വൈറലായി പനീറിന് മുകളിലിരിക്കുന്നയാളുടെ ചിത്രം, വിശ്വസിച്ചെങ്ങനെ പനീർ വാങ്ങുമെന്ന് സോഷ്യൽ മീഡിയ
ഈ പനീർ പാക്ക് ചെയ്ത് വില്പനയ്ക്ക് എത്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നും ചിത്രം കണ്ടവർ ആശങ്കപ്പെട്ടു.
പലരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പനീർ. സ്ഥിരമായി കടയിൽ നിന്നും മറ്റും പനീർ വാങ്ങുന്നവരെയും ഉപയോഗിക്കുന്നവരെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പനീർ ഉണ്ടാക്കുന്നതിനിടയിൽ ഒരു തൊഴിലാളി അതിനു മുകളിലിരുന്ന് വിശ്രമിക്കുന്നതിന്റെ എന്ന് കരുതാവുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്രമാത്രം വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ ഒരു ഭക്ഷ്യവസ്തു നിർമ്മിക്കുന്നത് എന്ന ചോദ്യമാണ് ഈ ചിത്രം കാണുന്നവരുടെ മനസ്സിൽ ആദ്യം ഉയരുക.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ 'X' -ൽ, @zhr_jafri എന്ന ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. പനീറിന്റെ മുകളിൽ ഒരു പാത്രം കമിഴ്ത്തി വെച്ച് അതിനുമുകളിൽ ഇരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇത്. ഒരു ലുങ്കി മാത്രമാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ഒരിക്കലും ബ്രാൻഡഡ് അല്ലാത്ത പനീർ വാങ്ങരുത് എന്ന നിർദ്ദേശം ജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് താൻ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്നാണ് ഇദ്ദേഹം പറയുന്നത്.
പോസ്റ്റ് ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ പുറത്തുനിന്ന് വാങ്ങി തങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട വലിയ ആശങ്കയാണ് ഉയരുന്നത്. ഈ പനീർ പാക്ക് ചെയ്ത് വില്പനയ്ക്ക് എത്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നും ചിത്രം കണ്ടവർ ആശങ്കപ്പെട്ടു.
ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ളതാണ് ഈ ചിത്രം എന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥിരീകരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുവിപണിയിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2019 -ൽ മഹാരാഷ്ട്രയിലെ വസായിലെ രണ്ട് പാൽ ഡയറികളിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച 2,000 കിലോ പനീർ അധികൃതർ പിടിച്ചെടുത്തിരുന്നു.
വായിക്കാം: പുലര്‍ച്ചെ റെയിൽവേ സ്റ്റേഷനിൽ ഒരു കാട്ടാന, പരിഭ്രമിച്ച് യാത്രക്കാര്‍, വൈറലായി രംഗങ്ങൾ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: