സത്യമംഗലം കാട്ടിലെ ആനകളെയും ഫോറസ്റ്റ് ഗാർഡുമാരെയും ഒരുപോലെ വിറപ്പിച്ചിരുന്ന വീരപ്പൻ എന്ന കാട്ടുകള്ളൻ

1990 -ൽ തന്റെ സഹോദരിയുടെ ആത്മഹത്യക്കുള്ള പ്രതികാരമായി, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയ ശ്രീനിവാസിനെ തട്ടിക്കൊണ്ടുപോയി തലവെട്ടിമാറ്റുന്നു. കബന്ധം കണ്ടെടുത്ത് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് കൺസർവേറ്ററുടെ തല കണ്ടുകിട്ടുന്നത്. 

Koose Munisamy Veerappan death anniversary

വർഷങ്ങൾക്ക് മുമ്പ് ഒരു ഒക്ടോബർ 18 -ന് രാജ്യത്തെ ചാനലുകളിലെല്ലാം ഒരു ബ്രേക്കിങ് ന്യൂസ് പോയി. 'വീരപ്പൻ എന്ന കാട്ടുകള്ളൻ ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നു'.  കേട്ടവരാരും തന്നെ അത് വിശ്വസിച്ചില്ല. കാരണം, കഴിഞ്ഞ പത്തുനാല്പതു വർഷമായി നാട്ടിലെ കുഞ്ഞുങ്ങൾ കേട്ടുവളർന്ന കഥകളിൽ, കൊമ്പൻമീശയും മെല്ലിച്ച ശരീരവുമുള്ള ആ ആനക്കൊമ്പ്‌ വേട്ടക്കാരന്, ഗബ്ബർസിങ്ങിന്റെ പരിവേഷമായിരുന്നു. 

ഇന്ത്യയിലെ പൊലീസുകാരെ ഈ മനുഷ്യനെപ്പോലെ മറ്റാരും തന്നെ വട്ടംചുറ്റിച്ചിട്ടുണ്ടാവില്ല. കർണാടകം, തമിഴ്‌നാട്, കേരളം എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി, 6000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന കൊടുംകാട്- അതായിരുന്നു വീരപ്പന്റെ സാമ്രാജ്യം.  അതിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ വീരപ്പന്റെ അനുവാദം വേണം. വീരപ്പനറിയാതെ ഒരിലപോലും അനങ്ങില്ല എന്ന അവസ്ഥയായിരുന്നു. വീരപ്പനുമുന്നിൽ കിങ്‌മേക്കർമാർ പോലും പകച്ചുനിന്നു. 

Koose Munisamy Veerappan death anniversary

 

1952 -ൽ കർണാടകത്തിലെ ഗോപിനാഥം എന്ന സ്ഥലത്ത് ജനിച്ച വീരപ്പനെക്കുറിച്ചുള്ള ഏറ്റവും പഴയ ഓർമ ഒരു കുറ്റകൃത്യത്തിന്‍റേതാണ്. അന്ന് വീരപ്പന് പത്തുവയസ്സു പ്രായം. ആദ്യമാദ്യം, ഫോറസ്റ്റ് ഓഫീസർമാർ തന്നെയാണ് കാട്ടിൽ കയറി മോഷണങ്ങൾ നടത്താൻ വീരപ്പനെ പ്രോത്സാഹിപ്പിച്ചത് എന്ന് പറയുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീരപ്പനെ കൈപിടിച്ച് നടത്തിയ ഗുരു സേവി ഗൗണ്ടറുടെ സഹായത്തോടെ വീരപ്പൻ തന്റെ ആദ്യത്തെ കൊമ്പനെ വെടിവെച്ചിടുന്നു. 1970 -ൽ കൊള്ളസംഘത്തിൽ ചേരുന്നു. 1983 -ൽ, കുടകിൽ വെച്ച്, തന്റെ ആനവേട്ടയ്ക്ക് കുറുകെ നിന്ന കെ എം പൃഥ്വി എന്ന ഫോറസ്റ്റ് ഗാർഡിനെ വീരപ്പൻ വെടിവെച്ചു കൊല്ലുന്നു. വീരപ്പന്റെ ആദ്യത്തെ കൊലപാതകം. 1986 -ൽ ബൂടിപ്പാടയിൽ വെച്ച് അറസ്റ്റുചെയ്യപ്പെടുന്നുണ്ടെങ്കിലും, പൊലീസുകാർക്ക് കൈക്കൂലി നൽകി വീരപ്പൻ കടന്നുകളയുന്നു. അക്കൊല്ലം തന്നെ സിദ്ധാരാമ നായിക് എന്ന ഫോറസ്റ്റ് വാച്ചറെയും വധിക്കുന്നു. അടുത്തകൊല്ലം ഫോറസ്റ്റ് ഓഫീസറായ ചിദംബരത്തെയും, തന്റെ എതിർ ഗ്യാങ്ങിലെ അഞ്ചുപേരെയും വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലുന്നു. 1989 -ൽ ബേഗൂർ ഫോറസ്റ്റ് റേഞ്ചിൽ നിന്ന് മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ വധിക്കുന്നു.

1990 -ൽ തന്റെ സഹോദരിയുടെ ആത്മഹത്യക്കുള്ള പ്രതികാരമായി, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയ ശ്രീനിവാസിനെ തട്ടിക്കൊണ്ടുപോയി തലവെട്ടിമാറ്റുന്നു. കബന്ധം കണ്ടെടുത്ത് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് കൺസർവേറ്ററുടെ തല കണ്ടുകിട്ടുന്നത്. 1991 വീരപ്പൻ തട്ടിക്കൊണ്ടുപോകലിലേക്ക് കടക്കുന്നു. പ്രദേശത്തെ ഒരു ക്വാറി മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി, പതിനഞ്ചു ലക്ഷം രൂപ മോചനദ്രവ്യമായി സംഘടിപ്പിക്കുന്നു.

Koose Munisamy Veerappan death anniversary

1992 -ൽ വീരപ്പനെ പിടികൂടാൻ വേണ്ടി തമിഴ്‌നാട് - കർണാടക പൊലീസ് സേനകൾ ഒന്നിച്ച് ഒരു പ്രത്യേക ദൗത്യ സംഘം (Special Task Force-STF) തന്നെ രൂപീകരിക്കുന്നു. തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് സഞ്ജയ് അറോറ ഐപിഎസും കർണാടകയ്ക്ക് വേണ്ടി ശങ്കർ ബിദ്രി, വാൾട്ടർ ദേവാരം എന്നിവരുമായിരുന്നു സംഘത്തിന്റെ തലവന്മാർ. അധികം താമസിയാതെ വീരപ്പന്റെ അടുത്ത അനുയായിയായ ഗുരുനാഥൻ കൊല്ലപ്പെടുന്നു. അതിന്റെ പ്രതികാരമായി ചാമരാജ്നഗർ ജില്ലയിലെ രാമപുര പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന വീരപ്പനും സംഘവും ഏഴ് പൊലീസുകാരെ വധിച്ച് അവിടെയുണ്ടായിരുന്ന ആഭരണങ്ങളുമായി കടക്കുന്നു. ഗുരുനാഥനെ കൊന്ന എസ്ഐ ഷക്കീൽ അഹമ്മദിനുവേണ്ടി ബാനർഗൊണ്ടയിൽ വീരപ്പൻ വിരിച്ച കെണിയിലേക്ക് നിനച്ചിരിക്കാതെ എസ്‍പി ഹരികൃഷ്ണയും നാലു പൊലീസുകാരും കൂടി വന്നുപെടുന്നു. എല്ലാവരെയും വീരപ്പൻ നിർദ്ദയം വധിക്കുന്നു.

