'ആ കുഞ്ഞ് അത്ഭുതങ്ങൾ'; ജനിച്ച ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് പിറന്നാളാഘോഷം
ഇരട്ടസഹോദരങ്ങളിൽ ഒരാൾ ആൺകുഞ്ഞും മറ്റേയാൾ പെൺകുഞ്ഞുമാണ്. ജനനസമയത്ത് ഒരാൾക്ക് 1.3 കിലോഗ്രാമും, മറ്റേയാൾക്ക് 1.2 കിലോഗ്രാമും മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. 20 ദിവസമാണ് ഇരുവരെയും വെന്റിലേറ്റർ സപ്പോർട്ടിൽ നിർത്തിയത്.
നാം ജനിച്ച സ്ഥലത്ത് നമ്മുടെ പിറന്നാൾ ആഘോഷിക്കുക. വളരെ വിശേഷപ്പെട്ട അനുഭവം തന്നെ ആയിരിക്കും അത് അല്ലേ? അതുപോലെ അപൂർവനിമിഷത്തിന് ചെന്നൈയിലെ ഒരു ആശുപത്രി സാക്ഷ്യം വഹിച്ചു. RSRM ആശുപത്രിയിൽ വച്ചായിരുന്നു ഒരു വയസ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷം നടന്നത്. ഇരുവരെയും മാസം തികയാതെ ഈ ആശുപത്രിയിൽ വച്ചുതന്നെ പ്രസവിച്ചതാണെന്നും ഒരുപാട് സങ്കീർണതകളുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 15 -ന് ജനിച്ച കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേകപരിചരണം തന്നെ നൽകേണ്ടി വന്നു അവരെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ. അങ്ങനെ കുഞ്ഞുങ്ങളെ പരിചരിച്ച ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നന്ദി അറിയിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞുങ്ങളുടെ ജന്മദിനം ആശുപത്രിയിൽ വച്ച് ആഘോഷിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്.
തമിഴ്നാട് ഹെൽത് ഡിപാർട്മെന്റിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായ സുപ്രിയ സാഹു ഐഎഎസ് ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് കുഞ്ഞ് അത്ഭുതങ്ങളും അവരുടെ ജന്മദിനാഘോഷവും എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഇരട്ടസഹോദരങ്ങളിൽ ഒരാൾ ആൺകുഞ്ഞും മറ്റേയാൾ പെൺകുഞ്ഞുമാണ്. ജനനസമയത്ത് ഒരാൾക്ക് 1.3 കിലോഗ്രാമും, മറ്റേയാൾക്ക് 1.2 കിലോഗ്രാമും മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. 20 ദിവസമാണ് ഇരുവരെയും വെന്റിലേറ്റർ സപ്പോർട്ടിൽ നിർത്തിയത്. 50 ദിവസത്തെ ടീമിന്റെ പരിചരണത്തിന് ശേഷമാണ് കുഞ്ഞുങ്ങൾ വീട്ടിലേക്ക് പോയത് എന്നും സുപ്രിയ സാഹു തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
ഒരു വർഷത്തിന് ശേഷം അവർ തിരിച്ചുവന്നു എന്നും ഇത്തവണ ആരോഗ്യത്തോടെയും, പുഞ്ചിരിയോടെയാണ് അവർ വന്നത് എന്നും പോസ്റ്റിൽ പറയുന്നു. ഇത് ഒരു ജന്മദിനാഘോഷത്തിനും അപ്പുറമാണ്. ഇത് ജീവിതത്തിന്റെ ആഘോഷമാണ്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രതിബദ്ധതയുടെയും ആഘോഷം കൂടി ആയിരുന്നു എന്നും ഡോ. ശാന്തി ഇളങ്കോയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ എന്നും അവർ കുറിച്ചിട്ടുണ്ട്.
വിമാനത്തിലേക്ക് ഒരു കൂറ്റൻ നായ, അമ്പരന്ന് ഫ്ലൈറ്റ് അറ്റൻഡന്റും യാത്രക്കാരും