കബളിപ്പിച്ചത് 700 സ്ത്രീകളെ, അതും ബ്രസീലിയന്‍ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച്; ഒടുവില്‍ പോലീസ് പിടിയില്‍
ബ്രസീലിയന്‍ മോഡലിന്‍റെ ഫോട്ടോ കാണിച്ചാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. പിന്നീട് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് ബ്ലാക്ക് മെയിലിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
അമേരിക്കയിൽ നിന്നുള്ള മോഡലായി അഭിനയിച്ച് ഡേറ്റിംഗ് ആപ്പുകളിലൂടെ 700 -ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവ് പിടിയിൽ. 23 കാരനായ ഡൽഹി സ്വദേശിയായ തുഷാർ ബിഷ്ത് എന്ന യുവാവാണ് ഒടുവില്‍ പോലീസിന്‍റെ പിടിയിലായത്. ഒരു ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോകൾ തന്‍റെതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
ബംബിൾ, സ്‌നാപ്‍ചാറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ യുവതികളുമായ സൗഹൃദത്തിലാകുകയും പിന്നീട് പ്രണയം നടിച്ച് ഇവരെ കബളിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. താനുമായി പ്രണയത്തിലാകുന്ന പെൺകുട്ടികളിൽ നിന്ന് ആദ്യം അവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും തന്ത്രപൂർവ്വം കൈക്കലാക്കും. തുടർന്ന് ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. 700 -ലധികം സ്ത്രീകളെ ഇത്തരത്തിൽ കബളിപ്പിച്ച തുഷാർ ബിഷ്തിനെ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സൈബർ പോലീസ് അറസ്റ്റ് ചെയ്തതായാണ് ദില്ലി പോലീസിന്‍റെ പ്രസ്താവനയിൽ പറയുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഫ്രീലാൻസ് മോഡൽ എന്ന വ്യാജേന തുഷാർ വെർച്വൽ ഇന്‍റർനാഷണൽ മൊബൈൽ നമ്പറും ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോകളും ഉപയോഗിച്ച് വ്യാജ വ്യക്തിത്വം സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകളുമായി ബന്ധപ്പെടാൻ ഇയാൾ വ്യത്യസ്തങ്ങളായ വ്യാജ പ്രൊഫൈലുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വിവിധ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ സജീവമായ 18 -നും 30 -നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് തുഷാർ ലക്ഷ്യം വെച്ചിരുന്നത്.
ആദ്യം യുവതികളുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് പ്രണയം നടിച്ച് അവരുടെ വിശ്വാസം നേടിയെടുത്ത് ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടർന്ന് പണം തന്നില്ലെങ്കിൽ അവ ഇൻറർനെറ്റിൽ പരസ്യപ്പെടുത്തുമെന്നും ഡാർക്ക് വെബ്ബിൽ വിൽക്കുമെന്നും അവരെ ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ടു പോകുന്ന യുവതികൾ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകും. പ്രാഥമിക അന്വേഷണത്തിൽ തുഷാർ ബംബിളിൽ 500 സ്ത്രീകളുമായും സ്‌നാപ്ചാറ്റിലും വാട്ട്‌സ്ആപ്പിലും മറ്റ് 200 സ്ത്രീകളുമായും ആശയവിനിമയം നടത്തിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇയാളുടെ മൊബൈൽ ഫോണിൽ ഇരകളിൽ നിന്നും കൈക്കലാക്കിയ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. വിവിധ ബാങ്കുകളുമായി ബന്ധിപ്പിച്ച 13 ക്രെഡിറ്റ് കാർഡുകളും പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 2023 ഡിസംബർ 13 -ന് ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തിറങ്ങിയത്. പ്രതിയുമായി യുവതി ഒരു വർഷം മുമ്പ് ബംബിളിലൂടെയാണ് പരിചയത്തിലായത്. ഷകർപൂരിൽ നിന്നുള്ള ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ് തുഷാർ ബിഷ്ത്. ബിബിഎ ബിരുദധാരിയായ ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയായിരുന്നു. ദില്ലിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി 60 -ലധികം സ്ത്രീകളുമായി നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ഇയാളുടെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.