ബ്രിട്ടണിലെ ഏറ്റവും ഒറ്റപ്പെട്ട ജീവി, ഏകാകിയായ വവ്വാലിന്റെ അപ്രതീക്ഷിത തിരോധാനവും പ്രത്യക്ഷപ്പെടലും!
2018 -ൽ ദി ഗാർഡിയനിൽ ലോകത്തെ ഏറ്റവും ഏകാകിയായ ഈ എലിച്ചെവിയൻ വവ്വാലിനെപ്പറ്റി ഒരു ലേഖനം വന്നിരുന്നു. മാഗസിൽ ജേർണലിസ്റ്റായ പാട്രിക്ക് ബെക്കാമായിരുന്നു എഴുത്തുകാരൻ. ഈ ലേഖനം വായിച്ചതിന് പിന്നാലെ ഐറിഷ് നാടകകൃത്ത് ബാരി മക്‌സ്റ്റോ ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെസ്പെർട്ടിലിയോ എന്ന നാടകം എഴുതി.
ലോകത്തെ ഏറ്റവും ഏകാകിയായ ജീവി ഏതാണ്? അതൊരു വവ്വാലാണെന്നാണ് ബ്രിട്ടണിലെ ഇപ്പോഴത്തെ ചർച്ച. വെറും വവ്വാലല്ല, എലിച്ചെവിയൻ വവ്വാൽ വർഗ്ഗത്തിൽപ്പെട്ട ബ്രിട്ടണി(Britain) -ൽ അവശേഷിക്കുന്ന ഏക വവ്വാലാ(bat)ണ് അത്. അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ജന്തുസ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഈ വവ്വാൽ. വെസ്റ്റ് സസെക്സിലെ (West Sussex) ഉപേക്ഷിക്കപ്പെട്ട ഒരു ടണലിനുള്ളിലാണ് എലിച്ചെവിയൻ വവ്വാലിന്റെ താമസം.
സാധാരണയിൽ നിന്ന് വലിയ ചെവിയും ശരീരം മുഴുവൻ ചെമ്പൻ രോമങ്ങളുമുള്ളവനാണ് ഈ എലിച്ചെവിയൻ.
പക്ഷേ, അതൊന്നുമല്ല അവനെ ഇപ്പോൾ ജന്തുസ്നേഹികളുടെ പ്രിയപ്പെട്ടവനാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഈ എലിച്ചെവിയൻ എവിടെപ്പോയെന്ന് ആർക്കും ഒരറിവും ഉണ്ടായിരുന്നില്ല. എലിച്ചെവിയൻ ചത്ത് പോയതായിരിക്കുമെന്ന നിഗമനത്തിലായിരുന്നു എല്ലാവരും. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് തന്റെ വാസസ്ഥലമായ ടണലിലേക്ക് പെട്ടെന്നൊരു ദിവസം എലിച്ചെവിയൻ തിരികെയെത്തിയത്.
കൊവിഡ് പടർന്നു പിടിച്ച രണ്ട് വർഷമാണ് എലിച്ചെവിയൻ വവ്വാലിനെ ആളുകൾ എത്താനിടയുള്ള ടണലിൽ നിന്ന് കാണാതായതെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഈ രണ്ട് വർഷം എവിടെയാണ് വവ്വാൽ കഴിച്ചു കൂട്ടിയതെന്നതും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്.
1992 -ൽ മയോട്ടിസ് വിഭാഗത്തിൽപ്പെട്ട വവ്വാലുകളെ വംശനാശം സംഭവിച്ചവയായി ബ്രിട്ടൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷം വവ്വാലുകളും ആകാശത്തിലൂടെ പറന്ന് പ്രാണികളെയും മറ്റും ഭക്ഷണമാക്കുമ്പോൾ മയോട്ടിസുകൾ പുൽച്ചാടികളെയും വണ്ടുകളെയും മറ്റും ഭക്ഷണമാക്കുന്നവയാണ്. 250 വർഷം മുൻപ് ചെന്നായ്ക്കൾ അപ്രത്യക്ഷമായതിന് ശേഷം ബ്രിട്ടണിൽ വംശനാശം വരുന്ന ആദ്യ കരസസ്തനിയാണ് മയോട്ടിസ് വർഗ്ഗത്തിൽപ്പെട്ട വവ്വാലുകൾ. വംശനാശത്തിനും മുൻപേ പോലും അധികപേരുണ്ടായിരുന്നില്ല ഈ വർഗ്ഗത്തിൽപ്പെട്ടവർ. ഡോർസെറ്റ് ഉപദ്വീപിൽ ഐൽഓഫ് പർബെക്കിലാണ് ആകെ ഇവയെ കണ്ടെത്തിയത്. അന്നത് അവിടെ വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
2018 -ൽ ദി ഗാർഡിയനിൽ ലോകത്തെ ഏറ്റവും ഏകാകിയായ ഈ എലിച്ചെവിയൻ വവ്വാലിനെപ്പറ്റി ഒരു ലേഖനം വന്നിരുന്നു. മാഗസിൽ ജേർണലിസ്റ്റായ പാട്രിക്ക് ബെക്കാമായിരുന്നു എഴുത്തുകാരൻ. ഈ ലേഖനം വായിച്ചതിന് പിന്നാലെ ഐറിഷ് നാടകകൃത്ത് ബാരി മക്‌സ്റ്റോ ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെസ്പെർട്ടിലിയോ എന്ന നാടകം എഴുതി. ഈ നാടകം നിരൂപക പ്രശംസ നേടി. 2019 -ൽ ലണ്ടനിൽ വാട്ടർലൂ സ്റ്റേഷന്റെ താഴെയുള്ള ഉപയോഗശൂന്യമായ റെയിൽവേ ടണലിന്റെ പരിസരത്ത് നാടകം അവതരിപ്പിക്കപ്പെട്ടു. അതിന് പിന്നാലെയാണ് ടണലിൽ നിന്ന് വവ്വാലിനെ കാണാതായത്.
എലിച്ചെവിയൻ വവ്വാലുകൾ ബ്രിട്ടണിൽ മറ്റെവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് സസെക്സ് സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസറായ ഫിയോണ മാത്യൂസിനെപ്പോലുള്ളവർ ആവശ്യപ്പെടുന്നുണ്ട്. ഫ്രാൻസിൽ ഇവയുടെ കൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് ഏതെങ്കിലും വിധേന സസെക്സിൽ എത്തിയതാകും ഇവനെന്നാണ് നിഗമനം.