ക്ഷീണിതനായി ഓട്ടോയില്‍ ഉറങ്ങിയ തൊഴിലാളിയെ പ്രശംസിച്ച് കമ്പനി സിഇഒ; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ്
നിരന്തരം ജോലി ചെയ്ത് തളര്‍ന്ന തൊഴിലാളിയുടെ ഉറക്കംപോലും ശാന്തനു ബിസിനസിന് വേണ്ടി ഉപയോഗിപ്പെടുത്തുന്നുവെന്നായിരുന്നു ചിലര്‍ കമന്‍റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ ശാന്തനുവിനെതിരെ രംഗത്തെത്തി.
'എട്ട് മണിക്കൂർ അധ്വാനം, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം' എന്ന മുദ്രാവാക്യം തൊഴിലാളികള്‍ക്കായി ആദ്യമുയര്‍ത്തിയത് 1817 ല്‍ റോബര്‍ട്ട് ഓവനാണ്. തൊഴിലാളികള്‍ വെറും തൊഴിലാളികള്‍ മാത്രമല്ലെന്നും മനുഷ്യരാണെന്നുമുള്ള ബോധ്യത്തില്‍ നിന്നുമാണ് ഇത്തരമൊരു ആശയം ഉയര്‍ന്ന് വന്നത് തന്നെ. എന്നാല്‍ 21 -ാം നൂറ്റാണ്ടിലേക്കെത്തുമ്പോള്‍ ലോകത്ത് പല മാറ്റങ്ങളുമുണ്ടായി. ലക്ഷങ്ങളില്‍ നിന്ന് ശതകോടികള്‍ ലാഭം കൊയ്യുന്ന കമ്പനികള്‍ ഉയര്‍ന്നുവന്നു. ഇതിനിടെ കമ്പനികളുടെ ലാഭം തൊഴിലാളിയുടെ കുറഞ്ഞ വേതനത്തിലേക്ക് നീട്ടിക്കെട്ടുകയായിരുന്നു പല കമ്പനികളും ചെയ്തത്. തോഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ രൂപപ്പെടുത്തിയ പല അവകാശങ്ങളും പതിയെ പതിയെ അപ്രത്യക്ഷമായി. കൊവിഡാനന്തരം പല ഇന്ത്യന്‍ സംസ്ഥാനങ്ങളും തോഴില്‍ നിയമങ്ങള്‍ നിശ്ചിത കാലത്തേക്ക് മരവിപ്പിക്കുക പോലുമുണ്ടായി. ഇത്തരം നീക്കങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതിന് ആക്കം കൂട്ടി.
ഈയൊരു കാലത്താണ് തൊഴിലാളികള്‍ 18 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വാദവുമായി മുംബൈയിലെ ബോംബെ ഷോവിംഗ് കമ്പനിയുടെ (Bombay Shaving Company) സ്ഥാപക സിഇഒ ശാന്തനു ദേശ്‍പാണ്ഡെ രംഗത്തെത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചതിന് പിന്നാലെ അദ്ദേഹം തന്‍റെ വാക്കുകള്‍ക്ക് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിന് ശേഷം ശാന്തനു ദേശ്‍പാണ്ഡെ മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഇത്തവണ ദേശ്‍പാണ്ഡെയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാങ്കി ചൌഹാനെ ചുറ്റിയാണ് വിവാദം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാങ്കി ക്ഷീണിതനായി ഓട്ടോയില്‍ കിടന്നുറങ്ങുന്ന ചിത്രം പങ്കുവച്ച് ശാന്തനു ദേശ്‍പാണ്ഡെ തന്നെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
കൂടുതല്‍ വായനയ്ക്ക്: കാലാവസ്ഥാ ദുരന്തം; ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളമടക്കം14 സംസ്ഥാനങ്ങള്‍
കൂടുതല്‍ വായനയ്ക്ക്: മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി
കൂടുതല്‍ വായനയ്ക്ക്: ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്!
ക്ഷീണിതനായി ഓട്ടോയില്‍ കിടക്കുന്ന ഷാങ്കിയുടെ ചിത്രം പങ്കുവച്ച ശാന്തനു ഇങ്ങനെ എഴുതി, 'കമ്പനിയുടെ ഹൃദയമിടിപ്പാണ് ഷാങ്കി , അവന്‍ കമ്പനിയെ സ്നേഹിക്കുന്നു. തന്‍റെ ജോലി, ടീം, കടകള്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നു. അവൻ ഒരു വജ്രമാണെങ്കിലും, അവനെ സ്വിച്ച് ഓഫാക്കാന്‍ ഞാനും ദീപക്കും പാടുപെടുന്നു. അവന്‍റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങൾ നിരന്തരം ആശങ്കപ്പെടുന്നു. കമ്പനിയോടുള്ള സ്വന്തം പ്രതിബദ്ധതയോട് നീതി പുലർത്തുന്നതിന്, ദീർഘായുസ്സ് പ്രധാനമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു.' എന്നാല്‍, ശാന്തനുവിന്‍റെ പോസ്റ്റിന് താഴെ ഏറെ പേര്‍ കമന്‍റുമായെത്തി. നിരന്തരം ജോലി ചെയ്ത് തളര്‍ന്ന തൊഴിലാളിയുടെ ഉറക്കംപോലും ശാന്തനു ബിസിനസിന് വേണ്ടി ഉപയോഗിപ്പെടുത്തുന്നുവെന്നായിരുന്നു ചിലര്‍ കമന്‍റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ ശാന്തനുവിനെതിരെ രംഗത്തെത്തി. എന്നാല്‍, ചിലര്‍ ശാന്തനുവിനെ അനുകൂലിച്ചും രംഗത്തെത്തി. ശാന്തനും ആത്മാര്‍ത്ഥതയോടെയാണ് പറയുന്നതെന്നായിരുന്നു ഇവരുടെ അഭിപ്രായം, സംഗതി എന്തായാലും ഷാങ്കി ചൌഹാന്‍റെ ക്ഷീണിച്ചുള്ള ഉറക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. വിവാദത്തിന് പിന്നാലെ ഷാങ്കി ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ശാന്തനു വീണ്ടുമെത്തി.