75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
1947 ല്‍ പാലസ്തീന്‍ അറബികളും ജൂതരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പ്രശ്നപരിഹാരം കണ്ടെത്തുന്നതില്‍ ബ്രിട്ടന്‍ പരാജയപ്പെട്ടു. ഒടുവില്‍ തീരുമാനം ഐക്യരാഷ്ട്രസഭയ്ക്ക് (യുഎൻ) മുന്നിലെത്തി. പക്ഷേ, അറബ് രാജ്യങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ 1949 -ല്‍ ജൂത നേതാക്കൾ 'ഇസ്രായേൽ' എന്ന സ്വതന്ത്ര്യ രാജ്യം സ്വയം പ്രഖ്യാപിച്ചു. അവിടെ തുടങ്ങുന്നു മിഡില്‍ ഈസ്റ്റിന്‍റെ ആധുനീക കാല യുദ്ധങ്ങളുടെ 75 വര്‍ഷം നീണ്ട ചരിത്രം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനും ഒരു വര്‍ഷത്തിന് ശേഷമാണ് ഇസ്രേയേല്‍ ഒരു സ്വയം പ്രഖ്യാപിത രാജ്യമായി ഉയര്‍ന്നുവരുന്നത്. നാസികളുടെ കൊടീയ പീഡനത്തില്‍ നാമാവശേഷമായ ജൂത ജനത വാഗ്ദത്ത ഭൂമിയില്‍ രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങിയത് മുതല്‍ പാലസ്തീന്‍ അറബികളുമായി സംഘര്‍ഷം ആരംഭിച്ചു. യഹൂദരുടെ സ്വാതന്ത്രരാജ്യത്തിനായി പശ്ചാത്യ ലോകത്ത്, പ്രത്യേകിച്ചും യുഎസിന്‍റെ മുന്‍കൈയില്‍ ആവശ്യം ഉയര്‍ന്നതോടെ ഫലസ്തീനിലെ അറബികൾ നിരന്തരം ആക്രമിക്കപ്പെട്ടു. അങ്ങനെ ഒരു രാജ്യത്തിന്‍റെ രൂപീകരണം യുദ്ധങ്ങളുടെ നീണ്ട ചരിത്രത്തിന്‍റേത് കൂടിയായി. സ്വന്തം ഭൂമിയില്‍ പാലസ്തീനികള്‍ അറുകൊല ചെയ്യപ്പെട്ട് കൊണ്ടേയിരുന്നു. ഏറ്റവും പുതിയ യുദ്ധത്തില്‍ പാലസ്തീനികളെ 'വെറും പൊടി'യാക്കിമാറ്റുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞ തന്നെ.
ഒരു നൂറ്റാണ്ടിലേറെയായി, പാലസ്തീന്‍ ഭൂമിയെ സംഘർഷങ്ങളുടെ നിഴലില്‍ നിര്‍ത്താന്‍ ജൂതര്‍ക്ക് കഴിഞ്ഞു. പാലസ്തീനിലും പുറത്തും ഇസ്രായേലികളും അറബ് സേനയും തമ്മിലുള്ള സങ്കീർണ്ണമായ ചരിത്രപരവും രാഷ്ട്രീയവും മതപരവും പ്രാദേശികവുമായ തർക്കങ്ങളിൽ വേരൂന്നിയ യുദ്ധങ്ങളുടെ നീണ്ട ചരിത്രമുണ്ട്. 100 വർഷങ്ങൾക്ക് മുമ്പ്, ഒന്നാം ലോക മഹായുദ്ധത്തിൽ ഒട്ടോമൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ബ്രിട്ടൻ പാലസ്തീൻ മേഖലയുടെ നിയന്ത്രണം നേടിയ കാലത്ത്, അറബ് ഭൂരിപക്ഷവും ജൂത ന്യൂനപക്ഷവുമായിരുന്നു പ്രദേശത്ത് ജീവിച്ചിരുന്നത്. പിന്നാലെ യഹൂദര്‍ക്ക് അവരുടെ 'പൂർവ്വിക ഭവന'മെന്ന് അവർ പറഞ്ഞ ഭൂമിയിൽ ഒരു ദേശരാഷ്ട്രം പണിയാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ആവശ്യം ഉയര്‍ത്തി. എന്നാൽ നൂറ്റാണ്ടായി അവിടെ ജീവിക്കുന്ന പാലസ്തീന്‍ അറബികളും ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയും പാശ്ചാത്യ ആവശ്യത്തെ എതിര്‍ക്കുകയും ചെയ്തു. ഒന്നും രണ്ടും ലോക മഹായുദ്ധ കാലത്തിനിടയില്‍ ഹിറ്റ്ലറുടെ ഹോളോകോസ്റ്റിന്‍റെ കാലത്ത് യൂറോപ്പിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് മിഡിൽ ഈസ്റ്റേൺ മേഖലയിലേക്ക് പലായനം ചെയ്യുന്ന ജൂതന്മാരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചു. 