ഭീമന്‍ ഗ്രഹമെങ്കിലും അതീവ സുന്ദരന്‍; വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ
2016 ലാണ് ജൂണോ വ്യാഴത്തെ പ്രദക്ഷിണം വച്ച് തുടങ്ങിയത്. സൌരയൂഥത്തിലെ വാതക ഭീമനായ വ്യാഴത്തെ കുറിച്ച് പഠിക്കുകയും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ തുടിപ്പുകളെ അന്വേഷിക്കുകയും ചെയ്യുകയാണ് ജൂണോയുടെ ദൌത്യം.
രാത്രിയിലെ തെളിഞ്ഞ ആകാശത്ത് അതിവിദൂരതയിലെ ചെറിയൊരു വെളിച്ചം ചൂണ്ടിക്കാണിച്ച് അതാണ് വ്യാഴം എന്ന് ചെറുപ്പത്തില്‍ നമ്മളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കാണും. സൌര്യയൂഥത്തില്‍ ഭൂമിയില്‍ നിന്നും അനേകകോടി കിലോമീറ്റര്‍ ദൂരെ, ഭൂമിയേക്കാള്‍ വലിയ ഒരു ഗ്രഹം, വ്യാഴം. ഇന്ന് ആ വ്യാഴത്തിന്‍റെ അതിമനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നാസ. നാസയുടെ ജൂണോ ബഹിരാകാശ പേടകം പകർത്തിയ വ്യാഴത്തിന്‍റെ ഏറ്റവും അടുത്തതും കൃത്യവുമായ ചിത്രങ്ങളാണ് ഇപ്പോള്‍ നാസ പുറത്തുവിട്ടത്.
നാസയുടെ ജൂനോ പദ്ധതിയിലൂടെ ഒരു പെയിന്‍റിംഗ് പോലെ മനോഹരമായ വ്യാഴത്തിന്‍റെ അവിശ്വസനീയമായ ഫോട്ടോകളാണ് ലഭിച്ചിരിക്കുന്നത്. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കും മുകളില്‍ നിന്ന് 23,500 കിലോമീറ്റർ (14,600 മൈൽ ) ഉയരത്തില്‍ നിന്നാണ് ജൂണോ ബഹിരാകാശ പേടകം ഈ ചിത്രങ്ങള്‍ പകർത്തിയത്. നീലയും വെളുപ്പും നിറങ്ങളിലുള്ള വ്യാഴത്തിന്‍റെ വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം. ഈ നിറങ്ങള്‍ വലിയൊരു വൃത്തരൂപത്തിലാണ് കാണപ്പെടുന്നത്. വൃത്തങ്ങൾക്കിടയിൽ സുഷിരങ്ങള്‍ പോലെയുള്ള വൃത്തരൂപങ്ങളും കാണാം.
2019 ജൂലൈയില്‍ വ്യാഴത്തിന് ചുറ്റും 24 -മത്തെ പറക്കലിനിടെയാണ് ജൂണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തെ കുറിച്ച് പഠിക്കുന്നതിനായി 2016 ലാണ് ജൂണോ വ്യാഴത്തെ പ്രദക്ഷിണം വച്ച് തുടങ്ങിയത്. സൌരയൂഥത്തിലെ വാതക ഭീമനായ വ്യാഴത്തെ കുറിച്ച് പഠിക്കുകയും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ തുടിപ്പുകളെ അന്വേഷിക്കുകയും ചെയ്യുകയാണ് ജൂണോയുടെ ദൌത്യം. ഹൈഡ്രജനും ഹീലിയവും മറ്റ് വാതകങ്ങളുടെ അംശങ്ങളും ചേർന്നതാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള അഞ്ചാമത്തെ ഗ്രഹമായ വ്യാഴത്തിന് ഏകദേശം 88,850 മൈൽ (143,000 കിലോമീറ്റർ) വ്യാസമുണ്ട്. 2016 മുതൽ ജൂനോ വ്യാഴത്തെ പരിക്രമണം ചെയ്യുകയും അതിന്റെ അന്തരീക്ഷം, ആന്തരിക ഘടന, ആന്തരിക കാന്തികക്ഷേത്രം, അതിന് ചുറ്റുമുള്ള പ്രദേശം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഒപ്പം ഗാനിമീഡ്, യൂറോപ്പ, കാലിസ്റ്റോ, ഐഒ എന്നിവയുൾപ്പെടെ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ കുറിച്ചും ജൂണോ പഠനം നടത്തുന്നു.
ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കി ലൂക് ജെറം നിര്‍മ്മിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ എന്ന ഇന്‍സ്റ്റലേഷന്‍ തിരുവനന്തപുരത്തെ കനകക്കുനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ലൂക് ജെറമിന്‍റെ മ്യൂസിയം ഓഫ് ദ മൂണിന് സമാനമായി വലിയ താമസമില്ലാതെ ഇനി വ്യാഴത്തിന്‍റെ കൂറ്റന്‍ ഇന്‍സ്റ്റലേഷനും നമ്മുക്ക് കാണാമെന്ന് പ്രതീക്ഷിക്കാം.