200 ദിവസം കൊണ്ട് 2,000 പൈന്‍റ് ബിയര്‍ തീര്‍ത്തു; അടുത്തത് പുതിയ ലക്ഷ്യമെന്ന് യുവാവ് !
കഴിഞ്ഞ വര്‍ഷം 200 ദിവസം കൊണ്ട് 2,000 പൈന്‍റ് ബിയര്‍ കുടിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും അത് പാലിക്കുകയും ചെയ്ത യുവാവ് പുതിയ വര്‍ഷത്തിന് മുമ്പ് പുതിയൊരു പ്രതിജ്ഞയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരം പരസ്യങ്ങള്‍ക്ക് പോലും പല രാജ്യങ്ങളിലും നിയന്ത്രണങ്ങളുണ്ട്. അതേസമയം മദ്യത്തിനെതിരെയുള്ള ക്യാംപൈയിനുകള്‍ ശക്തമാണെങ്കിലും മദ്യം ഇന്ന് നിരവധി രാജ്യങ്ങള്‍ക്ക് പ്രധാന വരുമാന ശ്രോതസ് കൂടിയാണ്. മദ്യത്തില്‍ തന്നെ പല മദ്യങ്ങളുണ്ട്. വീര്യം കുറഞ്ഞതും കൂടിയതെന്നും ഇവയെ പ്രധാനമായും രണ്ടായി തിരിക്കാം. ഇതില്‍ താരതമ്യേന വീര്യം കുറഞ്ഞ ഒന്നാണ് ബിയര്‍. തന്‍റെ അമിതമായ ബിയര്‍ താത്പര്യത്തെ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം 200 ദിവസം കൊണ്ട് 2,000 പൈന്‍റ് ബിയര്‍ കുടിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും അത് പാലിക്കുകയും ചെയ്ത യുവാവ് പുതിയ വര്‍ഷത്തിന് മുമ്പ് പുതിയൊരു പ്രതിജ്ഞയുമായി രംഗത്തെത്തിയിരിക്കുകയാണ്.
25 കാരനായ ജോൺ മെയ്യാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു ഇഷ്ടം പരസ്യമാക്കിയത്. 200 ദിവസത്തിനുള്ളിൽ 2,000 പൈന്‍റ് ബിയർ കഴിക്കുക. അതായത് ഒരു ദിവസം 10 പൈന്‍റ് ബിയർ വച്ച് കുടിക്കണം. ഒക്ടോബർ 20-ന് ജോൺ മെയ് തന്‍റെ ആഗ്രഹം നടപ്പാക്കി. തന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിലേക്കുള്ള ചുവടും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. ജോണ്‍ മെയ്യുടെ അടുത്ത പദ്ധതി, താന്‍ ബിയര്‍ കുടിക്കുന്നത് വഴി ചാരിറ്റിക്കുള്ള ഫണ്ട് സമാഹരണമാണ്. സംഗതി ലളിതമാണ്. ജോണ്‍ മെയുടെ GoFundMe അക്കൗണ്ടിലേക്ക് 400 പൗണ്ട് (41,960 രൂപ) നിക്ഷേപിക്കുക. പകരം അദ്ദേഹം ഒരു ദിവസം 10 പൈന്‍റ് വച്ച് ഒരു വര്‍ഷം കൊണ്ട് 3650 പൈന്‍റ് ബിയര്‍ കുടിച്ച് തീര്‍ക്കും. 400 പൗണ്ടിന്‍റെ ചലഞ്ചിലൂടെ ലഭിക്കുന്ന പണം ഭവനരഹിതര്‍ക്കും ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കും ഇടയില്‍ തുല്യമായി വീതിക്കുമെന്ന് ജോണ്‍ അവകാശപ്പെടുന്നു.
നിലവില്‍ ഒരു ലക്ഷത്തിലധികം ടിക്ടോക്ക് ആരാധകരും 14,000 ഇന്‍സ്റ്റാഗ്രാം ആരാധകരും അദ്ദേഹത്തിനുണ്ട്. 'സാധാരണ നിലയില്‍ നിന്നും ഇപ്പോള്‍ തന്‍റെ ജീവിതം പാടേ മാറിയെന്ന്' ജോണ്‍ മെയ് പറയുന്നു. 'എപ്പോൾ, ഏത് സമയത്ത് ജോലി ചെയ്യണമെന്ന് എനിക്ക് തെരഞ്ഞെടുക്കാം, അതിനർത്ഥം എനിക്ക് കൂടുതൽ സന്നദ്ധ സേവനം നടത്താനും ചില മൂല്യവത്തായ കാര്യങ്ങൾക്ക് സഹായിക്കാനും കഴിയും' ജോണ്‍ മെയ് പറയുന്നു. 'തുടക്കത്തില്‍ മദ്യം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്നാല്‍, അടുത്ത വീഡിയോ എപ്പോഴാണ് എന്ന ചോദ്യം ഫോളോവേഴ്സില്‍ നിന്നും ഉയരുന്നു. ഓരോ ചലഞ്ച് തീരുമ്പോഴും താന്‍ ഡോക്ടറുടെ അടുത്ത് പോയി സ്കാനിംഗ് ചെയ്യുന്നു. ' അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ദിവസം പത്ത് പൈന്‍റ് ബിയർ കുടിക്കുന്നത് ഒരു വ്യക്തിക്കും ആരോഗ്യകരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആളുകൾ ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കരുതെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് നിർദ്ദേശിക്കുന്നത്.
ഇംഗ്ലണ്ടില്‍ നിന്നും അമിത മദ്യപാനത്തിന്‍റെ പേരില്‍ ശ്രദ്ധനേടുന്ന ആദ്യത്തെ ആളല്ല ജോണ്‍. 22 കാരനായ നഥാൻ ക്രിംപ്, 17 മണിക്കൂറിനുള്ളിൽ 67 പബ്ബുകൾ സന്ദർശിച്ച് മദ്യപിച്ചത് വാര്‍ത്തയായിരുന്നു. പിന്നാലെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ചതിന്‍റെ ഗിന്നസ് വേൾഡ് റെക്കോർഡിന് നഥാൻ ക്രിംപ് ഉടമയായി. മദ്യപിക്കുക വഴി ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും അതിലൂടെ ചാരിറ്റിക്കായി പണം കണ്ടെത്തുന്നതിലുമാണ് പുതിയ കുടിയന്മാര്‍ക്ക് താത്പര്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം, ഇല്ലെങ്കില്‍...; വിചിത്ര ഭീഷണിയുമായി കള്ളന്‍