നിങ്ങളുടെ ഫോൺ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു, യുവാവിന് കോൾ, പിന്നാലെ നഷ്ടം 11 ലക്ഷം
ഈ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞിരുന്നത്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസിലെ പ്രതിക്കും ഇതേ ഫോൺ നമ്പറാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തിയത്.
പലതരത്തിലുള്ള തട്ടിപ്പുകളും ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലുള്ള കാശ് എപ്പോൾ പോകുമെന്ന് പറയാൻ സാധിക്കില്ല. എന്തായാലും, തട്ടിപ്പുകളുടെ കൂട്ടത്തിലേക്ക് ഇതാ പുതിയ ഒരെണ്ണം കൂടി. ഹൈദ്രാബാദിലുള്ള ഒരാൾക്ക് 11 ലക്ഷം രൂപ നഷ്ടപ്പെട്ടത് ഫോൺ നമ്പറിന്റെ പേരും പറഞ്ഞാണ്.
31 -കാരനായ യുവാവിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുകാരുടെ കോളെത്തിയത്. ഈ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞിരുന്നത്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസിലെ പ്രതിക്കും ഇതേ ഫോൺ നമ്പറാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തിയത്.
പിന്നീട് തട്ടിപ്പുകാർ ശരിക്കും തങ്ങൾ പറയുന്നത് സത്യമാണ് എന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടി മുംബൈ പൊലീസിന്റേത് എന്ന് പറയുന്ന ഒരു നമ്പറിലേക്ക് ഫോൺകോൾ വഴിതിരിച്ചുവിടുകയായിരുന്നു. ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവർ യുവാവിനെ ഭീഷണിപ്പെടുത്തി. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടുകളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധനയ്ക്കായി സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ടെന്നും വിളിച്ചയാൾ യുവാവിനോട് പറഞ്ഞു.
സുപ്രീം കോടതിയുടെ പരിശോധന നടക്കുന്നതിനാൽ തന്നെ ഒരാളോടും ഇക്കാര്യം പറയരുതെന്നും ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ നിരന്തരം തട്ടിപ്പുകാർ യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ ഇവരുടെ സമ്മർദ്ദം താങ്ങാനാവാതെ 11.20 ലക്ഷം രൂപ യുവാവ് ഇവർക്ക് അയച്ചുകൊടുക്കുകയായിരുന്നത്രെ.
വീണ്ടും തട്ടിപ്പുകാർ വിളിച്ച് 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവിന് ഇത് തട്ടിപ്പാണോ എന്ന് സംശയം തോന്നിയത്. അയാൾ വീട്ടുകാരോട് വിവരം പറഞ്ഞു. വീട്ടുകാരാണ് പൊലീസിനെ അറിയിക്കാൻ പറഞ്ഞത്. പിന്നാലെ യുവാവ് ഹൈദ്രാബാദ് സൈബർ ക്രൈം പൊലീസിൽ വിവരമറിയിച്ചു.