ചെറുപ്പത്തിൽ നമ്മൾ കുട്ടികൾ പറയുന്നത് ശ്രദ്ധിക്കില്ല, വലുതാകുമ്പോൾ അവർ നമ്മോട് ഒന്നും പറയാറുമില്ല...
പതിനേഴും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ചെയ്ത ഏറ്റവും മോശം ജോലികളിൽ ഒന്നായിരുന്നു അധ്യാപനം. കാരണം കണക്കും രസതന്ത്രവും അറിയുന്നതും, കുട്ടികളെ മനസിലാക്കി അവരെ പഠിപ്പിക്കുന്നതും രണ്ടും രണ്ടു കാര്യങ്ങളാണ്.
"ചെറുപ്പത്തിൽ നമ്മൾ നമ്മുടെ കുട്ടികൾ പറയുന്നത് ശ്രദ്ധിക്കാറില്ല, വലുതാകുമ്പോൾ അവർ നമ്മോടു ഒന്നും പറയാറും ഇല്ല" പതിനേഴും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ എനിക്ക് മനസിലായ ഒരു കാര്യമാണിത്... നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതുന്നു.
ഉദാഹരണത്തിന് കോളേജിൽ പഠിക്കുന്ന നിങ്ങളുടെ മകനോടോ മകളോടോ പഠനം എങ്ങിനെ ഉണ്ടെന്ന് ചോദിച്ചു നോക്കൂ, എല്ലാം ഓക്കേ എന്ന ഒരു ചെറു മറുപടിയിൽ ഉത്തരം ഒതുങ്ങാൻ ആണ് സാധ്യത. അല്ലാതെ ഒരു കൂട്ടുകാരനോട് പറയുന്ന പോലെ വിശദമായി കാര്യങ്ങൾ നിങ്ങളോട് പറയാൻ സാധ്യത കുറവാണ്.
ഇതിന്റെ ഒരു കാരണം അവരുടെ ചെറുപ്പത്തിൽ നമ്മൾ അറിയാതെ തന്നെ അവരോട് കാണിക്കുന്ന ചില സമീപനങ്ങൾ ആണ്.
"എനിക്ക് എൻറെ കണക്ക് ടീച്ചറെ ഇഷ്ടം അല്ല..." എന്നോ മറ്റോ പറയുന്ന ഒരു ചെറിയ കുട്ടിയോട് അത് നിന്‍റെ കുഴപ്പം കൊണ്ടാവും എന്ന് പറയുന്ന മാതാപിതാക്കൾ ആയിരിക്കും ഭൂരിപക്ഷവും. "എന്നെ എന്‍റെ ക്ലാസ്സിലെ ഒരു കുട്ടി അടിച്ചു..." എന്ന് പറഞ്ഞാൽ "നീ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും..." എന്ന് നിങ്ങൾ പറഞ്ഞിട്ടില്ലേ? കുട്ടികൾക്ക് അവരവരുടേതായിട്ടുള്ള യുക്തിയും വികാരങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞു പെരുമാറുന്ന രക്ഷിതാക്കൾ വളരെ കുറവാണ്.
എം സി എ എൻട്രൻസ് കിട്ടി തിരുവനന്തപുരത്തേക്ക് പോകുന്നതിനു മുമ്പ് ആറു വർഷത്തോളം ഞാൻ പള്ളുരുത്തിയിൽ ഒരു ചെറിയ ട്യൂഷൻ സെന്‍റർ നടത്തിയിരുന്നു. നന്നായി പഠിക്കുന്നവർക്കും, മാർക്ക് വാങ്ങിക്കുന്നവർക്കും നല്ല അധ്യാപകരാകാം എന്ന ഒരു പൊതുബോധം ഉണ്ടായിരുന്ന കാലത്ത് കുറച്ചു പോക്കറ്റ് മണി കിട്ടാൻ വേണ്ടി ഞാൻ ചെയ്ത ഒരു തെറ്റാണത്. പഠിക്കാത്ത കുട്ടികളെയും ഹോം വർക്ക് ചെയ്യാതെ വരുന്ന കുട്ടികളെയും ചൂരൽ കൊണ്ട് അടിക്കുക എന്ന ആനമണ്ടത്തരം ഒക്കെ ചെയ്ത ഒരാളാണ് ഞാൻ.
