അതിവേഗതയിൽ വംശനാശ ഭീഷണിയിലേക്ക് ചെറുപക്ഷികൾ, ഹവായിയിൽ ഹെലികോപ്ടറിൽ കൊതുകിനെ വർഷിച്ച് അമേരിക്ക

പ്രതിരോധ ശേഷിക്കുറവാണ് ഈ കുഞ്ഞുപക്ഷികൾക്ക് വെല്ലുവിളിയാവുന്നത്. മലേറിയ പരത്തുന്ന ഒരു കൊതുകിന്റെ കുത്ത് പോലും ഇവയുടെ മരണത്തിന് കാരണമാകുമെന്നതാണ് നിലവിലെ സാഹചര്യം. ഇതിന് പിന്നാലെയാണ് കൊതുകിന്റെ വംശവർധന തടയാൻ ഹെലികോപ്ടറിൽ ലക്ഷക്കണക്കിന് കൊതുകുകളെ ഇവിടെ വർഷിക്കുന്നത്

Millions of mosquitoes are released from helicopters in Hawaii in  last ditch attempt to save rare honeycreeper slipping into extinction

ഹോണോലുലു: വംശനാശ ഭീഷണി നേരിടുന്ന ചെറുപക്ഷിയെ സംരക്ഷിക്കാനായി അസാധാരണ നടപടികളുമായി അമേരിക്ക. ഹെലികോപ്ടറിൽ ലക്ഷക്കണക്കിന് കൊതുകുകളേയാണ് ഹവായി ദ്വീപുകളിലേക്ക് വർഷിക്കുന്നത്. തിളങ്ങുന്ന നിറങ്ങളോട് കൂടിയ ഹണിക്രീപ്പർ പക്ഷികളെ സംരക്ഷിക്കാനുള്ള അവസാന ശ്രമമായാണ് വധ്യംകരിച്ച ആൺ കൊതുകുകളെ ഇത്തരത്തിൽ ഹെലികോപ്ടറുകളിൽ ഹവായിലേക്ക് എത്തിക്കുന്നത്. ചെടികളിലെ പരാഗണത്തിന് ഏറെ സഹായകരമാകുന്ന ഹണിക്രീപ്പർ പക്ഷികളെ  വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത് മലേറിയ ബാധയാണ്. 1800കളിൽ ഹവായിലെത്തിയ യൂറോപ്യൻ, അമേരിക്കൻ കപ്പലുകളിൽ നിന്നാണ് മലേറിയ പരത്തുന്ന കൊതുകുകൾ ഹവായി ദ്വീപിലെത്തുന്നത്. പ്രതിരോധ ശേഷിക്കുറവാണ് ഈ കുഞ്ഞുപക്ഷികൾക്ക് വെല്ലുവിളിയാവുന്നത്. മലേറിയ പരത്തുന്ന ഒരു കൊതുകിന്റെ കുത്ത് പോലും ഇവയുടെ മരണത്തിന് കാരണമാകുമെന്നതാണ് നിലവിലെ സാഹചര്യം. 

ഹണിക്രീപ്പർ ഇനത്തിൽ 33 വിഭാഗം പക്ഷികൾ ആണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയിൽ 17എണ്ണമാണ് നിലവിൽ വംശനാശത്തിന്റെ വക്കിലുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇവയിൽ ചിലതിന് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഹവായിൽ അസാധാരണ നടപടികൾ നടക്കുന്നത്. ഓരോ ആഴ്ചയിലും 250000 ആൺ കൊതുകുകളെയാണ് ദ്വീപിലേക്ക് പറത്തി വിടുന്നത്. സ്വാഭാവികമായി ഗർഭനിരോധന സ്വഭാവം പുലർത്തുന്ന ബാക്ടീരിയകളോട് കൂടിയ കൊതുകുകളെയാണ് ഇത്തരത്തിൽ വർഷിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയോളം കൊതുകുകളെയാണ് നിലവിൽ ഹവായിയിൽ വർഷിച്ചിട്ടുള്ളത്. 

ഹണി ക്രീപ്പർ പക്ഷികളിലൊന്നായ അകികികിയുടെ എണ്ണം 2018ൽ 450ഉണ്ടായിരുന്നതിൽ നിന്ന് 2023ൽ വെറും അഞ്ചിലേക്ക് എത്തിയിട്ടുണ്ട്. ദേശീയ പാർക്കിന്റെ സംരക്ഷണത്തിലുള്ള ഒരെണ്ണത്തിനെ കാട്ടിലേക്ക് മാറ്റിയിരുന്നു. ഒച്ചുകൾ, പഴങ്ങൾ, പൂവുകളിലെ തേനുകൾ എന്നിവ അടക്കം ഇവ ആഹാരമാക്കാറുണ്ട്. കൊതുകുകൾ സാധാരണ ഗതിയിൽ എത്താത്ത 4000 മുതൽ അടി ഉയരങ്ങളിലാണ് ഇവ നിലവിൽ താമസമാക്കിയിട്ടുള്ളത്. എന്നാൽ ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഈ ഉയരത്തിലും മലേറിയ വാഹികളായ കൊതുകുകൾ എത്തുന്നുണ്ടെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇതോടെയാണ് വന്ധ്യംകരിച്ച കൊതുകുകളെ ഉപയോഗിച്ചുള്ള ഐഐടി (incompatible insect technique) രീതിയിൽ മലേറിയ വാഹികളായ കൊതുകുകളുടെ പ്രജനനം കുറയ്ക്കാൻ അധികൃതരും പരിസ്ഥിതി പ്രവർത്തകരും ശ്രമിക്കുന്നത്. 

സാധാരണ നിലയിൽ ഒരു തവണ മാത്രമാണ് പെൺ കൊതുക് ഇണ ചേരുന്നത്. ഇത്തരത്തിൽ വന്ധ്യംകരിച്ച കൊതുകുകളോട് ഇണ ചേരുന്നതോടെ ഇവ ഇടുന്ന മുട്ടകൾ ഇടുമെങ്കിലും അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവാതെ വരുന്നു. വോൾബാച്ചിയ എന്ന ബാക്ടീരിയയുടെ സഹായമാണ് ഇതിനായി പരിസ്ഥിതി പ്രവർത്തകർ തേടിയിട്ടുള്ളത്. ഇത്തരം ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകൾ ഇതേ ബാക്ടീരിയ ശരീരത്തിലുള്ള ഇണയുമായി ചേർന്നാൽ മാത്രമേ പ്രത്യുൽപാദനം മറ്റ് ജീവികളിൽ അനുവദിക്കൂ. അതിനാൽ ഇത്തരത്തിൽ ബാക്ടീരിയ ഉള്ള ആൺ കൊതുകുകളെയാണ് ദ്വീപിൽ വർഷിക്കുന്നത്. ചൈനയിലും കാലിഫോർണിയയിലും ഫ്ലോറിഡയിലും മെക്സിക്കോയിലും അടക്കം കൊതുക് നിയന്ത്രണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഹവായി ദ്വീപിൽ യുഎസ് നാഷണൽ പാർക്ക് സർവീസാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബേർഡ്സ്, നോ മോസ്ക്വിറ്റോസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios