അലിഖാൻ എന്ന ഛോട്ടാസിംഗ്, വിഭജനത്തിൽ ഒറ്റക്കായി, സിഖ് കുടുംബം വളർത്തി, ഒടുവിൽ പാകിസ്ഥാനിലെ ബന്ധുക്കൾക്കൊപ്പം
ഗ്രാമത്തിലുള്ളവർ വലിയ സ്നേഹത്തോടെയാണ് ഛോട്ടാ സിംഗിനെ യാത്രയാക്കിയത്. തന്നെ അത്രയും നാൾ സ്വന്തം പോലെ നോക്കിയ ഗുൽസാർ സിംഗിനും കുടുംബത്തിനും അദ്ദേഹം തന്റെ സ്നേഹമറിയിച്ചു.
ചരിത്രത്തിലൂടെ കടന്നു പോവുകയാണെങ്കിൽ ഒരുപാട് മനുഷ്യരെ വേദനയിലാഴ്ത്തിയ സംഭവമാണ് 1947 -ലെ ഇന്ത്യ-പാക് വിഭജനം എന്ന് കാണാൻ സാധിക്കും. ഒരുപാട് പേർക്ക് അന്ന് ജനിച്ചു വളർന്ന വീടിനെയും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഒരു വിഭജനത്തിന്റെ നോവും പേറി ജീവിക്കുന്ന ഒരാൾ വർഷങ്ങൾക്കുശേഷം തന്റെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള ഒരു 85 -കാരനാണ് എന്നോ നഷ്ടപ്പെട്ടുപോയ പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തെ കണ്ടുമുട്ടിയിരിക്കുന്നത്. ഒരു കുഞ്ഞായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് തന്റെ വീട്ടുകാരെ നഷ്ടപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, അലി ഖാൻ എന്ന ഛോട്ടാ സിംഗ് അന്നത്തെ അക്രമാസക്തമായ കലാപത്തിനിടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു, അവൻ്റെ അമ്മായി കലാപത്തിനിടെ കൊല്ലപ്പെട്ടു. ഈ സമയത്ത്, ഗുൽസാർ സിംഗ് എന്ന സിഖുകാരനാണ് ഛോട്ടാ സിംഗിനെ ദത്തെടുത്ത് തൻ്റെ മകനെ പോലെ വളർത്തിയത്.
എങ്കിലും എപ്പോഴും തന്റെ കുടുംബത്തെ ഒന്ന് കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ഛോട്ടാ സിംഗ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് ഇപ്പോൾ പതിറ്റാണ്ടുകൾക്ക് ശേഷം സഫലമായിരിക്കുന്നത്. പ്രദേശത്തെ ഒരു ഡോക്ടറുടെയും ഒരു പാകിസ്ഥാനി യൂട്യൂബറുടെയും സഹായത്തോടെയാണ് സിംഗിന് തന്റെ കുടുംബത്തെ കണ്ടെത്താനായത്.
സിംഗിൻ്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് പാകിസ്ഥാനിലെ തോബ ടെക് സിംഗ് ഏരിയയിലുള്ള അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ അടുത്തുമെത്തി. തോബ ടെക്ക് സിംഗ് നിവാസിയായ യൂട്യൂബർ ഡോ മുഹമ്മദ് അഹ്‌സൻ കുടുംബത്തെ സമീപിക്കുകയും സിംഗിനെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്തു. താമസിയാതെ, അവരെ വീണ്ടും ഒന്നിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ഒടുവിൽ, 85 -കാരനായ ഛോട്ടാ സിംഗ് പാകിസ്ഥാനിലേക്കുള്ള വിസ നേടി.
ഗ്രാമത്തിലുള്ളവർ വലിയ സ്നേഹത്തോടെയാണ് ഛോട്ടാ സിംഗിനെ യാത്രയാക്കിയത്. തന്നെ അത്രയും നാൾ സ്വന്തം പോലെ നോക്കിയ ഗുൽസാർ സിംഗിനും കുടുംബത്തിനും അദ്ദേഹം തന്റെ സ്നേഹമറിയിച്ചു. ഛോട്ടാ സിംഗിന്റെ കുടുംബവും പാകിസ്ഥാനിൽ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. അദ്ദേഹത്തിന്റെ സഹോദരങ്ങൾ പലരും മരിച്ചെങ്കിലും അവരുടെ മക്കളും മറ്റുമായി ബന്ധുക്കളുണ്ട്.
ഛോട്ടാ സിംഗിനെ പിരിയേണ്ടി വന്നതിൽ ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ മാതാവ് അനുഭവിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.
സഹപ്രവർത്തകരുടെ കളിയാക്കൽ സഹിക്കാനാവാതെ ഡിഎൻഎ ടെസ്റ്റ്, ഫലം കണ്ട യുവതി ഞെട്ടിപ്പോയി