എന്നെങ്കിലും ലോകനിലവാരത്തിലുള്ള പൊതുശുചിമുറി കോംപ്ലക്സുകളുണ്ടാവുമോ നമുക്ക്?

വിനോദ സഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനമാണ് കേരളം. കൊവിഡും തീവ്രമഴയും കാരണം തകർന്നിരിക്കുന്ന നമ്മുടെ സമ്പദ്‍വ്യവസ്ഥ കരകയറണമെങ്കിൽ വമ്പൻ പദ്ധതികളെക്കാൾ പ്രയോജനം ചെയ്യുക  ഇത് പോലെയുള്ള ചെറിയ ചെറിയ പരിഹാരങ്ങളാകും.

lack of public toilets in kerala and problems s biju writes

കേന്ദ്ര സർക്കാറിന്റെ നിരത്ത്-ഹൈവേ മന്ത്രാലയം 2013 -ൽ പുറപ്പെടുവിച്ച  ഉത്തരവ് പ്രകാരം പെട്രോൾ പമ്പുകളിൽ വൃത്തിയുള്ള ശുചിമുറികളും കുടിവെള്ളവും 24 മണിക്കൂറും സൗജന്യമായി നൽകണമെന്നാണ്. മാത്രമല്ല ഇത് സംബന്ധിച്ച് പൊതു അറിയിപ്പ് നിരത്ത് വക്കിൽ ഉണ്ടായിരിക്കണമെന്നും നിഷ്ക‌ർഷിക്കുന്നു.

lack of public toilets in kerala and problems s biju writes 

തിരുവനന്തപുരത്തെ വിളപ്പിൽശാല ചവർ ഫാക്ടറിക്കെതിരെ സമരം കൊടുംപിരി കൊണ്ടിരിക്കുന്ന കാലം. എന്ത് വില കൊടുത്തും ചവർ ഫാക്ടറി നടത്തുമെന്ന വാശിയിൽ തിരുവനന്തപുരം നഗരസഭ. ഇനിയും തങ്ങളുടെ ഗ്രാമത്തെ നഗരത്തിലെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള പിന്നാമ്പുറമാക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ. ചവർ സംസ്കരണത്തിനുള്ള യന്ത്രസംവിധാനങ്ങൾ ഇറക്കുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ നഗരസഭ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തു. അന്ന് ഉമ്മൻചാണ്ടിയാണ് മുഖ്യമന്ത്രി. 

എന്ത് വന്നാലും ചവർ കൊണ്ടു വന്നിട്ടേ പറ്റൂ എന്ന  സിപിഎം ഭരിക്കുന്ന തിരുവനന്തപുരം സഗരസഭയുടെ വാശിയൊന്നും കോൺഗ്രസുകാരനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കില്ല. എന്നാൽ, കോടതി വിധി നടപ്പാക്കുകയും വേണം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറോളം ഇടിവണ്ടികൾ അതിൽ നിറയെ പൊലീസുകാരുമായി വിളപ്പിൽശാല ക്ഷേത്ര മൈതാനത്ത് തമ്പടിച്ചു. കാലേക്കൂട്ടി വന്ന പൊലീസുകാർക്ക് പഴക്കമുള്ള കൊച്ചു കെട്ടിടത്തിലെ ഒരു ശൗചാലയം എവിടെ തികയാൻ. പൊലീസ് പുരുഷൻമാർ   പരിസരങ്ങളിലെ കടകളിലും, സഥാപനങ്ങളിലും, പറമ്പിലും പാടത്തും ഒക്കെയായി പ്രകൃതിയുടെ വിളികൾക്ക് ഉത്തരം തേടി. ഇതിലും വലിയ നഗരനാറ്റം മുഴുവൻ വർഷങ്ങളായി ആവാഹിച്ചെടുക്കാൻ വിധിക്കപ്പെട്ടതിനാൽ നാട്ടുകാർ പ്രതിഷേധിച്ചില്ല. 

