20 -കളിൽ മാതാപിതാക്കളോടൊപ്പം കഴിയുന്നത് തോൽവിയാണോ? അതോ സാമ്പത്തികഭദ്രതയോ? ചർച്ചയായി പോസ്റ്റ്
മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് നിങ്ങളെ ഇന്ത്യയിൽ ആരും വിമർശിക്കില്ല എന്നാണ് ചിലർ പറഞ്ഞത്. ഇവിടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു കുറവായി ആരും കാണുന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
കേരളത്തിൽ മിക്ക ആളുകളും മാതാപിതാക്കളോടൊപ്പം കഴിയുന്നവരാണ്. എന്നാൽ, ഇപ്പോൾ അതിന് മാറ്റം വന്നു തുടങ്ങി. ജോലി ആവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കും വീട് വിട്ടിറങ്ങി തുടങ്ങിയതോടെ മിക്കവാറും ആളുകൾ പല നഗരങ്ങളിലായി. എന്നാൽ, വിദേശരാജ്യങ്ങളിലും മറ്റുമാകട്ടെ മുതിർന്ന മക്കൾ അമ്മയുടെയും അച്ഛന്റെയും കൂടെ താമസിക്കുന്നത് കുറച്ചിലായിട്ടും, കഴിവില്ലായ്മയുടെ ലക്ഷണമായിട്ടുമാണ് ആളുകൾ കണക്കാക്കുന്നത്. ഇന്ന് ഇന്ത്യയിലും അങ്ങനെ കരുതുന്നവരുണ്ട്.
എന്തായാലും, ഫിൻടെക് കമ്പനിയായ ഫിൻഫ്ലോവിൻ്റെ സഹസ്ഥാപകൻ ആര്യൻ കൊച്ചാർ ഇട്ട പോസ്റ്റിന് പിന്നാലെ ഈ വിഷയം ചർച്ചയായിരിക്കുകയാണ്. മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് സാമ്പത്തികമായ സ്ഥിരത നൽകും എന്നാണ് ആര്യൻ കൊച്ചാർ പറയുന്നത്.
'നിങ്ങളുടെ 20 -കളുടെ പകുതിയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു 'പരാജയം' അല്ല. വാടക നിങ്ങളുടെ വരുമാനത്തിൻ്റെ 50% തിന്നുന്ന ഒരു ലോകത്തിൽ സാമ്പത്തികമായിട്ടുള്ള അറിവാണത്. എന്നാൽ, നിങ്ങൾ തകർന്നിരിക്കുമ്പോഴും, ഒറ്റക്കായിരിക്കുമ്പോഴും, അത്താഴത്തിന് റാമെൻ കഴിക്കുമ്പോഴും ‘സ്വാതന്ത്ര്യ’ത്തെ പിന്തുടർന്നുകൊള്ളൂ. നിങ്ങളുടെ പോരാട്ടങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കുക' എന്നാണ് ആര്യൻ കൊച്ചാർ അഭിപ്രായപ്പെട്ടത്.
കുറച്ചുപേർ ആര്യനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് നിങ്ങളെ ഇന്ത്യയിൽ ആരും വിമർശിക്കില്ല എന്നാണ് ചിലർ പറഞ്ഞത്. ഇവിടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു കുറവായി ആരും കാണുന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാൽ, ഇതിനെ എതിർത്തുകൊണ്ട് അഭിപ്രായം പറഞ്ഞവരും ഉണ്ട്. തീർത്തും വിയോജിക്കുന്നു എന്നാണ് ഒരു യൂസർ പോസ്റ്റിന് കമന്റ് നൽകിയത്. തകർന്നിരിക്കുമ്പോഴും, ഒറ്റക്കായിരിക്കുമ്പോഴും, അത്താഴത്തിന് റാമെൻ കഴിക്കുമ്പോഴും ഒരാൾ തന്നെത്തന്നെ നിർമ്മിച്ചെടുക്കുകയാണ് എന്നായിരുന്നു അവരുടെ അഭിപ്രായം. സ്വയം നിർമ്മിക്കുന്നതും, പക്വതയുള്ളതും, സ്വതന്ത്രമാവുന്നതും, റിസ്കെടുക്കുന്നതും പ്രധാനമാണ്, പണമുണ്ടാക്കുന്നത് മാത്രമല്ല പ്രധാനമെന്നും ഇവർ അഭിപ്രായപ്പെട്ടു.
ഇരുപതുകളിൽ എപ്പോഴും പുറത്തേക്ക് പോവുകയും അനുഭവങ്ങളുണ്ടാക്കിയെടുക്കുകയും ചെയ്യണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
(ചിത്രം പ്രതീകാത്മകം)