മകളുടെ മാര്‍ക്ക് കുറഞ്ഞ ഉത്തരക്കടലാസില്‍ അമ്മയുടെ കുറിപ്പ് കണ്ട് പ്രശംസിച്ച് നെറ്റിസണ്‍സ് !
15 ല്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ ഗണിത ശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസിലാണ് അമ്മ ഒപ്പിട്ടതിനൊപ്പം ഒരു കുറിപ്പ് കൂടി എഴുതിയത്. 2013 ലെ ആ പരീക്ഷാ പേപ്പറിന്‍റെ ചിത്രം മകള്‍ ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
മാർക്ക് കുറഞ്ഞ പരീക്ഷ പേപ്പറിൽ മാതാപിതാക്കളുടെ ഒപ്പ് കിട്ടാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും സൂത്രങ്ങൾ പ്രയോഗിച്ചിട്ടുള്ളവർ ആയിരിക്കാം നമ്മളില്‍ ഭൂരിഭാഗം ആളുകളും. പലപ്പോഴും മാതാപിതാക്കളുടെ ശാസനകളും ഉപദേശങ്ങളും ഒക്കെ ഭയന്നായിരിക്കാം കിട്ടിയ കുറവ് മാർക്ക് ഒരിക്കലും പുറത്ത് വിടാത്ത രഹസ്യങ്ങളായി സൂക്ഷിക്കുന്നത്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്‍റെ മകൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ അവളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ഒരു അമ്മ പരീക്ഷ പേപ്പറിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയത്.
സൈനബ് എന്ന സ്ത്രീയാണ് വർഷങ്ങൾക്ക് മുമ്പ് തന്‍റെ അമ്മ പരീക്ഷ പേപ്പറിൽ കുറിച്ച വാക്കുകൾ പങ്കുവെച്ച് കൊണ്ട് പരീക്ഷ പേപ്പറിന്‍റെ ചിത്രം ട്വിറ്ററിൽ (X) പങ്കുവെച്ചത്. സൈനബ് കുറിച്ചത് ഇങ്ങനെയായിരുന്നു; 'എന്‍റെ ആറാം ക്ലാസിലെ കണക്ക് നോട്ട് ബുക്ക് കഴിഞ്ഞ ദിവസം കണ്ടുകിട്ടി. എല്ലാ മോശം പരീക്ഷ റിസൾട്ട് ലഭിക്കുമ്പോഴും അമ്മ എന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ട് കുറുപ്പുകൾ എഴുതിയായിരുന്നു പരീക്ഷാ പേപ്പറിൽ ഒപ്പിടുന്നത്. അന്ന് അത് എനിക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇന്ന് ഏറെ വിലപ്പെട്ടതും' സൈനബ് എഴുതി. ഒപ്പം ഒരു പരീക്ഷയിൽ 15 -ൽ പൂജ്യം മാർക്ക് നേടിയ ഉത്തര കടലാസിന്‍റെ ചിത്രവും സൈനബ് പങ്കുവെച്ചു.
കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മയക്കുമരുന്ന് ബാഗ് പൊക്കിയെടുത്ത് ആന; വൈറല്‍ വീഡിയോ !
ഒറ്റനോട്ടത്തില്‍ ഒരു കൊട്ടാരം, എന്നാലതൊരു 'ശുചിമുറി' മാത്രം; വൈറലായി ഒരു വീഡിയോ !
ആ പരീക്ഷാ പേപ്പറില്‍ ഒപ്പിട്ട് നൽകി കൊണ്ട് അവളുടെ അമ്മ കുറിച്ച് ഇങ്ങനെയായിരുന്നു: 'പ്രിയപ്പെട്ടവളെ, ഇങ്ങനെ ഒരു റിസൾട്ട് സ്വന്തമാക്കാൻ വളരെയധികം ധൈര്യം വേണം.' എന്നായിരുന്നു. പോസ്റ്റിൽ തന്‍റെ അമ്മയെ കുറിച്ച് സൈനബ് പറയുന്നത് ഇത്രയും മോശം മാർക്ക് വാങ്ങി വന്നപ്പോൾ അമ്മ തന്നെ അപമാനിക്കാതെ വീണ്ടും കണക്ക് പഠിക്കാനുള്ള ധൈര്യം പകർന്നു തന്നത് കൊണ്ടാണ് തനിക്ക് വീണ്ടും വളരെയേറെ ഇഷ്ടത്തോട് കൂടി ആ വിഷയത്തെ സമീപിക്കാൻ സാധിച്ചതെന്നാണ്. കൂടാതെ കുട്ടികൾ മോശം മാർക്കുമായി വന്നാൽ മാതാപിതാക്കൾ അവരെ അപമാനിക്കുന്നതിന് പകരം ആ വിഷയത്തെ കൂടുതൽ ഇഷ്ടത്തോടെ സമീപിക്കാനുള്ള ധൈര്യം പകർന്ന് കൊടുക്കുകയാണ് വേണ്ടതെന്നും അവർ തന്‍റെ പോസ്റ്റിൽ എഴുതി. ഏതായാലും ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പോസ്റ്റ് കണ്ട ഒരാൾ കുറിച്ചത് നിങ്ങളുടെ അമ്മ ഒരു മാണിക്യമാണ് എന്നായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക