങളിൽ ഒന്നായിട്ടാണ് സിബിഐ കാണുന്നത്. ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പുറത്ത് ഒരു പാഠം ആളുകൾ ഒരേ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനെയാണ് മാസ് സൈക്കോസിസ് എന്ന് പറയുക.
ഇപ്പോൾ ഈ വീട് ഇവരുടെ സഹോദരൻ ദിനേശിന്റെ ഉടമസ്ഥതയിലാണ്. അദ്ദേഹം ചിത്തോർഗഡിലാണ് താമസം. "വേട്ടയാടുന്ന ഓർമ്മകൾ നിറഞ്ഞ ഈ വീട് വിറ്റൊഴിവാക്കണം എന്നെനിക്കുണ്ടായിരുന്നു. പക്ഷേ, ഈ മരണങ്ങൾ കാരണം ആരും ഞാൻ ഉദ്ദേശിച്ചതിന്റെ ഏഴയലത്തുള്ള ഒരു വില പറഞ്ഞില്ല. അങ്ങനെ ഏറെക്കാലം ഒഴിഞ്ഞു കിടന്നപ്പോൾ പിന്നെ വാടകയ്ക്ക് കൊടുക്കാം എന്ന് കരുതി. അപ്പോഴേക്കും അയൽക്കാർ ഇവിടെ പ്രേതബാധയുണ്ട് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരത്തിക്കഴിഞ്ഞിരുന്നു." ദിനേശ് പറഞ്ഞു. " അങ്ങനെയിരിക്കെയാണ് ഡോ. മോഹൻ വരുന്നത്. അവരോട് ഞങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ഇവിടെ പ്രേതങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞിരുന്നു. അതൊന്നും അവർക്ക് അറിയുകയേ വേണ്ടായിരുന്നു. ഒന്നുകൂടി പെയിന്റടിച്ച്, നല്ല പോലെ വൃത്തിയാക്കിക്കിട്ടിയാൽ മാത്രം മതിയായിരുന്നു അവർക്ക്..." എന്നാൽ ഈ കേട്ട കഥകളൊന്നും തന്നെ അവിടെ താമസിക്കുന്നതിൽ നിന്നും ഡോ. മോഹൻ കശ്യപിനെ തടയുന്നില്ല. "ഇത്ര വലിയ വീടിന് വാടക വെറും 25,000 മാത്രമേ പറഞ്ഞിട്ടുള്ളൂ അവർ. ഈ പ്രദേശത്ത് ഇത്ര ലാഭത്തിന് ഇത്ര നല്ല വീട് വേറെ കിട്ടില്ല" ഡോ. മോഹൻ പറഞ്ഞു.