എന്നാൽ, തലേന്ന് തന്നെ ഇടുക്കിയടക്കം ദൂരെ ദേശങ്ങളിൽ നിന്ന് വന്ന വനിതാ പൊലീസുകാർ പരുങ്ങലിലായി. സ്തീകൾക്ക് മാത്രമേ സ്തീകളുടെ ബുദ്ധിമുട്ട് മനസ്സിലാകൂ എന്നതിനാലാകും തങ്ങളെ അടിച്ചമർത്താൻ വന്ന വനിതാപൊലീസുകാർക്ക് നാട്ടുകാരായ സ്ത്രീകൾ വീടുകൾ തുറന്നു നൽകി. എന്റെ ഭാര്യയടക്കം പല സ്ത്രീകളും പ്രാഥമികകൃത്യം നിർവഹിക്കാൻ വന്ന വനിതാ പൊലീസുകാർക്ക് പ്രഭാത ഭക്ഷണം വരെ കൊടുത്ത് എപ്പോഴും മടങ്ങി വരാമെന്ന ക്ഷണവും നൽകിയാണ് വിട നൽകിയത്.   

എന്തായാലും നാട്ടുകാർ നൽകിയ ആതിഥേയപ്പെരുമ കൊണ്ടോ, ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്താലോ നാട്ടുകാരോട് മെക്കിട്ടു കേറാനൊന്നും പൊലീസ് മുതിർന്നില്ല.  സായുധരായ പൊലീസിനെയും ദു‍ർവാശിക്കാരായ നഗരസഭയെയും എതിർക്കാൻ ഇട്ട പൊങ്കാല കലങ്ങൾ (സൈബറല്ല യഥാർത്ഥം) അവർക്ക് നേരെ ചില അത്യുത്സാഹികളായ സമരക്കാർ വലിച്ചെറിഞ്ഞിട്ടും പുകയോ വെടിയോ പൊട്ടിയില്ല. പൊങ്കാലയേറിൽ  ചെറുതായി പൊള്ളലേറ്റ വനിതാ പൊലീസുകാരെ നാട്ടുകാ‍ർ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചു. മനുഷ്യരുടെ പ്രാഥമികമായ ആവശ്യങ്ങളോട് പോലും ഭരണകൂടം പുറംതിരിയുന്ന സമീപനത്തിന്റെ ദൃഷ്ടാന്തമാണ് വിളപ്പിൽശാലയിലെ ഉദാഹരണം. 

കേരളമൊട്ടാകെ നിന്ന് വനിതകളടക്കം പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടു വരാൻ ഉത്തരവിട്ട പൊലീസ് മേലാളന്മാർ തങ്ങളുടെ പൊലീസുകാർ എങ്ങനെ അമേധ്യ വിസർജനം നടത്തുമെന്ന് ചിന്തിച്ചില്ല. ഇതേ സമീപനം തന്നെയാണ് കേരളമൊട്ടാകെ നമ്മുടെ സിവിൽ സർ‍വ്വീസുകാരും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും പുലർത്തുന്നത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ വെളിയിട വിസർജന രഹിത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച നാടാണ് കേരളം. ചുമ്മാ വാചകമടിച്ചിട്ടെന്ത് കാര്യം. നമ്മെളൊക്കെ പുറത്തിറങ്ങിയാൽ, പ്രത്യേകിച്ച് ദീർഘയാത്രകളിൽ മലമൂത്ര വിസർജനം നടത്താൻ നാമനുഭവിക്കുമന്ന പ്രയാസം പറയേണ്ടതില്ലല്ലോ.  

16 വർഷം മുമ്പ് 2005 -ലെ ഒരു വിളംബരം പതിവുപോലെ കോടികളുടെ പദ്ധതി- 61 കോടിയുടെ നിക്ഷേപത്തെ കാണിക്കുന്നതാണ്. പതിനായിരങ്ങൾക്ക് തൊഴിൽ. 121 സ്വകാര്യ സംരംഭകരുടെ പങ്കാളിത്തം. കേരളത്തിലെ പാതയോരങ്ങളിൽ ഭക്ഷണത്തിനും, വിസർജ്ജനത്തിനും,  വിശ്രമത്തിനും ഉള്ള ബഹൃത് പദ്ധതി- വഴിയോരം - ആഹാ എന്ത് നല്ല കിനാശ്ശേരി. പാശ്ചാത്യ നാടുകളിലെ വഴിയോര മോട്ടലുകളുടെയും, വേസൈഡ് ഫെസിലിറ്റികളുടെയും ഉദാത്ത മാതൃക. അന്നത്തെ വിനോദസഞ്ചാര മന്ത്രി കെ.സി വേണുഗോപാലിന്റെ സ്വപ്ന പദ്ധതി.   മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിനോദസഞ്ചാര കോർപ്പറേഷൻ അദ്ധ്യക്ഷൻ പന്തളം സുധാകരനുമെല്ലൊം അണിനിരന്ന ഉദ്ഘാടനമെല്ലാം കെങ്കേമമായി നടന്നു. പക്ഷേ, ആ പദ്ധതിക്ക് ലക്ഷ്യ പൂർത്തീകരണം നടത്താനാകാത്ത പതിവ് സർക്കാർ പദ്ധതികൾ പോലെ അകാല ചരമം പ്രാപിക്കലായിരുന്നു വിധി.  

