രണ്ട് ലക്ഷം രൂപ നാണയങ്ങളാക്കി ചാക്കിൽ കെട്ടി ഭർത്താവ് കോടതിയിൽ, ഭാര്യക്ക് ജീവനാംശം നൽകാൻ
എന്നാൽ, ഇയാളുടെ പ്രവൃത്തിയിൽ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നൽകാനും നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഇയാൾ പിന്നീട് നാണയങ്ങൾക്ക് പകരം കറൻസി നോട്ടുകൾ നൽകി.
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ ചാക്ക് നിറയെ നാണയങ്ങളുമായി കോടതിയിൽ ഹാജരായ തമിഴ്നാട് സ്വദേശി വാർത്തകളിൽ ഇടം നേടുന്നു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കോയമ്പത്തൂരിലെ അഡീഷണൽ കുടുംബ കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നൽകണമെന്ന് കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് നാണയങ്ങൾ ചാക്കിലാക്കി കോൾ ടാക്സി ഉടമയായ ഇയാൾ കോടതിയിലെത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ 37 -കാരനായ ഇയാൾ കോടതി മുറിയിൽ നിന്നും ചാക്കിലാക്കിയ നാണയങ്ങളുമായി തിരികെ തന്റെ വാഹനത്തിന് അരികിലേക്ക് വരുന്നത് കാണാം. കോടതി നിർദ്ദേശിച്ച 2 ലക്ഷം രൂപയിൽ 80,000 രൂപയാണ് ഇയാൾ നാണയങ്ങളായി കോടതിയിൽ കൊണ്ടുവന്നത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളും നോട്ടുകളും ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്.
എന്നാൽ, ഇയാളുടെ പ്രവൃത്തിയിൽ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നൽകാനും നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഇയാൾ പിന്നീട് നാണയങ്ങൾക്ക് പകരം കറൻസി നോട്ടുകൾ നൽകി. ബാക്കി തുകയായ 1.2 ലക്ഷം രൂപ ഉടൻ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ രാജസ്ഥാനിലും സമാനമായ സംഭവം നടന്നിരുന്നു. വിവാഹമോചനം നേടിയ ഭാര്യക്ക് 55,000 രൂപ ജീവനാംശം ആയി നൽകാൻ ഉത്തരവിട്ട സംഭവത്തിൽ കോടതി നിർദ്ദേശിച്ച തീയതിയിൽ പണം നൽകാത്തതിന് ദശരഥ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാളുടെ ബന്ധുക്കളിൽ ചിലർ ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങൾ നിറച്ച 7 ചാക്കുകളുമായി കുടുംബകോടതിയിൽ ഹാജരായി.
എന്നാൽ വിവാഹമോചനം നേടിയ സ്ത്രീയുടെ അഭിഭാഷകൻ ഇത് നിരസിക്കുകയും മാനസിക പീഡനം ആയി കണക്കാക്കണമെന്ന് കോടതിയോട് അപേക്ഷിക്കുകയും ചെയ്തു. ഒടുവിൽ ദശരഥ് തന്നെ പണം എണ്ണിത്തിട്ടപ്പെടുത്തി 1000 രൂപയുടെ 55 സെറ്റ് ഉണ്ടാക്കി പണം കൈമാറണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.