1947 ല്‍ പാലസ്തീന്‍ അറബികളും ജൂതരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പ്രശ്നപരിഹാരം കണ്ടെത്തുന്നതില്‍ ബ്രിട്ടന്‍ പരാജയപ്പെട്ടു. ഒടുവില്‍ തീരുമാനം ഐക്യരാഷ്ട്രസഭയ്ക്ക് (യുഎൻ) മുന്നിലെത്തി. പക്ഷേ, അറബ് രാജ്യങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ 1949 -ല്‍ ജൂത നേതാക്കൾ 'ഇസ്രായേൽ' എന്ന സ്വതന്ത്ര്യ രാജ്യം സ്വയം പ്രഖ്യാപിച്ചു. അവിടെ തുടങ്ങുന്നു മിഡില്‍ ഈസ്റ്റിന്‍റെ ആധുനീക കാല യുദ്ധങ്ങളുടെ 75 വര്‍ഷം നീണ്ട ചരിത്രം. ഇന്ന് ഇസ്രയേലിന്‍റെ യുദ്ധ ചരിത്രത്തില്‍ എതിരാളിയായി പാലസ്തീന്‍ മാത്രമല്ല ഉള്ളത്. ശത്രു പക്ഷത്ത് ഈജിപ്തും ജോര്‍ദാനും സിറിയയും ലെബനനും അടങ്ങിയ അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പാലസ്തീന്‍ ഭൂമിയിലാണ് ഇസ്രയേല്‍ കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായി സ്വന്തം രാജ്യം കെട്ടിപ്പടുത്തത് എന്നത് കൊണ്ട് തന്നെ കഴിഞ്ഞ ഓരോ ദിവസവും പാലസ്തീന്‍ ഇസ്രയേലികളുമായി സംഘര്‍ഷത്തിലാണ്.
1948: അറബ്-ഇസ്രായേൽ യുദ്ധം
(നവംബർ 1947 - ജൂലൈ 1949)
സ്വതന്ത്ര ഇസ്രായേൽ രൂപീകൃതമായതിന് തൊട്ടുപിന്നാലെ ഈ മേഖലയിൽ നടന്ന ആദ്യത്തെ യുദ്ധമാണ് 1948 -ലെ അറബ്-ഇസ്രായേൽ യുദ്ധം. 6 മാസത്തെ ആഭ്യന്തര യുദ്ധമായി ആരംഭിച്ച സംഘര്‍ഷം രണ്ട് വര്‍ഷം നീണ്ടു നിന്നു. നൂറുകണക്കിന് പാലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും അതിനെ 'അൽ നഖ്ബ' അല്ലെങ്കിൽ 'ദുരന്തം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈജിപ്ത്, ജോർദാൻ, സിറിയ, ഇറാഖ്, ലെബനൻ എന്നിവയുൾപ്പെടെയുള്ള അയൽ അറബ് രാജ്യങ്ങളും ഒരു വർഷത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന്‍റെ ആഘാതം നേരിട്ടു. 1949 ഫെബ്രുവരിക്കും ജൂലൈയ്ക്കും ഇടയിൽ, ഇസ്രായേല്‍ അതിര്‍ത്തി രാജ്യങ്ങളായ അറബ് രാജ്യങ്ങളുമായി (ഈജിപ്ത്, ജോർദാൻ, ലെബനൻ, സിറിയ) ഒരു താൽക്കാലിക കരാറിലെത്തുകയും സ്വന്തം രാജ്യാതിര്‍ത്തി നിര്‍ണ്ണയിക്കുകയും ചെയ്തു. ഈ യുദ്ധം ഇസ്രയേലിൽ 'സ്വാതന്ത്ര്യയുദ്ധം' എന്നറിയപ്പെടുന്നു. പിന്നീടിങ്ങോട്ട് ഓരോയുദ്ധാനന്തരവും ഇസ്രയേല്‍ സ്വന്തം അതിര്‍ത്തി വികസിപ്പിച്ച് കൊണ്ടേയിരുന്നു.
പലസ്തീനിയൻ ഫെദായീൻ കലാപം (1950-1960)
1950-കളിലും 1960-കളിലും ഇസ്രായേൽ പ്രതിരോധ സേന നടത്തിയ പലസ്തീനിയൻ ആക്രമണങ്ങളും പ്രതികാര നടപടികളുമാണ് പലസ്തീനിയൻ 'ഫെദായീൻ കലാപം' എന്നറിയപ്പെടുന്നത്. ഇതിനകം പാശ്ചാത്യ പിന്തുണയോടെയും സ്വന്തം നിലയിലും ശക്തമായ ഇസ്രയേലിനെതിരെ സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് അറബ് ഗറില്ലകൾ ഇസ്രായേലി സിവിലിയന്മാർക്കും സൈനികർക്കും എതിരെ ആക്രമണം നടത്താൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഫെദായീനികള്‍ക്കുള്ള (Fedayeen) മറുപടിയായിരുന്നു സൈനിക നടപടികള്‍. പാലസ്തീന്‍ ഫെദായീനികളെ 'സ്വാതന്ത്ര്യ പോരാളികള്‍' എന്നും ഇസ്രയേല്‍ 'തീവ്രവാദി'കളെന്നും വിശേഷിപ്പിച്ചു. ശത്രുപക്ഷത്ത് ഉയർന്ന 'രക്തച്ചെലവ്' നേടുക എന്ന ഇസ്രായേലിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിലൂനിയായിരുന്നു ഇസ്രയേലിന്‍റെ പ്രതികാര നടപടികള്‍. ഭാവി ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഈ രക്തം ചീന്തലെന്ന് ഇസ്രയേല്‍ അന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇന്നും തീരാത്ത രക്തച്ചൊരിച്ചിലിനാണ് അത് കാരണമായത്.
സൂയസ് പ്രതിസന്ധി
(ഒക്ടോബർ 1956)
1956-ൽ ഈജിപ്തിന്‍റെ പ്രസിഡന്‍റ് ഗമാൽ അബ്ദുൽ നാസറിന്‍റെ ഉദയത്തോടെ സംഘര്‍ഷം വീണ്ടും ഉയർന്നു, അസ്വാൻ അണക്കെട്ടിന്‍റെ നിർമ്മാണത്തിന് ധനസഹായം നൽകാമെന്ന വാഗ്ദാനത്തില്‍ നിന്നും ബ്രിട്ടനും അമേരിക്കയും പിന്മാറിയതിന് പിന്നാലെ സൂയസ് കനാൽ ദേശസാൽക്കരിക്കാന്‍ 1956 ജൂലൈ 26 ന് ഈജിപ്ത് തീരുമാനിച്ചു. പിന്നാലെ ഇസ്രായേലിനെ മുന്‍നിര്‍ത്തി ബ്രിട്ടനും ഫ്രാന്‍സും യുദ്ധത്തില്‍ പങ്കാളികളായി. സിനായ് പെനിൻസുല പിടിച്ചടക്കാനും സൂയസ് കനാൽ ഏറ്റെടുക്കാനുമുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ഇസ്രയേലിന്‍റെ യുദ്ധം. അഞ്ച് ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം സിനായ് പെനിൻസുല ആക്രമിക്കുകയും ഗാസ, റഫ, അൽ-അരിഷ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. സീനായിലെ ഇസ്രായേൽ അധിനിവേശം വിജയിച്ചെങ്കിലും, അമേരിക്കയും സോവിയറ്റ് യൂണിയനും യുഎന്നും ഇസ്രയേലിനോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിന് ശേഷം പിടിച്ചടക്കിയ പ്രദേശത്ത് നിന്ന് പിന്മാറിയെങ്കിലും ടിറാൻ കടലിടുക്ക് വീണ്ടും തുറക്കാനും തെക്കൻ അതിർത്തി ശാന്തമാക്കാനും ഇസ്രയേലിന് കഴിഞ്ഞു.
1967: ആറ് ദിവസത്തെ യുദ്ധം
1967-ൽ ഇസ്രായേൽ ഈജിപ്ത്, ജോർദാൻ, സിറിയ എന്നിവയുമായി ഹ്രസ്വവും എന്നാൽ നിർണായകവുമായ യുദ്ധം നടത്തി, ഇത് ആറ് ദിവസത്തെ യുദ്ധം എന്നറിയപ്പെടുന്നു. ഈ യുദ്ധത്തിൽ പ്രധാനമായും സിറിയയ്ക്കായിരുന്നു ആധിപത്യം. ഗോലാൻ കുന്നുകളിലെ ഇസ്രായേൽ ഗ്രാമങ്ങളിൽ സിറിയ ബോംബാക്രമണം ശക്തമാക്കി. ഈജിപ്ത്, ജോർദാൻ, സിറിയ മുന്‍ നിരയില്‍ നിന്ന് യുദ്ധം ചെയ്തപ്പോള്‍ ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ്, അൾജീരിയ തുടങ്ങിയ രാജ്യങ്ങള്‍ സൈനിക സഹായം നല്‍കി. അമേരിക്കന്‍ പിന്തുണയോടെയുള്ള ഇസ്രായേലിന്‍റെ പ്രത്യാക്രമണങ്ങൾ സിറിയൻ, ഈജിപ്ഷ്യന്‍ വ്യോസേനയില്‍ കനത്ത നാശം വിതച്ചു. ഇസ്രായേലിന്‍റെ വിജയത്തോടെ യുദ്ധം അവസാനിക്കുകയും സിനായ് പെനിൻസുല, ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക് എന്നിവ പിടിച്ചെടുക്കുകയും സിറിയൻ സേനയെ ഗോലാൻ കുന്നുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.
1967-1970
1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് പിന്നാലെ ആരംഭിച്ച യുദ്ധം 1970 വരെ നീണ്ട് നിന്നു. ഇസ്രായേൽ സൈന്യവും ഈജിപ്ഷ്യൻ റിപ്പബ്ലിക്, യുഎസ്എസ്ആര്‍, ജോർദാൻ, സിറിയ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയുടെ സൈന്യവും തമ്മിൽ നടന്ന പരിമിതമായ യുദ്ധം. 1967-ലെ ആറ് ദിവസത്തെ യുദ്ധം മുതൽ പ്രദേശത്തിന്‍റെ നിയന്ത്രണം കൈയാളിയ ഇസ്രായേലികളിൽ നിന്ന് സീനായ് പ്രദേശം തിരിച്ചുപിടിക്കാനായിരുന്നു ഈ യുദ്ധം. ഒടുവില്‍ 1970-ൽ രാജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതോടെ യുദ്ധം അവസാനിച്ചു.
1973: യോം കിപ്പൂർ യുദ്ധം
ഒക്ടോബർ യുദ്ധം അല്ലെങ്കിൽ റമദാൻ യുദ്ധം എന്നും അറിയപ്പെടുന്ന ഈ സംഘർഷം ഇടയ്ക്കിടെ ആരംഭിക്കുകയും യോം കിപ്പൂരിലെ ജൂത അവധിക്കാലത്ത് ഈജിപ്തും സിറിയയും ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോൾ ഒരു പൂർണ്ണ യുദ്ധമായി മാറുകയും ചെയ്തു. ആക്രമണകാരികളായ അറബ് സേനയുമായി ഇസ്രായേൽ തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ഒടുവിൽ അവരെ പിന്തിരിപ്പിക്കുകയും സൂയസ് കനാൽ കടന്ന് വെസ്റ്റ്ബാങ്കിൽ സൈന്യം ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. തുടര്‍ന്ന് ഈജിപ്ഷ്യൻ, സിറിയൻ പ്രദേശങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങി. ഇസ്‌ലാമിക വിശുദ്ധ മാസമായ റമദാൻ മാസം മുഴുവനും ഇസ്രയേല്‍ യുദ്ധം ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ ഇസ്രയേലും ഈജിപ്തും ഔപചാരിക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതോടെയാണ് ഇത് അവസാനിച്ചത്.
ദക്ഷിണ ലെബനനിലെ പാലസ്തീനിയൻ കലാപം (1971-1982)
പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) ജോർദാനിൽ നിന്ന് സൗത്ത് ലെബനനിലേക്ക് മാറുകയും ഗലീലിയിൽ ആക്രമണം നടത്തുകയും അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ താവളമാക്കുകയും ചെയ്യുന്നു. 1978-ൽ, ഇസ്രായേൽ ഓപ്പറേഷൻ ലിറ്റാനി ആരംഭിച്ചു. ലെബനനിലെ ആദ്യത്തെ വലിയ തോതിലുള്ള ഇസ്രായേലി അധിനിവേശമായിരുന്നു ഇത്. പിഎൽഒ സേനയെ പ്രദേശത്ത് നിന്ന് പുറത്താക്കുന്നതിനായി ഇസ്രായേൽ പ്രതിരോധ സേന നടത്തിയ യുദ്ധം. തുടർച്ചയായ കര, റോക്കറ്റ് ആക്രമണങ്ങളും ഇസ്രായേൽ തിരിച്ചടികള്‍ക്കും ഒടുവിൽ 1982 ലെ യുദ്ധത്തിലേക്ക് നീങ്ങി.
ലെബനീസ് ആഭ്യന്തരയുദ്ധം (1975-'90)
ഈ യുദ്ധം ഇസ്രായേൽ മണ്ണിൽ നടന്നില്ലെങ്കിലും, ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ ഇസ്രായേൽ സജീവമായി പങ്കെടുത്തു. പ്രാഥമികമായി പലസ്തീൻ പോരാളികളുടെയും പിന്നീട് തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെയും സ്വാധീനത്തെ ചെറുക്കാന്‍ എന്ന പേരിലായിരുന്നു ഇസ്രയേലിന്‍റെ ഇടപെടല്‍. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ അസ്വസ്ഥത നിലനിര്‍ത്തി അതിര്‍ത്തി രക്ഷിക്കുകയായിരുന്നു ഇസ്രയേലിന്‍റെ ലക്ഷ്യം. 2000-ൽ അവർ പിന്മാറുന്നത് വരെ തെക്കൻ ലെബനനിലെ ഒരു ബഫർ സോൺ ഇസ്രായേൽ സൈന്യത്തിന്‍റെ കൈവശമായിരുന്നു.
1982 ലെബനൻ യുദ്ധം
1982 ജൂൺ 6-ന് ഇസ്രായേൽ പ്രതിരോധ സേന തെക്കൻ ലെബനൻ ആക്രമിച്ച് പിഎൽഒയെ പ്രദേശത്ത് നിന്ന് പുറത്താക്കിയപ്പോൾ യുദ്ധം ആരംഭിച്ചു. ബ്രിട്ടീഷ് ഇസ്രായേൽ അംബാസഡറായ ഷ്ലോമോ അർഗോവിനെതിരെ അബു നിദാൽ ഓർഗനൈസേഷൻ നടത്തിയ വധശ്രമത്തിനും ലെബനനിൽ താമസിച്ചിരുന്ന പാലസ്തീൻ ഗറില്ല സംഘടനകൾ വടക്കൻ ഇസ്രായേലിൽ നടത്തിയ നിരന്തരമായ ഭീകരാക്രമണത്തിനും മറുപടിയായാണ് ഇസ്രായേൽ സർക്കാർ ആക്രമണത്തിന് ഉത്തരവിട്ടത്. യുദ്ധത്തിന്‍റെ ഫലമായി പിഎൽഒയെ ലെബനനിൽ നിന്ന് പുറത്താക്കുകയും തെക്കൻ ലെബനനിൽ ഒരു ഇസ്രായേലി സുരക്ഷാ മേഖല സൃഷ്ടിക്കുകയും ചെയ്തു. സിനായിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങി ആറാഴ്ച തികയുന്നതിന് മുമ്പായിരുന്നു ഇത്. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.
സൗത്ത് ലെബനൻ സംഘർഷം (1985-2000)
ഇസ്രായേലികൾ "സുരക്ഷാ മേഖല" എന്ന് നിർവചിച്ചിരിക്കുന്ന പരിധിക്കുള്ളിൽ ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ ലെബനീസ് മുസ്ലീം ഗറില്ലയ്‌ക്കെതിരെ ഇസ്രായേൽ പ്രതിരോധ സേനയും അതിന്‍റെ ലെബനീസ് ക്രിസ്ത്യൻ പ്രോക്‌സി മിലിഷ്യകളും ചേര്‍ന്ന് ദക്ഷിണ ലെബനൻ വച്ച് ഏകദേശം 15 വർഷം നീണ്ട് നിന്ന യുദ്ധം.
ആദ്യ ഇൻതിഫാദ (1987-1993)
വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേലിനെതിരെയുള്ള ആദ്യത്തെ വലിയ തോതിലുള്ള പലസ്തീൻ പ്രക്ഷോഭം (ഇൻതിഫാദ) ആരംഭിക്കുന്നു. പാലസ്തീന്‍ യുവാക്കള്‍ കവണകളില്‍ കല്ലുകളുമായി തെരുവുകളിലിറങ്ങി. മറുപടിയായി ഇസ്രേലിന്‍റെ ബുള്ളറ്റ് വര്‍ഷം.
രണ്ടാം ഇൻതിഫാദ (2000–2005)
2000 സെപ്‌റ്റംബർ അവസാനത്തോടെ ആരംഭിച്ച രണ്ടാം പാലസ്തീനിയൻ കലാപം, തീവ്രമായ അക്രമത്തിന്‍റെ കാലഘട്ടമായിരുന്നു ഇത്. ഇന്‍തിഫാദ എന്നറിയപ്പെട്ട കലാപങ്ങളില്‍ പാലസ്തീന്‍ പ്രദേശത്ത് നിന്നുള്ള കല്ലേറുകള്‍ക്കുള്ള മറുപടിയായിരുന്നു ഇസ്രയേലിന്‍റെ ആയുധങ്ങള്‍ ശബ്ദിച്ചത്.
രണ്ടാം ലെബനൻ യുദ്ധം (2006)
ഹിസ്ബുള്ള രണ്ട് ഇസ്രായേലി റിസർവ് സൈനികരെ തട്ടിക്കൊണ്ട് പോയതിന് മറുപടിയായി ആരംഭിച്ച സൈനിക നടപടി. ഹിസ്ബുള്ള അർദ്ധസൈനിക സേനയും ഇസ്രായേൽ സൈന്യവുമാണ് പ്രധാനമായും ഏറ്റുമുട്ടിയത്. 2006 ജൂലൈയിൽ, ഹിസ്ബുള്ള അതിന്‍റെ വിപുലമായ റോക്കറ്റ് ആയുധശേഖരവുമായി, അതുവരെയുള്ള ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടിയായി വടക്കൻ ഇസ്രായേലിലേക്ക് ഒരു ഓപ്പറേഷൻ ആരംഭിച്ചു, നിരവധി ഇസ്രായേലി സൈനികരെ കൊല്ലുകയും സിവിലിയൻ പരിക്കുകളും നാശനഷ്ടങ്ങളും ഉണ്ടാക്കുകയും ചെയ്തു. ലെബനൻ തടവുകാരെ മോചിപ്പിക്കാൻ രാജ്യത്ത് സമ്മർദ്ദം ചെലുത്താൻ ഹിസ്ബുള്ള ആഗ്രഹിച്ചു. ഇസ്രായേലിന്‍റെ പ്രത്യാക്രമണത്തില്‍ ആയിരത്തിലധികം ലെബനീസുകാര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം പേര്‍ രാജ്യം വിടുകയും ചെയ്തു. രണ്ടാം ലെബനൻ യുദ്ധത്തിൽ പാലസ്തീൻ പ്രദേശങ്ങൾ നേരിട്ട് ഉൾപ്പെട്ടിരുന്നില്ലെങ്കിലും, പ്രാദേശിക ചലനാത്മകതയും സംഘർഷങ്ങളും അതിനെ സ്വാധീനിച്ചു. ഹിസ്ബുള്ളയെ അക്രമത്തിന് പ്രേരിപ്പിച്ചതിന് പല അറബ് നേതാക്കളും വിമർശിച്ചപ്പോൾ, ഇസ്രായേൽ പ്രതിരോധ സേനയെ നിശ്ചലമാക്കാനുള്ള ഗ്രൂപ്പിന്‍റെ കഴിവ് അറബ് ലോകമെമ്പാടും പ്രശംസ നേടി. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ പ്രകാരം 2006 സെപ്റ്റംബർ 8 ന് ഇസ്രായേൽ ലെബനനിലെ നാവിക ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ യുദ്ധം അവസാനിച്ചു.
ഗാസ യുദ്ധം അഥവാ ഓപ്പറേഷൻ കാസ്റ്റ് ലീഡ്
2008-2009 ശൈത്യകാലത്ത് ഇസ്രായേലും ഹമാസും തമ്മിൽ മൂന്നാഴ്ചത്തെ സായുധ പോരാട്ടം. പാലസ്തീൻ നടത്തിയ റോക്കറ്റ് വിക്ഷേപണത്തിന് മറുപടിയായി 2008 ഡിസംബറിൽ ഇസ്രായേൽ ഗാസ മുനമ്പിൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷമാണ് സംഘർഷം ആരംഭിച്ചത്. ഇരുവശത്തും കാര്യമായ നാശനഷ്ടങ്ങളോടെ യുദ്ധം മൂന്നാഴ്ച നീണ്ടുനിന്നു. "ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന പേരില്‍ സൈനിക ശക്തി ഉപയോഗിച്ച് ഗാസ മുനമ്പിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തോടുള്ള ഇസ്രായേല്‍ പ്രതികരണം. 2008 ഡിസംബർ 27-ന് ഒരു അപ്രതീക്ഷിത വ്യോമാക്രമണത്തോടെയാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. റോക്കറ്റ് ആക്രമണവും ഗാസയിലേക്കുള്ള ആയുധ ഇറക്കുമതിയും തടയുക എന്നതായിരുന്നു ഇസ്രായേലിന്‍റെ ലക്ഷ്യം. ആദ്യ ആക്രമണത്തിൽ സൈനിക, സിവിലിയൻ ലക്ഷ്യങ്ങൾ, പോലീസ് സ്റ്റേഷനുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രായേൽ സൈന്യം ആക്രമിച്ചു. ജനുവരി 18-ന് ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും 2009 ജനുവരി 21-ന് പിൻവലിക്കുകയും ചെയ്തു.
ഓപ്പറേഷൻ പില്ലർ ഓഫ് ഡിഫൻസ് ആൻഡ് ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ് (2012-14)
2012 നവംബർ 14 ന്, ഹമാസിനും ഗാസയിലെ ഇസ്ലാമിക് ജിഹാദ് നേതൃത്വത്തിനുമെതിരെ 'പ്രതിരോധത്തിന്‍റെ സ്തംഭം' എന്ന പേരില്‍ ഇസ്രായേൽ ഒരു വ്യോമസേനാ ഓപ്പറേഷൻ ആരംഭിച്ചു. എട്ട് ദിവസത്തോളം നീണ്ടുനിന്നു. നിരവധി മരണം.