അതെന്തായാലും വിസർജ്യശാപം കൊണ്ടെന്ന് കരുതാം ഉമ്മൻചാണ്ടിക്ക് അധികാരവും നഷ്ടമാകുന്നതും. 2013 -ൽ സരിതയെ മുൻനിർത്തി സോളാർ പദ്ധതി തട്ടിപ്പ് ആരോപണം ഉന്നയിക്കുകയും വൻപ്രക്ഷോഭം അന്നത്തെ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉയർത്തുകയും ചെയ്തു. ആഗസ്റ്റിൽ നഗരത്തെ സ്തംഭിപ്പിച്ച് കൊണ്ട് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞപ്പോൾ കേരളമൊട്ടാകെ നിന്നുള്ള പ്രക്ഷോഭകർ അണിനിരന്നു.    സമരം ഉഷാറാക്കാൻ വൻ സമൂഹ ഭോജനശാലകൾ സിപിഎം തുറന്നപ്പോൾ അവർ നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ മറ്റൊരു ഗൗരവപ്രശ്നം കൈകാര്യം ചെയ്തു. നഗരസഭ സമൂഹ വിസർജനശാലകൾ തുറന്നു കൊടുത്തപ്പോൾ സമരത്തിനെ ചെറുക്കാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാ‌ർ അതിനെ തന്ത്രപൂർവ്വം ചെറുത്തു. ആവശ്യത്തിന് കക്കൂസുകൾ ഇല്ലാതെ വീർപ്പുമുട്ടിയതും പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ആക്കം കൂട്ടി. ധർമ്മപുരാണത്തിലെ പ്രജാപതിക്ക് തൂറാൻമുട്ടിയതിലെ രാഷ്ടീയം ഒ വി വിജയൻ വിശകലനം ചെയ്തത് പോലെ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരും വിസർജ്യപ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. 

സോളാർ നാറ്റക്കേസ് ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാറും കേരളത്തിലെ പൊതുവിടങ്ങളും വഴിവക്കുകളും ചീഞ്ഞുനാറുന്ന പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തിയില്ല. കെ-റെയിലും കെ-ഫോണും പ്രഖ്യാപിക്കുന്നത് പോലെ വിസർജനമേഖലയിലും പക്ഷേ പദ്ധതി പ്രഖ്യാപനങ്ങൾ തുടർന്നു. പിണറായി സർക്കാറിന്റെ ശുചിത്വ മിഷനുകാർ മുന്നിൽ വച്ചത് കുറേക്കൂടി യാഥാർത്ഥ്യ ബോധമുള്ളതെന്ന് തോന്നുന്ന പദ്ധതിയായിരുന്നു. 2017 -ലെ ഈ പദ്ധതി പ്രകാരം പ്രധാന പാതകളിലെ ഓരോ 25 കിലോമീറ്ററിലും നല്ല ശൗചാലയങ്ങൾ പണിയുകയെന്നതായിരുന്നു ലക്ഷ്യം. തുടക്കത്തിൽ 575 ശുചിമുറികൾ സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ നടപ്പാക്കുമെന്നായിരുന്നു അന്ന് ശുചിത്വ മിഷൻ ഓപ്പറേഷൻസ് ഡയറക്ടർ സി.വി ജോയ് പറഞ്ഞിരുന്നത്. 

ആള് കൂടൂന്നയിടങ്ങളിൽ, അത് കളിസ്ഥലമായാലും, ചന്തയായാലും, പാതവക്കിലുമൊക്കെയായി നടപ്പാക്കുകയായിരുന്നു വിഭാവനം ചെയ്‍തത്. കേന്ദ്ര സർക്കാറിന്റെ സ്വച്ഛ് ഭാരത് മിഷന്റെ സഹായത്തോടെ 60 ശതമാനം കേന്ദ്രവും ശിഷ്ടം സംസ്ഥാന സർക്കാറും വഹിച്ചാകും പദ്ധതി നടപ്പാക്കുകയെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ചെറിയൊരു ശതമാനമെങ്കിലും നടപ്പാക്കിയോ എന്ന് വ്യക്തമല്ല. ആർക്കും ഇത് സംബന്ധിച്ച കണക്ക് പറയാനുമാകുന്നില്ല. കാര്യമായി ഈ പദ്ധതി നടപ്പാക്കിയില്ലെന്നാണ് അറിയുന്നത്. ഇനി നടപ്പാക്കിയതിന്റെ കണക്ക് പറഞ്ഞാൽ സന്തോഷത്തോടെ തിരുത്താം. ആശങ്ക തീർത്ത്  ഇത്തിരി ആശ്വാസമാണല്ലോ നാം കാംക്ഷിക്കുന്നത്. 

റെയിൽ മാർ​ഗം യാത്ര ചെയ്യുന്നവർക്ക് വലിയ പ്രശ്നമില്ല. വലിയ സ്റ്റേഷനുകളിലും ഒട്ടുമിക്ക തീവണ്ടികളിലും ശുചിമുറികളുണ്ട്. അടുത്ത കാലം വരെ തീവണ്ടിപ്പാളങ്ങളിലായിരുന്നു ഇത് പുറംതള്ളിയിരുന്നത്. സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലെ ഏറ്റവും അറപ്പിക്കുന്ന കാഴ്ചയാണ് വിസർജ്യം ചിതറിക്കിടക്കുന്നത്, മുഴുവനായും ഇത് ഒഴിവാക്കാനായിട്ടില്ലെങ്കിലും ഇപ്പോൾ തീവണ്ടികളിൽ ബയോ ടോയ്‍ലെറ്റുകൾ ഏറെക്കുറെ സജ്ജമാക്കി വരുന്നു. ചുരുക്കം പാസഞ്ച‍ർ വണ്ടികൾ ഒഴികെ എല്ലാത്തിലും ബയോ ടോയ്‍ലെറ്റുകളുണ്ട്. വിസർജ്യം രാസ-ജൈവ മാർഗങ്ങളിലൂടെ നിർവീര്യമാക്കുന്ന പദ്ധതി റെയിൽവേ ഏറെക്കുറെ വിജയകരമായി നടപ്പാക്കുന്നുണ്ട്. എന്നാൽ, നാം പൊതുജനം അതിലേക്ക് ബീഡി മുതൽ സാനിറ്ററി നാപ്കിൻ വരെ കുത്തിക്കയറ്റി നശിപ്പിക്കുന്നു എന്നത് മറ്റൊരു വസ്തുത.

  lack of public toilets in kerala and problems s biju writes

റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ കാര്യമാണ് പരിതാപകരം. ഒന്നു മൂത്രമൊഴിക്കണമെങ്കിൽ പോലും പെടുന്ന പ്രയാസം നമുക്കറിയാം. മുൻപൊക്കെ റോഡിനിരുവശവും ഒഴിഞ്ഞ ഇടങ്ങൾ ധാരാളമുണ്ടായിരുന്നതിനാൽ പ്രകൃതിയുടെ വിളിക്ക് ഉത്തരം തേടി പ്രകൃതിയെ തന്നെ ആശ്രയിക്കലാണ് പതിവ്. ചുരുങ്ങിയ പക്കം ആണുങ്ങളെങ്കിലും ആശ്വാസം കണ്ടെത്തിയിരുന്നു. ഇപ്പോൾ വെളിപറമ്പുകൾ കുറവായതിനാൽ നിവൃത്തിയില്ല. സ്തീകളുടെ സംവിധാനങ്ങൾ പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്നതു പോലെയാണ് അവസ്ഥ. എവിടെയെങ്കിലും പൊതുശുചിമുറികൾ ഉണ്ടായിരുന്നാൽ തന്നെ അതിനെപ്പറ്റി വഴിയാത്രക്കാർക്ക് അറിയാൻ വഴിവക്കിൽ അറിയിപ്പ് പലകകൾ ഒന്നുമില്ല. 

