മധ്യവയസ്കരും വിധവകളും പ്രധാന ഇരകൾ, നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, 15 വിവാഹം കഴിച്ച 43 -കാരൻ അറസ്റ്റിൽ
വീഡിയോ കോളുകൾക്കിടയിൽ, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അയാൾ അവരുടെ നഗ്ന വീഡിയോകൾ റെക്കോർഡ് ചെയ്തതായി പിന്നെ തെളിഞ്ഞു. ഒഡീഷയ്ക്ക് പുറത്തുള്ള യാത്രകൾക്കും അവളെ കൊണ്ടുപോകാൻ നാഥ് തുടങ്ങി.
15 സ്ത്രീകളെ വിവാഹം കഴിച്ച് കബളിപ്പിച്ച 43 -കാരനെ പിടികൂടി പൊലീസ്. അംഗുൽ ജില്ലയിലെ ഛേണ്ടിപാഡയിൽ നിന്നാണ് ബിരാഞ്ചി നാരായൺ നാഥ് എന്നയാളെ ഒഡീഷ പൊലീസ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വിവാഹത്തിന്റെ മറവിൽ രാജ്യത്താകെയായി 15 സ്ത്രീകളെ കബളിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി. മധ്യവയസ്കരായ സ്ത്രീകളും പുനർവിവാഹം ആഗ്രഹിക്കുന്ന വിധവകളുമായിരുന്നു ഇയാളുടെ പ്രധാന ഇരകൾ.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇയാൾ പല മാട്രിമോണി സൈറ്റുകളിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചിരുന്നത്രെ. രണ്ടാം വിവാഹം എന്നാണ് നൽകിയിരുന്നത്. അവിവാഹിതരോ, വിവാഹമോചിതരോ ആയ സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. റെയിൽവേ ജീവനക്കാരനാണ്, ആദായ നികുതി ഇൻസ്‌പെക്ടറാണ്, കസ്റ്റംസ് ഓഫീസറാണ് എന്നൊക്കെ പറഞ്ഞാണ് ഇയാൾ സ്ത്രീകളെ പറഞ്ഞ് വിവാഹത്തിലെത്തിക്കുന്നത്.
വിവാഹാലോചന എന്നു പറഞ്ഞ് ബന്ധപ്പെട്ട് കഴിഞ്ഞാൽ പിന്നീട് ദീർഘനേരം സ്ത്രീകളുമായി ഫോണിൽ സംസാരിക്കും, അതുപോലെ അവരുടെ വീടുകളും സന്ദർശിക്കും. പിന്നീട്, വൈകാരികമായി ഈ സ്ത്രീകളെ വലയിലാക്കും. ശേഷം അവരുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അവരിൽ നിന്നും പണം, സ്വർണം, വില പിടിപ്പുള്ള വസ്തുക്കൾ എന്നിവയൊക്കെ പറ്റിക്കലാണ് ഇയാളുടെ സ്ഥിരം പരിപാടി.
കട്ടക്കിൽ നിന്നുള്ള ഒരു സ്ത്രീ സിഐഡി - ക്രൈംബ്രാഞ്ചിൻ്റെ സൈബർ ക്രൈം യൂണിറ്റിന് പരാതി നൽകിയതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. 2022 -ൽ സ്ത്രീയുടെ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചിരുന്നു. തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിൽ 2023 -ൽ ഇവർ മാട്രിമോണിയിൽ തന്റെ പ്രൊഫൈൽ നൽകിയത്.
ഒഡീഷയിലെ താൽച്ചർ ഏരിയയിൽ നിന്നുള്ള പ്രവാകർ ശ്രീവാസ്തവ് എന്നയാളാണ് താനെന്നും വിശാഖപട്ടണത്ത് ടിടിഇ ആണെന്നും പറഞ്ഞാണ് നാഥ് ഇവർക്ക് വിവാഹാലോചനയുമായി എത്തിയത്. തന്റെ ഭാര്യയും അമ്മയും മരിച്ചു എന്നും ഇയാൾ സ്ത്രീയോട് പറഞ്ഞു. അതേസമയം ഇയാളുടെ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളും അംഗുലിലാണ് താമസം.
എന്തായാലും, പിന്നീട് ഇയാൾ വിവാഹാലോചനയുമായി സ്ത്രീയുടെ വീട്ടിലെത്തുകയും താൻ ആലോചനയുമായി മുന്നോട്ട് പോകാൻ താല്പര്യപ്പെടുന്നു എന്നും അറിയിച്ചു. ആലോചിക്കാൻ കുറച്ച് സമയം വേണമെന്നാണ് സ്ത്രീയുടെ വീട്ടുകാർ പറഞ്ഞത്. എന്നാൽ, നാഥ് സ്ഥിരമായി സ്ത്രീയെ ഫോണിൽ വിളിക്കുകയും വൈകാരികമായി അവരെ കീഴ്പ്പെടുത്തുകയും ചെയ്തു.
വീഡിയോ കോളുകൾക്കിടയിൽ, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അയാൾ അവരുടെ നഗ്ന വീഡിയോകൾ റെക്കോർഡ് ചെയ്തതായി പിന്നെ തെളിഞ്ഞു. ഒഡീഷയ്ക്ക് പുറത്തുള്ള യാത്രകൾക്കും അവളെ കൊണ്ടുപോകാൻ നാഥ് തുടങ്ങി. എന്നാൽ, വിവാഹത്തിന് ശേഷം അഞ്ച് മാസം അവൾക്കൊപ്പം അവളുടെ വീട്ടിലേക്ക് നാഥ് താമസം മാറി. തുടർന്ന് വിവിധ വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തി സാമ്പത്തികമായും മറ്റും അവരെ ദുരുപയോഗം ചെയ്തു എന്നാണ് പരാതി.
തങ്ങളുടെ ഒരുമിച്ചുള്ള വീഡിയോ കാണിച്ച് ഇയാൾ സ്ത്രീയിൽ നിന്നും അഞ്ച് ലക്ഷം രൂപയും 32 ഗ്രാം സ്വർണവുമാണ് ആവശ്യപ്പെട്ടത്. ഒടുവിൽ സ്ത്രീ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ അയാൾ നിരവധി സ്ത്രീകളെ ഇതുപോലെ പറ്റിച്ചതായി തെളിഞ്ഞു. 15 സ്ത്രീകൾ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായെന്നും ബെർഹാംപൂർ, ബാലസോർ, അംഗുൽ, ധേങ്കനാൽ, റൂർക്കേല, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യാനുള്ള വാറൻ്റുകളുണ്ടെന്നും പിന്നീട് കണ്ടെത്തി.