2014 ലെ ഗാസ യുദ്ധം
2014 ജൂലൈ 8 ന് ഇസ്രായേൽ ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ് രണ്ടാം ഘട്ടം ആരംഭിച്ചു, അത് 2014 ലെ ഗാസ യുദ്ധം എന്നും അറിയപ്പെട്ടു. ഇസ്രായേലും ഹമാസും തമ്മിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും മാരകമായ സംഘർഷങ്ങളിലൊന്ന്. 50 ദിവസം നീണ്ടു നിന്നു. സംഘർഷം ഗാസയിൽ കാര്യമായ സിവിലിയൻ നാശങ്ങൾക്കും അടിസ്ഥാന സൗകര്യ നാശത്തിനും കാരണമായി. ഈജിപ്തും യുഎന്നും ചേർന്ന് വെടിനിർത്തൽ കരാറിന് നേതൃത്വം നല്‍കി. അമേരിക്കൻ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ പരാജയത്തില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം. പാലസ്തീൻ വിഭാഗങ്ങൾ സഖ്യ സർക്കാർ രൂപീകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് മറുപടിയായി ഗാസ മുനമ്പിൽ സൈനിക ആക്രമണം. ഇസ്രായേൽ കൗമാരക്കാർ, പാലസ്തീനിയൻ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, ഹമാസ് പോരാളികൾ ഇസ്രായേൽക്കെതിരെ റോക്കറ്റ് ആക്രമണം വർധിപ്പിച്ചു. മരണ സംഖ്യയും കൂടി.
ഗാസ-ഇസ്രായേൽ അക്രമം (2021)
പാലസ്തീൻ അക്രമത്തിൽ നിന്ന് സ്വയം സംരക്ഷിക്കുമെന്ന അവകാശ വാദത്തോടെ ഇസ്രായേൽ, കിഴക്കൻ ജറുസലേമിലെ സംഘർഷങ്ങളോടെയാണ് 2021 മെയില്‍ സംഘർഷം ആരംഭിച്ചത്. ഇസ്രായേൽ-പാലസ്തീൻ പ്രതിസന്ധി അഥവാ ഓപ്പറേഷൻ ഗാർഡിയൻ ഓഫ് ദി വാൾസ് എന്നറിയപ്പെടുന്നു. അൽ-അഖ്‌സ മസ്ജിദിൽ നടന്ന ഏറ്റുമുട്ടലുകളും ഷെയ്ഖ് ജറ അയൽപക്കത്ത് നിന്ന് പാലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഇസ്രായേൽ ഭീഷണിയും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. 11 ദിവസം നീണ്ടുനിന്ന പോരാട്ടത്തിൽ ഗാസയിൽ 250 പേരും ഇസ്രായേലിൽ 13 പേരും കൊല്ലപ്പെട്ടു. സിറിയൻ ആഭ്യന്തരയുദ്ധവും സിറിയൻ ആഭ്യന്തര യുദ്ധസമയത്ത് നിലനിന്ന ഇറാൻ-ഇസ്രായേൽ സംഘർഷവും ആക്രമണങ്ങളുടെ ശൗര്യം കൂട്ടി. ഇസ്രായേലി നഗരങ്ങളിൽ പോലും ജൂതന്മാരും അറബികളും തമ്മിലുള്ള കലാപങ്ങളുണ്ടായി. ഗാസയിലെ ഹമാസ് ഇസ്രായേലിലേക്ക് സൈനിക റോക്കറ്റുകൾ അയച്ചു, ഇസ്രായേലിന്‍റെ അയൺ ഡോം ഏറ്റവും അപകടകരമായ റോക്കറ്റുകളെ തടഞ്ഞു. മറുപടിയായി ഇസ്രായേൽ ഗാസയിലെ ലക്ഷ്യങ്ങൾ ആക്രമിച്ച് തകര്‍ത്തു. മരണ സംഖ്യ ഉയര്‍ന്നു
ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ് (2023)
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ജനപ്രീക്ക് ഏറ്റവും വലിയ ഇടിവ് തട്ടിയ സമയത്ത് ഇറാന്‍ പിന്തുണയോടെ ഹമാസ് അയച്ച റോക്കറ്റുകള്‍ക്ക് മറുപടിയായി ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധം ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ആയിരക്കണക്ക് ആളുകള്‍ മരിച്ച് വീണു. മുന്‍യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹമാസ് ഇസ്രായേലി ഭൂമിയിലേക്ക് കടന്ന് കയറി അതിരൂക്ഷമായ അക്രമണത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരിച്ചടി ശക്തമാക്കി ഇസ്രായേലും. സമാനാധാന ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അമേരിക്കയുടെ കപ്പല്‍പ്പട ഇസ്രായേലിനുള്ള സഹായുമായി നീങ്ങിയെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.