വിനോദ സഞ്ചാരികളെയും കൊണ്ട് സവാരി പോകുന്ന പല ടാക്സി ഡ്രൈവർമാരും പറയുന്നത് തങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമിതാണെന്നാണ്. 'ഭയ്യാ ലേ ജാവോ വാഷ്റൂ'മെന്ന് സ്ത്രീകൾ ആവശ്യപ്പെടുമ്പോൾ തങ്ങൾ വിഷമസന്ധിയിലാകുമെന്ന് അവ‌ർ പരാതിപ്പെടുന്നു. കേന്ദ്ര സർക്കാറിന്റെ നിരത്ത്-ഹൈവേ മന്ത്രാലയം 2013 -ൽ പുറപ്പെടുവിച്ച  ഉത്തരവ് പ്രകാരം പെട്രോൾ പമ്പുകളിൽ വൃത്തിയുള്ള ശുചിമുറികളും കുടിവെള്ളവും 24 മണിക്കൂറും സൗജന്യമായി നൽകണമെന്നാണ്. മാത്രമല്ല ഇത് സംബന്ധിച്ച് പൊതു അറിയിപ്പ് നിരത്ത് വക്കിൽ ഉണ്ടായിരിക്കണമെന്നും നിഷ്ക‌ർഷിക്കുന്നു 

ഇതിൽ വീഴ്ചയുണ്ടായാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും മേൽ ഉത്തരവിൽ പറയുന്നു. എന്നാൽ, ഭൂരിഭാഗം പമ്പുകളിലും വ‍ൃത്തിഹീനമായ അവസ്ഥയിലാണ് ശുചിമുറികളെന്നത് നമുക്കെല്ലാവർക്കുമറിയാം. പലതും തുറന്ന് കിട്ടാറുമില്ല. അതിനാൽ തന്നെ സ്ത്രീകൾ പൊതുവിൽ ഇതിനെ ആശ്രയിക്കാറുമില്ല. വല്ല ഹോട്ടലുകളും തേടി പോവുകയേ നിവൃത്തിയുള്ളൂ. ഹോട്ടലുകാ‍ർ വെറുതേ ശുചിമുറികൾ ഉപയോഗിക്കാൻ പിന്തുണക്കാറില്ല. ഔചിത്യം കാക്കാൻ വേണ്ടി ആവശ്യമില്ലെങ്കിലും ഭക്ഷണം കഴിക്കാൻ നാം നിർബന്ധിതരാവും. എന്നാൽ, അവിടെയും കാര്യങ്ങൾ തഥൈവയാണ്. പല ഇൻഡ്യൻ കോഫി ഹൗസുകളിൽ പോലും ശുചിമുറികൾ നല്ല നിലവാരത്തിലല്ല പരിപാലിക്കുന്നത്. ശുചിമുറികളിലെ വൃത്തിയില്ലാത്ത ബക്കറ്റും, മഗ്ഗും, ഫ്ലഷും കാരണം പലപ്പോഴും വെള്ളമുണ്ടെങ്കിൽ പോലും നാം വ‍ൃത്തിയാക്കാൻ അറയ്ക്കും. 

കേരളത്തിലെ നിരത്തുകളെ കീഴടക്കുന്നവരാണ് കെഎസ്ആർടിസി. അങ്ങോളമിങ്ങോളം ആനവണ്ടികൾ പായുന്നുമുണ്ട്. മാത്രമല്ല പ്രധാന നിരത്തുകളിലെല്ലാം ഡിപ്പോയോ, ഓപ്പറേറ്റിങ്ങ് യൂണിറ്റോ കെഎസ്ആർടിസിക്കുണ്ട്. എന്നാൽ, നല്ലൊരു ശതമാനം സ്ഥലത്തും വൃത്തിയുള്ള ശുചിമുറികളില്ല. കഴിഞ്ഞ ദിവസം മുണ്ടക്കയം ഡിപ്പോയിലെ ശുചിമുറിയിൽ കയറിയപ്പോൾ സാമാന്യം വൃത്തിയുള്ള അവസ്ഥ കണ്ടിട്ട് സന്തോഷം തോന്നി. ജീവനക്കാരടക്കം ഉപയോഗത്തിന് പണം നൽകാൻ തയ്യാറാകുന്നതും അതിനാൽ തന്നെ. എന്നാൽ, വണ്ടി പത്തനംതിട്ടയിലെത്തിയപ്പോൾ ശുചിമുറി അന്വേഷിച്ചപ്പോൾ അത് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ആണുങ്ങൾ പതിവ് പോലെ ഡിപ്പോയെ നാറ്റിച്ച് ബസ്സിന്റെ മറപറ്റി കാര്യം സാധിച്ചു. സ്തീകൾ എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നതും കണ്ടു.

