'മുരല്ല ലാ കുംബ്രെ'; എല്‍ നിനോ പ്രതിഭാസം തടയാന്‍ ചിമു ജനത പണിത മതില്‍ !


കാലാവസ്ഥാ വ്യതിയാനം തടയാന്‍ എഡി 13 -ഓ 14 -ഓ നൂറ്റാണ്ടിൽ ചിമു ജനത പണിത മതിലാണ് 'മുരല്ല ലാ കുംബ്രെ'.  വടക്കന്‍ പെറുവിന്‍റെ തീരത്ത് ഏതാണ്ട് പത്ത് കിലോമീറ്റര്‍ നീളത്തില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ മണ്ണും കല്ലും ഉപയോഗിച്ച് പണിത മതില്‍.

Muralla la Cumbre Wall built by Chimu people to prevent El Nino phenomenon bkg


നിരവധി നൂറ്റാണ്ടുകളിലൂടെ നിരവധി രാജവംശങ്ങളിലൂടെ പണിതുയര്‍ത്തിയ ചൈനയുടെ വന്‍മതിലിനെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ശത്രുക്കളെ അതിര്‍ത്തിയില്‍ തടഞ്ഞ് രാജ്യത്തെ രക്ഷിക്കാനായിരുന്നു പ്രധാനമായും ചൈനീസ് വന്‍മതില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. വടക്കന്‍ പെറുവില്‍ ചിമു സംസ്കാരം 10 കിലോമീറ്റര്‍ നീളമുള്ള മുരല്ല ലാ കുംബ്രെ എന്ന് അറിയപ്പെടുന്ന മതില്‍ നിര്‍മ്മിച്ചതും ഇതേ ആവശ്യത്തിനാണെന്നായിരുന്നു ഇതുവരെ ചരിത്ര - പുരാവസ്തു ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍, ഇത് തെറ്റാണെന്നും മറ്റൊരു ആവശ്യത്തിനായാണ് പൗരാണിക ജനത ഈ മതില്‍ പണിതതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. 

എഡി 850 നും 900 ത്തിനും ഇടയിലുള്ള കാലഘട്ടത്തിലായിരുന്നു ചിമു സംസ്കാരം ഉയര്‍ന്നുവന്നത്. വടക്ക് പിയൂര മുതൽ തെക്ക് പരമോംഗ വരെയുള്ള 1,000 കിലോമീറ്റർ (620 മൈൽ) തീരപ്രദേശം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ അവര്‍ നിയന്ത്രിച്ചു. തീരദേശ മരുഭൂമിയിലെ വരണ്ട പ്രദേശത്ത് മോഷെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ പുരാതന നഗരമായ ചാൻ ചാൻ കേന്ദ്രീകരിച്ചായിരുന്നു ചിമു സംസ്കാരം നിലനിന്നിരുന്നത്.  എഡി പതിനഞ്ചാം നൂറ്റാണ്ടിൽ നഗരം അതിന്‍റെ ഏറ്റവും വലിയ ഉയര്‍ച്ചയിലെത്തി. ഏകദേശം 40,000 മുതൽ 60,000 വരെ ആളുകള്‍ ഈ സമയത്ത് ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. കണ്ടെത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും വലിയ മണ്ണില്‍ നിര്‍മ്മിച്ച നഗരമാണ് ചാൻ ചാൻ. 

ചിമു ജനത എഡി 13 -ഓ 14 -ഓ നൂറ്റാണ്ടിൽ 'മുരല്ല ലാ കുംബ്രെ' എന്ന വലിയ കല്ലുകള്‍ പടുത്തുള്ള മതിൽ നിർമ്മിച്ചു. സെറോ കാബ്രാസ് മുതൽ സെറോ കാമ്പാന വരെയുള്ള 10 കി.മീറ്ററായിരുന്നു മതിലിന്‍റെ നീളം.  കടലിന് അഭിമുഖമായി മതില്‍ കണ്ടെത്തിയതിന് പിന്നാലെ മതിലിന്‍റെ ഉപയോഗം സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ട രണ്ട് സിദ്ധാന്തങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യമായിരുന്നത്. അതില്‍ ആദ്യത്തേത് ചിമു തലസ്ഥാനത്തിന്‍റെ പ്രദേശിക അതിർത്തി നിർണയം എന്നതായിരുന്നു, രണ്ടാമത്തെ സിദ്ധാന്തമാകട്ടെ ഇങ്കാ ആക്രമണത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കുന്നതിനോ ആചാരപരമായ നടവരമ്പോ ആയിരുന്നു അതെന്നതായിരുന്നു. 

