റോക്ക് സംഗീത ലോകത്തെ  മലയാളി രാജാവ്

ജോണ്‍ ലെനന്റെയും ജോര്‍ജ്ജ് ഹാരിസണിന്റെയും പോള്‍ മെക്കാട്‌നിയുടെയും ഉറ്റ സ്‌നേഹിതനായ ഒരു മലയാളി. എം ജി രാധാകൃഷ്ണന്‍ എഴുതുന്നു

life and death of Bhaskar Menon a music industry legend by MG Radhakrishnan

പ്രമുഖ ആഗോള മാധ്യമങ്ങളില്‍ മേനോനെ കുറിച്ചുള്ള ചരമക്കുറിപ്പുകളില്‍ അദ്ദേഹത്തില്‍ ചൊരിയുന്ന പ്രശംസയ്ക്ക് കയ്യും കണക്കുമില്ല.  അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയെങ്കിലും ശതകോടികളും സൂപ്പര്‍ താരങ്ങളും കെട്ടിമറിയുന്ന ആഗോള പാശ്ചാത്യ റോക്ക് സംഗീതവ്യവസായരംഗത്തെ  രാജാക്കന്മാരില്‍ ഒരാളായിരുന്നു അന്ന് പ്രായം വെറും മുപ്പതുകളിലായിരുന്ന  മേനോന്‍. പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും വലിയ റിക്കാഡിങ് കമ്പനിയായ ഇ എം ഐ മ്യൂസിക് വേള്‍ഡ് വൈഡിന്റെ  ചെയര്‍മാന്‍ ആയിരുന്ന മേനോന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രമുഖരായ  ബീറ്റില്‍സ്, റോളിംഗ് സ്റ്റോണ്‍സ്,  പിങ്ക് ഫ്‌ലോയ്ഡ് എന്നീ സംഘങ്ങളുടെ മഹാവിജയത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു.

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

 


ഇരുപതാം നൂറ്റാണ്ട് ആദ്യം മുതല്‍ തന്നെ ദേശീയവും കുറെയൊക്കെ അന്തര്‍ദേശീയവുമായ പ്രശസ്തി നേടിയെടുത്ത മലയാളികള്‍ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം, നയതന്ത്രം, ഔദ്യോഗികരംഗം, കല, ശാസ്ത്രസാങ്കേതികം, സാഹിത്യം, മാധ്യമം, ചിത്രകല, സിനിമ, കായികം എന്നിങ്ങനെ അത് നീളുന്നു. പക്ഷെ ഈ നിലവാരത്തില്‍ ഉയര്‍ന്ന മലയാളികളെ കാര്യമായി ചൂണ്ടിക്കാട്ടാനില്ലാത്ത ഒരേ ഒരു രംഗം വ്യവസായമാണ്.  1946 ല്‍ കെ എം മാമ്മന്‍ മാപ്പിള റബര്‍ ബലൂണ്‍ നിര്‍മ്മാണത്തിനായി ചെന്നൈയില്‍ വളരെ ചെറിയ തോതില്‍ ആരംഭിച്ച് ഇപ്പോള്‍ ഇരുപത്തിരണ്ടായിരത്തിലേറെ കോടി രൂപ വരുമാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍  ഒന്നായിരിക്കുന്ന എം ആര്‍ എഫ് ടയേഴ്സ് ഈ രംഗത്തെ ചുരുക്കം ഉദാഹരണങ്ങളില്‍ പെടുന്നു. അതെ സമയം സമിപകാലത്ത് ഗള്‍ഫ് മേഖലയില്‍ നിന്നുയര്‍ന്ന 10 മലയാളികളെങ്കിലും അന്താരാഷ്ട്രതലത്തില്‍ തന്നെ പേരെടുത്തുകഴിഞ്ഞത് കേരളത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തിലാദ്യം. 

