ആളുകളേക്കാൾ കൂടുതൽ പാവകൾ, അതിവിചിത്രമെന്ന് തോന്നും ഒരു പാവഗ്രാമം..!
സുകിമി ആദ്യമായി ഉണ്ടാക്കിയത് വയലിനെ സംരക്ഷിക്കാൻ വേണ്ടി ഒരു ഭീമൻ പ്രതിമയേയാണ്. തന്റെ അച്ഛന്റെ രൂപത്തോട് സാദൃശ്യമുളളതായിരുന്നു ആ പാവ. ആ പാവ അയൽക്കാരുടെ ശ്രദ്ധയാകർഷിച്ചു. അങ്ങനെ അവരുടെ ആവശ്യപ്രകാരം കൂടി അവൾ പാവകളെ ഉണ്ടാക്കി.
ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിചിത്രമെന്ന് തോന്നുന്നതും രസകരമായതുമായ അനേകം കാര്യങ്ങൾ നാം കേട്ടിട്ടുണ്ടാകും. അതിലൊന്നാണ് ഇതും. ജപ്പാനിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കഥയാണിത്. അവിടെ നിറയെ മനുഷ്യനെപ്പോലെ തോന്നിക്കുന്ന പാവകളുണ്ട്. അതിനേക്കാളൊക്കെ കൗതുകം ഈ പാവകളെല്ലാം തന്നെ ഒരാളാണ് ഉണ്ടാക്കിയത് എന്നതാണ്.
അതേ, ജപ്പാനിലെ ഷിക്കോകു ദ്വീപിൻ്റെ കിഴക്കേ അറ്റത്താണ് നഗോറോ എന്നറിയപ്പെടുന്ന ഗ്രാമം. ലോകമെമ്പാടുമുള്ള മറ്റനേകം ചെറുപട്ടണങ്ങളെപ്പോലെ തന്നെ ഓരോ വർഷവും നഗോറോയിൽ ജനസംഖ്യ കുറഞ്ഞു വന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിലുണ്ടായിരുന്നത്. ഒന്ന് പ്രായമായി ആളുകൾ മരിച്ചുപോകുന്നു എന്നത് തന്നെ. മറ്റൊന്ന് ആ നാടുവിട്ട് ആളുകൾ കൂടുതൽ മെച്ചപ്പെട്ട ഇടങ്ങൾ തേടിപ്പോകുന്നു എന്നതും. അങ്ങനെ, ആളുകൾ കുറഞ്ഞതോടെ നാട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായി. ഈ അവസ്ഥയെ മറികടക്കാനാണ് സുകിമി അയാനോ എന്ന പ്രായമായ ഒരു സ്ത്രീ നൂറുകണക്കിന് പാവകളെ സൃഷ്ടിച്ചതത്രെ. അങ്ങനെയാണ് ഈ ഗ്രാമത്തിന് പാവകളുടെ ഗ്രാമം എന്ന് പേര് വരുന്നതും.
സുകിമി ആദ്യമായി ഉണ്ടാക്കിയത് വയലിനെ സംരക്ഷിക്കാൻ വേണ്ടി ഒരു ഭീമൻ പാവയെയാണ്. തന്റെ അച്ഛന്റെ രൂപത്തോട് സാദൃശ്യമുളളതായിരുന്നു ആ പാവ. ആ പാവ അയൽക്കാരുടെ ശ്രദ്ധയാകർഷിച്ചു. അങ്ങനെ അവരുടെ ആവശ്യപ്രകാരം കൂടി അവൾ പാവകളെ ഉണ്ടാക്കി. വെറും പാവകളല്ല, അവിടെ നിന്നും നാട് വിട്ട് പോയവരും മരിച്ചുപോയതുമായ ആളുകളുടെ പേരും രൂപവുമുള്ള പാവകൾ അതിലുണ്ട്.
വൈക്കോൽ, പത്രം, പഴയ വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ചു കൊണ്ടാണ് ഈ പാവകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലായിടത്തും നിങ്ങൾക്ക് ഈ പാവകളെ കാണാം എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. സ്കൂളിൽ, ബസിൽ, ജോലി സ്ഥലങ്ങളിൽ, ബസ് സ്റ്റോപ്പുകളിൽ ഒക്കെയും ഇത്തരത്തിലുള്ള പാവകളെ കാണാനാവും. പെട്ടെന്ന് കാണുമ്പോൾ ശരിക്കും മനുഷ്യനാണ് എന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയുണ്ട്.
നഗോറോയിൽ രണ്ട് ഡസനോളം നിവാസികളേ താമസിക്കുന്നുള്ളൂവെങ്കിലും 300 -ലധികം പാവകൾ ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ഈ പാവ ഗ്രാമം ആകർഷിക്കുന്നു.