വെള്ളം കയറിയാലും മുങ്ങാത്ത ഒഴുകും വീട്? 6 ലക്ഷം ചെലവ്, നിർമ്മിച്ചത് ബിഹാറിൽ ഗംഗാനദിയിൽ
മറ്റേതൊരു വീട്ടിലും ഉള്ളതുപോലെ തന്നെ കിടപ്പുമുറി, അടുക്കള, കുളിമുറി എന്നീ സൗകര്യങ്ങൾ ഈ വെള്ളത്തിൽ പൊങ്ങിക്കിടക്കും വീട്ടിലും ഉണ്ടെന്നാണ് പ്രശാന്ത് പറയുന്നത്.
കനത്ത മഴയെ തുടർന്ന് ഗംഗാനദിയിലെ ജലനിരപ്പ് മണിക്കൂറിൽ നാല് സെൻ്റീമീറ്റർ എന്ന തോതിൽ ഉയരുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇത് ഇനിയും ഉയരും എന്നുമാണ് കേന്ദ്ര ജലകമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാത്ത വീടൊരുക്കി ബീഹാറിൽ നിന്നുള്ള യുവാവ് ശ്രദ്ധേയനാവുകയാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് മറ്റെവിടെയുമല്ല, ഗംഗാനദിയുടെയുടെ മുകളിലാണ്.
ഒരു വർഷം മുമ്പ് നിർമിച്ചതാണ് ഈ വ്യത്യസ്തമായ വീട്. ആറയിൽ താമസിക്കുന്ന പ്രശാന്ത് കുമാർ എന്ന വ്യക്തിയുടേതാണ് ഈ വ്യത്യസ്തമായ ആശയം. തൻ്റെ വീട് പലതവണ വെള്ളപ്പൊക്കത്തിൽ തകർന്നതിനാലാണ്, മുങ്ങിപ്പോകാത്ത ഒരു വീട് നിർമ്മിക്കാൻ ഇദ്ദേഹം തീരുമാനിച്ചതത്രേ. ഈ വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കാൻ കാനഡ, ജർമനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ താമസിക്കുന്ന തൻറെ സുഹൃത്തുക്കളുടെയും ഉപദേശം ഇദ്ദേഹം സ്വീകരിച്ചിരുന്നു. കൂടാതെ ഇത്തരത്തിലുള്ള വീടുകളുടെ നിർമാണത്തെക്കുറിച്ച് വിദഗ്ധഭിപ്രായവും നിരവധി പഠനങ്ങളും നടത്തിയതിനുശേഷമാണ് പ്രശാന്ത് കുമാർ വെള്ളത്തിൽ മുങ്ങിപ്പോകാത്ത ഈ വീട് നിർമ്മിച്ചത്.
കൃത്പുര ഗ്രാമത്തിനടുത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. താൽക്കാലികമായി നിർമിച്ച വീട് എപ്പോൾ വേണമെങ്കിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കും. പ്രശാന്ത് കുമാർ പറയുന്നതനുസരിച്ച് വെള്ളത്തിനടിയിൽ ഇരുമ്പ് കോണുകൾ ഉപയോഗിച്ചാണ് വീട് ഉറപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അതും ഒപ്പം ഒഴുകുന്നു. കൂടാതെ വളരെയധികം ഭാരം കുറഞ്ഞ വെള്ളം ബാധിക്കാത്ത ഒരു വസ്തു കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്നും പ്രശാന്ത് അവകാശപ്പെടുന്നു. മറ്റേതൊരു വീട്ടിലും ഉള്ളതുപോലെ തന്നെ കിടപ്പുമുറി, അടുക്കള, കുളിമുറി എന്നീ സൗകര്യങ്ങൾ ഈ വെള്ളത്തിൽ പൊങ്ങിക്കിടക്കും വീട്ടിലും ഉണ്ടെന്നാണ് പ്രശാന്ത് പറയുന്നത്.
2017 -ൽ സ്‌കോട്ട്‌ലൻഡിൽ പോയപ്പോഴാണ് ഇത്തരത്തിലുള്ള വീടുകൾ പ്രശാന്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടും അദ്ദേഹം പല രാജ്യങ്ങൾ സന്ദർശിക്കുകയും ഇത്തരം വീടുകളെക്കുറിച്ച് കൂടുതൽ പഠനം നടത്തുകയും ചെയ്തു. പിന്നീടാണ് ബീഹാറിൽ വന്നതിനു ശേഷം ഇദ്ദേഹം ഈ വീടിൻറെ പണി ആരംഭിച്ചത്. നിലവിൽ ആറ് ലക്ഷം രൂപയാണ് വീടിൻ്റെ നിർമ്മാണത്തിന് ചെലവ്.