പുകയ്ക്ക് പിന്നാലെ ടൈം സ്ക്വയറിനെ കീഴടക്കി തേനീച്ച കൂട്ടം; വൈറല്‍ വീഡിയോ

എന്നാല്‍ ഏറ്റവും പുതിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും ചാന്‍ ചാനെ നഗരത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ആ മതില്‍ നിര്‍മ്മാണമെന്നാണ്. ഹുവാഞ്ചാക്കോ (പഹുവാൻ) ആർക്കിയോളജിക്കൽ പ്രോജക്റ്റിന്‍റെ ഡയറക്ടർ ഗബ്രിയേൽ പ്രീറ്റോ ബർമെസ്റ്റര്‍ എന്ന പുരാവസ്തു ഗവേഷകന്‍റെ നേതൃത്വത്തില്‍ നടത്തിയ ഖനനത്തിലാണ് ഈ കണ്ടെത്തല്‍.  "1789-93 എൽ നിനോയുടെ ആഗോള ആഘാതം" എന്ന തലക്കെട്ടിലുള്ള ഒരു സമീപകാല പഠനമാണ് ഈ സൂചന നല്‍കുന്നത്. എൽ നിനോ സംഭവങ്ങൾ മോഷെയുടെയും മറ്റ് കൊളംബിയൻ പ്രീ-പെറുവിയൻ സംസ്കാരങ്ങളുടെയും നാശത്തിലേക്ക് നയിച്ചിരിക്കാമെന്ന് പ്രബന്ധം അവകാശപ്പെടുന്നു. ഈക്കാലഘട്ടത്തിലെ ശക്തമായ എല്‍ നിനോ പ്രതിഭാസം യൂറോപ്പില്‍ മോശം വിളവിന് കാരണമായി. ഇത് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായി. 

മുരല്ല ലാ കുംബ്രെ എന്ന മതില്‍ ഒരു വശത്ത് മാത്രം ഒന്നിലധികം തവണ മണലും ചെളിയും ചേർന്ന് പ്ലാസ്റ്റര്‍ ചെയ്ത് ഏകദേശം രണ്ട് മീറ്ററോളം ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്ന് ഗവേഷകർ കണ്ടെത്തി.  മതിലില്‍ 12 കാലാവസ്ഥാ സംഭവങ്ങളെ സൂചിപ്പിക്കുന്ന 12 അന്തർഭാഗങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. മതിലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച ഒരു വേരില്‍ നടത്തിയ റേഡിയോ കാർബൺ വിശകലനം AD 1400-1450 കാലഘട്ടത്തെ പഴക്കം രേഖപ്പെടുത്തി. ഈ കാലഘട്ടം 2019 ല്‍ ചാന്‍ ചാനിനടുത്ത് കണ്ടെത്തിയ 250 ഓളം കുട്ടികളുടെയും 40 യോദ്ധാക്കളുടെയും ബലി നല്‍കിയ കാലഘട്ടവുമായി പൊരുത്തപ്പെടുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. എല്‍ നിനോ പ്രതിഭാസങ്ങളില്‍ നിന്നും രക്ഷപ്പെടാനായി ദൈവബലി നടത്തിയതിന്‍റെ അവശിഷ്ടങ്ങളാകാമിതെന്നും പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു. 

സിൽവിയോ ബെർലുസ്കോണി: മാധ്യമ മുതലാളി, രാഷ്ട്രീയക്കാരന്‍ പിന്നെ അന്തമില്ലാത്ത അഴിമതികളും ലൈംഗീകാരോപണങ്ങളും

Latest Videos
Follow Us:
Download App:
  • android
  • ios