'ഉള്ളു പൊട്ടിയ കേരളം'; മുണ്ടക്കൈ ദുരന്തത്തില്‍ ഒരൊറ്റ തലക്കെട്ടില്‍ മലയാള പത്രങ്ങള്‍
ഇന്ന് രാവിലെ മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത് മലയാള പത്രങ്ങളുടെ ആദ്യ പേജിന്‍റെ ചിത്രങ്ങളായിരുന്നു. മിക്ക പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ ദുരന്തമുഖത്ത് നിന്നും പകര്‍ത്തിയ ചിത്രത്തോടൊപ്പം തലക്കെട്ടുകള്‍ എല്ലാം ഒന്ന്, 'ഉള്ളുപൊട്ടി'.
കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മാറിക്കഴിഞ്ഞു. ഇതിനകം 174 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അതേസമയം ഇരുനൂറോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 75 മൃതദേഹങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞു. കര, നാവിക, വ്യേമ സേനാ വിഭാഗങ്ങളടക്കമുള്ള ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ വിവിധ ദുരന്തമുഖങ്ങളില്‍ ജീവ സ്പന്ദനം തേടുകയാണ്. ഇതിനിടെ ഇന്നിറങ്ങിയ ഏതാണ്ടെല്ലാ മലയാള പത്രങ്ങളുടെയും തലക്കെട്ടുകള്‍ സമാനമായിരുന്നു, 'ഉള്ളു പൊട്ടി.'
ജൂലൈ 30 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കും രണ്ടേ മുക്കാലിനും ഇടയിലാണ് മുണ്ടക്കൈ ടൌണിലേക്ക് മലമുകളില്‍ നിന്നുള്ള കൂറ്റന്‍ പാറകളും മണ്ണു ചളിയും ഒലിച്ചിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ വാട്സാപ്പുകളില്‍ സഹായ സന്ദേശങ്ങള്‍ പ്രവഹിച്ചു. എന്നാല്‍, നേരം വെളുത്തപ്പോള്‍ മാത്രമാണ് പുറംലോകം ദുരന്തത്തിന്‍റെ വ്യാപ്തി അറിഞ്ഞത്. ദൃശ്യമാധ്യമങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ദുരന്തമുഖത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരന്തവ്യാപ്തിയും ലോകത്തെ അറിയിച്ച് കൊണ്ടിരുന്നു. ഇന്ന് നേരം പുലര്‍ന്നപ്പോള്‍ മലയാള ദിനപത്രങ്ങളെല്ലാം ഒത്തൊരു കാട്ടിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.
ഇന്ന് രാവിലെ മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത് മലയാള പത്രങ്ങളുടെ ആദ്യ പേജിന്‍റെ ചിത്രങ്ങളായിരുന്നു. മാതൃഭൂമി, മനോരമ, ദീപിക, ദേശാഭിമാനി, ജന്മഭൂമി, തുടങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ ദുരന്തമുഖത്ത് നിന്നും പകര്‍ത്തിയ ചിത്രത്തോടൊപ്പം തലക്കെട്ടുകള്‍ എല്ലാം ഒന്ന്, 'ഉള്ളുപൊട്ടി'. മരിച്ചവരുടെ എണ്ണങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും കേരളത്തിന്‍റെ ഉള്ളുപൊട്ടിയ സംഭവമായിരുന്നു മുണ്ടക്കൈയില്‍ സംഭവിച്ചത്. വ്യത്യസ്ത ആശയധാരകള്‍ പിന്‍പറ്റുന്ന പത്രസ്ഥാപനങ്ങളുടെ എല്ലാം തലക്കെട്ടുകള്‍ കേരളത്തിന്‍റെ ഉള്ളുലച്ചലിനെ ഒത്തൊരുമയോടെ കണ്ടെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി.
ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍
പൊട്ടിയടര്‍ന്ന് ഒലിച്ചിറങ്ങിയ ഭൂമി; വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
മലയാളത്തിലെ അഞ്ചോളം ദിനപത്രങ്ങളുടെ തലക്കെട്ടുകളാണ് ഒരൊറ്റ പദമായി ദുരന്തത്തെ ചിത്രീകരിച്ചത്. ഒരുപക്ഷേ. ഇത്രയും പത്രങ്ങളില്‍ ഒരൊറ്റ തലക്കെട്ട് തന്നെ ആവര്‍ത്തിച്ചത് ദുരന്തത്തിന്‍റെ വ്യാപ്തിയാകാം. കേരളത്തെ അത്രയേറെ നടുക്കിയിരിക്കുന്നു മുണ്ടക്കൈ ഉരുള്‍പൊട്ടലെന്ന് വ്യക്തം. ചന്ദ്രിക (ഉള്ളു പൊട്ടല്‍), കേരള കൗമുദി (കണ്ണീര്‍ നാട്), മാധ്യമം (മണ്ണേ മടങ്ങുക), മംഗളം (മരണപ്രവാഹം), മെട്രോ വാര്‍ത്ത (നെഞ്ചു പൊട്ടി കേരളം), സുപ്രഭാതം (ഉള്ളുടഞ്ഞ് നാട്) , ജനയുഗം (ഉള്ളുലഞ്ഞ് കേരളം), വീക്ഷണം (ഹൃദയം പിടയുന്നു), സിറാജ് (കരള്‍ പൊട്ടി), കലാകൗമുദി (ഇവിടെയൊരു ഗ്രാമം ഉണ്ടായിരുന്നു) തുടങ്ങിയ പത്രങ്ങള്‍ തലക്കെട്ടുകളില്‍ അല്പം വ്യത്യസ്ത പുലര്‍ത്തി.
ദുരന്തമുഖത്ത് നിന്നും ലഭ്യമായ വിവരങ്ങളും ദുരന്തവ്യാപി അറിയിക്കുന്ന ചിത്രങ്ങളും പത്രത്താളുകളില്‍ ഇടം പിടിച്ചു. മനോരമ, ദേശാഭിമാനി, ദീപിക, ജന്മഭൂമി, ചന്ദ്രിക, കേരള കൗമുദി, മംഗളം, ജനയുഗം, വീക്ഷണം, സിറാജ്, കലാ കൗമുദി എന്നീ പത്രങ്ങളില്‍ ദുരന്തത്തിന്‍റെ ആഴം പകര്‍ത്തിയ വിദൂര ദൃശ്യങ്ങളായിരുന്നു ആദ്യ പേജില്‍ തന്നെ സ്ഥാനം പിടിച്ചത്. മാതൃഭൂമി, മാധ്യമം, മെട്രോ വാര്‍ത്ത, സുപ്രഭാതം തുടങ്ങിയ പത്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ സമീപ ദൃശ്യങ്ങളും പങ്കുവയ്ക്കപ്പെട്ടു. ദേശീയ മാധ്യമങ്ങളിലും ഇന്നത്തെ പ്രധാന വാര്‍ത്തയായി വയനാട് മുണ്ടക്കൈ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദുരന്തത്തിന്‍റെ ചിത്രങ്ങളും വിശദ വിവരങ്ങളോടെയുമായിരുന്നു ദേശീയ പത്രങ്ങളും ഇന്നിറങ്ങിയത്.