എന്നാല്‍ ആഗോളവ്യാവസായികലോകത്ത് ഇന്ത്യയില്‍ നിന്നുതന്നെ ആരും ഇല്ലാതിരുന്ന കാലത്ത് വിരാജിച്ച ഒരു മലയാളി ഉണ്ടായിരുന്നത് പലരും അറിയുന്നത് ഇപ്പോഴാണ്. അദ്ദേഹമാണ് ഈയിടെ അമേരിക്കയില്‍ അന്തരിച്ച വിജയ ഭാസ്‌കര്‍ മേനോന്‍.  സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കറന്‍സി നോട്ടില്‍ ഒപ്പ് പതിഞ്ഞ ആദ്യ ധനകാര്യ സെക്രട്ടറി പാലക്കാട് സ്വദേശി കെ ആര്‍ കെ മേനോന്റെ മകനാണ് ഭാസ്‌കര്‍. ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി കെ പി എസ് മേനോന്റെ (സീനിയര്‍) അടുത്ത ബന്ധു. വിശ്രുത ചിത്രകാരനും ശില്പിയുമായിരുന്ന കെ സി എസ്  പണിക്കരുടെ മരുമകന്‍. 

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

പോള്‍ മകാട്‌നിയ്ക്കും പങ്കാളി ലിന്‍ഡയ്ക്കുമൊപ്പം മേനോന്‍
 

ഓര്‍ത്താല്‍ വിസ്മയം

പ്രമുഖ ആഗോള മാധ്യമങ്ങളില്‍ മേനോനെ കുറിച്ചുള്ള ചരമക്കുറിപ്പുകളില്‍ അദ്ദേഹത്തില്‍ ചൊരിയുന്ന പ്രശംസയ്ക്ക് കയ്യും കണക്കുമില്ല.  അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയെങ്കിലും ശതകോടികളും സൂപ്പര്‍ താരങ്ങളും കെട്ടിമറിയുന്ന ആഗോള പാശ്ചാത്യ റോക്ക് സംഗീതവ്യവസായരംഗത്തെ  രാജാക്കന്മാരില്‍ ഒരാളായിരുന്നു അന്ന് പ്രായം വെറും മുപ്പതുകളിലായിരുന്ന  മേനോന്‍. പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും വലിയ റിക്കാഡിങ് കമ്പനിയായ ഇ എം ഐ മ്യൂസിക് വേള്‍ഡ് വൈഡിന്റെ  ചെയര്‍മാന്‍ ആയിരുന്ന മേനോന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രമുഖരായ  ബീറ്റില്‍സ്, റോളിംഗ് സ്റ്റോണ്‍സ്,  പിങ്ക് ഫ്‌ലോയ്ഡ് എന്നീ സംഘങ്ങളുടെ മഹാവിജയത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു. ആഗോളവല്‍ക്കരണത്തിനും മുമ്പ് ഇന്ത്യക്കാരെന്നാല്‍ ചെറിയ ജോലികള്‍ക്ക് മാത്രം പറ്റിയ വയറ്റിപ്പിഴപ്പുകാര്‍ എന്ന്  പാശ്ചാത്യര്‍ ചിന്തിക്കുന്ന കാലത്താണ് 1960 -കളിലും 70 -കളിലും യുവാവായ ഭാസ്‌കര്‍ പാശ്ചാത്യരുടെ മാത്രമായ റോക്ക് സംഗീതലോകത്തെ കടിഞ്ഞാണ്‍ ഏന്തുന്നത്. 

മാര്‍ച്ച് നാലാം തിയതി ഹോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വസിക്കുന്ന കാലിഫോണിയയിലെ പ്രശസ്തമായ  ബെവര്‍ലി ഹില്‍സിലെ തന്റെ വസതിയില്‍ എണ്‍പത്തിയാറാം വയസ്സില്‍ അന്തരിച്ച മേനോനെപ്പറ്റി യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ലൂസിയന്‍ ഗ്രെയിന്‍ജ് ഇങ്ങനെ എഴുതി: 'പൂര്‍ണമായ മികവ് ലക്ഷ്യമാക്കി ഭാസ്‌കര്‍ മേനോന്‍ EMI എന്ന സ്ഥാപനത്തെ സംഗീതത്തിന്റെ ശക്തിദുര്‍ഗ്ഗമായും നമ്മുടെ കാലത്തെ ഏറ്റവും ഗംഭീരമായ ആഗോള സംഗീത സ്ഥാപനമായും ഉയര്‍ത്തി. സംഗീതത്തിനും ലോകത്തിനും നഷ്ടമായത് ഒരു പ്രിയങ്കരനെയാണ്.'  

ഐതിഹാസികരായ ബീറ്റില്‍സ് ഗായകര്‍ ജോണ്‍ ലെനന്‍, ജോര്‍ജ്ജ് ഹാരിസണ്‍, പോള്‍ മെക്കാട്‌നി, ടിന ടേണര്‍, ക്ലിഫ് റിച്ചാര്‍ഡ്സ്, ഫ്രഡി മെര്‍ക്കുറി എന്നിവരുടെ ഒക്കെ ഉറ്റ സ്‌നേഹിതനായിരുന്നു മേനോന്‍. വലിയ നഷ്ടങ്ങളില്‍ കൂപ്പ് കുത്തിയ അമേരിക്കയിലെ കാപ്പിറ്റല്‍ റിക്കാഡിസിനെ അത്ഭുതവേഗത്തില്‍ ലാഭത്തിലെത്തിച്ച പ്രതിഭ. റോക്ക് ആന്റ് റോള്‍ രാജാവെന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടതത്രെ.  

ആഗോള ബഹുരാഷ്ട്ര ഭീമന്‍ കമ്പനികളുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല, അതില്‍ തന്നെ പാശ്ചാത്യസംഗീതവ്യവസായത്തില്‍ ഈ തലത്തിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ എന്നുമാണ് 1981 -ല്‍ 46 കാരനായിരുന്ന മേനോനെപ്പറ്റി 'ഇന്ത്യാ ടുഡേ'യിലെ ഒരു അഭിമുഖസംഭാഷണം വിശേഷിപ്പിക്കുന്നത്.    
 

life and death of Bhaskar Menon a music industry legend by MG Radhakrishnan

വിജയ ഭാസ്‌കര്‍ മേനോന്‍

 

വീട്ടിലെ കുക്കു

'അദ്ദേഹത്തിന്റെ ബാല്യം തന്നെ സംഗീതം നിറഞ്ഞ കുടുംബാന്തരീക്ഷത്തിലായിരുന്നു. അമ്മ സരസ്വതി ഒന്നാം കിട കര്‍ണാടക സംഗീത വിദുഷി ആയിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. സമര്‍ത്ഥനും പണ്ഡിതനും മാത്രമല്ല മനുഷ്യത്വം നിറഞ്ഞ വ്യക്തിയുമായിരുന്നു അദ്ദേഹം'-  മുന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കെ പി എസ്  മേനോന്റെ പൗത്രനുമായ പി ശിവശങ്കര്‍ മേനോന്‍ ഈ ലേഖകനോട് പറഞ്ഞു. 

തിരുവില്വാമല പാമ്പാടി സ്വദേശിയായിരുന്ന ഭാസ്‌കര്‍ മേനോന്റെ അച്ഛന്‍ കെ ആര്‍ കെ മേനോന്റെ സഹോദരന്‍ കേണല്‍ ഡോ. കെ എസ്  ആര്‍ മേനോന്റെ മക്കളായ രാംകുമാര്‍ മേനോനും രമണി ബാലശങ്കര്‍ക്കും 'കുക്കു' എന്ന്  വീട്ടില്‍   വിളിച്ചിരുന്ന ഭാസ്‌കറിനെക്കുറിച്ച് ധാരാളം ഓര്‍മ്മകളുണ്ട്.  'ഒരു ഇന്ത്യക്കാരനും എത്താന്‍ കഴിയാത്ത ആഗോള കോര്‍പ്പറേറ്റ്  ഉയരങ്ങളില്‍ എത്തിയ ആളാണ് കുക്കു ഏട്ടന്‍. പക്ഷെ ഇത്ര ഉന്നതങ്ങളില്‍ എത്തിയപ്പോഴും അദ്ദേഹത്തിന്റെ വിനയം, മനുഷ്യത്വം, ഉച്ചനീചത്വമില്ലാതെ എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സ് ഇതൊക്കെയാണ് എനിക്ക് അദ്ദേഹം ആരാധനാമൂര്‍ത്തിയാക്കിയത്'- രാംകുമാര്‍ മേനോന്‍ പറയുന്നു.

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

കെ ആര്‍ കെ മേനോന്‍, ഭാര്യ സരസ്വതി,  കേണല്‍ ഡോ. കെ എസ് ആര്‍ മേനോന്‍, ഭാര്യ രാജേശ്വരി

 

രാംകുമാറിന്റെ അച്ഛനോട് വളരെ അടുപ്പമുണ്ടായിരുന്ന ഭാസ്‌കര്‍, അദ്ദേഹം 2001 ല്‍ മരിച്ചപ്പോഴാണ് അവസാനം ഇന്ത്യയിലെത്തിയത്.  രാംകുമാറിന്റെ അമ്മയും തിരുവനന്തപുരത്തെ അറിയപ്പെട്ട വീണാ വിദുഷിയുമായിരുന്ന രാജേശ്വരി മേനോനുമായും ഭാസ്‌കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാജേശ്വരി മേനോന്‍ 96 -ാം വയസ്സില്‍ ഈ ജനുവരിയിലാണ് അന്തരിച്ചത്. 

ചെന്നൈയില്‍ കഴിയുന്ന രാംകുമാറിന്റെ സഹോദരി രമണി 2017 -ല്‍ അമേരിക്കയില്‍ പോയപ്പോഴാണ് അവസാനമായി ഭാസ്‌കറിനെ കണ്ടത്.  ''അല്‍പ്പം ചില ഓര്‍മ്മക്കുറവല്ലാതെ മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു.''-രമണി ഈ ലേഖകനോട് പറഞ്ഞു. 

അവസാനം വരെ കേരളത്തോടും മലയാളത്തോടുമൊക്കെ അദ്ദേഹം പുലര്‍ത്തിയ അടുപ്പമാണ് ഇരുവരും ഏറ്റവും സന്തോഷത്തോടെ പങ്കിട്ടത്.   ഏറെക്കാലം അമേരിക്കയില്‍ ബയോ മെഡിക്കല്‍ വിദഗ്ധനായി കഴിഞ്ഞിരുന്ന രാംകുമാറിന്റെ വീട്ടില്‍ വരുമ്പോഴൊക്കെ എത്രയും വേഗം പാശ്ചാത്യവസ്ത്രം മാറി കൈലി ഉടുക്കാനായായിരുന്നു തിടുക്കം. 'മലയാളം നന്നായി പറയും, ഏറ്റവും ഇഷ്ടം മലയാളി കോഴിക്കറി.' 

കെ പി എസ്  മേനോന്റെ (സീനിയര്‍) ബന്ധുവായിരുന്ന ഭാസ്‌കറിന്റെ 'അമ്മ സരസ്വതി  അഭിഭാഷകനായിരുന്ന അച്ഛന്‍ ഗോപാലമേനോനോടൊപ്പം മധുരയിലാണ് വളര്‍ന്നത്. 'മധുരയിലും പിന്നീട് ചെന്നൈയിലും എം എസ്  സുബ്ബലക്ഷ്മിയുടെ അയല്‍ക്കാരിയും അടുത്ത സുഹൃത്തും ആയിരുന്നു വലിയമ്മ. സംഗീതം പ്രൊഫഷനായി എടുത്തിരുന്നെങ്കില്‍ അതിപ്രശസ്തയാകുമായിരുന്നു.'- രമണി ഓര്‍ക്കുന്നു.      

