ഒരിക്കൽ പോലും സെറ്റ് ചെയ്തിട്ടില്ല, എല്ലാ ദിവസവും രാവിലെ ഈ സമയം അലാറം മുഴങ്ങും..!
സോഫിയ ഓഫ് ചെയ്താൽ മാത്രമാണ് അലാറം ഓഫാകാറ്. താൻ വാങ്ങുന്ന എല്ലാ ഫോണുകളിലും ഇത് സംഭവിക്കുന്നുണ്ട് എന്ന വിചിത്രമായ കാര്യം കൂടി സോഫിയ പറയുന്നു.
നമ്മളിൽ മിക്കവരും വെറുക്കുന്ന ഒരു ശബ്ദമായിരിക്കും അലാറം മുഴങ്ങുന്ന ശബ്ദം. കാരണം വേറൊന്നുമല്ല എത്ര ഗാഢമായ ഉറക്കത്തിൽ നിന്നായാലും എഴുന്നേൽക്കേണ്ടി വരും. പലവട്ടം അലാറം സ്നൂസ് ചെയ്ത് വയ്ക്കുന്നവരും ഉണ്ട്. എന്നാൽ, അലാറം വയ്ക്കാഞ്ഞിട്ടും എല്ലാ ദിവസവും ഒരേ സമയത്ത് അലാറം അടിച്ചാൽ എന്തുണ്ടാവും? എയ്ഞ്ചല സോഫിയ എന്ന സ്ത്രീ കഴിഞ്ഞ നാലഞ്ച് വർഷമായി ഈ പ്രശ്നം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
എല്ലാ ദിവസവും രാവിലെ സോഫിയയുടെ അലാറം അടിക്കും. കൃത്യം 9.25 -നാണ് അലാറം ശബ്ദിക്കുക. എന്നാൽ, ഇതിൽ വിചിത്രമായ കാര്യം ഈ അഞ്ചുവർഷത്തിനിടയിൽ ഒരിക്കൽ പോലും സോഫിയ ഈ സമയത്തേക്ക് അലാറം സെറ്റ് ചെയ്തിരുന്നില്ല എന്നതാണ്. ടിക്ടോക്കിലാണ് സോഫിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് കേട്ട് ആപ്പിൾ ജീവനക്കാർ പോലും ഞെട്ടി എന്നാണ് പറയുന്നത്.
"രാവിലെ 9:25 -ന് ഞാൻ മരിക്കുമോ? എല്ലാ ദിവസവും രാവിലെ 9:25 -ന് ഒരു അലാറം മുഴങ്ങും. എന്നാൽ, 9:25 -ന് ഞാൻ അലാറം സെറ്റ് ചെയ്തിട്ടില്ല" എന്നാണ് സോഫിയ പറയുന്നത്. കഴിഞ്ഞ നാലഞ്ച് വർഷമായി ഇത് സംഭവിക്കുന്നു എന്നും ഫോൺ വിശദമായി പരിശോധിച്ചതിൽ നിന്നും ഒരിക്കലും താൻ ആ സമയത്ത് അലാറം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നാണ് മനസിലായത് എന്നുമാണ് സോഫിയ പറയുന്നത്.
സോഫിയ ഓഫ് ചെയ്താൽ മാത്രമാണ് അലാറം ഓഫാകാറ്. താൻ വാങ്ങുന്ന എല്ലാ ഫോണുകളിലും ഇത് സംഭവിക്കുന്നുണ്ട് എന്ന വിചിത്രമായ കാര്യം കൂടി സോഫിയ പറയുന്നു. ആപ്പിൾ ജീവനക്കാരും ഒരുപാട് ശ്രമിച്ചതാണ് എന്നും എന്നിട്ടും അലാറം ഓഫ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നും സോഫിയ പറയുന്നു. അങ്ങനെയാണ് അവൾ ടിക്ടോക്കിൽ ആളുകളുടെ സഹായം തേടിയത്.
അനേകം പേർ അവൾക്ക് പലതരത്തിലുള്ള ഉപദേശങ്ങളും നൽകി. എന്നാൽ, അതിൽ ഒന്നും തന്നെ ഈ പ്രശ്നം പരിഹരിക്കാൻ സഹായിച്ചില്ല എന്നാണ് അവൾ പറയുന്നത്. ഇപ്പോഴും രാവിലെ 9.25 ആവുമ്പോൾ അവളുടെ അലാറം മുഴങ്ങുമത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം