അടുത്ത ദിവസം വധശിക്ഷ, തടവുകാരന്റെ അവസാനത്തെ ആഗ്രഹം കേട്ട് അമ്പരന്ന് ജയിലുദ്യോഗസ്ഥർ
41 -കാരനായ സ്മിത്ത് കഴിഞ്ഞ 20 വർഷമായി ജയിലിൽ തടവിലാണ്. ഏപ്രിൽ നാലിന് പ്രദേശിക സമയം രാവിലെ 10. 20 -നാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരോട് വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന രംഗം പല സിനിമകളിലും നാം കണ്ടിട്ടുണ്ടാകും. അതുപോലെ, യുഎസ്സിലെ ഒരു ജയിലിലെ തടവുകാരനോടും ഇതേ ചോദ്യം ചോദിച്ചു. എന്നാൽ, അയാൾ പറഞ്ഞ ഉത്തരം ജയിലിലെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.
മുൻപ് ഒരു ഗാങ് മെമ്പറായിരുന്ന മൈക്കൽ ഡിവെയ്ൻ സ്മിത്ത് ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. 2002 -ലാണ് ഇയാൾ രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താൻ നിരപരാധിയാണ് എന്നും എന്താണ് സംഭവിച്ചത് എന്നോ സംഭവിക്കുന്നത് എന്നോ തനിക്ക് അറിയില്ല എന്നും എപ്പോഴും സ്മിത്ത് ആരോപിച്ചിരുന്നു.
41 -കാരനായ സ്മിത്ത് കഴിഞ്ഞ 20 വർഷമായി ജയിലിൽ തടവിലാണ്. ഏപ്രിൽ നാലിന് പ്രദേശിക സമയം രാവിലെ 10. 20 -നാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം രാത്രി അവസാനമായി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ജയിലുദ്യോഗസ്ഥർ സ്മിത്തിന് നൽകി. സാധാരണ വധശിക്ഷ നടപ്പിലാക്കുമ്പോൾ തടവുകാർക്ക് അവർക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. അവസാനത്തെ ആഗ്രഹം എന്നോണമാണ് ഇത് നടപ്പിലാക്കുന്നത്.
എന്നാൽ, സ്മിത്തിന് അവസാനമായി കഴിക്കണം എന്ന് ആവശ്യപ്പെട്ട ഭക്ഷണം കേട്ടപ്പോൾ ജയിലുദ്യോഗസ്ഥർ അമ്പരന്നു പോവുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ജയിലിലെ ആഹാരമാണ് സ്മിത്ത് കഴിക്കുന്നത്. അവസാനമായി എന്ത് ഭക്ഷണം വേണമെന്ന് ചോദിച്ചപ്പോൾ, 'ജയിൽ കാന്റീനിൽ രാവിലത്തെ ഭക്ഷണം ബാക്കിയിരിപ്പുണ്ട്, തനിക്ക് അത് തന്നാൽ മതി' എന്നായിരുന്നു സ്മിത്തിന്റെ ഉത്തരം. അങ്ങനെ ആ ഭക്ഷണമാണ് അവസാന രാത്രി സ്മിത്ത് കഴിച്ചത്.
വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മിത്ത് പറഞ്ഞത്, 'താൻ ചെയ്യാത്ത കുറ്റത്തിന് മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു.