'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചുകേള്‍ക്കാന്‍ അക്ബര്‍ ആഗ്രഹിച്ചിരുന്നോ? ഇന്നത്തെ ഇന്ത്യയില്‍ അക്ബറിന്‍റെ പ്രാധാന്യമെന്ത്?
പണ്ടുകാലത്തും രണ്ട് മതത്തില്‍പ്പെട്ടവര്‍, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്‍ലിംകളും തമ്മില്‍ ഉരസലൊക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, മതമൊരിക്കലും വലിയ തരത്തിലുള്ളൊരു സംഘട്ടനത്തിനോ കലാപത്തിനോ കാരണമായിരുന്നില്ല.
മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് അക്ബറിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകനും ചരിത്രതല്‍പരനുമായ മണിമുഗ്‍ധ ശര്‍മ്മയുടെ പുസ്‍തകം ചര്‍ച്ചയാവുന്നു. 'ചരിത്രത്തില്‍ സംഭവിച്ചിരുന്ന അതേ രാഷ്ട്രീയം വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആ ചരിത്രത്തെ പഠിക്കേണ്ടതുണ്ട്' എന്നാണ് പുസ്‍തകമെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് ശര്‍മ്മ വിശദീകരിക്കുന്നത്. Allahu Akbar: Understanding the Great Mughal in Today’s India എന്നാണ് പുസ്‍തകത്തിന്‍റെ പേര്. അസ്സമില്‍ നിന്നുള്ള ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മാധ്യമ പ്രവര്‍ത്തകനാണ് ശര്‍മ്മ. ഒക്ടോബര്‍ 15 -നാണ് അക്ബറിനെ കുറിച്ചുള്ള ശര്‍മ്മയുടെ പുസ്‍തകം പ്രകാശനം ചെയ്‍തത്. ഒപ്പം ഗുവാഹട്ടിയിലെ 21 -ാമത് നോര്‍ത്ത് ഈസ്റ്റ് ബുക്ക് ഫെസ്റ്റിവലിലും പുസ്‍തകം പ്രകാശനം ചെയ്‍തു.
ചരിത്രം മഹാന്മാരായിക്കണ്ടവര്‍ വളരെ പെട്ടെന്നുതന്നെ വില്ലന്‍മാരായി മാറുന്ന കാലത്ത് ശര്‍മ്മയുടെ പുസ്‍തകം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍. "എന്റെ പുസ്തകം പ്രധാനമായും അക്ബറിനെ അദ്ദേഹത്തിന്‍റെ അതേ അവസ്ഥയിൽത്തന്നെ മനസിലാക്കാനുള്ള ശ്രമമാണ്. അതേസമയം, അദ്ദേഹത്തിനും മുഗളർക്കും ചുറ്റുമുള്ള രാഷ്ട്രീയം കൃത്യമായി എവിടെയാണെന്ന് വിശകലനം ചെയ്യുക, ആഗോള പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതം എവിടെയാണ് എന്നത് മനസിലാക്കുക എന്നതും അതിലുണ്ട്'' ശര്‍മ്മ പറഞ്ഞു.
