അമ്മയെയും മകളെയും വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ ഗോത്രം !
വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.
ഓരോ രാജ്യത്തിന്‍റെയും വിദൂര പ്രദേശങ്ങളില്‍ പൊതുസമൂഹത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹിക ക്രമം ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഏറെ വിചിത്രമെന്ന് തോന്നുന്ന ഒരു വിവാഹ ആചാരം നിലനില്‍ക്കുന്ന സമൂഹമാണ് ബംഗ്ലാദേശിന്‍റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന മണ്ഡി സമൂഹം പിന്തുടരുന്നത്. ഈ സമൂഹത്തിന്‍റെ വിവാഹ രീതി അനുസരിച്ച് രണ്ടാനച്ഛന്‍ അമ്മയെയും മകളെയും വിവാഹം ചെയ്യുന്നു. വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.
ബംഗ്ലാദേശിലെ തംഗയിൽ ജില്ലയിലെ മധുപൂർ വനാന്തരത്തില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവർഗ്ഗക്കാരാണ് മണ്ഡി സമൂഹം എന്ന് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഈ "സാൽ" വനത്തിൽ അവരുടെ സ്വന്തം മതവും സംസ്കാരവും ജീവിതരീതിയുമായി ജീവിക്കുന്നു. ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഗാരോ സംഗീതവും മതവും ബുദ്ധമതത്തിനു മുമ്പുള്ളതും തെക്കുപടിഞ്ഞാറൻ ചൈനയിലും പടിഞ്ഞാറൻ ടിബറ്റിലും ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വനാന്തരങ്ങളില്‍ കൃഷി ചെയ്യുന്ന സമൂഹം പിന്നീട് ഇവിടം ഉപേക്ഷിച്ച് മറ്റൊരു വനപ്രദേശം വെട്ടിത്തളിച്ച് അവിടെ കൃഷി ഇറക്കുന്നു. 1927 ല്‍ ബ്രീട്ടീഷുകാരുടെ അധിക്രമിച്ച് കയറ്റത്തോടെ ഈ കൃഷി രീതി ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, സാമൂഹികമായ വ്യത്യാസങ്ങളെ ഇന്നും ഇവര്‍ കൂടെ കൊണ്ട് നടക്കുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് അമ്മയെയും മകളെയും വിവാഹം കഴിക്കാനുള്ള രണ്ടാനച്ഛന്‍റെ അവകാശം.
രണ്ടാമതും വിവാഹിതയാകുന്ന സ്ത്രീയുടെ മകള്‍ ചെറിയ കുട്ടിയാണെങ്കില്‍ അവള്‍ പ്രായപൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്ന് മാത്രം. ഇത്തരത്തില്‍ മകളെ കൂടി വിവാഹം കഴിക്കാന്‍ അനുവദിക്കുമെങ്കില്‍ മാത്രമേ മണ്ഡി സമൂഹത്തിലെ വിധവകളായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് അനുമതിയൊള്ളൂ. ഒരേ സമയം അമ്മയെയും മകളെയും വിവാഹം ചെയ്യുമെങ്കിലും സ്വന്തം മകളെ പുരുഷന്‍മാര്‍ വിവഹം ചെയ്യുന്ന പതിവ് ഈ സമൂഹത്തിലില്ല. 2000 ത്തിന്‍റെ തുടക്കത്തില്‍ ഗോത്രത്തിലെ ഒറോള എന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഈ വിചിത്രമായ വിവാഹ രീതി പുറം ലോകമറിയുന്നത്. തന്‍റെ ജീവശാസ്ത്ര പിതാവ് മരിച്ചപ്പോൾ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അന്ന് മൂന്ന് വയസായിരുന്ന തന്നെ കൂടി വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീട് പ്രായപൂര്‍ത്തിയായപ്പോള്‍ അതുവരെ രണ്ടാനച്ഛനായിരുന്ന അയാള്‍ തന്‍റെ ഭര്‍ത്താവായെന്നുമായിരുന്നു ഒറോളയുടെ വെളിപ്പെടുത്തല്‍.