1993 -ൽ തമിഴ്‍നാട് പൊലീസിലെ 'റാംബോ' ഗോപാലകൃഷ്ണന്റെയും ദൗത്യസംഘത്തിന്റെയും കയ്യിൽ നിന്ന് തലനാരിഴയ്ക്ക് വീരപ്പൻ രക്ഷപ്പെടുന്നു. ആ ഓപ്പറേഷനിൽ വീരപ്പന്റെ അടുത്ത അനുയായിയായ ആന്റണി രാജ് കൊല്ലപ്പെടുന്നു. അക്കൊല്ലം തന്നെ വീരപ്പനെ പിടികൂടാൻ ബിഎസ്എഫിനെ ചുമതലപ്പെടുത്തുന്നു. എന്നാൽ, ഭാഷ അവർക്ക് ഒരു തടസ്സമായി കുറുകെനിന്നു. ഹിന്ദിമാത്രം സംസാരിച്ചുകൊണ്ട് വീരപ്പനെപ്പറ്റിയുള്ള വിവരങ്ങൾ സംഘടിപ്പിക്കുക അസാധ്യമായിരുന്നു. വീരപ്പന്റെയും തമിഴ്‌നാട് പൊലീസിന്റെയും ശത്രുത ഒരേസമയം നേടിയ ബിഎസ്എഫ് സംഘം വീരപ്പനെ പിടികൂടുന്നതിൽ അമ്പേ പരാജയപ്പെട്ടു. എന്നുമാത്രമല്ല, വീരപ്പന്റെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്തു. പാലർ എന്ന സ്ഥലത്തുവെച്ച് നാല്‍പത്തൊന്നംഗ ബിഎസ്എഫ് സേന സഞ്ചരിച്ചിരുന്ന ബസ്സുകൾ സഞ്ചരിച്ച വഴിയിൽ വീരപ്പന്റെ ലാൻഡ് മൈൻ പൊട്ടിത്തെറിച്ചു. ഇരുപത്തിരണ്ടു ജീവനാണ് അന്ന് പൊലിഞ്ഞത്. വീരപ്പനും പോലീസും തമ്മിലുള്ള ഒളിപ്പോരിൽ, ഒറ്റ ആക്രമണത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ മാസ് കാഷ്വാലിറ്റി.

Koose Munisamy Veerappan death anniversary

 

പിന്നീടുള്ള വർഷങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആക്രമണങ്ങളിൽ നിരവധി പൊലീസ്, ബിഎസ്എഫ്, എസ്ടിഎഫ് സംഘാംഗങ്ങൾ വധിക്കപ്പെട്ടു. വീരപ്പന്റെ അനുയായികളും ഇടയ്ക്കിടെ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. പൊലീസിന് വിവരം ചോർത്തിക്കൊടുക്കുന്നു എന്ന് വീരപ്പന് സംശയം തോന്നിയിരുന്നവരും ഇടയ്ക്കിടെ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ തട്ടിക്കൊണ്ടുപോകലുകളും നിർബാധം വീരപ്പൻ തുടർന്നുകൊണ്ടിരുന്നു. 2000 -ൽ ആയിരുന്നു ഏറ്റവും ഹൈ പ്രൊഫൈൽ ആയ തട്ടിക്കൊണ്ടുപോകൽ. അത് കന്നഡത്തിലെ സൂപ്പർസ്റ്റാറായിരുന്ന രാജ്‌കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുവന്ന് തന്റെ താവളത്തിൽ പാർപ്പിച്ചതായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സ്യൂട്ടുകളിൽ മാത്രം ഉറങ്ങി ശീലിച്ച ആ സിനിമാതാരം കാട്ടിലെ കരിയിലപ്പുറത്ത് കിടന്നുറങ്ങിയത് ഒന്നും രണ്ടുമല്ല, 108 ദിവസം. അമ്പതുകോടി മോചനദ്രവ്യമായി ആവശ്യപ്പെട്ട വീരപ്പൻ ഒടുവിൽ പണം വാങ്ങി രാജ് കുമാറിനെ വിട്ടയച്ചു. 2002 -ൽ മുൻ കർണാടക മന്ത്രി നാഗപ്പയെയും തട്ടിക്കൊണ്ടുപോയി, ചോദിച്ച പണം കിട്ടാതെ വന്നപ്പോൾ മുൻപിൻ നോക്കാതെ വെടിവെച്ചു കൊന്നുകളയുന്നുണ്ട് വീരപ്പൻ.

Koose Munisamy Veerappan death anniversary

രാജ്‍കുമാറിനൊപ്പം വീരപ്പന്‍

1997 -ൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന് കരുതി, സേനാനി, കൃപാകർ എന്നീ രണ്ടു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർമാരെ വീരപ്പൻ തട്ടിക്കൊണ്ടുപോകുന്നുണ്ട്. അവരെ തന്റെ കൂടെ 11 ദിവസം പാർപ്പിച്ചു. അവരോട് പല കഥകളും പങ്കുവെച്ചു. കാട്ടിനുള്ളിൽ പത്തിരുപത്തഞ്ച് കൊള്ളസംഘങ്ങളുണ്ടെന്നും, അവർ ചെയ്യുന്ന കൊള്ളയും കൊലയും ഒക്കെ തന്റെ തലയിലാണ് കെട്ടിവെക്കപ്പെടുന്നത് എന്നും വീരപ്പൻ പറഞ്ഞതായി മോചിതരായ ശേഷം ഈ ഫോട്ടോഗ്രാഫർമാർ മാധ്യമങ്ങളോട് പറഞ്ഞു.

2003 -ൽ വിജയകുമാർ STF-ന്റെ തലപ്പത്തു വരുമ്പോഴേക്കും വീരപ്പന്റെ പ്രതാപം ക്ഷയിച്ചുതുടങ്ങിയിരുന്നു. വീരപ്പനും വിജയകുമാറും പഴയ ശത്രുക്കളായിരുന്നു. 1993 -ൽ മാസങ്ങളോളം പണിപ്പെട്ടിട്ടുണ്ട് വിജയകുമാർ വീരപ്പനെ പിടികൂടാൻ. കരിയിലയുടെ അനക്കം വെച്ച് അടുത്തുവരുന്ന മൃഗത്തെ തിരിച്ചറിഞ്ഞിരുന്ന വീരപ്പൻ, തന്റെ ഗാങ്ങിൽ വിജയകുമാറിന്റെ ഒരു ചാരൻ നുഴഞ്ഞുകയറിയിട്ടും അറിഞ്ഞില്ല. വീരപ്പന്റെ സംഘത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നത് തിരിച്ചറിഞ്ഞ് വിജയകുമാർ തക്കം പാർത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കണ്ണിന് ചികിത്സ തേടാനായി വീരപ്പൻ കാടുവിട്ട്, മലയിറങ്ങി, ഒരു ആംബുലൻസിൽ പട്ടണത്തിലേക്ക് വരുന്നത്. ആ ആംബുലൻസ് ഓടിച്ചിരുന്നത് മഫ്ടിയിലുള്ള വിജയകുമാറിന്റെ രഹസ്യപ്പൊലീസുകാരനായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ, ധർമ്മപുരിക്കടുത്തുള്ള പാടി എന്ന സ്ഥലത്തുവെച്ച്, ആളൊഴിഞ്ഞ ഒരിടത്ത് വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാലുപാടുനിന്നും ആംബുലൻസ് വളഞ്ഞ എസ്‍ടിഎഫ് സംഘം തുരുതുരാ വെടിയുതിർത്തു. വെടിവെപ്പിൽ വീരപ്പൻ കൊല്ലപ്പെട്ടു. വീരപ്പനെ ജീവനോടെ പിടിക്കേണ്ട എന്നായിരുന്നു വിജയകുമാർ നൽകിയ ഉത്തരവ് എന്ന് പറയപ്പെടുന്നു. 

Koose Munisamy Veerappan death anniversary

വീരപ്പന്‍ കൊല്ലപ്പെട്ടശേഷം നടത്തിയ പത്രസമ്മേളനത്തില്‍ എസ്‍ടിഎഫ് തലവന്‍ വിജയകുമാര്‍

ഓപ്പറേഷൻ കൊക്കൂൺ എന്നായിരുന്നു വിജയകുമാർ തന്റെ ദൗത്യത്തിനിട്ട പേര്. പത്തുമാസത്തോളം നീണ്ടുനിന്നു ഈ ഓപ്പറേഷൻ. ഇതേപ്പറ്റി വിജയകുമാർ 'വീരപ്പൻ, കാച്ചിങ്ങ് ദ ബ്രിഗൻഡ്' എന്ന തന്റെ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ഇത്രയേറെ പൊലീസുകാരെ അണ്ടർ കവർ വിന്യസിച്ച മറ്റൊരു കോവർട്ട് ഓപ്പറേഷനും ഒരുപക്ഷേ, ഇന്ത്യൻ പൊലീസ് ചരിത്രത്തിൽ തന്നെ കാണില്ല. അത്രയധികം പൊലീസുകാർ പച്ചക്കറിക്കച്ചവടക്കാരായും, കൂലിപ്പണിക്കാരായും, തൊഴിലാളികളെയും ഒക്കെ വീരപ്പന്റെ പ്രവർത്തന മേഖലകളിലേക്ക് പറഞ്ഞയക്കപ്പെട്ടിരുന്നു. അവർ ചേർന്ന് ശേഖരിച്ച രഹസ്യവിവരങ്ങളാണ് ഒടുവിൽ വീരപ്പനെ കുടുക്കിയത്.

Koose Munisamy Veerappan death anniversary  

വീരപ്പനും ഭാര്യ മുത്തുലക്ഷ്മിയും 

കൊമ്പൻമീശയും കുപ്രസിദ്ധിയും കാണിച്ചാണ് മുത്തുലക്ഷ്മിയെ സ്വാധീനിച്ചതും വിവാഹം കഴിക്കാൻ സമ്മതിപ്പിച്ചതും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീരപ്പനെ പലതിലും കുടുക്കിയതാണ് എന്നും അവർ ആരോപിക്കുന്നുണ്ട്. ആനക്കൊമ്പോ ചന്ദനമോ വിറ്റുകിട്ടിയ കാശ് വീരപ്പൻ വീട്ടിലേക്ക് തന്നിട്ടില്ല എന്നും അവർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ മുത്തുലക്ഷ്മി തന്റെ ഭർത്താവിനെ ഉപയോഗിച്ചുകൊണ്ട് ധനലാഭമുണ്ടാക്കിയ പ്രാദേശികരാഷ്ട്രീയക്കാരെപ്പറ്റിയും  പരാമർശിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പോയി ശിഷ്ടകാലം സമാധാനപൂർവം കഴിച്ചുകൂട്ടാമെന്ന് മുത്തുലക്ഷ്മി വീരപ്പനോട് പറഞ്ഞപ്പോഴൊക്കെ വീരപ്പൻ ഒന്നേ പറഞ്ഞുള്ളൂ, "ഈ കാടാണ് എന്റെ ജീവൻ, ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ അടുത്ത നിമിഷം അവരെന്നെ കൊന്നുകളയും..." ആ പറഞ്ഞത് അച്ചട്ടായിരുന്നു.

മുപ്പത്താറുകൊല്ലത്തിലധികം നീണ്ടുനിന്ന തന്റെ ക്രിമിനൽ ജീവിതത്തിനിടെ, 97 പോലീസുകാരടക്കം 184 പേരെ കൊന്നുതള്ളിയ, 2000 -ലധികം ആനകളെ കൊന്നു കൊമ്പെടുത്തിട്ടുള്ള, 200 കോടിയിലധികം രൂപ വിലമതിക്കുന്ന ചന്ദനം വെട്ടിക്കടത്തിയ, വീരപ്പൻ എന്ന കുഖ്യാതനായ ആ ക്രിമിനലിനെ തേടി പുറപ്പെട്ടവരിൽ പലരും തിരികെ ജീവനോടെ മടങ്ങിയില്ല. വീരപ്പനെ പിടിക്കാൻ വേണ്ടി രൂപം കൊടുത്ത സ്‌പെഷ്യൽ ടാസ്ക് ഫോഴ്സിനുമേൽ സർക്കാരുകൾ ചെലവിട്ടത് നൂറുകോടിയിലധികം രൂപയാണ്. കൂസ് മുനിസാമി വീരപ്പൻ എന്ന കുപ്രസിദ്ധനായ കാട്ടുകള്ളന്റെ തലക്ക് അന്ന് അഞ്ചുകോടി രൂപയായിരുന്നു പ്രതിഫലം.  വീരപ്പനെപ്പറ്റി നിരവധി കഥകളുണ്ടായി. കാലം കടന്നുപോവുന്തോറും, കഥകൾ വീരാപദാനങ്ങളായി മാറി. വീരപ്പൻ ചന്ദനംവെട്ടിയും, ആനക്കൊമ്പൂരിയും സമ്പാദിച്ചു എന്നുപറയുന്ന ശതകോടികൾ ഒരിടത്തുനിന്നും കണ്ടെത്തപ്പെട്ടില്ല ആ പണം എവിടെയാണ് എന്ന രഹസ്യം വീരപ്പനോടൊപ്പം മണ്ണടിഞ്ഞു. പൊലീസോ, കോടതിയോ ഒന്നും അതിനുള്ള ഉത്തരം തന്നില്ല.  

അത്ര എളുപ്പത്തിൽ പറഞ്ഞു തീർക്കാവുന്ന ഒന്നല്ല, വീരപ്പന്റെ ജീവിതം..!

Latest Videos
Follow Us:
Download App:
  • android
  • ios