പതിനേഴും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ചെയ്ത ഏറ്റവും മോശം ജോലികളിൽ ഒന്നായിരുന്നു അധ്യാപനം. കാരണം കണക്കും രസതന്ത്രവും അറിയുന്നതും, കുട്ടികളെ മനസിലാക്കി അവരെ പഠിപ്പിക്കുന്നതും രണ്ടും രണ്ടു കാര്യങ്ങളാണ്. പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല പൊതുവെ കുട്ടികളെ മനസിലാക്കാൻ സ്വന്തം രക്ഷിതാക്കൾക്കും പലപ്പോഴും കഴിയാറില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ഞാനും സാധാരണ മറ്റു രക്ഷിതാക്കളെ പോലെ ഒരാളായിരുന്നു. പല ട്രെയിനിങ്ങുകളും പല സമയത്ത് ലഭിക്കുന്ന നമുക്ക് പക്ഷെ കുട്ടികളെ എങ്ങിനെ വളർത്താം എന്ന കാര്യത്തിൽ കിട്ടുന്നത് സീറോ പരിശീലനം ആണ്. നിർഭാഗ്യവശാൽ എൻറെ കുട്ടികൾ കുറച്ചു മുതിർന്നതിനു ശേഷം ആണ് എനിക്ക് ഇക്കാര്യത്തിൽ ബോധോദയം ഉണ്ടാകുന്നത്.
താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപക്ഷെ, ചെറിയ കുട്ടികളുമായി നമ്മുടെ ആശയവിനിമയം നന്നാക്കാൻ കഴിയും. അവർ വളർന്നു വരുമ്പോൾ അവർ പല കാര്യങ്ങളും നമ്മളോട് തുറന്നു ചർച്ച ചെയ്യന്നതിന് ഇത് സഹായിക്കും.
1. കുട്ടികൾ സംസാരിക്കുമ്പോൾ ഫോൺ താഴെ വച്ച്, ടീവി ഓഫ് ചെയ്തു വച്ച് അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നമ്മൾ അവർക്കു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന, അവരെ ശ്രദ്ധാപൂർവം കേൾക്കുന്ന സമയം ആണ് കുട്ടികളുടെ കാര്യത്തിൽ ഏറ്റവും പ്രധാനം. നമ്മൾ പകുതി ശ്രദ്ധയോടെ ആണ് കാര്യങ്ങൾ കേൾക്കുന്നതും മറുപടി പറയുന്നതും എന്ന് കണ്ടാൽ കുട്ടികൾ നമ്മളോട് സംസാരിക്കുന്നതു കുറച്ചുകൊണ്ടുവരും. പിന്നീട് നമുക്ക് സമയം ഉള്ളപ്പോൾ അവരോട് സംസാരിക്കാൻ ശ്രമിച്ചാൽ ചെറിയ വാക്കുകളിൽ ഉത്തരങ്ങൾ ഒതുക്കുകയും ചെയ്യും.
2. കുട്ടികൾ പറയുന്ന കാര്യങ്ങൾ സീരിയസ് ആയി എടുക്കുക, അവരോട് സഹാനോഭൂതിയോടെ പെരുമാറുക.
കുട്ടികൾക്ക് അവരുടേതായിട്ടുള്ള വിചാരങ്ങളും വികാരങ്ങളും ഉണ്ട്. പലപ്പോഴും അവർക്ക് പരാതിപ്പെടാൻ ഉള്ള ഒരു ആൾ നമ്മൾ മാത്രമാണ്. അങ്ങനെ ഉള്ള സമയത്താണ് നമ്മൾ അവർ പറയുന്നത് കളവാണെന്നും, മറ്റും മറുപടി നൽകുന്നത്. ഒരു കുട്ടിക്ക് അത് എത്ര മാത്രം മനപ്രയാസം ഉണ്ടാക്കുമെന്ന് അറിയണമെങ്കിൽ നിങ്ങൾ നിങ്ങളെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു നോക്കിയാൽ മതിയാകും.
ഉദാഹരണത്തിന് നിങ്ങളെ ഒരാൾ ഒരു കാരണവും ഇല്ലാതെ തല്ലി എന്ന് കരുതുക, നിങ്ങൾ പോലീസിൽ പരാതിപ്പെടുമ്പോൾ "അത് നിങ്ങൾ വെറുതെ പറയുന്നതാണ്, നിങ്ങൾ എന്തെങ്കിലും കാട്ടിയിട്ടുണ്ടാവും..." എന്ന് പൊലീസുകാരൻ മറുപടി പറഞ്ഞാൽ നിങ്ങൾക്ക് എങ്ങിനെ ഫീൽ ചെയ്യും? അത് തന്നെയാണ് മാതാപിതാക്കളോട് പരാതിപ്പെടുന്ന ഒരു കുട്ടിയെ സീരിയസ് ആയി എടുക്കാതെ കുട്ടികളെ തിരിച്ചു കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ ചെയ്യുന്നത്.
