ആ വീടിന് ചുറ്റുമിന്ന് കാടാണ്, പഴങ്ങളുണ്ട്, പക്ഷികളുണ്ട്, കുളവും മീനുമുണ്ട്; ഇതാണ് മനോജ് പകരുന്ന പ്രകൃതിപാഠം

ഭൂമിയുടെ വടക്കു-കിഴക്കെ മൂലയിലുള്ള പത്ത് സെന്റിലായിരുന്നു തുടക്കം. ഫലവൃക്ഷങ്ങൾ, വനവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തണൽമരങ്ങൾ തുടങ്ങിയവയുടെയെല്ലാം വിത്തുകൾ ശേഖരിച്ച് മണ്ണിൽ വിതച്ചു മനോജ്. മഴ പെയ്തപ്പോൾ ഈ വിത്തുകളെല്ലാം മുളച്ചു. ഒന്നരവർഷത്തോളം ഇത് തുടർന്നു. മണ്ണിലുണ്ടായ മാറ്റം കൗതുകകരമായിരുന്നു. 

Manoj Kumar from Edavanakkad grew a fruit forest

മനോജ് കുമാർ ഐ ബി, ഒന്നിന്റെയും വക്താവല്ല, പ്രചാരകനും. അനന്തമായ പ്രപഞ്ചത്തിൽ തന്നെപ്പോലെ മറ്റ് ജീവജാലങ്ങൾക്കും ഒരിടം നൽകണമെന്ന് കരുതുന്ന ഒരു പ്രകൃതിസ്‌നേഹി മാത്രമാണയാൾ. പ്രപഞ്ചമാണ് മനുഷ്യന്റെ യഥാർത്ഥ സത്തയും, ജീവനും എന്ന് വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ വീടിന് ചുറ്റും ഇപ്പോൾ കാടാണ്. ഇരുപത്തിമൂന്നു വർഷത്തെ അധ്വാനമാണ് ഒന്നരയേക്കറോളം വരുന്ന ആ പച്ചപ്പ്. ഫലവൃക്ഷക്കാവ് എന്ന് വിളിക്കുന്ന അവിടെ പടർന്ന് പന്തലിച്ചു നിൽക്കുന്ന അനേകം പ്ലാവും, മാവും, ആഞ്ഞിലിയും, റംബൂട്ടാനുമുണ്ട്. അതിന്റെ തണലിൽ സ്വച്ഛതയോടെ  ജീവിക്കുന്ന കിളികളും, ശലഭങ്ങളും, മറ്റ് ജീവജാലങ്ങളുമുണ്ട്. 

Manoj Kumar from Edavanakkad grew a fruit forest

മരങ്ങളൊന്നും വെട്ടാതെ, കരിയിലകൾ വാരാതെ, അക്ഷരാർത്ഥത്തിൽ കാടുപിടിച്ചു കിടക്കുന്ന ആ പറമ്പ് കണ്ട് ആദ്യം വീട്ടുകാരും നാട്ടുകാരും ഒരുപോലെ മുഖം ചുളിച്ചു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്ത് സമയം കളയുന്നതെന്ന് ചോദിച്ച് അദ്ദേഹത്തെ കളിയാക്കുന്നവരും കുറവായിരുന്നില്ല. എന്നാൽ, എല്ലാ ജീവജാലങ്ങൾക്കും പാർപ്പിടമൊരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ആ കാടിന്ന് ഒരു വലിയ ജൈവസമ്പത്തായി മാറിയിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇന്നവിടെ ശുദ്ധമായ വായുവും, ജലവും, കലർപ്പില്ലാത്ത പഴങ്ങളും പച്ചക്കറികളും സുലഭമാണ്.  

തുടക്കം പത്തുസെന്റിൽ

എറണാകുളം ജില്ലയിലെ എടവനക്കാട്ട് സ്വദേശിയാണ് മനോജ്. ഒരു ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ബിരുദധാരിയായ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പലരും വിദേശത്ത് ലക്ഷങ്ങൾ സമ്പാദിക്കുമ്പോൾ മനോജ് ആഗ്രഹിച്ചത് പ്രകൃതിയോട് ചേർന്ന് ജീവിക്കാനായിരുന്നു. വേറിട്ട ഈ ജീവിതരീതി തിരഞ്ഞെടുക്കാൻ കാരണം പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന ജോൺസി മാഷിന്റെ (ജോൺ.സി.ജേക്കബ്) പ്രസാദം എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളായിരുന്നു. ആ ലേഖനങ്ങൾ വായിച്ചപ്പോൾ തനിക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് മനോജിന് തോന്നി. ഫൂക്കോവോക്കയുടെ 'ഒറ്റവൈക്കോൽ വിപ്ലവം' എന്ന പുസ്തകവും അദ്ദേഹത്തിന് പ്രചോദനമായി. 

