ലോണെടുത്ത് മോപ്പെഡ് വാങ്ങി, ജെസിബിയും ഡിജെയും, ആഘോഷത്തിന് പൊടിച്ചത് 60000 രൂപ, കേസും
താൻ എന്തുകൊണ്ടാണ് ഇതൊക്കെ ആഘോഷിക്കുന്നത് എന്നതിനുള്ള ഉത്തരവും മുരാരിക്കുണ്ട്. തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും സമ്പാദിക്കുന്നതിൽ താൻ സന്തോഷവാനാണ്. മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
രസകരമായ പല വീഡിയോകളും ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ചില വീഡിയോകൾക്ക് പിന്നാലെ കേസും കൂട്ടവും തേടി വരാറുമുണ്ട്. ഏതായാലും, അതുപോലെ ഒരു വീഡിയോ മധ്യപ്രദേശിൽ നിന്നും വൈറലായി. താൻ ലോണെടുത്ത് ഒരു മോപ്പെഡ് വാങ്ങിയത് ആഘോഷമാക്കിയ ചായക്കടക്കാരന്റേതാണ് വീഡിയോ.
ചായക്കടക്കാരനായ മുരാരി ലാൽ കുഷ്വാഹയാണ് താൻ വണ്ടി വാങ്ങിയത് വൻ ആഘോഷമാക്കി മാറ്റിയത്. ആ ആഘോഷത്തിന് വേണ്ടി മുരാരി പൊടിച്ചത് 60,000 രൂപയാണ്. ചില്ലറ ആഘോഷമൊന്നുമല്ല മുരാരി സംഘടിപ്പിച്ചത്. ഡിജെ പാർട്ടിയും ഡാൻസും ഒക്കെയായി വൻ ആഘോഷം തന്നെയാണ് മുരാരി സംഘടിപ്പിച്ചത്. അതേസമയം, ലോണെടുത്താണ് വണ്ടി വാങ്ങിയത്. 20,000 രൂപയായിരുന്നു ഡൗൺപേയ്മെന്റ് നൽകിയത്.
ശിവപുരിയിലാണ് മുരാരിയുടെ ചായക്കട. ഗ്വാളിയോറിൽ നിന്നും 115 കിലോമീറ്റർ അകലെയാണ് ഇത്. വീഡിയോയിൽ മുരാരിയുടെ വാഹനം ജെസിബി ഉപയോഗിച്ച് എടുത്തുയർത്തുന്നതും കാണാം. നിറയെ ആളുകൾ ഇവിടെ കൂടിനിൽക്കുന്നുണ്ട്. വണ്ടി ഉയർത്തുമ്പോൾ ഇവരെല്ലാം കയ്യടിക്കുന്നതും ആഹ്ലാദത്തോടെ ശബ്ദമുണ്ടാക്കുന്നതും കാണാം.
എന്തായാലും, താൻ എന്തുകൊണ്ടാണ് ഇതൊക്കെ ആഘോഷിക്കുന്നത് എന്നതിനുള്ള ഉത്തരവും മുരാരിക്കുണ്ട്. തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും സമ്പാദിക്കുന്നതിൽ താൻ സന്തോഷവാനാണ്. മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ ആഘോഷവും തന്റെ കുട്ടികൾക്ക് സന്തോഷം പകരുന്നതാണ് എന്നാണ് മുരാരി പറയുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മുരാരിക്ക്.
അതേസമയം, ആഘോഷം പൊടിപൊടിച്ചെങ്കിലും ശബ്ദമലിനീകരണത്തിന് മുരാരിക്കും ഡിജെ ഓപ്പറേറ്റർമാർക്കുമെതിരെ പൊലീസ് കേസെടുത്തു. സംഗീതോപകരണങ്ങൾ പിടിച്ചെടുത്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം