ഒറ്റത്തുള്ളി മദ്യം കഴിച്ചില്ലെങ്കിലും ഹാങ്ങോവർ, ഭക്ഷണം കഴിച്ചാലും ലഹരി, അപൂർവാവസ്ഥയുമായി പോരാടി യുവാവ്
ഈ അസുഖം മാത്യുവിൻ്റെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ജോലിയിലും വ്യക്തിജീവിതത്തിലും വലിയ വെല്ലുവിളികളാണ് ഇതുണ്ടാക്കിയത്.
ഒരുതുള്ളി മദ്യം പോലും കുടിക്കാതെ ലഹരിയുണ്ടാവുക എന്നത് ഊഹിക്കാനാവുമോ? അങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോവുകയാണ് ഈ യുവാവ്. യുഎസ്സിൽ നിന്നുള്ള മാത്യു ഹോഗ് എന്നയാളാണ് മദ്യം കഴിക്കാതെ തന്നെ 24 മണിക്കൂറും നിരന്തരമായ ലഹരിയിൽ കഴിയേണ്ടുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത്.
ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നറിയപ്പെടുന്ന ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന അപൂർവ രോഗമാണ് മാത്യുവിന്. ഈ അസുഖം ഭക്ഷണം കഴിച്ചയുടൻ തന്നെ ഹാങ്ങോവർ അനുഭവപ്പെടാനാണ് കാരണമാവുക.
കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ രോഗത്തോട് പോരാടുകയാണ്. തുടക്കത്തിൽ ഈ അവസ്ഥയെക്കുറിച്ച് മാത്യുവിന് യാതൊരു അറിവുമില്ലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് ഈ അവസ്ഥയാണ് മാത്യുവിന് എന്ന് കണ്ടെത്തിയത്. അത് കണ്ടെത്താൻ സഹായിച്ച പരിശോധനകൾക്ക് തന്നെ ഏകദേശം 6.5 ലക്ഷം രൂപ ചെലവായി.
ഈ അസുഖം മാത്യുവിൻ്റെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ജോലിയിലും വ്യക്തിജീവിതത്തിലും വലിയ വെല്ലുവിളികളാണ് ഇതുണ്ടാക്കിയത്. ഈ രോഗാവസ്ഥ ഗുരുതരമായി മാറാതിരിക്കണമെങ്കിൽ കർശനമായ ഭക്ഷണക്രമം പാലിക്കണം. ഈ രോഗം ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ, ഭക്ഷണക്രമത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ഉപജീവനത്തിനായി പാർട്ട് ടൈം ജോലികൾ ചെയ്യുന്നുണ്ട് മാത്യു. ഒപ്പം ഈ അവസ്ഥയെ കുറിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നു.
വളരെ കർശനമായ ഡയറ്റിലൂടെ എന്തായാലും മാത്യു തന്റെ അവസ്ഥ ഗുരുതരമാകാതെ ശ്രദ്ധിക്കുകയാണ്. ഒരു പരിധി വരെ തന്റെ രോഗാവസ്ഥ നിയന്ത്രിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാൽ, അതിന് സാധിക്കാത്ത ഒരുപാട് ആളുകളും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം