ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് 3,600 അടി ഗുഹയില്‍ ഒമ്പത് ദിവസം; ഒടുവില്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ !
ആന്തരിക രക്തസ്രാവം തുടങ്ങുമ്പോള്‍ അദ്ദേഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 1.3 കിലോമീറ്റർ താഴ്ചയിലുള്ള ഗുഹയിലായിരുന്നു. രക്തസ്രാവം അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാക്കി. (അമേരിക്കന്‍ പര്യവേക്ഷകന്‍ മാര്‍ക്ക് ഡിക്കിയുടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചിത്രം പകര്‍ത്തിയത് മുസ്തഫ ഉനല്‍ ഉയ്സല്‍/അനഡോലു ഏജന്‍സി / ഗെറ്റി)
തുര്‍ക്കിയിലെ മൂന്നാമത്തെതും ലോകത്തിലെ ആറമത്തെയും ഏറ്റവും ആഴമേറിയ ഗുഹയായ മോർക്ക ഗുഹയില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഒമ്പത് ദിവസം കുടുങ്ങിയ യുഎസ് പര്യവേക്ഷകന്‍ മാർക്ക് ഡിക്കിയെ അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘം ചൊവ്വാഴ്ച രക്ഷപ്പെടുത്തി. ഭൂകമ്പ ഭൂപടങ്ങൾ പ്രകാരം തുർക്കിയിലെ ഏറ്റവും ശാന്തമായ പ്രദേശമായ തെക്ക് മധ്യ ടോറസ് പർവതനിരയിലാണ് മോർക്ക ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ അവസാന എക്സിറ്റ് പോയന്‍റിൽ നിന്നാണ് മാർക്ക് ഡിക്കിയെ രക്ഷപ്പെടുത്തിയതെന്ന് ടർക്കിഷ് കേവിംഗ് ഫെഡറേഷൻ അറിയിച്ചു,
തെക്കൻ തുർക്കിയിലെ ടോറസ് പർവതനിരകളിലെ ഭൂഗർഭപാതകളിലെ വിദൂര സമുച്ചയമായ മോർക്ക ഗുഹയുടെ ആഴം പരിശോധിക്കുന്നതിനിടെയാണ് 40 കാരനായ പര്യവേക്ഷകന് വയറുവേദന അനുഭവപ്പെട്ടത്. ഈ സമയം അദ്ദേഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 1.3 കിലോമീറ്റർ (0.8 മൈൽ) ആഴത്തിലുള്ള അതിന്‍റെ ഏറ്റവും താഴ്ന്ന സ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ ലോകത്ത് നടന്നിട്ടുള്ള ഭൂഗർഭ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വച്ച് ഏറ്റവും വലുതും സങ്കീർണ്ണവുമായ ഭൂഗർഭ രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് ഇതെന്ന് സംഘാടകർ പറഞ്ഞു.
200 രക്ഷാപ്രവർത്തകരും സഹപര്യവേക്ഷകരും മെഡിക്കല്‍ സംഘവും അടങ്ങുന്ന ഒരു വലിയ അന്താരാഷ്‌ട്ര സംഘമാണ് അദ്ദേഹത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തില്‍ കൈ കോര്‍ത്തത്. ഗുഹയില്‍ കണ്ടെത്തിയ സ്ഥലത്ത് വച്ച് മെഡിക്കല്‍ സംഘം അദ്ദേഹത്തിന് ആദ്യം രക്തം നല്‍കി. പിന്നീട് സ്ട്രെച്ചറില്‍ കിടത്തിയായിരുന്നു അദ്ദേഹത്തെ സുരക്ഷിതമായി ഗുഹയ്ക്ക് പുറത്തെത്തിച്ചത്. ഗുഹയുടെ ഇടുങ്ങിയ വഴികളിലൂടെ കയര്‍ ഉപയോഗിച്ച് ലംബമായി കിടത്തി കെട്ടിവലിച്ചും ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇടവേള നല്‍കിയും മറ്റുമായിരുന്നു ഈ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്.
ആദ്യ ക്ലോണ്‍ ചെമ്മരിയാടായ 'ഡോളി'യുടെ സൃഷ്ടാവ്, ഇയാന്‍ വില്‍മുട്ട് അന്തരിച്ചു
(അമേരിക്കന്‍ പര്യവേക്ഷകന്‍ മാര്‍ക്ക് ഡിക്കിയുടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചിത്രം പകര്‍ത്തിയത് മുസ്തഫ ഉനല്‍ ഉയ്സല്‍/അനഡോലു ഏജന്‍സി / ഗെറ്റി)
പുറത്തെത്തിയ ഡിക്കി മാധ്യമങ്ങളോട് 'എന്‍റെ ജീവൻ രക്ഷിച്ചു' എന്നായിരുന്നു പറഞ്ഞത്. “എനിക്ക് ആവശ്യമായ മെഡിക്കൽ സപ്ലൈസ് ലഭിക്കാൻ തുർക്കി സർക്കാരിന്‍റെ പെട്ടെന്നുള്ള പ്രതികരണം സഹായിച്ചു. എന്‍റെ ജീവൻ രക്ഷിച്ചു,” എന്ന് ഡിക്കി കൂട്ടിച്ചേര്‍ത്തു. "അദ്ദേഹം പൊതുവെ നല്ല ആരോഗ്യവാനാണ്. അദ്ദേഹത്തിന് ദ്രാവകങ്ങൾ നൽകുന്നത് തുടരുന്നു," തുർക്കിയിലെ എമർജൻസി റെസ്‌പോൺസ് സർവീസ് അറിയിച്ചു. അദ്ദേഹത്തിന്‍റെ ആന്തരിക രോഗബാധ പരിഹരിച്ചെന്നും അറിയിപ്പില്‍ പറയുന്നു. ന്യൂയോർക്ക് സംസ്ഥാന സ്വദേശിയായ ഡിക്കി "അന്താരാഷ്ട്ര സ്പീലിയോളജിക്കൽ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന വ്യക്തിയാണ്, ഉയർന്ന പരിശീലനം ലഭിച്ച ഗുഹ പര്യവേക്ഷകന്‍." എന്നായിരുന്നു യൂറോപ്യൻ കേവ് റെസ്‌ക്യൂ അസോസിയേഷൻ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
ആഗസ്റ്റ് അവസാനം മുതൽ തെക്കൻ തുർക്കിയുടെ വിദൂര ഭാഗത്തുള്ള മോർക്ക ഗുഹയിലെ പര്യവേഷണത്തിന് മാർക്ക് ഡിക്കി നേതൃത്വം നൽകിയിരുന്നുവെന്ന് ഹംഗേറിയൻ കേവ് റെസ്ക്യൂ സർവീസ് അറിയിച്ചു. "ഗുഹയെക്കുറിച്ച് പരിചയമില്ലാത്ത ഒരാൾക്ക് അവിടെയെത്താൻ 15 മണിക്കൂർ വരെ എടുക്കും," 4C-6C വരെ ഈർപ്പമുള്ള അവസ്ഥയും താപനിലയും നേരിടേണ്ടിവന്നെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹെയ്റ്റ്മെയർ പറഞ്ഞു. 1000 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഗുഹ രക്ഷാപ്രവർത്തനങ്ങൾ താരതമ്യേന അപൂർവമാണെന്നിരിക്കെയാണ് ഡിക്കിയുടെ അത്ഭുകരമായ രക്ഷാപ്രവര്‍ത്തനം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക