ഹൈ ഹീല്‍സ്, ച്യൂയിംഗം, ടീ ഷര്‍ട്ട്, സ്വിംസ്യൂട്ടിൽ പാടരുത്; ലോകത്തിലെ വിചിത്രമായ ചില നിയമങ്ങള്‍ അറിയാം

ദിവസവും ചിരിക്കണം, ച്യൂയിംഗം ഉപയോഗിക്കാന്‍ പാടില്ല. സ്വിംസ്യൂട്ടിൽ പാടരുത്.. അങ്ങനെ അങ്ങനെ ലോകത്തുള്ള ചില വിചിത്രമായ നിയമങ്ങളറിയാം.

Know some of the strangest laws of the world


നിയമങ്ങള്‍, ഓരോ സമൂഹത്തിലും ജീവിക്കുന്ന മനുഷ്യരുടെ ജീവിതം സുഗമവും സുരക്ഷിതവുമാക്കാനാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പലപ്പോഴും മറ്റ് സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരം ചില രാജ്യങ്ങളിലെ നിയമങ്ങള്‍ വിചിത്രമായി തോന്നാം. ഇത്തരത്തിലുള്ള ചില വിചിത്രമായ നിയമങ്ങള്‍ പരിചയപ്പെടാം. 

1.  ദിവസവും ചിരിക്കുക

ജപ്പാനിലെ യമഗത പ്രിഫെക്‌ചറിലെ (Yamagata prefecture) പ്രാദേശിക ഭരണകൂടം നടപ്പിലാക്കിയിട്ടുള്ള ഒരു നിയമമാണ് ദിവസവും ചിരിക്കുക എന്നത്. ഇവിടുത്തെ പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ താമസക്കാരോടും ദിവസത്തിൽ ഒരിക്കലെങ്കിലും ചിരിക്കണം എന്ന് ആവശ്യപ്പെടുന്ന നിയമം നടപ്പിലാക്കിയത്. ചിരിയും നല്ല ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന യമഗത സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ  നിയമം. പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ചിരി നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കണമെന്നും നിയമം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ എല്ലാ മാസത്തിലും എട്ടാം ദിവസം ചിരിയിലൂടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ദിനമായാണ് ഇവിടെ ആചരിക്കുന്നത്. 

2.  സ്വിംസ്യൂട്ടിൽ പാടാൻ പാടില്ല

അമേരിക്കയിലെ ഫ്ലോറിഡ, മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ്. വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് ഫ്ലോറിഡ. പക്ഷേ, ഇവിടെ അസാധാരണമായ ഒരു നിയമമുണ്ട്, നീന്തൽ വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് ഇവിടെ ആളുകൾ പാട്ടു പാടാൻ പാടില്ല. 'സരസോട്ട കോഡ് ഓഫ് ഓർഡിനൻസസി'ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ നിയമം, മറ്റുള്ളവരുടെ സമാധാനം, സ്വസ്ഥത, സുഖം എന്നിവ തടസ്സപ്പെടുത്തുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ്.

3.  ഐസ്ക്രീമിനൊപ്പം ചെറി പൈ കഴിക്കരുത്

അമേരിക്കയിലെ ഒരു പ്രധാന കാർഷിക സംസ്ഥാനമായ കൻസാസിൽ ചെറി പഴം സംബന്ധിച്ച് ഒരു പ്രത്യേക നിയമമുണ്ട്. ഇവിടെ ഐസ്ക്രീമിന് ഒപ്പം ചെറി പഴം വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു.  ലോഗൻ-ഹോക്കിംഗ് ടൈംസിലെ ഒരു ലേഖനം അനുസരിച്ച്, ഈ നിയമം 1800-കളിൽ നടപ്പിലാക്കിയതാണ്.  അക്കാലത്ത്, ഐസ്ക്രീമിനൊപ്പം സമൃദ്ധമായ മധുരപലഹാരം കഴിക്കുന്നത് ധാർമ്മികമായി തെറ്റാണെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഇന്നും ഈ നിയമം അത് പോലെ പിന്തുടരുന്നു. 

4.  വിന്നി ദി പൂഹ് മർച്ചൻഡൈസിന് നിരോധനം

2014-ൽ, പോളിഷ് നഗരമായ ടുസിബ് പൊതു കളിസ്ഥലങ്ങളിൽ നിന്ന് ടീഷർട്ടുകളും കളിപ്പാട്ടങ്ങളും ഉൾപ്പെടെയുള്ള എല്ലാ വിന്നി ദി പൂഹ് ചരക്കുകളും (Winnie The Pooh Merchandise) നിരോധിച്ചു. വിന്നി ദി പൂഹ് അർദ്ധനഗ്നനാണെന്നും അനുയോജ്യമായ വസ്ത്രം ധരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ ഒരു നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ ഈ കഥാപാത്രത്തിന് വ്യക്തമായ ലിംഗഭേദം ഇല്ല എന്നതും നിരോധനത്തിന് കാരണമായി.

5. ച്യൂയിംഗ് ഗം ഉപയോഗിക്കരുത്

1992 മുതൽ സിംഗപ്പൂരിൽ ച്യൂയിംഗ് ഗം നിരോധിച്ചിരിക്കുന്നു. നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്.  2004-ൽ, ദന്ത, ചികിത്സാ കാരണങ്ങളാൽ നിയമത്തിന് ചില ഒഴിവാക്കലുകൾ വരുത്തി.  പുകവലി ഡി-അഡിക്ഷൻ പ്രോഗ്രാമുകളിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ അടിസ്ഥാനമാക്കിയുള്ള ച്യൂയിംഗ് ഗം ഒരു ഡോക്ടറിൽ നിന്നോ രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളിൽ നിന്നോ ആളുകൾക്ക് വാങ്ങി ഉപയോഗിക്കാമെന്നായിരുന്നു ആ ഇളവ്. 

6 .  ഗ്രീസിലെ സ്മാരകങ്ങളിൽ ഹൈ ഹീൽസിന് പ്രവേശനം ഇല്ല

ഗ്രീസിലെ പൌരാണികമായ ഏഥൻസിലെ പാർത്തീനോൺ, അക്രോപോളിസ് തുടങ്ങിയ ചരിത്ര സ്ഥലങ്ങളിലും മറ്റേതെങ്കിലും ചരിത്ര സ്ഥലങ്ങളിലും സന്ദർശിക്കുന്നവര്‍ ഹീൽസുള്ള ചെരുപ്പ് ധരിക്കുന്നതിന് നിരോധനമുണ്ട്. ദുർബലമായ സ്മാരകങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ നിയമം. ഹൈ ഹീല്‍സില്‍ നിന്നുള്ള പോറലുകൾ പുരാതന കല്ലുകളെ നശിപ്പിക്കുമെന്നാണ് വാദം. അതിനാൽ പരന്ന പാദരക്ഷകൾ ധരിക്കാൻ സന്ദർശകരെ ഗ്രീസ് പ്രോത്സാഹിപ്പിക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios