മീഥെയ്ന്‍ വാതകം ആഗോളതാപനം കൂട്ടുന്ന വിധം; ത്രിമാന ഛായാഗ്രഹ മോഡലുമായി നാസ
ലോകമെമ്പാടുമുള്ള മീഥെയ്ന്‍ ഉറവിടങ്ങളുടെയും ചലനങ്ങളുടെയും പാതകളുടെയും ത്രിമാന ഛായാഗ്രഹ മോഡലുമായി നാസ.
ലോകമെമ്പാടുമുള്ള മീഥെയ്ന്‍ ഉറവിടങ്ങളുടെയും ചലനങ്ങളുടെയും പാതകളുടെയും ത്രിമാന ഛായാഗ്രഹ മോഡലുമായി നാസ. ആഗോളതാപനമുണ്ടാകുന്നതില്‍ രണ്ടാമത്തെ വലിയ പങ്ക് മീഥെയ്ന്‍ വാതകത്തിനാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, കാര്‍ഷിക മേഖല, വിളനിലങ്ങള്‍, ബയോമാസ് കത്തിക്കല്‍, ജൈവ ഇന്ധനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, തുടങ്ങി മീഥെയ്ന്‍ വമിപ്പിക്കുന്ന സ്രോതസ്സുകള്‍ ഒരുപാടുണ്ട്. ഇവയില്‍ നിന്നെല്ലാമുള്ള വിവരങ്ങള്‍ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ മോഡലില്‍ സംയോജിപ്പിച്ചുകൊണ്ടാണ് നാസ ത്രിമാന ഛായാഗ്രഹ കാഴ്ച വികസിപ്പിച്ചെടുത്തത്. അന്തരീക്ഷ ഘടനയിലും കാലാവസ്ഥ വ്യതിയാനത്തിലും മീഥെയ്ന്‍ വാതകത്തിനുള്ള പങ്ക് മനസിലാക്കാനുള്ള മറ്റൊരു ഉപാധിയായിഈ പുതിയ ഛായാഗ്രഹ മോഡല്‍ ഉപയോഗിക്കാം.
വ്യാവസായിക വിപ്ലവത്തിന് ശേഷം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പോലെ തന്നെ മീഥെയ്ന്‍ വാതകത്തിന്റെയും വര്‍ദ്ധന വളരെ വേഗത്തിലായിരുന്നു. ആഗോള താപനില 20 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നതിനുള്ള കാരണക്കാരന്‍ മീഥെയ്‌നാണ്. അതിനാല്‍, ഇതിന്റെ പ്രഭവസ്ഥാനവും ചലനങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഒരു തന്മാത്രയെക്കാള്‍ കൂടുതല്‍ താപം മീഥെയ്‌ന്റെ ഒരു തന്മാത്രക്ക് തടുത്ത് നിര്‍ത്താന്‍ സാധിക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെക്കാള്‍ കൂടുതല്‍ പ്രഭവകേന്ദ്രങ്ങള്‍ ഉള്ളതും മീഥെയ്ന്‍ വാതകത്തിനാണ്. ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് ഭൂമിയില്‍ നിന്നും വമിക്കുന്ന മീഥെയ്‌ന്റെ 60 ശതമാനവും മനുഷ്യന്റെ പ്രവര്‍ത്തികള്‍ മൂലമാണ്. അതിനാല്‍, ഇപ്പോളത്തെ സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
രാജ്യങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്ന പുറംതള്ളല്‍ കണക്കുകളില്‍ നിന്നും നാസയുടെ ഫീല്‍ഡ് കാമ്പയിനില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നുമൊക്കെയാണ് ഇതിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ മോഡലുകളുടെ സഹായത്തോടെയാണ് ത്രിമാന ഛായാഗ്രഹചിത്രങ്ങള്‍ രൂപീകരിച്ചത്. ലെസ്ലി ഒട്ട്, അഭിഷേക് ചാറ്റര്‍ജി, ബെന്‍ പോര്‍ട്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഇന്ത്യയില്‍ നെല്‍പ്പാടങ്ങളും കന്നുകാലികളുമാണ് ഏറ്റവും കൂടുതല്‍ മീഥെയ്ന്‍ പുറംതള്ളുന്നതെന്നാണ് ഈ ത്രിമാന ചിത്രങ്ങള്‍ പറയുന്നത്. ആഗോള മീഥെയ്ന്‍ പുറംതള്ളലിന്റെ 20% കാര്‍ഷിക മേഖലയില്‍ നിന്നുമാണ്.