പണ്ടുകാലത്തും രണ്ട് മതത്തില്‍പ്പെട്ടവര്‍, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്‍ലിംകളും തമ്മില്‍ ഉരസലൊക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, മതമൊരിക്കലും വലിയ തരത്തിലുള്ളൊരു സംഘട്ടനത്തിനോ കലാപത്തിനോ കാരണമായിരുന്നില്ല. ഹിന്ദുക്കളോ മുസ്‍ലിംകളോ എന്നതിന്‍റെ പേരില്‍ ആളുകളെ ഒന്നിപ്പിക്കാനോ കലാപത്തിന് കോപ്പുകൂട്ടാനോ അന്ന് സാധിച്ചിരുന്നില്ല. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് നിങ്ങളുടെ വ്യക്തിത്വം പോലും നിങ്ങളുടെ മതത്തെ ആശ്രയിച്ചാണ് കണക്കാക്കപ്പെടുന്നത്. മെർട്ടയിലെ രജപുത്ര ഭരണാധികാരി ജയമൽ ഒരിക്കൽ മെർട്ട കോട്ട ഏറ്റെടുക്കാൻ സഹായം തേടി അക്ബറിനടുത്തെത്തിയിരുന്നു. എന്നാല്‍, പിന്നീട് അതുമാറി അക്ബറിനെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നും ശര്‍മ്മ പറയുന്നു. അന്നും മതമുണ്ടായിരുന്നു. അത് നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍മ്മിക്കുന്ന അനേകം ഘടകങ്ങളില്‍ ഒന്നുമാത്രമായിരുന്നു. എന്നാല്‍, അത് മാത്രമായിരുന്നില്ല നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകം.
പത്തൊമ്പതാമത്തെ നൂറ്റാണ്ട് മുതലാണ് മതകലാപങ്ങള്‍ ഇന്ത്യയിലുണ്ടായിത്തുടങ്ങിയത്. കോളനിഭരണകാലത്ത് മുസ്‍ലിം ഭരണത്തില്‍നിന്നും ഹിന്ദുക്കളെ രക്ഷിച്ചത് നമ്മള്‍ ബ്രിട്ടീഷുകാരാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബ്രിട്ടീഷുകാരും ശ്രമിച്ചിരുന്നു.
സാമുദായിക രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, ''ആധുനിക കാലത്തെ രാഷ്ട്രീയം പ്രധാനമായും ജാതിയിലധിഷ്ഠിതമാണ്. അത് സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിച്ചിരിക്കുന്നു. ജാതിയുടെ പേരില്‍ മാത്രം നിലനില്‍ക്കുന്ന പാര്‍ട്ടിയുണ്ട്. നിങ്ങളുടെ മതം കാരണമാണ് ഈ പാര്‍ട്ടികള്‍ നിലവില്‍ വന്നിരിക്കുന്നത്. അതങ്ങനെ നിലനില്‍ക്കെ ജാതീയമായ വ്യത്യാസങ്ങളും മതപരമായ വ്യത്യാസങ്ങളും ഉണ്ടാകും. അത് ഈ വ്യത്യസ്ത സമുദായങ്ങളില്‍ ഭിന്നത സൃഷ്‍ടിക്കുമെന്നും ഉറപ്പാണ്. യാദൃച്ഛികമെന്ന് പറയട്ടെ ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതല്ല. ലോകത്തെല്ലായിടത്തും ഇങ്ങനെ തന്നെയാണിന്ന്. ഇന്ത്യയിലെ മതപരമായ ഐഡന്‍റിറ്റികള്‍ കുറച്ചുകൂടി ശക്തമാണെന്ന് മാത്രം. അത് ഇന്ത്യയിൽ മാത്രം ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദക്ഷിണേഷ്യയിലെ മുഴുവൻ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും അതങ്ങനെ തന്നെയാണ്.''
വിഭജനകാലത്തെ അപേക്ഷിച്ച് പാകിസ്ഥാന്‍ അതില്‍നിന്നും വ്യത്യസ്‍തമായി സഞ്ചരിക്കുന്നുണ്ട്. എല്ലാ തരത്തിലുംപെട്ട ആളുകള്‍ക്കനുകൂലമായ പരിസരം അവര്‍ സൃഷ്ടിക്കുന്നുണ്ട്. കര്‍ത്താപൂര്‍ ഇടനാഴി തുറക്കുന്നതും നേരത്തെ ഇല്ലാത്തവണ്ണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഹിന്ദുക്കള്‍ക്കൊപ്പം ദിവാലി ആഘോഷിച്ചതുമെല്ലാം അതിനുദാഹരണങ്ങളാണ്. അതേസമയം, ഇന്ത്യ സഞ്ചരിക്കുന്നത് 1947 -ല്‍ അയല്‍ക്കാര്‍ സ്വീകരിച്ച വഴികളിലേക്കാണ്. അതില്‍നിന്നും പാഠം പഠിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.
തന്‍റെ പുസ്തകത്തിന്റെ പേരിനെ കുറിച്ച് ശർമ്മ പറഞ്ഞത് ഇങ്ങനെയാണ്, '' അല്ലാഹു അക്ബര്‍ എന്നതിലെ ഒരു അവ്യക്തത അക്ബറിനിഷ്ടമായിരുന്നു. അല്ലാഹു അക്ബര്‍ എന്ന വാക്കിനര്‍ത്ഥം 'ദൈവം വലിയവനാകുന്നു' എന്നാണ്. എന്നാല്‍, അക്ബറിനെ ദൈവത്തോട് ഉപമിക്കുന്നതായും വേണമെങ്കില്‍ ഇതിനെ കണക്കാക്കാം. ഒരു യുദ്ധത്തിലെ വിജയത്തിനുശേഷം, അക്ബറിന്റെ മുഴുവൻ അനുയായികളും അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുപറയാൻ തുടങ്ങിയ ഒരു സംഭവത്തെക്കുറിച്ചും ശര്‍മ്മ പറഞ്ഞു. ഒരുതരത്തിൽ അവർ ദൈവത്തെ വിളിച്ചപേക്ഷിക്കുകയാണെന്നും എന്നാൽ അതേസമയം, അക്ബര്‍ എന്താണ് കേള്‍ക്കാനാഗ്രഹിക്കുന്നതെന്ന് മനസിലാക്കി അതുവിളിച്ച് അവര്‍ തന്‍റെ ഭരണാധികാരിയെ സന്തോഷിപ്പിക്കുകയായിരുന്നുവെന്നും പറയാം.''
ഇന്നും രാഷ്ട്രീയനേതാക്കള്‍ മതത്തെ അതുപോലെ തന്നെയാണ് ഉപയോഗിക്കുന്നത്. 2014 -ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയില്‍നിന്ന് മത്സരിക്കുന്ന സമയം. അന്ന്, മോദി ആരാധകര്‍ 'ഹര ഹര മോദി' (har har modi) എന്നാണ് വിളിച്ചത്. അതാണ് മതത്തെയും അതിലുപയോഗിക്കുന്ന വാക്കുകളെയും ഒരു പ്രത്യേക രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. അയാളെ നിങ്ങള്‍ ദൈവത്തിന് തുല്ല്യമായി ഉയര്‍ത്തുകയാണ്. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം നിങ്ങള്‍ സൃഷ്‍ടിക്കുകയാണ്. ആളുകള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചു തുടങ്ങുകയാണ്. അതുതന്നെയാണ് അക്ബറിന്‍റെ കാര്യത്തിലും സംഭവിച്ചത്. അക്ബറും ഒരു ദൈവികതയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. നമ്മുടെ ചക്രവർത്തി ദൈവത്തെപ്പോലെയാണ് എന്ന് പറയുംപോലെ. അതുകൊണ്ടാണ് ഞാൻ ഈ പേര് തന്നെ എന്‍റെ പുസ്‍തകത്തിന് തെരഞ്ഞെടുത്തത്. അക്ബറിനെക്കുറിച്ച് കൂടുതൽ വായിക്കാനും അറിയാനും ഇത് ആളുകളെ ജിജ്ഞാസുക്കളാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ശര്‍മ്മ പറയുന്നു.
ഇന്ത്യയിൽ 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നടന്ന യുദ്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് അലാവുദ്ദീൻ ഖൽജിയുടെയും മറ്റൊരാളുടെയും ജീവചരിത്രവും കൂടി ശര്‍മ്മ എഴുതുന്നുണ്ട്. 2020 -ല്‍ ഈ പുസ്‍തകം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.