Manoj Kumar from Edavanakkad grew a fruit forest

ജോൺ.സി.ജേക്കബ്, ചിത്രത്തിന് കടപ്പാട്: ജോൺ.സി.ജേക്കബ്, ഫേസ്ബുക്ക് പേജ്

ഭൂമിയുടെ വടക്കു-കിഴക്കെ മൂലയിലുള്ള പത്ത് സെന്റിലായിരുന്നു തുടക്കം. ഫലവൃക്ഷങ്ങൾ, വനവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തണൽമരങ്ങൾ തുടങ്ങിയവയുടെയെല്ലാം വിത്തുകൾ ശേഖരിച്ച് മണ്ണിൽ വിതച്ചു മനോജ്. മഴ പെയ്തപ്പോൾ ഈ വിത്തുകളെല്ലാം മുളച്ചു. ഒന്നരവർഷത്തോളം ഇത് തുടർന്നു. മണ്ണിലുണ്ടായ മാറ്റം കൗതുകകരമായിരുന്നു. പതുക്കെപ്പതുക്കെ മണ്ണിരകൾ, ചിലന്തികൾ, വണ്ടുകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ ഇവയെല്ലാം വരാൻ തുടങ്ങി. കരിയിലകൾ, തെങ്ങിന്റെ ഓല, കൊതുമ്പ്, ഉണങ്ങിയ മരക്കമ്പുകൾ അങ്ങനെ കിട്ടാവുന്ന ജൈവവസ്തുക്കളെല്ലാം ശേഖരിച്ച് പത്ത് സെന്റ് സ്ഥലത്ത് പുതയിടും. അവ മണ്ണിൽ അലിഞ്ഞ് ചേർന്ന് മരത്തിനുള്ള വളമായിത്തീരും.

Manoj Kumar from Edavanakkad grew a fruit forest

മണ്ണിൽ വെട്ടും, കിളയും തീയിടലുമൊന്നുമില്ല. ഒന്നിനെയും മുറിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അവ സ്വാഭാവികമായി വളരുകയായിരുന്നു. കൂടാതെ പറമ്പിൽ വളരുന്ന പുല്ല് പറിച്ച് കളയാറില്ല. മണ്ണിനെ ഒരു പുതപ്പ് കണക്കെ അത് സംരക്ഷിക്കുന്നു. ഇതുവഴി മണ്ണിൽ എപ്പോഴും ഈർപ്പം നിലനിൽക്കുകയും, ജലസേചനത്തിന്റെ ആവശ്യം കുറയ്ക്കുകയും ചെയ്യുന്നു. രാസപദാർത്ഥങ്ങളൊന്നും തന്നെ മണ്ണിൽ ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. 

"പകരം കൃഷിയിടത്ത് സമൃദ്ധി കൊണ്ടുവരുന്ന മണ്ണിരകൾ, സൂക്ഷ്മജീവികൾ, ചിതലുകൾ, ഉറുമ്പുകൾ എന്നിവയ്ക്കായി നമുക്ക് ആ ഇടം വിട്ടുകൊടുക്കാം" മനോജ് പറയുന്നു.

പഴങ്ങളുണ്ട്, പക്ഷികളുണ്ട്, കുളവും മീനുകളുമുണ്ട്

ഇന്ന് തേക്ക്, മുള ആഞ്ഞിലി, മഹാഗണി, ചെമ്പകം തുടങ്ങിയ മരങ്ങളും, സീതപ്പഴം, സപ്പോട്ട,  പ്ലാവ്, മാവ് തുടങ്ങിയ ഫലവൃഷങ്ങളും അവിടെയുണ്ട്. ആനറാഞ്ചി, ഉപ്പൻ, തേൻകുരുവി, മണ്ണാത്തി പുള്ള്, നീർക്കാക്ക തുടങ്ങി ഇന്നത്ര എളുപ്പത്തിൽ നമ്മുടെ ചുറ്റും കാണാനാവാത്ത പക്ഷികളെയും അവിടെ കാണാം. കൂടാതെ പറമ്പിലുള്ള രണ്ടു കുളങ്ങളിലായി ആമകളും, മീനുകളുമുണ്ട്. തിരക്കേറിയ നമ്മുടെ ജീവിതത്തിൽ ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അദ്ദേഹത്തിന് പറയാൻ ഒന്നേയുള്ളൂ, നിങ്ങൾക്ക് കുറേകാര്യങ്ങൾ ചെയ്യാതിരുന്നും പ്രകൃതിയെ സ്നേഹിക്കാം. ഉദാഹരണത്തിന്, മരങ്ങൾ മുറിക്കാതിരിക്കാം, കുളങ്ങൾ മൂടാതിരിക്കാം, കരിയിലകൾ പെറുക്കാതിരിക്കാം. ഇത്തരം നിസ്സാരമായ കാര്യങ്ങൾ ചെയ്തും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. മനോജ് ഇന്ന് സ്കൂളുകളിലും കോളേജുകളിലും, ശലഭോദ്യാനവും, മുളങ്കാടുകളും, ഔഷധത്തോട്ടവും എല്ലാം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ആവശ്യക്കാർക്ക് വിത്ത് വിതരണവും നടത്തുന്നു. കൂടാതെ ഫ്രീലാൻസറായി കംപ്യൂട്ടർ ഡാറ്റ റിക്കവറിയും അദ്ദേഹം ചെയ്യുന്നുണ്ട്.