3. കുട്ടികളുടെ വികാരങ്ങളെ അംഗീകരിക്കുക.
"എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി എന്നോട് മിണ്ടുന്നില്ല..." എന്ന് നിങ്ങളുടെ മകൾ നിങ്ങളോട് പരാതിപെടുമ്പോൾ, "അത് നീ എന്തെങ്കിലും ചെയ്തത് കൊണ്ടാവും..." എന്ന് പറയുന്നതിന് പകരം, "നിനക്ക് അത് ഭയങ്കര വിഷമം ആയിക്കാണും അല്ലെ?" എന്ന് പറഞ്ഞു നോക്കൂ, അതിനെ കുറിച്ചും ആ കൂട്ടുകാരിയും ആയി ഉണ്ടായ വഴക്കിനെ കുറിച്ചും മറ്റും കൂടുതൽ വിശദമായി നിങ്ങളുടെ മകൾ നിങ്ങളോട് സംസാരിച്ചു എന്ന് വരും. ഒരുപക്ഷെ അതിന്റെ പരിഹാരവും കുട്ടികൾ തന്നെ കണ്ടെത്തും. അവരുടെ വികാരത്തെ നമ്മൾ ഒന്ന് വകവെച്ചു കൊടുത്താൽ മാത്രം മതി.
4. കുരുത്തക്കേട് കാണിക്കുന്ന കുട്ടികൾക്ക് അവരുടെ ഊർജം ഫലപ്രദമായി വിനിയോഗിക്കാൻ ഉള്ള അവസങ്ങൾ ഒരുക്കി കൊടുക്കുക. ഒരു പക്ഷെ ഷോപ്പിംഗിനു പോകുമ്പോൾ എല്ലാം വാരിവലിച്ചു ഇടുന്ന കുട്ടിയോട്, നല്ല മാങ്ങയോ നാരങ്ങയോ നോക്കി എടുത്ത് തരാനും മറ്റും പറഞ്ഞു കൂടെ കൂട്ടിയാൽ, അത് അവരുടെ ആത്മവിശ്വാസം കൂട്ടുകയും അവരുടെ ഊർജം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കാൻ ഇടവരുത്തുകയും ചെയ്യും.
5. കുട്ടികളെ അടിക്കുന്നത് ഹിംസയാണ്. അത് കുട്ടികളെ മാനസികമായി ബാധിക്കുകയും പിന്നീട് വയലൻസിനെ ന്യായികരിക്കുന്ന ഒരു മനോനിലയിലേക്ക് കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യും. ഓരോ തവണ നിങ്ങൾ കുട്ടികളെ തല്ലുമ്പോഴും അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കും.
6. അടിയും വഴക്കു പറയലും മാത്രം അല്ല ശിക്ഷ.
ഹോം വർക്ക് ചെയ്തില്ലെങ്കിലോ മറ്റോ വഴക്കു പറയുകയും അടിക്കുകയും ചെയ്യുന്നതിന് പകരം വേറെ വഴികളിൽ ഉള്ള ശിക്ഷ കൊടുകാം. ഒരു ദിവസം ടീവി കാണാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ ശിക്ഷ ആക്കാം. ഹോം വർക്ക് ചെയ്യാത്ത ദിവസം എല്ലാവരുടെയും തുണി അലക്കാനും ഉണ്ടാക്കാനും ഉള്ള ഉത്തരവാദിത്വം കൊടുക്കാം. ഇവിടെ ഒരാഴ്ച ഗെയിം കളിക്കാൻ സമ്മതിക്കാതിരിക്കുക തുടങ്ങിയ ശിക്ഷകൾ ആണ്, കാരണം അല്ലാതെ തന്നെ അവരുടെ തുണി അലക്കുന്നതും തേക്കുന്നതും കുട്ടികൾ തന്നെയാണ്.
അമേരിക്കയിൽ സ്കൂളുകളിൽ കുട്ടികളെ ശിക്ഷിക്കുന്നത് ടൈം ഔട്ട് കൊടുത്തിട്ടാണ്. മറ്റു കുട്ടികളോട് സംസാരിക്കാൻ അനുവദിക്കാതെ കുട്ടികളെ മാറ്റി ഇരുത്തുന്നതാണ് ഈ ശിക്ഷ രീതി. അടിയും വഴക്കു പറച്ചിലും ആണ് വലിയ ശിക്ഷ എന്ന് കരുതിയിരുന്ന എനിക്ക് ഈ ശിക്ഷ രീതി വലിയ അത്ഭുതം ആയിരുന്നു. കുട്ടികൾക്ക് അടിയേക്കാളും വഴക്കു പറച്ചിലിനെക്കാളും വലുതാണ് മറ്റു കുട്ടികളിൽ നിന്ന് മാറ്റി ഇരുത്തുന്നത്. ഇവിടെ വളരെ ഫലപ്രദമായ ഒരു ശിക്ഷാരീതിയാണിത്.
7. നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കുക.
ഞാൻ ഇവിടെ ഇപ്പോൾ നടത്തുന്ന മലയാളം ക്ലാസ്സിൽ ഞാൻ ഈയടുത്ത് ഏർപ്പെടുത്തിയിരിക്കുന്നത് ടോക്കൺ സിസ്റ്റം ആണ്. ക്ലാസ്സിൽ ശ്രദ്ധിക്കുന്നവർക്കും ക്ലാസ് പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് എടുക്കുന്നവർക്കും എല്ലാം ഒരു പ്ലാസ്റ്റിക്ക് ടോക്കണോ, ഒരു സ്റ്റാറോ കൊടുക്കും. പത്തു ടോക്കൺ / സ്റ്റാർ കിട്ടുന്നവർക്ക് ചെറിയ ചില സമ്മാനങ്ങൾ കൊടുക്കുന്നു. ഈ ടോക്കണും സ്റ്റാറും ഒന്നും നമുക്ക് വലിയ സംഭവം ആയിരിക്കില്ല, പക്ഷെ കുട്ടികൾക്ക് അതൊക്കെ വലിയ കാര്യങ്ങളാണ്. നിങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണു.
8. എല്ലാ കാര്യത്തിലും കുട്ടികളെ ഇടപെടുവിക്കുക.
ഇവിടെ പുല്ലു വെട്ടുന്നത് മുതൽ, തുണി അലക്കുന്നതും തേക്കുന്നതും, രാവിലെ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്നത് തുടങ്ങി എല്ലാ കാര്യത്തിലും കുട്ടികളുടെ സംഭാവനയുണ്ട്. ചെറുപ്പം മുതലേ അങ്ങിനെ തന്നെ ആണ് വളർത്തിയിട്ടുള്ളത്. വീട്ടിലെ എല്ലാ കാര്യങ്ങളിലും ചെറുതായിട്ടെങ്കിലും (ആൺകുട്ടികളെ പ്രത്യേകിച്ച് അടുക്കളകാര്യങ്ങളിൽ) ഇടപെടുവിച്ച് വളർത്തുന്നത് പല തരത്തിൽ അവർക്ക് ഗുണം ചെയ്യും. വീട് വൃത്തിയാക്കാനും, മറ്റും സഹായിക്കുമ്പോൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ അവരും പങ്കാളിയാവുന്നു എന്ന തോന്നൽ അവർക്ക് ഉണ്ടാകും.
ഇതൊക്കെ ചെയ്തു നമ്മുടെ കുട്ടികളോടുള്ള മനോഭാവം മാറ്റിക്കഴിഞ്ഞു, പഴയ രീതിയിൽ ആളുകൾ കുട്ടികളെ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആണ്, നമ്മൾ ഇത്തരം മോശം ആയിരുന്നു എന്ന് മനസിലാകുന്നത്. ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഒരു ട്രയൽ എന്ന നിലയിൽ നിങ്ങൾ കുട്ടികളോട് മുതിർന്നവരുടെ എന്ന പോലെ ഇടപഴകി നോക്കൂ, അവരും ആയി ഉള്ള നിങ്ങളുടെ ബന്ധം മുൻപൊന്നും ഇല്ലാത്തവിധം ഊഷ്മളം ആകുന്നതു കാണാം.
Ref: How to Talk So Kids Will Listen and Listen So Kids Will Talk : Adele Faber and Elaine Mazlish