വെറും നാല് ദിവസം; നടന്നത് ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല !
'കഫർ ആസ' സമൂഹം താമസിക്കുന്ന കേന്ദ്രങ്ങളില്‍ കടന്നു കയറിയ ഹമാസ്, നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു. ഇസ്രായേലിന്‍റെ തിരിച്ചടിയില്‍ ഗാസയിലെ റോക്കറ്റ് ആക്രമണത്തില്‍ 260 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെറും നാല് ദിവസത്തെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്‍റെ 75 വര്‍ഷത്തെ ചരിത്രത്തിനിടെയിലെ ഏറ്റവും വലിയ സിവിലിയന്‍ കൂട്ടക്കൊലയാണ് അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷത്തിനിടെ ഇസ്രായേല്‍ അയല്‍രാജ്യങ്ങളുമായി യുദ്ധമോ മറ്റെന്തെങ്കിലും തരത്തിലുള്ള സങ്കര്‍ഷങ്ങളോ ഇല്ലാത്തെ ദിവസങ്ങള്‍ അപൂര്‍വ്വമായിരുന്നു. ഇതിനിടെ ഇസ്രായേല്‍ സൈന്യം പതിനെട്ടോളം യുദ്ധങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും സംഭവിക്കാത്ത തരത്തിലുള്ള ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കാണ് ഇസ്രായേലി സമൂഹം ഇതിനകം വിധേയമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രായേലി പ്രതിരോധ വക്താവ് മേജർ ലിബി വെയ്സ് പറഞ്ഞത്, 'ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻമാരുടെ കൂട്ടക്കൊലയാണ് നടന്നതെന്നാണ്.' ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇസ്രായേലി പ്രതിരോധ വകുപ്പില്‍ നിന്നും ഉണ്ടാകുന്നത്.
75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
യുദ്ധം; തകര്‍ന്ന് വീണ് ഇസ്രായേല്‍ വിപണി, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു
ഗാസ മുനമ്പിന് സമീപമുള്ള 'കഫർ ആസ' (Kfar Aza) സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു പ്രതിരോധ വകുപ്പില്‍ നിന്നും ഇത്തരമൊരു അഭിപ്രായ പ്രകടനമുണ്ടായത്. ഏഴുപതോളം വരുന്ന ഹമാസ് സായുധ സംഘം മുപ്പതോ നാല്പതോ മിനിറ്റുകൊണ്ടാണ് കഫർ ആസ സമൂഹത്തെ കൂട്ടക്കൊല ചെയ്തതെന്നാണ് ഇസ്രായേലി സൈന്യം പുറത്ത് വിടുന്ന വിവരങ്ങള്‍. തോക്കുകളും ഗ്രനേഡുകളും കത്തികളും ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് ഇസ്രായേലി സൈന്യം ആരോപിച്ചു. കഫര്‍ ആസ സമൂഹത്തിലെ കുട്ടികളെ ഹമാസ് നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ സൈന്യം ആരോപിച്ചിരുന്നെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹമാസ് സായുധ സംഘം അപ്രതീക്ഷിതമായി വീടുകളിലേക്ക് ഇരച്ച് കയറുകയും ആളുകളെ കൊലപ്പെടുത്തുകയയുമായിരുന്നു. മൃതദേഹങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നിന്നാണ് കണ്ടെത്തിയതെന്നും സൈന്യം പറഞ്ഞു.
ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയില്‍ മൂന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഇസ്രയേലില്‍ ഹമാസ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് ഇങ്ങനെയോ? വീഡിയോ വൈറല്‍- Fact Check
ഇരുഭാഗത്തുമായി ഇതുവരെ മരണ സംഖ്യ 3,600 കടന്നു. ഒക്‌ടോബർ 7 ന് ഹമാസ് "ആശ്ചര്യകരമായ ആക്രമണം" ആരംഭിച്ചതിന് ശേഷം രാജ്യത്തെ 155 സൈനികർ ഉൾപ്പെടെ 1,200 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 2,616 പേർക്ക് പരിക്കേറ്റെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. തിരിച്ചടിക്ക് 3,00,000 ഇസ്രായേലി സൈനികരാണ് അണിനിരന്നത്. 1973 ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിതെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്, 'ഇസ്രായേൽ അത് അവസാനിപ്പിക്കും' എന്നാണ്. ഇസ്രായേലികളുടെ മരണം സങ്കൽപ്പിക്കാനാവാത്തതെന്നായിരുന്നു ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ജോനാഥന്‍ പറഞ്ഞത്. ഒപ്പം 30 ഓളം ഹമാസ് അംഗങ്ങളും ബന്ദികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് ദിവസത്തിനുള്ളില്‍ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് 4,500 റോക്കറ്റുകൾ തൊടുക്കപ്പെട്ടതായി ഐഡിഎഫ് വെളിപ്പെടുത്തി. തിരിച്ചടിയായി, ഇസ്രായേൽ പ്രതിരോധ സേന ഗാസയിലെ 1,290 ഹമാസ് ലക്ഷ്യങ്ങൾ തകർത്തു. നിരവധി പേരെ ഹമാസ്, ഗാസയിലേക്ക് തട്ടിക്കൊണ്ട് പോയതായും ഇസ്രായേല്‍ സേന അവകാശപ്പെട്ടു.
അതേസമയം, ഇസ്രായേലിന്‍റെ തിരിച്ചടിയില്‍ കുറഞ്ഞത് 260 കുട്ടികളും 230 സ്ത്രീകളും ഉൾപ്പെടെ 900 പലസ്തീനികൾ കൊല്ലപ്പെടുകയും 4,000 പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്ക് മേഖലയിൽ ശനിയാഴ്ച മുതൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും ഏകദേശം 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിൽ നിന്ന് 2,00,000-ത്തിലധികം ആളുകൾ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. 2014-ൽ ഇസ്രായേൽ വ്യോമ, കര ആക്രമണം നടത്തിയതിന് ശേഷം ഗാസയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഏറ്റവും വലിയ സംഖ്യയാണിതെന്നും യുഎന്‍ പറയുന്നു. മൂന്ന് ജല, ശുചീകരണ സൗകര്യങ്ങളും ഇസ്രായേല്‍ സേന തകര്‍ത്തതിനാല്‍ ഗാസയിലെ അവശേഷിക്കുന്ന 4,00,000 പേര്‍ക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഗാസയിലെ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.