lack of public toilets in kerala and problems s biju writes

ശബരിമല സീസണായിട്ടും അവസ്ഥ ഇങ്ങനെയെങ്കിൽ? കെഎസ്ആർടിസി തങ്ങളുടെ ഇന്ധന പമ്പുകൾ ഇപ്പോൾ പൊതുജനങ്ങളുടെ മറ്റ് വാഹനങ്ങൾക്കും കൂടി തുറന്ന് നൽകിയും മറ്റും വരുമാനം കൂട്ടി തുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. എന്തുകൊണ്ട് ലോക നിലവാരത്തിലുള്ള പൊതുശുചിമുറി കോംപ്ലക്സുകൾ പണിതു കൂടാ? നിലവാരമുള്ള ഭക്ഷണശാലകൾ, പൊതുമേഖല, സഹകരണശാലകളുടെ ഉത്പന്ന വിൽപ്പന ശാലകൾ,   മണിക്കൂറുകൾ നിരക്കിൽ വിശ്രമിക്കാനുള്ള മോട്ടലുകൾ എല്ലാം കൂടിയായാലോ? കുടുംബശ്രീ, സുലഭ് പോലുള്ള ശൗചാലയ സ്ഥാപനങ്ങൾ, കെടിഡിസി, എന്നിവർക്കൊക്കെ പങ്കാളികളാകാം. കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷനുകളുടെ വഴിയോാര ഇടത്താവളമായ മോട്ടൽ ആരാം നല്ല മാതൃകയാണ്. പൊതുവിൽ വൃത്തിയുള്ള ശുചിമുറികളാണ് വഴിയോരത്തെ ഈ കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നത്. എന്നാൽ, ഇവയുടെ എണ്ണം തുലോം കുറവാണ്. വിദേശങ്ങളിൽ ദീർഘദൂര ബസ്സുകളിൽ  ശുചിമുറികളുണ്ട്. സൂപ്പ‍ർ ക്ളാസ്സിലെങ്കിലും ഇത് നമുക്ക് പരീക്ഷിച്ചു കൂടെ? 

lack of public toilets in kerala and problems s biju writes

ശുചിമുറികൾ ഉപയോഗിക്കുന്നതിന് ഇങ്ങോട്ട് പണം കിട്ടുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. കഥയല്ലിത് കാര്യമാണ്. തമിഴ്നാട്ടിലെ മധുരൈയിലെ ഒരു പൊതു ശൗചാലയത്തെക്കുറിച്ച് ഒരു ഡ്രൈവർ പറഞ്ഞതാണിത്. ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരെ അവിടത്തെ ഒരു പൊതുശുചിമുറിയിലെത്തിച്ചാൽ ഇങ്ങോട്ട് ചായക്കാശ് നൽകും. മനുഷ്യ വിസർജ്യത്തിൽ നിന്ന് പാചക വാതകം ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ആ ടോയ്‍ലെറ്റ് കോംപ്ലക്സ് തയ്യാറാക്കിയിട്ടുള്ളത്. അവിടെ ഉത്പാദനക്ഷമത ഉറപ്പാക്കാൻ നടത്തിപ്പുകാർ നൽകുന്ന ബിസിനസ്സ് ഇൻസെന്റീവാണിത്. അതിപ്പോഴും പ്രവർത്തിക്കുന്നുണ്ടോയെന്ന് എനിക്കുറപ്പില്ല. മദ്രാസ് ഐഐടിയുടെ സഹായത്തോടെ മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യതോർജ്ജം അടക്കം തയ്യാറാക്കുന്ന ഒരാളെ എനിക്ക് നേരിട്ടറിയാം.     

എന്തുകൊണ്ട് ഇത്തരം സംരംഭങ്ങൾ നമ്മുടെ പാതയോരങ്ങളിൽ തദ്ദേശ സ‍ർക്കാ‌റുകൾ സ്വകാര്യ-സഹകരണ പങ്കാളിത്തത്തോടെ നടപ്പാക്കിക്കൂടാ?

സർക്കാർ വെറുതേയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തരുത്. പഴയ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോഴും സർക്കാർ നമ്മെ ഞെട്ടിച്ചു കൊണ്ട് ജ്യാമതിക അനുപാതത്തിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി പകുതിയിൽ ചേർന്ന് മന്തിസഭായോഗം കേരമൊട്ടാകെ 12,000 പൊതുശൗചാലയങ്ങൾ സ്ഥാപിക്കാനുള്ള ഒരു വമ്പൻ പ്രഖ്യാപനം കൈക്കൊണ്ടിരുന്നു. കടകളും മറ്റുമായി വഴിയോരങ്ങളിൽ നടപ്പാക്കുന്ന ഇത്തരം പൊതുവിടങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെയും താത്പര്യമുള്ള സംഘടനകളുടെയും പങ്കാളിത്തവും സർക്കാ‌ർ തേടിയിരുന്നു. വർഷം ഒന്നര കഴിഞ്ഞപ്പോൾ എന്തായി ഇക്കാര്യത്തിലെ പുരോഗതിയെന്ന് അറിയാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിവരം ലഭ്യമല്ല. 

ഇതിനിടയിൽ  ഇറോ ഗ്രൂപ്പിന്റെ  ഓട്ടോമേറ്റഡ് ഷീ ടോയ്‍ലെറ്റ് പോലുള്ള ചില പദ്ധതികൾ ചെറിയ തോതിലെങ്കിലും ചിലയിടങ്ങളിൽ കാണുന്നുണ്ട്. അത്രയും ആയത് നന്നായി. റോഡ് വക്കിൽ പുതുതായി ചില ശൗചാലയങ്ങൾ പണിതു കണ്ടത് പോലും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസവും അഞ്ചലിൽ നിന്ന് പത്തനംതിട്ടക്ക് പോയപ്പോൾ പുതിയൊരു പൊതു ശൗചാലയം കണ്ടു. പക്ഷേ അത് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ഒറ്റപ്പെട്ടുള്ള ആ ശൗചാലയം എത്ര കണ്ട് നന്നായി പ്രവർത്തിക്കാം എന്നത് തന്നെ സംശയമാണ്. ഒന്ന് ഈ ശൗചാലയം മാത്രമായി എങ്ങനെ ആദായകരമായും വൃത്തിയായും ഉപയോഗിക്കാനാകുമെന്നത് നോക്കേണ്ടതുണ്ട്. മറ്റൊന്ന് വഴിയോരത്താണെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് സ്ത്രീകളും മറ്റും സുരക്ഷാബോധത്തോടെ ഇത് ഉപയോഗിക്കാനാകുമോ എന്നതും ചിന്തിക്കേണ്ടതുണ്ട്. 

പാലക്കാട്ടെ വാളയാറിൽ 'ട്രാവലൗഞ്ച്' എന്ന കോഴിക്കാട് അസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി വഴിയോര വിശ്രമ കേന്ദ്രം പണി തുടങ്ങിയിരുന്നു. പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറികൾക്ക് പുറമേ, കോഫിഷോപ്പും, മണിക്കൂർ നിരക്കിലുള്ള ഇടവേള വിശ്രമ കേന്ദ്രവും, കാർവാഷും, ചെറിയ വാണിജ്യഇടവുമൊക്കെ അടങ്ങുന്ന ഈ കേന്ദ്രം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ദക്ഷിണേന്ത്യയിലെ 50 സ്ഥലങ്ങളിൽ പദ്ധതി വ്യപിപ്പിക്കുമെന്ന് മാതൃ സംരംഭകരായ ബീക്കൺ ഗ്രൂപ്പ് കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നത്. വിദേശത്ത് നിന്ന് ഇതിനകം 10 ലക്ഷം ഡോളർ നിക്ഷേപം കിട്ടിയതായും അന്നവർ പറഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിൽ ഇത്തരം ഇടത്താവളങ്ങൾ നന്നായി പ്രവർത്തിക്കുന്നത് കാണാം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറ‌ഞ്ഞത് പോലെ വെളിയിട വിസർജന പ്രശ്നവും പരിഹരിക്കാം തൊഴിലും വരുമാനവും ജനിപ്പിക്കുന്ന വ്യവസായവും ആകും.    

സാധാരണ സ്കൂൾ കലോത്സവങ്ങളിൽ ഞങ്ങൾ ചാനലുകാർ ഒരു വലിയ സംഘവുമായിട്ടായിരുന്നു പോയിരുന്നത്. ആയാസകരമായ ഫീൽഡ് പ്രൊഡക്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ എല്ലാവരും തളർന്ന് അവശരായിരിക്കും. എന്നാൽ, ഞങ്ങളുടെ വനിതാ സഹപ്രവർത്തകർക്ക് മറ്റൊരു പ്രശ്നം കൂടി നേരിടേണ്ടി വന്നിരുന്നു. പലർക്കും മൂത്രാശയ രോഗങ്ങൾ കൂടി പിടിപ്പെടാറുണ്ടായിരുന്നു. ഉത്സവപ്പറമ്പിലെ പൊതുശുചിമുറികളിലെ ദയനീയമായ അവസ്ഥയാണ് പ്രശ്ന ഹേതു. വൃത്തിയില്ലാത്ത ശുചിമുറികൾ ഒഴിവാക്കാൻ വേണ്ടി അവരിൽ പലരും വെള്ളം കുടിക്കുന്നത് പോലും ഒഴിവാക്കും. ഫലമോ അസുഖബാധിതരായ അവരെ അടിയന്തരമായി ആശുപത്രിയിലേക്കും വീടുകളിലേക്കും എത്തിക്കേണ്ടി വരുമായിരുന്നു. പിന്നീട് പലപ്പോഴും കലാലയ വേദിക്കരികിൽ ഹോട്ടൽ മുറികളോ വീടുകളോ കണ്ടെത്തി വൃത്തിയുള്ള ശുചിമുറികൾ അവർക്കായി ഒരുക്കാൻ ഞങ്ങൾ ബാധ്യസ്ഥാരാകുമായിരുന്നു. എന്നാലും പ്രശ്നം പൂർണ്ണമായും പരിഹരിക്കാനാകുമായിരുന്നില്ല. ഇന്നിപ്പോൾ ധാരാളം സ്തീകൾ ധാരാളമായി ജോലിക്കും മറ്റുമായി ദീർഘയാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയക്കാർക്കും സർക്കാ‌ർ ഉദ്യോഗസ്ഥർക്കും നല്ല വാഹനങ്ങളും വഴി നീളെ സർക്കാർ അതിഥി മന്ദിരങ്ങളും സ്ഥാപനങ്ങളുമുണ്ട് വിശ്രമിക്കാനും, ശുചിമുറികൾ ഉപയോഗിക്കാനും. എന്നാൽ, നമ്മൾ പൊതുജനങ്ങളുടെ കാര്യമതല്ലല്ലോ. അതിന് എന്തെങ്കിലും വഴിയുണ്ടാക്കിത്തരണം സർ.

ഇപ്പോഴാണെങ്കിൽ പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്യുന്നത് ഒരേ ആൾ. മാത്രമല്ല മുഖ്യമന്ത്രിയുടെ മരുമകനും. സർവോപരി ചെറുപ്പക്കാരനും. ഭാര്യയാകട്ടെ വ്യാവസായിക സംരംഭകയും. അപ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ മന്ത്രി  മുഹമ്മദ് റിയാസിനെ പോലെ അനുകൂല ഘടകമുള്ള വേറേയാരുമില്ല. കെ-റെയിലിനെപോലെ ഈ പദ്ധതിയെ എതിർക്കാൻ ആരും ഉണ്ടാകില്ല. വിനോദ സഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനമാണ് കേരളം. കൊവിഡും തീവ്രമഴയും കാരണം തകർന്നിരിക്കുന്ന നമ്മുടെ സമ്പദ്‍വ്യവസ്ഥ കരകയറണമെങ്കിൽ വമ്പൻ പദ്ധതികളെക്കാൾ പ്രയോജനം ചെയ്യുക  ഇത് പോലെയുള്ള ചെറിയ ചെറിയ പരിഹാരങ്ങളാകും. ഇത് നമ്മെയെല്ലാം ബാധിക്കുന്ന പ്രശ്നമായതിനാൽ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒത്ത് ചേർന്ന് പരിഹരിക്കാനിറങ്ങണം. ഡിജിറ്റൽ സാങ്കേതിക വിദ്യയും ആപ്പുമൊക്കെ ഉപയോഗിച്ച് ഇത് ഫലപ്രദമായി പ്രവർത്തിപ്പിക്കാനാകണം. നമ്മുടെ നിരത്തുകൾ സ്മാർട്ടും ക്ലീനുമാകട്ടെ. ഇ-ടോയ്‍ലെറ്റുകളിലെ ടാങ്കുകളിലെ വെള്ളത്തിന്റെ തോത് മുതൽ ശുചീകരണ നിലവാരം വരെ തത്സമയം നിരീക്ഷിക്കാൻ നമുക്ക് ഇപ്പോൾ തന്നെ സാധിക്കുന്നുണ്ട്. ആ മാതൃക പിന്തുടർന്നാൽ അതൊരു സുകൃതമായിരിക്കും.    

Latest Videos
Follow Us:
Download App:
  • android
  • ios