Manoj Kumar from Edavanakkad grew a fruit forest

മനോജിന് സ്വന്തമായി, കാറോ, ബൈക്കോ ഒന്നുമില്ല, ഉള്ളത് ഒരു സൈക്കിൾ മാത്രം. ജോലിയാവശ്യങ്ങൾക്കല്ലാത്ത യാത്രകൾ മിക്കതും അതിലാണ്. കൂടുതൽ ദൂരം പോകേണ്ടി വന്നാൽ മാത്രം ബസിനെ ആശ്രയിക്കുന്നു. ചെരുപ്പിടാതെയാണ് അദ്ദേഹം പറമ്പിലെല്ലാം നടക്കുന്നത്. മണ്ണിൽ ചവിട്ടി നടക്കുന്നത് മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന കാര്യമാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുപോലെ തന്നെ കാവിൽ വളരുന്ന പഴങ്ങളും പച്ചക്കറികളുമാണ് പ്രധാന ആഹാരം. പരമാവധി പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കും. കുടിക്കാൻ തെളിനീരുപോലുള്ള ജലവും അവിടെ ലഭ്യമാണ്. അദ്ദേഹത്തിന്റെ ഈ പ്രകൃതിയോടിണങ്ങിയ ജീവിതരീതി കൊണ്ടുതന്നെ ഇക്കണ്ട കാലത്തിനിടയ്ക്ക് തനിക്ക് ഒരു ഡോക്ടറെ പോലും കാണേണ്ടി വന്നിട്ടില്ല എന്നദ്ദേഹം പറയുന്നു.

പ്രകൃതി തന്നെ ദൈവമാണ്

നാം പലപ്പോഴും ആരോഗ്യത്തെയും ഭക്ഷണശീലത്തെയും കുറിച്ച് ആവലാതിപ്പെടുമ്പോൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, ശുദ്ധവായു. ഇന്ന് കാടെല്ലാം നാടാകുമ്പോൾ, നാം നേരിടുന്ന ഒരു വലിയ വിപത്താണ് വായുമലിനീകരണം. നഗരങ്ങളെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് എന്നദ്ദേഹം പറയുന്നു. "മരങ്ങൾ നട്ട്, അത് വളർന്ന് വായു ശുദ്ധീകരിക്കുമെന്നത് പ്രായോഗികമല്ല. കാരണം ഒരു മരം നട്ടാൽ വർഷങ്ങളെടുക്കും അതിൽനിന്ന് പ്രതീക്ഷിക്കുന്ന ഫലം കിട്ടാൻ. അതേസമയം ആ മരങ്ങളുടെ സ്ഥാനത്ത് പെട്ടെന്ന് വളരുന്ന മുളഉദ്യാനങ്ങൾ വച്ച് പിടിപ്പിച്ചാൽ കുറച്ചുകൂടി വേഗത്തിൽ ഗുണം ലഭിക്കും" അദ്ദേഹം പറയുന്നു. മുളയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. ലഭ്യമായ ചെറിയ സ്ഥലങ്ങളിലും അത് നട്ട് പിടിപ്പിക്കാം, അങ്ങനെ നഗരങ്ങളിൽ അങ്ങിങ്ങായി പ്രകൃതിദത്ത ഓക്സിജൻ പാർലറുകൾ നമുക്ക് ഉണ്ടാക്കിയെടുക്കാമെന്നും മലിനീകരണം ഒരു പരിധിവരെ തടയാമെന്നും അദ്ദേഹം പറയുന്നു.

Manoj Kumar from Edavanakkad grew a fruit forest

വികസനത്തിന്റെ പേരിൽ കാട് കയ്യേറുമ്പോഴും, പാടം നികത്തി കെട്ടിടങ്ങൾ പണിയുമ്പോഴും, ആകാശസൗധങ്ങൾ പടുത്തുയർത്തുമ്പോഴും, നാം നൽകേണ്ടി വരുന്ന വില വളരെ വലുതാണ്. ഇന്ന് പ്രകൃതി ദുരന്തങ്ങളും, ജലദൗർലഭ്യവും നേരിടുന്ന കേരളത്തിന് വലിയ ഒരു പാഠമാണ് മനോജ് പകർന്ന് നൽകുന്നത്. പ്രകൃതിയേക്കാൾ വലിയൊരു ഗുരുവില്ലെന്നും, പ്രപഞ്ചത്തെക്കാൾ വലിയൊരു സത്യമില്ലെന്നും വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ധ്യാനവും, യോഗയും ഇഴുകിച്ചേർന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ കിളികളുടെ ചിലപ്പും, ഇലകളുടെ മർമ്മരവും, മുളങ്കാടിന്റെ ചൂളംവിളിയും നിലക്കാത്ത സംഗീതം പകരുന്നു. നാം ഓരോരുത്തരും വിചാരിച്ചാൽ ഈ ഭൂമിയെത്തന്നെ ഒരു സ്വർഗ്ഗമാക്കി മാറ്റാമെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് അദ്ദേഹം.    

(മനോജ് കുമാറിനെ വിളിക്കാം, നമ്പർ: 9847446918)

Latest Videos
Follow Us:
Download App:
  • android
  • ios