life and death of Bhaskar Menon a music industry legend by MG Radhakrishnan
ഭാസ്‌കര്‍ മേനോന്റെ പിതാവ് കെ ആര്‍ കെ മേനോന്‍, സഹോദരന്‍ കേണല്‍ ഡോ. കെ എസ് ആര്‍ മേനോന്‍
 

സംഗീതവിപണിയിലേക്കുള്ള വഴി

കുടുംബത്തിലെ  മറ്റെല്ലാവരെയും പോലെ ഐ എ എസ്/ ഐ എഫ് എസ് -കാരനാകാന്‍ ആയിരുന്നു തിരുവനന്തപുരത്ത് ജനിച്ച ഭാസ്‌കര്‍ മേനോന്‍ ഡെറാഡൂണിലെ പ്രശസ്തമായ ഡൂണ്‍ സ്‌കൂളിലും അവിടെ നിന്ന് ദില്ലി സെന്റ സ്റ്റീഫന്‍സിലും പഠിക്കാന്‍ എത്തിയത്. 1956 -ല്‍ ഓക്്‌സ്‌ഫോഡിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ മേനോന്‍ എം എ യ്ക്ക് പഠിക്കുമ്പോള്‍ ഒരു വിരുന്നിനിടയില്‍ പരിചയപ്പെട്ട ഇ എം ഐ ചെയര്‍മാന്‍ ജോസഫ് ലോക്ക് വുഡ് ആണ് പയ്യന്റെ കഴിവ് തിരിച്ചറിഞ്ഞ് അപ്പോള്‍ തന്നെ തന്റെ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായി ജോലി കൊടുത്തത്.  അടുത്ത കൊല്ലം ഇ എം ഐയുടെ കീഴില്‍ ഉള്ള കല്‍ക്കത്തയിലെ ഗ്രാമഫോണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (ജി സി ഐ എല്‍)  കൊമേഴ്ഷ്യല്‍ മാനേജരായി ചുമതലയേറ്റ മേനോന്‍ 1964 ല്‍ കമ്പനിയുടെ   മാനേജിങ് ഡയറക്ടര്‍ ആയി ഉയര്‍ന്നു.  അക്കാലത്ത്  രാജ് കപൂര്‍ അടക്കം ബോളിവുഡിലെ പ്രമാണിമാരുടെയൊക്കെ അടുത്ത ചങ്ങാതിയായിരുന്നു. മേനോന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത് അക്കാലത്ത് മാത്രം. അന്ന്  ഇന്ത്യന്‍ സിനിമാലോകം കീഴടക്കിയ  എച് എം വിയുടെ റിക്കാഡുകള്‍ക്ക് വലിയ വില്‍പന ഉറപ്പ് വരുത്താനായി ചെലവ് കുറഞ്ഞ റിക്കാര്‍ഡ് പ്ലെയേഴ്‌സ് രംഗത്തിറക്കിയത് മേനോന്റെ ബുദ്ധിയായിരുന്നു. 

 

 

1971 ബംഗ്‌ളാദേശിലെ വിമോചനസമരസമയത്ത് പാകിസ്ഥാന്‍ സൈന്യത്തിന്റെ കൊടും ക്രുരതകള്‍ക്ക് ഇരയായി ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാര്‍ത്ഥികള്‍ക്ക് ധനസമാഹരണത്തിനായി രവിശങ്കറിന്റെയും ജോര്‍ജ്ജ് ഹാരിസന്റെയും ഡിലന്‍ തോമസിന്റെയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന മഹാസംഗീതമേളയുടെ മുഖ്യ ശില്പി ആയിരുന്നു മേനോന്‍.  റിംഗോ സ്റ്റാര്‍, എറിക് ക്ലാപ്റ്റന്‍ തുടങ്ങി അന്നത്ത സൂപ്പര്‍ താരങ്ങളൊക്കെ അതില്‍ പങ്കെടുത്തു. ഹാരിസന്റെ അവിസ്മരണീയമായ  'ബംഗ്‌ളാദേശ്' എന്ന ഗാനം അന്നാണ് ഉയര്‍ന്നുകേട്ടത്

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

ജോര്‍ജ്ജ് ഹാരിസണ്‍

1968 -ല്‍ ഹിപ്പിയിസത്തോടും 'ഹരേ രാമ ഹരേ കൃഷ്ണ' പ്രസ്ഥാനത്തിലും ആകൃഷ്ടനായി 'വണ്ടര്‍ വാള്‍' എന്നൊരു ഹിപ്പി സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ ബോംബെയിലെത്തിയ ബീറ്റില്‍ ഗായകന്‍ ജോര്‍ജ്ജ് ഹാരിസണിനു ആ യാത്രയില്‍ എല്ലാ  സൗകര്യങ്ങളും ഒരുക്കിയതും മേനോന്‍ ആയിരുന്നു. അന്ന്  മോണോ റിക്കാഡിങ് സൗകര്യം മാത്രമുണ്ടായിരുന്ന ബോംബെയിലായിരിക്കെ,  കല്‍ക്കത്തയില്‍ നിന്ന് തനിക്കായി ഇരട്ട ട്രാക്ക് സ്റ്റീരിയോ യന്ത്രം എത്തിച്ച് കൊടുത്തത് ഹാരിസണ്‍ എഴുതിയിട്ടുണ്ട്.  ബംഗ്‌ളാദേശ് സംഗീത നിശയുടെ കാലത്ത് ഒരിക്കല്‍ മേനോനുമായി ഹാരിസണ്‍ തെറ്റി. മേനോന്‍ ഇതില്‍ നിന്ന് സ്വന്തം കമ്പനിക്ക് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ധരിച്ച് പരസ്യമായി മേനോനെ അധിക്ഷേപിച്ചു. എന്നാല്‍ ഹാരിസണ്‍ ക്ഷുഭിതനാവുന്നത് വസ്തുതകള്‍ മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് മാത്രമേ മേനോന്‍ മാന്യമായി പ്രതികരിച്ചുള്ളൂ. പിന്നീട് തെറ്റിദ്ധാരണ മനസ്സിലാക്കി ഹാരിസണ്‍ മേനോനോട് ക്ഷമ യാചിക്കുകയും ചെയ്തത്രേ.  

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

 

'മേനോന്‍ മന്ത്ര' 

1970 -കളില്‍ ലോക് വുഡ് മേനോനെ അമേരിക്കയിലേക്ക്  അയച്ചു. വന്‍ നഷ്ടത്തിലായിരുന്ന ഇ എം ഐയുടെ അമേരിക്കന്‍ കമ്പനിയായ കാപിറ്റല്‍ റിക്കാഡിസിനെ കരകയറ്റാനായിരുന്നു അത്. 40 വയസ്സാകുന്നതിന് മുമ്പ് ഈ വമ്പന്‍ കമ്പനിയുടെ ചെയര്‍മാനാകുമ്പോള്‍  ആ ഉയരത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു മേനോന്‍. അന്ന് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 43 ലക്ഷം രൂപ! രണ്ട വര്‍ഷം കൊണ്ട് കമ്പനിയെ ലാഭത്തിലാക്കി മേനോന്‍ പേരെടുത്തു. കമ്പനിയില്‍ നിന്ന് വമ്പന്‍ പ്രതിഫലം പറ്റിയിരുന്ന ഒട്ടേറെ ഉന്നതരെയും ഗായകരെയും ഒഴിവാക്കി പുതിയ മുഖങ്ങളെ അവതരിക്കുകയായിരുന്നു 'മേനോന്‍ മന്ത്ര'  എന്നറിയപ്പെട്ട ശൈലി. അക്കാലത്താണ് ബ്രിട്ടീഷ് ഗായകസംഘമായിരുന്ന പിങ്ക് ഫ്ലോയ്ഡിന്റെ 'ദി  ഡാര്‍ക് സൈഡ് ഓഫ് ദി മൂണ്‍' എന്ന, ഭീമന്‍ ഹിറ്റായ, ആല്‍ബം മേനോന്‍ വിപണിയിലിറക്കുന്നത്.  നാലരക്കോടി റിക്കാഡുകളാണ് ഈ ആല്‍ബം വിറ്റഴിഞ്ഞത്!  'ഭാസ്‌കര്‍ എന്ന ആ ഒരാളിന്റെ പ്രയത്‌നമാണ് ആ ആല്‍ബത്തിന്റെ മഹാവിജയത്തിനു പിന്നില്‍'- പിങ്ക് ഫ്ലോയ്ഡിന്റെ പ്രമുഖനായ  ഡ്രമ്മര്‍  നിക് മേസണ്‍ പിന്നീട് എഴുതി.

EMI യുടെ ലണ്ടനിലെ പ്രശസ്തമായ ആബെ റോഡ് സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ആ റോക്ക് ആല്‍ബത്തില്‍ സംഗീതവും സാഹിത്യവും സാങ്കേതികതയും മനോഹരമായി സമ്മേളിച്ചു. 1970 കളിലെ ഹിപ്പികാലഘട്ടത്തിന്റെ ആകുലതകള്‍ -അസ്തിത്വദുഃഖം,  ഉന്മാദം, മരണം,  പണത്തിന്റെയും യുദ്ധത്തിന്റെയും അര്‍ത്ഥശൂന്യത- നിറഞ്ഞ ആ ആല്‍ബം പക്ഷെ അന്നുവരെ കഷ്ടപ്പെട്ട് കഴിഞ്ഞ പിങ്ക് ഫ്ലോയ്ഡിലെ നാല് കലാകാരന്മാരെ ശതകോടീശ്വരന്മാരാക്കി! 

 

 

ഗ്ലെന്‍ കാംപ്ബെലിന്റെ വന്‍ വിജയമായ 'റൈന്‍സ്റ്റോണ്‍ കൗബോയ്' എന്ന ആല്‍ബം ഇറക്കിയതും മേനോന്‍. 1974 -ലെ ഒരു അര്‍ദ്ധരാത്രി ഈ പാട്ടിനെപ്പറ്റി ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ പറഞ്ഞതറിഞ്ഞ് പുലര്‍ച്ചെ നാലരയ്ക്ക്  കാലിഫോണിയയിലെ ബെവര്‍ലി ഹില്‍സിലെ തന്റെ വീട്ടില്‍ കാംപ്ബെലിനെ വരുത്തി കരാര്‍ ഒപ്പിടുകയായിരുന്നുവത്രെ. 

 

 

അന്ന് കാര്യമായി അറിയപ്പെടാത്ത ക്വീന്‍ എന്ന ഗ്രൂപ്പിലായിരുന്ന ഫ്രഡി മെര്‍കുറിയെ താരമാക്കിയതിലും മേനോനായിരുന്നു പ്രമുഖ പങ്ക്.  അക്കാലത്ത് ആഗോള റിക്കാഡഡ് സംഗീത വിപണിയുടെ 30 ശതമാനം നിയന്ത്രിച്ചതും 45 രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന ഇ എം ഐ സാമ്രാജ്യത്തിന്റെ നേതൃത്വം വഹിച്ചതും 40 തികയാത്ത മേനോനായിരുന്നുവെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ചരമക്കുറിപ്പില്‍ ബ്രിട്ടിഷ്  പത്രമായ ഡെയ്ലി ഗാര്‍ഡിയന്‍ എഴുതുന്നു. 

