4 വർഷം, 1000 കടകൾ, 17 കള്ളപ്പേരുകൾ, 5 കോടി; മോഷണം നിത്യതൊഴിലാക്കിയ 54 -കാരിക്ക് ഒടുവിൽ പിടിവീണു
നീന ടിയാര എന്നും അറിയപ്പെടുന്ന ഈ സ്ത്രീ പ്രധാനമായും പ്രമുഖ ബ്രാൻഡഡ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിൽ യുകെയിലെ പ്രമുഖ ബ്രാൻഡുകൾ ആയ ബൂട്ട്‌സ്, ഡെബൻഹാംസ്, ജോൺ ലൂയിസ്, മൺസൂൺ, ഹൗസ് ഓഫ് ഫ്രേസർ, ടികെ മാക്‌സ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
മോഷണത്തിനുവേണ്ടി മാത്രം ജീവിതം മാറ്റിവെച്ച 54 -കാരിക്ക് പത്തു വർഷം തടവ്. കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന നരീന്ദർ കൗർ എന്ന സ്ത്രീക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. കൗമാരകാലം മുതൽ തന്നെ മോഷണത്തിൽ ഹരം കണ്ടെത്തിയ ഇവർ 2015 മുതൽ 2019 വരെയുള്ള വെറും നാല് വർഷം കൊണ്ട് മോഷണം നടത്തിയത് ആയിരം കടകളിലാണ്. യുകെയിലെ പ്രമുഖ റീട്ടെയിലർമാരെ കബളിപ്പിച്ച ഇവർ തട്ടിയെടുത്തത് അഞ്ചു കോടിയിലധികം രൂപയാണ്.
നീന ടിയാര എന്നും അറിയപ്പെടുന്ന ഈ സ്ത്രീ പ്രധാനമായും പ്രമുഖ ബ്രാൻഡഡ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിൽ യുകെയിലെ പ്രമുഖ ബ്രാൻഡുകൾ ആയ ബൂട്ട്‌സ്, ഡെബൻഹാംസ്, ജോൺ ലൂയിസ്, മൺസൂൺ, ഹൗസ് ഓഫ് ഫ്രേസർ, ടികെ മാക്‌സ് എന്നിവയെല്ലാം ഉൾപ്പെടുന്നു. കൗമാരം മുതൽ തന്നെ മോഷണം ഉണ്ടായിരുന്ന ഇവർ പിന്നീട് അത് നിത്യതൊഴിലാക്കി മാറ്റുകയായിരുന്നു. കടകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്.
ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, പൊലീസ് അന്വേഷണത്തിൽ, വിൽറ്റ്ഷയർ ഗ്രാമത്തിലെ കൗറിൻ്റെ വീട്ടിൽ നിന്ന് 150,000 പൗണ്ട് (ഏകദേശം ഒരു കോടി രൂപ) പണമായും മറ്റ് മോഷ്ടിച്ച വസ്തുക്കളും അധികൃതർ കണ്ടെടുത്തു. തട്ടിപ്പിനായി 17 വ്യത്യസ്‌ത പേരുകൾ ഇവർ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, നീതിന്യായത്തിൽ ഇടപെടാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ 26 കുറ്റങ്ങളിൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിച്ചു.
(ചിത്രം പ്രതീകാത്മകം)