ആദ്യമൊരു മീറ്റു, പിന്നെ ഭരണകക്ഷിക്കെതിരെ തുരുതുരാ ലൈംഗികാരോപണങ്ങള്‍, മീറ്റൂ കത്തുന്ന തായ്‌വാന്‍!
എന്നിട്ടും ഇവിടെ ലൈംഗിക ചൂഷണം നടക്കുന്നു. നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ ഒരു രംഗമാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഒരു വനിതാ ജീവനക്കാരി തന്റെ വനിതാ മേലധികാരിയോട് തനിക്കുണ്ടായ അനുഭവം പറയുന്നതാണ് ഈ രംഗം. 'അത് വിട്ടുകളയരുത്, വിട്ടുകളഞ്ഞാല്‍ സ്ത്രീകളുടെ തന്നെ നാശമായിരിക്കും ഫലം' എന്ന് മേലധികാരി പറയുന്നു.
ടിയാനന്‍മെന്‍ പ്രക്ഷോഭത്തിലെ വിദ്യാര്‍ത്ഥി നേതാവ് വാംഗ് ദാന്‍, താരപദവിയുള്ള കവി ബെയ് ലിങ്- കുടുങ്ങിയശേഷം ആരോപണം നിഷേധിച്ചവര്‍ ചില്ലറക്കാരല്ല.പുരോഗമന രാഷ്ട്രീയത്തിന് ആഗോളപ്രശംസ നേടിയ രാജ്യത്ത് വളരെ മുമ്പേ തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ എന്നാണ് പല സ്ത്രീകളുടെയും അഭിപ്രായം.
നെറ്റ്ഫ്‌ലിക്‌സിലെ സീരീസ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, മീറ്റൂ ആരോപണങ്ങള്‍ ആളിക്കത്തുകയാണ്, തായ്‌വാനില്‍. അതിനു പ്രചോദനമായത് നെറ്റ്ഫ്‌ലിക്‌സിലെ ഒരു സീരീസാണെന്നാണ് നിഗമനം. ജനുവരിയിലാണ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. സമയം വളരെ നിര്‍ണായകം. പരാതി തുടങ്ങിയത് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയിലാണ് (ഡി പി പി). പിന്നെ അതങ്ങ് പടര്‍ന്നു. പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് ഇപ്പോള്‍, പ്രസിഡന്റ് സായ് ഇങ് വെന്‍
ചൈനയെപ്പോലെയല്ല തങ്ങളെന്ന് അഭിമാനിക്കുന്ന രാജ്യമാണ് തായ്‌വാന്‍. സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് തുല്യരായി കണക്കാക്കുന്ന രാജ്യം. തായ്‌വാനെ നയിക്കുന്നതും ഒരു സ്ത്രീയാണ്. പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം 43 ശതമാനമാണ്. ഇത് ആഗോളതലത്തിലേക്കാള്‍ കൂടുതലാണ്. LGBTQ തുല്യതയിലും മുമ്പിലാണ് ഈ രാജ്യം. 2019-ലാണ് ഈ രാജ്യം സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയത്.
എന്നിട്ടും ഇവിടെ ലൈംഗിക ചൂഷണം നടക്കുന്നു എന്നതാണ് വാര്‍ത്ത. നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ ഒരു രംഗമാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഒരു വനിതാ ജീവനക്കാരി തന്റെ വനിതാ മേലധികാരിയോട് തനിക്കുണ്ടായ അനുഭവം പറയുന്നതാണ് ഈ രംഗം. 'അത് വിട്ടുകളയരുത്, വിട്ടുകളഞ്ഞാല്‍ സ്ത്രീകളുടെ തന്നെ നാശമായിരിക്കും ഫലം' എന്ന് മേലധികാരി പറയുന്നു. ഈ രംഗമുള്ള സീരീസ് പുറത്തുവന്നതോടെ ആദ്യ മീറ്റൂ പരാതി വന്നു. ഭരണകക്ഷിയായ ഡിപിപിയിലെ മുന്‍ അംഗത്തിന്റെ മീറ്റൂ. പരാതിപ്പെട്ടപ്പോള്‍ വനിതാ മേലധികാരി പറഞ്ഞത് അതങ്ങ് മറന്നുകളയാനായിരുന്നു. പിന്നാലെ വീണ്ടും മീറ്റൂ ആരോപണങ്ങള്‍. എല്ലാം ഭരണകക്ഷിയായ ഡിപിപിയില്‍ നിന്നുതന്നെ. തുടര്‍ന്ന്, ഉന്നതര്‍ ഉള്‍പ്പടെ പലരെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. അവരെല്ലാം രാജിവയ്ക്കാനും നിര്‍ബന്ധിതരായി. തീര്‍ന്നില്ല, പ്രതിപക്ഷത്തും കഥയാവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍ എന്നിങ്ങനെ പലരും കുടുങ്ങി. കുറച്ചുദിവസങ്ങള്‍ക്കകം 90 മീറ്റൂ പരാതികളാണ് പുറത്തുവന്നത്. കുടുങ്ങിയതെല്ലാം സമൂഹത്തിലെ ഉന്നതരായി വിലസുന്നവര്‍.
ടിയാനന്‍മെന്‍ പ്രക്ഷോഭത്തിലെ വിദ്യാര്‍ത്ഥി നേതാവ് വാംഗ് ദാന്‍, താരപദവിയുള്ള കവി ബെയ് ലിങ്
ടിയാനന്‍മെന്‍ പ്രക്ഷോഭത്തിലെ വിദ്യാര്‍ത്ഥി നേതാവ് വാംഗ് ദാന്‍, താരപദവിയുള്ള കവി ബെയ് ലിങ്- കുടുങ്ങിയശേഷം ആരോപണം നിഷേധിച്ചവര്‍ ചില്ലറക്കാരല്ല.പുരോഗമന രാഷ്ട്രീയത്തിന് ആഗോളപ്രശംസ നേടിയ രാജ്യത്ത് വളരെ മുമ്പേ തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ എന്നാണ് പല സ്ത്രീകളുടെയും അഭിപ്രായം. ഈ സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ പരിഷ്‌കരണങ്ങള്‍ ഉറപ്പുനല്‍കിയിരിക്കുകയാണ് പ്രസിഡന്റ് സായ് ഇങ് വെന്‍. പാര്‍ട്ടി ചെയര്‍മാനും സ്ഥാനാര്‍ത്ഥിയുമായ വില്യം ലായിയും മാപ്പുചോദിച്ചിട്ടുണ്ട്. നിയമങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടി സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ ക്യാമറകള്‍ക്കു മുന്നില്‍ പ്രവഹിക്കുന്നതു പോലെയുള്ള പിന്തുണയോ നടപടികളോ മീറ്റു കേസുകളില്‍ ഉടനുണ്ടാവുമോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. തെരഞ്ഞെടുപ്പില്‍ ഡിപിപിയെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പാര്‍ട്ടിയംഗങ്ങള്‍ വിമര്‍ശിക്കുന്നത്. എങ്കിലും, കയ്പ്പുറ്റ ലൈംഗിക അനുഭവങ്ങളും പരാതികളും തുറന്നുപറഞ്ഞവര്‍ക്ക് നേരെ വിരല്‍ ചൂണ്ടരുതെന്നും ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരിക്കയാണ് പ്രസിഡന്റ് സായ് ഇങ് വെന്‍.
ഇക്കാര്യത്തില്‍, നിയമങ്ങള്‍ മാത്രം പോരാ, ബോധവത്കരണവും വേണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പക്ഷേ മീറ്റൂ പരാതികള്‍ ഉന്നയിച്ചവര്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ കുറവാണ്. അതാണ് ഈ പരാതികളുടെ ഭാവിയെക്കുറിച്ച് സംശയം വളര്‍ത്തുന്നത്.
................................
ഏഷ്യാനെറ്റ് ന്യൂസിലെ 'ലോകജാലകം' 1000 എപ്പിസോഡ് തികച്ചതിന്റെ പശ്ചാത്തലത്തിൽ അളകനന്ദയും നിഷാന്തും സംസാരിക്കുന്നു