 

life and death of Bhaskar Menon a music industry legend by MG Radhakrishnan

വിജയ ഭാസ്‌കര്‍ മേനോന്‍ സുഹൃത്ത്ുക്കള്‍ക്കൊപ്പം
 

 

ഇന്ത്യന്‍ മാന്ത്രികന്‍

ഗായകരുമായുള്ള ഉറ്റ ചങ്ങാത്തമാണ് തന്റെ വിജയത്തിന്റെയൊക്കെ കാരണമെന്ന് ഭാസ്‌കര്‍ കുറിച്ചു. 'ചുരുട്ടും ചവച്ച് വരുന്ന അമേരിക്കന്‍ സംഗീതവ്യവസായികളില്‍ നിന്ന് വ്യത്യസ്തനായി മാന്യനും ബുദ്ധിമാനുമായ ഇന്ത്യന്‍ മാന്ത്രികന്‍' എന്നാണ് 10 ഗ്രാമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ ഗായിക ലിന്‍ഡ റോന്‍സ്റ്റാറ്റ് മേനോനെ വിശേഷിപ്പിച്ചത്. സംഗീതവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ജനതയ്ക്ക് രുചിക്കുന്നതെന്തെന്ന്  തിരിച്ചറിയാനും അത് വിപണിയില്‍ വന്‍ ഹിറ്റ് ആക്കാനുമുള്ള കഴിവുമാണ് തന്റെ കൈമുതല്‍ എന്ന അദ്ദേഹം പറയും. ഏത് തരം സംഗീതമാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ സരസമായ മറുപടി ഇതായിരുന്നു: 'വില്‍ക്കാന്‍ പറ്റിയ എന്തും.' 

വില്‍ക്കാന്‍ പറ്റിയ എന്തുമെന്നൊക്കെ പറഞ്ഞെങ്കിലും പോപ്പ്-റോക്ക് സംഗീതത്തില്‍ മാത്രമല്ല പാശ്ചാത്യ-പൗരസ്ത്യ ക്ലാസിക്കല്‍ സംഗീതത്തിലും ഭാസ്‌കറിന്റെ അവഗാഹം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് രാം കുമാര്‍ പറഞ്ഞു. പാട്ട് പാടിയിരുന്നില്ലെന്ന് മാത്രം. ബീറ്റില്‍സ് നായകന്‍ ജോണ്‍ ലെനന്‍ വെടിയേറ്റുമരിച്ച വാര്‍ത്ത കേട്ട ഉടന്‍ ആദ്യത്തെ വിമാനത്തില്‍ കയറി അദ്ദേഹത്തിന്റെ ഭാര്യ യോക്കോയെ സമാശ്വസിപ്പിക്കാന്‍ പറന്നു, അദ്ദേഹം. വിഖ്യാതരായ രവിശങ്കറോടും ജോര്‍ജ്ജ് ഹാരിസനോടും ഉള്ള അതേ സ്‌നേഹമസൃണമായ പെരുമാറ്റം ആയിരുന്നു ഭാസ്‌കര്‍ വീട്ടു ജോലിക്കാരോടും പുലര്‍ത്തിയതെന്നും രാം കുമാര്‍ ഓര്‍ക്കുന്നു. 

1990 ല്‍ ഇ  എം ഐയില്‍ നിന്ന് വിരമിച്ച മേനോന്‍ ഇന്റര്‍നാഷണല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നൊരു നിക്ഷേപസ്ഥാപനം ആരംഭിച്ചു. ഇന്ത്യയില്‍ എന്‍ ഡി ടി വിയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. വിഖ്യാത കലാകാരന്‍ കെ സി എസ് പണിക്കരുടെ മകള്‍ സുമിത്രയാണ് മേനോന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. അമേരിക്കന്‍ അക്കാദമിക ലോകത്തുള്ള വിഷ്ണുവും സിദ്ധാര്‍ത്ഥയും. ഏകസഹോദരി വാസന്തി മേനോന്‍ ബംഗലൂരുവിലാണ്. 

ഇന്ത്യയും കേരളവും അദ്ദേഹത്തെ മനസ്സിലാക്കിയില്ലെങ്കിലും സംഗീതലോകത്തെ വിവിധ ബഹുമതികള്‍ക്ക് പുറമെ സത്യജിത് റായിക്കും മറ്റും ലഭിച്ചിട്ടുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അത്യുന്നത സാംസ്‌കാരിക പുരസ്‌കാരമായ ഷെവലിയറും (1990) മേനോനെ തേടിയെത്തിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios