കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!
ആളുകളെ ഇഷ്ടപ്പെടുകയും അടുത്ത് ഇടപഴകുകയും ചെയ്ത ആമ തീർച്ചയായും ആരെങ്കിലും വീട്ടിൽ വളർത്തിയത് ആയിരിക്കാം എന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ആമയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്നും കാണാതായ ആമയെ മൂന്നര വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഫ്ലോറിഡയിലാണ് സംഭവം. വീട്ടിൽ നിന്നും അഞ്ചു മൈൽ അകലെയാണ് ഫ്ലോറിഡ ഷെരീഫ് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ ആമയെ കണ്ടെത്തിയത്. ആഫ്രിക്കൻ സൾക്കാറ്റ ഇനത്തിൽപ്പെട്ട ഈ ആമയെ ഇന്റർലാച്ചനിലെ ഒരു വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്നതാണ്. മൂന്നര വർഷങ്ങൾക്കു മുൻപ് പെട്ടെന്നൊരു ദിവസം ആമയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നിരവധി ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ യാദൃശ്ചികമായി ഷെരീഫ് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഈ ആമ പെടുകയായിരുന്നു.
ആളുകളെ ഇഷ്ടപ്പെടുകയും അടുത്ത് ഇടപഴകുകയും ചെയ്ത ആമ തീർച്ചയായും ആരെങ്കിലും വീട്ടിൽ വളർത്തിയത് ആയിരിക്കാം എന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ആമയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വിദേശ മൃഗങ്ങളുടെ അഭയകേന്ദ്രമായ ഫ്ലോറിഡയിലെ വൈൽഡസ്റ്റ് ആനിമൽ റെസ്ക്യൂ 2020 ൽ ഇതേ പ്രദേശത്തു നിന്നും സൾക്കാറ്റ ഇനത്തിൽപ്പെട്ട ഒരു ആമയെ കാണാതായിരുന്നു എന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ ആമയെ റെസ്ക്യൂ ടീമിന് കൈമാറി. ആമ സുഖമായിരിക്കുന്നതായും ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വൈദ്യസഹായം തേടിയിട്ടുണ്ടെന്നും റെസ്ക്യൂ ടീം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. തുടർന്ന് ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട ആമയുടെ യഥാർത്ഥ ഉടമസ്ഥർ എത്തുകയും റെസ്ക്യൂ ടീം ആമയെ അവർക്ക് കൈമാറുകയും ചെയ്തു.
വായിക്കാം: ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ? ഔദ്യോഗികമായി ഉറപ്പിക്കും മുമ്പ് 104 -കാരി ഡൊറോത്തി മുത്തശ്ശി വിടവാങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: